നീണ്ടിടം പെട്ട മിഴികളും തലയിൽ തിങ്ങിയ ചുരുണ്ട മുടിയുമായി അമ്പിളിത്തെല്ലു പോലൊരു പെൺകുഞ്ഞു പിറന്നപ്പോൾ, ദേവകിയമ്മ ഏറെ സന്തോഷിച്ചു. തന്റെ നീണ്ട കാത്തിരിപ്പിന് സഫലമായൊരു അന്ത്യമായെന്ന്. കുഞ്ഞുവാവ, അനുരാധ, എന്ന അനു എല്ലാവരുടെയും കണ്ണിലേക്കുറ്റു നോക്കി നിഷ്ക്കളങ്കമായി വിടർന്നു ചിരിച്ചു. ശാന്തശീലയായ ആ കുഞ്ഞ് എല്ലാവരുടേയ മനം കവർന്നു.
പതിയെപ്പതിയെ ഞെട്ടിക്കുന്ന ഒരു സത്യം അവരറിഞ്ഞു. കുഞ്ഞ് ശബ്ദത്തോട് പ്രതികരിക്കുന്നില്ല, അതായത് അവൾക്ക് കേൾക്കാനും, സംസാരിക്കാനും കഴിയില്ലെന്ന്. അമ്മയുടെ കണ്ണീരിനു നേരെയും അവൾ മനോഹരമായി പുഞ്ചിരിച്ചു. നിലാവു പോലെ, അവൾ വീടിനെ ചുറ്റി വളരുമ്പോൾ ദേവകിയമ്മയ്ക്കാധി പെരുത്തു.
അവൾ പുറപ്പെടുവിച്ചിരുന്ന ശബ്ദങ്ങൾ ഒരു ഗാനം പോലെ മധുരതരമായിരുന്നു, വാക്കുകൾ അവയിൽ നിന്നൊഴിഞ്ഞു നിന്നെങ്കിലും. പക്ഷികൾ അവൾ സംസാരിക്കുമ്പോൾ കേൾക്കാനെന്നവണ്ണം മരക്കൊമ്പുകളിൽ പറന്നിറങ്ങി വിശ്രമിക്കുന്നതു പോലെ നടിച്ചു. വീട്ടിനു ചുറ്റുമുള്ള മൃഗങ്ങളും അവളോടതിവേഗമിണങ്ങി. മനുഷ്യർ മാത്രം,
"ത്ര ചന്തോള്ള കുട്ടിക്ക് സംസാരശേഷി ല്യാണ്ടേ പോയീല്ലോ തേവരെ" എന്ന് ദേവകിയമ്മയുടെ ആധി കൂട്ടി.
അനുരാധയ്ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് കഴുത്തിൽ കൊന്തയണിഞ്ഞ ഒരു ബാലൻ ഒട്ടിയ വയറുമായി വീടിന്റെ പടിപ്പുരയിൽ എത്തിയത്. ദയാലുവായ ദേവകിയമ്മ അവനെ അടുക്കളപ്പുറത്തു വിളിച്ചിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്തു. അനുരാധ അവൻ ആഹാരം കഴിക്കുന്നത് കൗതുകപൂർവ്വം നോക്കി നിൽക്കുകയും അവനെ നോക്കി മധുരമായി പുഞ്ചിരി തൂകുകയും ചെയ്തു. പുഞ്ചിരിക്കുകയോ മറുത്തെന്തെങ്കിലും പറയുകയോ ചെയ്തില്ലെങ്കിലും അവന്റെ ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതം വിടരാൻ വെമ്പി കൂമ്പി നിന്നു.
പിന്നീടതൊരു പതിവായി തീർന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും ദേവകിയമ്മ പറയുന്നതെല്ലാം അവൻ ശ്രദ്ധാപൂർവ്വം കേൾക്കുകയും, അവർക്കു വേണ്ട ചെറിയ ചെറിയ ജോലികൾ ചെയ്തു കൊടുക്കുകയും ചെയ്തു. അവൻ കാഴ്ചയ്ക്ക് ഒരു പല്ലിക്കുഞ്ഞിനെപ്പോലിരുന്നു. ദേവകിയമ്മ അവനെ 'പൈലി' എന്ന് അഭിസംബോധന ചെയ്തു. അതു കേൾക്കാനോ സ്വന്തം പേരു പറയാനോ അറിയാതിരുന്നതിനാൽ അവൻ പ്രതിഷേധിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
'പാവം അതും ന്റെ കുട്ട്യേപ്പോലന്നെ. എനിക്കെന്താണാവോ ഇജ്ജന്മത്തിങ്ങനൊരു ശാപം'? അവർ സങ്കടപ്പെട്ടു.
'ങ്ങളൊന്നുമിണ്ടാതിരിക്കിൻ ദേവക്യമ്മേ'. ഞങ്ങളെല്ലാം ങ്ങളോടന്യല്ലേ മിണ്ടണത്. ന്റെ കുഞ്ഞുണ്ണൂല്യേ നിങ്ങളെടുത്തോളിൽ, ഓള് നമ്മുടെ അനുരാധക്കുട്ടീന്റെ നാവും ചെവീം ആയ്ക്കോളും.' അടുക്കളയിൽ ദേവകിയമ്മയെ സഹായിക്കാൻ നിന്ന കുഞ്ചിയമ്മ പറഞ്ഞു.
അന്ന് കുഞ്ഞുണ്ണൂലി ദേവകിയമ്മയുടെ കട്ടിലിനുതാഴെ ഒരു കുഞ്ഞു നായ്ക്കുട്ടിയെപ്പോലെ ചുരുണ്ടു കിടന്നു. പിറ്റേന്ന്, ദേവകിയമ്മ അവൾക്കൊരു പായയും തലയിണയും കൊടുത്തു. അനുരാധയുടെ പഴയ ഉടുപ്പുകളിട്ട് അവൾ വീട്ടിലും തൊടിയിലും അനുരാധയെ ചുറ്റി നടന്നു.
ഒരു കർക്കിടക മഴയിൽ മലവെള്ളം പെരുത്തേറി പടിപ്പുരയോളം വന്ന അന്ന് അതിരാവിലെ ഉണർന്നു നോക്കിയ ദേവകിയമ്മ കണ്ടത് പടിപ്പുര ത്തിണ്ണയിൽ ചുരുണ്ടു കിടക്കുന്ന പൈലിയേയാണ്.
പതിയെ പതിയെ അവനതവന്റെ താമസസ്ഥലമാക്കി.
കുട്ടികൾ വളർന്നുതുടങ്ങിയപ്പോൾ, നാട്ടുകാരതുമിതും പറഞ്ഞെങ്കിലും ദേവകിയമ്മ അവനെ ഇറക്കി വിട്ടില്ല. ചെവി കേൾക്കാതിരുന്നതിനാൽ കുഞ്ഞുങ്ങൾ തങ്ങളെച്ചുറ്റി അങ്ങിനെ ഒരു സംസാരം നടക്കുന്നതായിപ്പോലും അറിഞ്ഞില്ല.
ഒരു നാൾ, അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി വരും വഴി, വികൃതിച്ചെക്കന്മാരാരോ അനുരാധയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതു മുതൽ എന്നും പൈലി അവളെ അനുഗമിച്ചു.
സ്നേഹവിദ്വേഷങ്ങളില്ലാതെ, കന്മഷമില്ലാതെ...... പത്തു ചവിട്ടടി പിറകിൽ അവൻ നടന്നു. എന്നു പടിപ്പുര കടന്ന് അനുരാധ പുറത്തു പോയിരുന്നോ അന്നെല്ലാം പത്തു ചവിട്ടടി പിറകിലവനുണ്ടായിരുന്നു, തിരിഞ്ഞു നോക്കാതെ തന്നെ ആ ഉറപ്പ് അവൾക്കുമുണ്ടായിരുന്നു. തിരിച്ചെത്തിയാൽ പടിപ്പുര കടന്ന് അവളൊന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിക്കും.
അവന്റെ ചുണ്ടിന്റെ കോണിലെ മന്ദസ്മിതത്തിന്റെ മൊട്ട് ഒരിക്കലും വിരിഞ്ഞില്ല., വിടരാനൊരുങ്ങി, കൂമ്പിത്തന്നെ നിന്നു. അതെന്തിനാണെന്നാർക്കുമറിയില്ല.
അവനാരായിരുന്നു അവർക്ക്? തിരിച്ചും? ആർക്കുമറിയില്ല. അവർക്കു തന്നെയുമറിയില്ലാതിരുന്ന രഹസ്യം.
ചില രഹസ്യങ്ങളങ്ങിനെയാണ്. അവ ഒരിക്കലും വെളിപ്പെടാതെ സമുദ്രാന്തർഭാഗത്തു കല്പാന്തകാലത്തോളം വിശ്രമിക്കുന്ന വിലപിടിപ്പുള്ള മുത്തു പോലെയായിരിക്കും, വെളിപ്പെടാത്ത ഒന്ന്. അത് ആരുടെയും കണ്ഠത്തിൽ ശോഭ ചാർത്തില്ല. കച്ചവട മനസ്സുള്ളവർക്ക് അതൊരു വൻ നഷ്ടമായിത്തോന്നിയേക്കാം.
ദേവകിയമ്മയുടെ മരണം കഴിഞ്ഞ് കുറെക്കാലം കൂടി അനുരാധ ആ വലിയ വീട്ടിൽ കുഞ്ഞുണ്ണൂലിയോടൊപ്പം കഴിഞ്ഞു. കുഞ്ഞുണ്ണൂലിയുടെ മക്കൾ അവളെ "അമ്മേ' എന്നു തന്നെ അഭിസംബോധന ചെയ്തു.
അനുരാധ മരിച്ച്, ചിതാസ്മം കിനാശ്ശേരിപ്പുഴ ഏറ്റുവാങ്ങിയതിന്റെ പിറ്റേന്ന് പൈലിയും അപ്രത്യക്ഷനായി.
'എല്ലാ കാര്യത്തിന്റെയും പിറകിലെ കാരണമറിയണമെന്ന് ശഠിക്കാതിരിക്കുക'. ചിന്തകൻ പക്ഷി അമൃതവള്ളിയിലകളോടു പറഞ്ഞു. പ്രാണൻ പല പ്രകാരത്തിൽ ഓരോ ജീവിയിലും വിളക്കായി കുടികൊള്ളുന്നു. മനുഷ്യൻ അതിനെ പൂർവ്വജന്മബന്ധമെന്നൊക്കെപ്പറയും. അത് വിഡ്ഢിത്തമാണ്.
'മനുഷ്യൻ തന്റെ വികസിച്ച തലച്ചോറുപയോഗിച്ച്, ലളിതമായതിനെ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത് എന്നത് വിചിത്രമായിരിക്കുന്നു.' അമൃതവള്ളിയിലകൾ മൊഴിഞ്ഞു.
'പ്രകൃതിയുടെ വഴികൾ ലളിതമാണ്. അവൾ അന്തമില്ലാത്ത പുനർനിർമ്മാണങ്ങളിൽ അഭിരമിക്കുന്നവളാണ്. പ്രാണനും ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളും മാത്രം ജരാനരകളില്ലാതെ നിരന്തരം നിലനിൽക്കുകയും, പ്രകൃതിയുടെ കളികൾക്ക് കൂട്ടാവുകയും ചെയ്യുന്നു.
പ്രകൃതി ഒരേ സമയം ശാന്തയും കരാളഹസ്തയുമാണ്, നിർമ്മിതി പോലെ തന്നെ നിർമ്മാർജ്ജനത്തിലും കുതൂഹലമുള്ളവൾ.
ഏതോ വഴിത്തിരിവിൽ നവീകരിക്കപ്പെടാനുള്ള വൈഭവം പ്രദർശിപ്പിച്ച മനുഷ്യകുലത്തെ അവൾ മുന്നോട്ടു നടത്തി. അത്തരം സാദ്ധ്യതകളവസാനിക്കുന്ന മറ്റൊരു വഴിത്തിരിവിൽ, അവൾക്കാ കുതൂഹലം അവസാനിക്കുകയും അവൻ അപ്രത്യക്ഷനാകുകയും ചെയ്യും'.
"നമ്മിലുള്ള പോൽത്തന്നെ ഈ അറിവ്, ഇതിലും ഭംഗിയായി അവനിലും എഴുതപ്പെട്ടിരിക്കുന്നുവെങ്കിലും, പുതിയ പാഠങ്ങൾക്കിടയിൽ അവൻ അടിസ്ഥാന സത്യങ്ങൾ മറന്നു പോയിരിക്കുന്നു. ഈ മറവി കൊണ്ടാണവന് പുതിയ പാഠങ്ങൾ പഠിക്കാൻ കഴിയുന്നത്. മറക്കപ്പെട്ട ഇതേ ലളിത പാഠങ്ങൾ തന്നെയാണവനെ അപ്രത്യക്ഷനാക്കാൻ പോവുന്നതും'.
#കിനാശ്ശേരിക്കാലം