പ്രശസ്ഥ സാമൂഹികപ്രവര്‍ത്തക ദയാബായ് ഒടുവില്‍ തന്റെ മുടി മുറിച്ച് വിജയം ആഘോഷിച്ചു !.
അപ്പോള്‍ ചുറ്റും കരഘോഷം ഉയര്‍ന്നേ്രത .18 ദിവസത്തെ നിരാഹാരവ്രതം മുറിച്ചുനീക്കി..ഏറെ ആശങ്കയോടെയാണ് ഞാനവരുടെ ഉപവാസ സമരത്തെ നോക്കിക്കണ്ടത.് 82 വയസ്സ്.എന്നു വച്ചാല്‍ വയോവൃദ്ധ.ആ ശരീരത്തെയാണ് ഭക്ഷണം നല്‍കാതെ ,പരിചരണം നല്‍കാതെ അവര്‍ സ്വയം പീഢിപ്പിച്ചത്.ദയാബായിക്കു വല്ല കാര്യവും ഉണ്ടോ ഇങ്ങനെ വല്ലവര്‍ക്കും വേണ്ടി പട്ടിണി കിടക്കാനെന്ന് വിമര്‍ശിച്ചവരും ഏറെയാണ്.
കോട്ടയത്തിന് ദയാബായ് ,മേഴ്‌സി മാത്യുവാണ്.പാലാ പൂവരണക്കാരി കത്തോലിക്കത്തി ,ഒന്നാം തരം അച്ചായത്തി.പക്ഷേ ചിലകാര്യങ്ങളില്‍ അവര്‍ക്ക് ചില പിടിവാശികളുണ്ട് എന്നു വച്ചാല്‍ ചില പ്രാന്ത്.
അല്ലെങ്കില്‍പ്പിന്നെ 16-ം വയസ്സില്‍ കന്യാസ്ത്രീ ആകാനെന്നും പറഞ്ഞ് മഠത്തിലോട്ടു പോകേണ്ട കാര്യമുണ്ടായിരുന്നോ.അതും കഴിഞ്ഞ് ആദിവാസിസേവനം എന്നും പറഞ്ഞ് മഠം വിട്ട് തിരുവസ്‌ത്രോം ബഹിഷ്‌കരിച്ച് അങ്ങ് മധ്യപ്രദേശിലോട്ട് വണ്ടി കേറണമായിരുന്നോ.തിരുവസ്‌ത്രോമിട്ട് മറ്റുള്ള കന്യാസ്ത്രീകള്‍ ചെയ്യുന്നതുപോലെ അധ്യാപികയായോ ,നഴ്‌സായോ സേവനം ചെയ്ത് അന്തസ്സായി ഈശോയുടെ മണവാട്ടിയായി കഴിഞ്ഞുകൂടിയാല്‍ പോരാരുന്നോ ?.
അല്ലേല്‍ വേണ്ടാ,ഇതിനൊന്നും പോകാതെ ഒന്നാന്തരമൊരു ക്രിസ്ത്യാനി പയ്യനെ കെട്ടി അഞ്ചാറു മക്കളേം പെറ്റുവളര്‍ത്തി, വച്ചുവിളമ്പി ,നാലുതലമുറേം കണ്ട്, കുര്‍ബ്ബാനേം കൂടി ,സമയത്ത് കുമ്പസാരിച്ച് ഈശോമിശിഹായേം വിളിച്ച് വയസ്സാംകാലത്ത് ജീവിച്ചുപോകേണ്ട അവര്‍ക്ക് സെക്രട്ടേറിയേറ്റു പടിക്കല്‍പ്പോയി കെട്ടിക്കിടക്കുന്നത് എന്തിന്റെ കേടാ എന്ന് സംശയിക്കുന്നവരാണ് ഏറെയും.
അതെ ,ചില നന്‍മകളെ പ്രാന്തുകളായാണ് നമ്മുടെ സമൂഹം കാണുന്നത്.മേഴ്‌സി മാത്യു ഒരു വിഡ്ഡിയാണ്.ജീവിക്കാനറിയാത്ത വിഡ്ഡി. നോക്കൂ,ലോകമറിയുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഈ ദയാബായ് നേരിടുന്നത് എത്രയെത്ര അപമാനങ്ങളാണ്.കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് ഒരു കണ്ടക്ടര്‍ അവരെ പരസ്യമായി അപമാനിച്ചത് നമ്മളെ ചുട്ടുപൊള്ളിച്ചതാണ്.ആദിവാസി സ്ത്രീയുടെ വേഷവും ആഭരണവും അണിഞ്ഞ്,ചുക്കിച്ചുളിഞ്ഞ് ആകെ കോലംകെട്ട ഒരു രൂപം.അവരൊരു യാചകിയാണെന്നുപോലും ആ കണ്ടക്ടര്‍ തെറ്റി ധരിച്ചാല്‍ കുറ്റം പറയാനാവുമോ.ഇന്ത്യയിലല്ലാതെ ഏതെങ്കിലും വിദേശരാജ്യത്തായിരുന്നു ദയാബായ് ഈ സേവനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ എത്രയെത്ര ലോകോത്തര അംഗീകാരങ്ങള്‍ അവരെ തേടിവന്നേനേ.പക്ഷേ നമ്മള്‍ മലയാളികള്‍ക്ക് അവരെ വിലയില്ലാതെപോയെന്നു മാത്രമല്ല പരസ്യമായി അപമാനിക്കയും ചെയ്യുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ഇരകളായ കാസര്‍ഗോഡു ജില്ലയിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ് ഈ വയോവൃദ്ധ തന്റെ പ്രായവും പ്രാണനുംപോലും വക വയ്ക്കാതെ പട്ടിണിസമരം നടത്തിയത്.
അവരുടെ അമ്മമാരുടെ കണ്ണുകളിലെ ആകുലത മനസ്സു തളര്‍ത്തിയപ്പോള്‍ മേഴ്‌സി, ദയയുടെ പര്യയമായി.മത്തങ്ങ വലിപ്പത്തിലുള്ള തലകളും അച്ചങ്ങപോലുള്ള കൈകാലുകളും ഉറയ്ക്കാത്ത കഴുത്തും ബുദ്ധിവൈകല്യവുമായി എത്രയെത്ര കുഞ്ഞുങ്ങള്‍ ജീവിച്ചു മരിക്കുന്ന കാഴ്ച.എത്ര കിട്ടിയാലും മതിയാകാത്തവര്‍ എന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതരെ ഉദുമ എംഎല്‍എ അധിക്ഷേപിച്ചപ്പോള്‍ നെഞ്ചുരുകിയാണ് ദയാബായ് നിരാഹാരം തുടങ്ങിയത്.കാസര്‍ഗോട്ടെ പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടങ്ങളില്‍ വിള നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ അകറ്റാനായി ആകാശത്തുനിന്നു തളിച്ച കീടനാശിനി മഴയിലൂടെ,കാറ്റിലൂടെ പുഴയിലൂടെ മണ്ണിലൂടെ പ്രദേശവാസികളിലേക്ക് വ്യാപിക്കയും മെല്ലെ വൈകല്യങ്ങലോടെ അന്നാട്ടില്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുകയും ചെയ്തു എന്നത് കേരളത്തിലെ മറ്റു ജില്ലകളിലെ മനുഷ്യരെ ബാധിക്കുന്ന കാര്യമല്ലല്ലോ !.ഇരകളുടെ പുനരധിവാസ ഗ്രാമം എന്ന സ്വപ്‌നം പാഴ്്കിനാവായി അവശേഷിക്കുന്നു.എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പലരും നീതികിട്ടാതെ ആത്മഹത്യ ചെയ്തു.ചികിത്സയുടെ പോരായ്മയില്‍ മരിച്ചവരും ഏറെ.നിലവാരമുള്ള ആസ്പത്രി,നല്ല ചികിത്സ,പുനരധിവാസം, കോടതിവിധിച്ച നഷ്ടപരിഹാരം ഇതൊക്കെയാണ് ആ മനുഷ്യരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍.തിരിഞ്ഞു നോക്കാനാരുമില്ലാത്ത ആ സാധുക്കളെപ്പറ്റി കേട്ടറിഞ്ഞാണ് വയോധികയായ ദയാബായ് കാസര്‍ഗോട്ടെത്തുന്നതും സമരത്തീയിലേക്ക് എടുത്തു ചാടുന്നതും.ഈ പോരാട്ടത്തില്‍ ദയാബായിക്ക് ലാഭനഷ്ടക്കണക്കിന്റെ കാര്യമില്ല.മറ്റുള്ളവര്‍ക്കായി ജീവിച്ചു ജീവിച്ചു വൃദ്ധയായിപ്പോയ ഒരു സ്ത്രീ.
പക്ഷേ,വെയിലും മഴയുമേറ്റ് സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ വല്ലവര്‍ക്കും വേണ്ടി പട്ടിണികിടന്ന ആ 82 വയസ്സുകാരിയോട് കാണിച്ച അവജ്ഞ കാലം ക്ഷമിക്കുമോ ?ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്കു മാറ്റിയെങ്കിലും അവിടെയും അവര്‍ നിരാഹാരം തുടര്‍ന്നു.പുഴുങ്ങിയ മുട്ടയും ഏത്തപ്പഴവും ടോര്‍ച്ചിനകത്ത് കുത്തിത്തിരുകി നിരാഹാരത്തിനു പോകുന്ന ധീരവീരനേതാക്കളെ കേരളം കണ്ടിട്ടുണ്ട്.പക്ഷേ പെണ്ണൊരുത്തിയുടെ ജീവന്‍മരണപ്പോരാട്ടം നേരിട്ടു കാണുകയാണ്.18 ദിവസം ഉമിനീരിന്റെ മാത്രം ബലത്തില്‍ പ്രാണന്‍ നിലനിര്‍ത്തിയ ദയാബായിയുമായി ചര്‍ച്ചയ്ക്കു പോയ രണ്ടു വനിതാ മന്ത്രിമാരുടെ ഭാഗത്തും കനത്ത വീഴ്ചയുണ്ടായി.നിരാഹാരം 16 ദീവസം പിന്നിടുമ്പോഴാണ് ഈ മഹിളാമണികള്‍ ചര്‍ച്ചയ്ക്കു ചെന്നതു തന്നെ.അവര്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ രേഖയിലായപ്പോള്‍ കുറുപ്പിന്റെ ഉറപ്പായി.മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പലതും അട്ടിമറിക്കപ്പെട്ടു.പക്ഷേ ,ദയാബായുടെ ദൃഡനിശ്ചയത്തിനു മുന്നില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി.അങ്ങനെ 18-ം ദിവസം ഉപവാസം അവസാനിപ്പിച്ച് ദയാബായ വീണ്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതം തുടരുന്നു.അങ്ങനെ അത്രവേഗം കബളിപ്പിക്കാവുന്ന പെണ്ണല്ല മേഴ്‌സി മാത്യു. യുദ്ധസമയത്ത് ബംഗ്‌ളാദേശ് അഭയാര്‍ത്ഥികളുടെ സേവനത്തിനായി ബംഗ്‌ളാദേശിലെത്തിയ ദയാബായ് പില്‍ക്കാലത്ത് നര്‍മ്മതാ ബച്ചാവോ ആന്ദോളന്‍ ,ചെങ്ങറപ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.സമരങ്ങളും ഭീഷണികളും അനുനയനങ്ങളും അവര്‍ക്ക് പുത്തന്‍ അനുഭവമല്ലെന്നു സാരം.
മദ്ധ്യപ്രദേശിലെ ഗോണ്ടുകള്‍ക്കിടയില്‍ അന്‍പതു വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്ന ദയാബായ് അവരിലൊരാളായാണ് ഇതുവരെ ജീവിച്ചത്.കന്യാസ്ത്രീ പരിശിലനം ഉപേക്ഷിച്ച് മഠത്തില്‍നിന്നു പുറത്തിറങ്ങിയതു തന്നെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ്.തിരസ്‌കരിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സ്വന്ത ജിവിതം മാറ്റിവച്ച അവരെ പലര്‍ക്കും പുശ്ചമാണ്.കാരണം ഉടയാടകള്‍ക്ക് വര്‍ണ്ണപ്പകിട്ടില്ല,ആഡംഭരമില്ല,വാഹനങ്ങളില്ല..ഗോണ്ടുകളുടെ വസ്ത്രധാരണം കടംകൊണ്ടതു തന്നെ അവരിലൊരാളായി മാറിയാലേ അവര്‍തന്നെ അംഗീകരിക്കുകയുള്ളു എന്ന ചിന്തയിലാണ്.അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ അവരെ പ്രേരിപ്പിച്ചു.തെരുവു നാടകങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തി.പലവട്ടം രാഷ്ട്രീയക്കാരാല്‍ ആക്രമിക്കപ്പെട്ടു.ബറൂളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗസ്ത്രീകള്‍ക്കൊപ്പം കൂലിപ്പണിയെടുത്തു ജീവിച്ചു.ആദിവാസി സ്ത്രീകള്‍ക്ക് നീതിതേടി പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങി , മര്‍ദ്ദനങ്ങള്‍ക്കിരയായി പല്ലുകൊഴിഞ്ഞു.പിതൃസ്വത്തായി കിട്ടിയ പണംകൊണ്ട് വാങ്ങിയ ബറൂളിയിലെ രണ്ടര ഏക്കര്‍ പാറക്കെട്ടു നിറഞ്ഞ സ്ഥലം തനിയെ അധ്വാനിച്ച് ഫലഭൂയിഷ്ടമാക്കി,മാടുപോലെ പണിയെടുത്ത് വിയര്‍പ്പിന്റെ അപ്പം ഭക്ഷിച്ചു.അവിടെ സ്വന്തമായി കെട്ടിയുണ്ടാക്കിയ മണ്‍കൂരയിലാണ് ജീവിതം.തീച്ചൂടിലും കൊടും ശൈത്യത്തിലും മണ്ണില്‍ പണിയെടുത്ത് വരണ്ടുണങ്ങി,ചുക്കിച്ചുളിഞ്ഞ ശരീരം. വിശപ്പ് അവര്‍ക്ക് പുത്തരിയല്ല. ഈ സ്ത്രീയോടാണ് ഓലപ്പാമ്പുകാട്ടിയുള്ള വിരട്ടല്‍ .
2015-ലാണ് ദയാബായ് 'ഫാദര്‍ വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ്്' സ്വീകരിച്ചത്.തിരിച്ച് ആലുവായിലേക്ക് ബസ്സില്‍ പോകുമ്പോള്‍ ഡ്രൈവറോട് ബസ്സ് സ്റ്റാന്‍ഡ് എത്താറായോ എന്നു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ അവരോട് മോശമായ പദപ്രയോഗം നടത്തിയതും ബസ്സില്‍നിന്ന് ഇറങ്ങിപ്പൊക്കോണമെന്ന് ആജ്ഞാപിച്ചതും ..യാചകിയായി മാത്രമാണ് അയാള്‍ ദയാബായിയുടെ വേഷവിധാനത്തിന് മാര്‍ക്കിട്ടത്.ആ വിലകുറഞ്ഞ ആദിവാസി വേഷത്തിനുള്ളില്‍ കത്തുന്ന ഒരു തീപ്പന്തം ഒളിച്ചിരിപ്പുണ്ടെന്ന് ഇപ്പോള്‍ ലോകമറിയുന്നു.പ്രായമോ ,ആരോഗ്യമോ കെടുത്താത്ത ഒരു തീപ്പന്തം.ഒരുപക്ഷേ ഈ നിരാഹാരത്തെത്തുടര്‍ന്ന് അവരുടെ അന്ത്യം സംഭവിച്ചിരുന്നെങ്കിലോ ?.
ആരു കരയാന്‍ അല്ലേ ..ഫാദര്‍ സ്റ്റാന്‍സാമിയുടെ അന്ത്യം ഇടയ്‌ക്കൊന്ന് ഓര്‍മിക്കുന്നതു നല്ലതാണ്.ഇപ്പോള്‍ അദ്ദേഹം പലര്‍ക്കും ദിവ്യപുരുഷനാണ്.ഒരു പക്ഷേ നാളത്തെ വിശുദ്ധന്‍. ദയാബായിക്കും ആരും വലിയ വില ഇന്ന് കല്‍പ്പിച്ചില്ലെങ്കിലും നാളെ അവരെയും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചേക്കാം.
തീപ്പന്തങ്ങള്‍ സ്വയം കത്തി അമരുമ്പോഴും മറ്റുള്ളവരുടെ ഇരുളിനെ അകറ്റുകയല്ലാതെ വേറൊന്നും പ്രതീക്ഷിക്കാറില്ലല്ലോ..ഇത്തരം തീപ്പന്തങ്ങളുള്ളതിനാലാണ് നമ്മളൊക്കെ ജീവിതത്തിലെ കൂരുട്ടിലൂടെ നടന്നുപോകുന്നത്.
# dayabhai foolish - article by jolly adimathra