Image

ഇന്ദിരാ ഗാന്ധി ആരായിരുന്നു? എന്തായിരുന്നു അവരുടെ സംഭാവനകൾ? രക്തസാക്ഷിത്വ ദിനത്തിൽ നമുക്കവരെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

Published on 31 October, 2022
ഇന്ദിരാ ഗാന്ധി ആരായിരുന്നു? എന്തായിരുന്നു അവരുടെ സംഭാവനകൾ? രക്തസാക്ഷിത്വ ദിനത്തിൽ നമുക്കവരെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

ഒക്ടോബർ 31 - ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രണ്ടു സിക്ക് ബോഡി ഗാർഡുകളാൽ 1984 ഒക്ടോബർ 31-നാണ് ഡൽഹിയിൽ വെച്ച് കൊല്ലപ്പെട്ടത്.

ഇന്ദിരാ ഗാന്ധി ആരായിരുന്നു? എന്തായിരുന്നു അവരുടെ സംഭാവനകൾ? ഇന്ദിരാ ഗാന്ധിയെ കുറിച്ച് ഓർമിക്കുമ്പോൾ എപ്പോഴും തെളിഞ്ഞു വരുന്നത് അവരുടെ നിശ്ചയ ദാർഢ്യമാണ്. പല കാര്യങ്ങളും നടപ്പാക്കുന്നതിൽ ഇന്ദിരാ ഗാന്ധിക്ക് നിശ്ചയ ദാർഢ്യം അഥവാ 'അഡ്മിനിസ്‌ട്രേറ്റീവ് വിൽ' എന്നുള്ള ഗുണം നല്ലതുപോലെ  പ്രകടിപ്പിച്ചിരുന്നു. നെഹ്രുവിനു ശേഷം ശാസ്ത്രി വന്നപ്പോൾ പാക്കിസ്ഥാൻ ജെനറൽമാർക്ക് കേവലം അഞ്ചടിയിൽ മിച്ചം മാത്രം പൊക്കമുണ്ടായിരുന്ന ശാസ്ത്രിയോട് പുച്ഛമായിരുന്നു. ആ പുച്ഛമാണ്1965-ൽ അവരെ ഇന്ത്യ ആക്രമിക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ,1962-ൽ ഇന്ത്യക്ക് ചൈനയിൽ നിന്ന് തിരിച്ചടി കിട്ടിയതുകൊണ്ട് പാക്കിസ്ഥാനെ സൈനികമായി നേരിടാൻ ശാസ്ത്രിയുടെ ഇന്ത്യക്ക് ശേഷി കാണില്ലെന്നും അവർ കണക്കുകൂട്ടി. പക്ഷെ യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ശാസ്ത്രി അവരെ അമ്പരപ്പിച്ചു. 1965-ലെ ഇൻഡ്യാ പാക്കിസ്ഥാൻ യുദ്ധത്തിന് ധീരമായ നെത്ര്വത്വമാണ് ലാൽ ബഹാദൂർ ശാസ്ത്രി നൽകിയത്.

ഇന്ദിരാ ഗാന്ധിക്കും ഈ 'അഡ്മിനിസ്‌ട്രേറ്റീവ് വിൽ' എന്നൊന്നുള്ള ഗുണം ധാരാളമായി തന്നെ ഉണ്ടായിരുന്നൂ. ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു. 1971-ൽ പാക്കിസ്ഥാനെതിരെ നേടിയ സൈനിക വിജയം, ബംഗ്ളാദേശിൻറ്റെ രൂപീകരണം, പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം - ഇവയൊക്കെ ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളാണ്.

സാം മനേക് ഷാ ആയിരുന്നു 1971-ൽ ബഗ്ലാദേശിനു വേണ്ടിയുള്ള യുദ്ധത്ത നയിച്ചിരുന്നത്. തിരിച്ചടികൾ ഉണ്ടാകുമ്പോൾ പുള്ളി ഇന്ദിരാ ഗാന്ധിയെ വന്നു കാണുമായിരുന്നു. "Sam, you cannot win everyday" എന്നുപറഞ്ഞു ഇന്ദിരാ ഗാന്ധി സാം മനേക് ഷായെ ആശ്വസിപ്പിക്കുമായിരുന്നു. ഇങ്ങനെ സൈന്യധിപൻറ്റെ ആത്മവീര്യം ചോരാതെ സംരക്ഷിച്ചു നിർത്തിയ പ്രധാന മന്ത്രി ആയിരുന്നു ഇന്ദിരാ ഗാന്ധി.

1974, May 18-ന് പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം വഴി ചൈനക്ക് ശക്തമായ ഒരു മുന്നറിയിപ്പ് നൽകാനും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. 'ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ' എന്നു പേരിട്ടിരുന്ന ആ ആണവ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തെ ആറാമത്തെ ആണവ ശക്തിയായി മാറി. ചൈനയെ ലക്‌ഷ്യം വെച്ചായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നെത്ര്വത്ത്വത്തിൽ ഇന്ത്യയുടെ ആ ആണവ പരീക്ഷണം.

ഭരണം പോയപ്പോൾ പോലും, ഇന്ദിരാ ഗാന്ധി നിശ്ചയ ദാർഢ്യം ഒരിക്കലും കൈ വിട്ടിരുന്നില്ല. 1977 ഓഗസ്റ്റിൽ ബീഹാറിലെ 'ബെൽച്ചി' - യിൽ 2 കുഞ്ഞുങ്ങളടക്കം 11 ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാ ഗാന്ധി അത് രാഷ്ട്രീയ ആയുധം ആക്കി. കോരിച്ചൊരിയുന്ന മഴയത്ത് നടന്നും, കഴുതപ്പുറത്തും, ട്രാക്റ്ററിലും അവസാനം ആനപ്പുറത്തും ആണ് ഇന്ദിരാ ഗാന്ധി ബീഹാറിലെ 'ബെൽച്ചി' - യിൽ എത്തിയത്. തങ്ങൾ ദളിതരോടോത്ത് ഉണ്ട് എന്ന ശക്തമായ സന്ദേശം കൊടുക്കാൻ ഇന്ദിരാ ഗാന്ധിക്ക് അതോടെ സാധിച്ചു.

മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെൻറ്റിൻറ്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. സഞ്ജയ്‌ ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പെറ്റു കൂട്ടുന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഇന്ത്യയിൽ മൽസരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. അതുകൊണ്ട് 2030 ആകുമ്പോൾ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തീരും എന്നിപ്പോൾ പലരും പ്രവചിക്കുന്നൂ.

ഇന്ത്യയിൽ ദാരിദ്ര്യവും, മത സ്വാധീനവും, ഉത്തരവാദിത്ത്വബോധമില്ലായ്മയും ജനസംഖ്യാ വർദ്ധനവിനുള്ള കാരണങ്ങളാണ്. ഒറ്റ മതക്കാരും കുട്ടികൾ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തിൽ നിന്ന് മുക്തരല്ല. ഹിന്ദു മതത്തിൽ മരണാനന്തര കർമങ്ങൾ ആൺമക്കളെ കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തൻറ്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആൺകുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കൻമാരുടേയും ആഗ്രഹം. ഇത്തരത്തിൽ ആൺകുഞ്ഞുണ്ടാകാൻ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയിൽ സാധാരണമാണ്.

കേരളത്തിൽ ഇത്തരമൊരു വിശ്വാസം ഇല്ലെന്നാണ് ഇതെഴുതുന്നയാൾ കരുതിയിരുന്നത്. എന്നാൽ സ്വപ്ന സുരേഷിൻറ്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ വായിച്ചതോടെ ആ പ്രതീക്ഷ തെറ്റി. സ്വപ്ന സുരേഷിനെ വീട്ടുകാർ നിർബന്ധിച്ചു രണ്ടാം വിവാഹം കഴിപ്പിക്കുന്നത് മരിച്ചു കഴിഞ്ഞാൽ കർമങ്ങൾ ചെയ്യാൻ ഒരു ആൺകുഞ്ഞു വേണം എന്നു പറഞ്ഞാണ്. രണ്ടാമത്തെ കുട്ടി 2012 മാർച്ച് 6 -ന് ജനിച്ചപ്പോൾ, കുഞ്ഞിനെ കാണുന്നതിന് മുമ്പേ അത് ആൺകുഞ്ഞാണ്; എൻറ്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി ഗുരുവായൂരപ്പൻ തന്നതാണെന്നാണ് സ്വപ്ന സുരേഷ് പറയുന്നത് (‘ചതിയുടെ പത്മവ്യൂഹം’, പേജ് 66). ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് രക്ഷപെടാൻ സ്ത്രീകളെ കൊണ്ട് മരണാനന്തര കർമങ്ങൾ ചെയ്യിപ്പിക്കുകയാണ് ഏക പോംവഴി.

മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെൻറ്റിൻറ്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. 1947-നു മുമ്പുള്ള കൊളോണിയൽ സർക്കാർ ഒരിക്കലും ഒരു 'വെൽഫയർ സർക്കാർ' അല്ലായിരുന്നു. ജനാധിപത്യമാണ് ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പത്തിന് തന്നെ അടിസ്ഥാന ശില പാകിയത്. ജനാധിപത്യ ഇന്ത്യ 'ഫുഡ് സഫിഷ്യൻറ്റ്' ആയിട്ട് അധിക കാലമൊന്നുമായിട്ടില്ല. നെഹ്രുവിനും, ഇന്ദിരാ ഗാന്ധിക്കുമാണ് ഇന്ത്യയുടെ 'ഫുഡ് സെൽഫ് സഫിഷ്യൻസിക്ക്' നന്ദി പറയേണ്ടത്. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും.

ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയുമ്പോൾ പലരും അടിയന്തിരാവസ്ഥയെ കുറിച്ച് പറയും. സത്യം പറഞ്ഞാൽ, അടിയന്തരാവസ്ഥയും സഞ്ജയ്  ഗാന്ധിയും ഇല്ലായിരുന്നെങ്കിൽ, മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടിരുന്ന  നക്സലയിറ്റുകാരും, സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാരും ഇന്ന് ശ്രീലങ്കയുടേത് പോലെയുള്ള ഒരു സാമ്പത്തികാവസ്ഥ ഇന്ത്യയിലും സൃഷ്ടിച്ചേനേ. “Chairman Mao is our Chairman” - എന്നതായിരുന്നു ഒരു കാലത്ത് നക്സലയിറ്റുകാരുടെ മുദ്രാവാക്യം. 1970 നവംബർ 14-ന് തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ട് മാവോയ്ക്കു ജയ് വിളിച്ച കൂട്ടരാണ് പലരും റൊമാൻറ്റിസൈസ് ചെയ്യുന്ന നക്സലയിറ്റുകാർ. കൽക്കട്ടയിൽ വർഗ ശത്രുക്കളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ ട്രാഫിക്ക് പോലീസിനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടുണ്ട് നക്സലയിറ്റുകാർ!!! 1990-കളിൽ പോലും കൊച്ചിയിൽ ലോകബാങ്ക് സംഘത്തെ വഴിയിൽ തടഞ്ഞു കഴുത്തിനു പിടിച്ചു തപ്പാളിച്ച കൂട്ടരാണ് പലരും ഇന്നും പൊക്കിപ്പിടിക്കുന്ന നക്സലയിറ്റുകാർ. യാഥാർഥ്യ ബോധം ഇവരുടെയൊന്നും തലയുടെ ഏഴയലത്തു പോയിട്ട്, നൂറയലത്തു പോലും 1990-കളിൽ പോലും പോയിരുന്നില്ല. 'ബഹുജന ലൈൻ' വേണോ അതോ 'സൈനിക ലൈൻ' വേണോ എന്നുള്ളതായിരുന്നല്ലോ 1990-കളിൽ പോലും കേരളത്തിലെ  നക്സലയിറ്റുകാരുടെ ഒരു വലിയ ഡിബേറ്റ്. സൈന്യമില്ലാ; ആയുധങ്ങളില്ലാ; സൈനിക പരിശീലനവും ഇല്ലാ. പക്ഷെ വാചകമടിക്ക് മാത്രം അവർക്ക് അന്നൊന്നും ഒരു കുറവുമുണ്ടായിരുന്നില്ലാ. ഈ വാചകമടിയൊക്കെ വിശ്വസിച്ച കുറെ ചെറുപ്പക്കാരുടെ ജീവിതം നഷ്ടപ്പെടുത്തി എന്നുള്ളത് മാത്രമാണ് നക്സലയിറ്റുകാരുടെ ഏക സംഭാവന.

നക്സലയിറ്റുകാരെ പോലെ തന്നെ വേറൊരു രീതിയിൽ മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാർ. സങ്കരയിനം വിത്തുകളേയും, 'ഹയ്യ് യീൽഡിങ് വെറയ്റ്റിയേയും' ഇക്കൂട്ടർ സ്വദേശി മുദ്രാവാക്യം മുഴക്കിയെതിർത്തു. 1970-കളിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ സങ്കരയിനം വിത്തുകളും, അന്ന് നടപ്പിലാക്കിയ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇൻഡ്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. അതു കാണാതെ  നാടൻ വിത്തിനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് തെറ്റിധാരണ ജനിപ്പിക്കാൻ മാത്രമേ ഉതകത്തുള്ളൂ. ശ്രീലങ്കയിൽ വന്ദന ശിവയുടെ ഉപദേശ പ്രകാരം ജൈവ കൃഷിക്ക് പോയതുകൊണ്ടാണ് ഇന്നിപ്പോൾ അവർ പിച്ച തെണ്ടുന്ന അവസ്ഥയിലേക്ക് പോകാനുള്ള ഒരു പ്രധാന കാരണം. വന്ദന ശിവ ഇന്ത്യയിലെ ഹരിത വിപ്ലവത്തിനും എതിരായിരുന്നു. ഭാഗ്യത്തിന് പ്രായോഗിക വീക്ഷണം ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വന്ദന ശിവയുടെ ജൈവ കൃഷിയേയും, സുഭാഷ് പാലേക്കറിൻറ്റെ 'സീറോ കോസ്റ്റ് ഫാമിങ്ങിനേയും’ ഇന്ത്യയിൽ അകറ്റി നിറുത്തി.

സംഘ പരിവാറുകാരുടെ 'സ്വദേശി ജാഗരൺ മഞ്ച്' ഇൻറ്റലക്ച്വൽ ഫീൽഡിൽ തീവ്ര ഇടതുപക്ഷമായ നക്സലയിറ്റുകാരെ പോലെ തന്നെ അനേകം മൂഢ സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു. ഇന്ത്യയുടെ ഐശ്വര്യപൂർണ്ണമായ ഭാവിയെ പറ്റി യാഥാർഥ്യ ബോധത്തോടുകൂടി കാണാതെ, തങ്ങളുടെ മൂഢ സങ്കൽപ്പത്തിനനുസരിച്ചുള്ള സ്വപ്‌നങ്ങൾ നെയ്തവരായിരുന്നു 'സ്വദേശി ജാഗരൺ മഞ്ചിൽ' പെട്ടവർ. ആധുനിക സയൻസിലൂടെയും ടെക്നൊളജിയിലൂടെയുമാണ് ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടേയും മണ്ണിൻറ്റെ ഫലഭൂയിഷ്ഠത ഉറപ്പാക്കപ്പെടുന്നതെന്നുള്ള ശാസ്ത്ര തത്വം ഉൾക്കൊള്ളാൻ മടിച്ചവരാണ് ഇക്കൂട്ടർ. ഇന്ത്യയിൽ പലരേയും തെറ്റിദ്ധരിപ്പിക്കുവാൻ ഈ രണ്ടു കൂട്ടർക്കും പിന്നിട്ട അനേകം വർഷങ്ങളിൽ കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ 'സെലക്റ്റീവ് അംനേഷ്യയോട്' കൂടി ഈ രണ്ടു കൂട്ടരുടേയും മണ്ടത്തരങ്ങൾ ചിലരൊക്കെ മറക്കുകയാണ് ചെയ്യുന്നത്. നരബലിയും, ജാതക പ്രശ്നമുന്നയിച്ചുള്ള കൊലപാതകവും കേരളത്തിൽ അരങ്ങേറുമ്പോൾ ഇക്കൂട്ടരെ ഓർമിക്കുക തന്നെ വേണം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

# indiraghandhi article by vellassery joseph

Join WhatsApp News
True Indian. 2022-10-31 14:48:43
Supreme Court made her election invalid. She suspended the constitution, dismissed the judge to protect her position. If you justify that, you must hate India. The Congress Party leaders did not support her. She destroyed the Congress Party. Look at the state of the great Indian National Congress today. It is no more a National Party. That is her biggest contribution.
Jacob 2022-10-31 18:39:45
I went to India from USA at the time of Indian election after the declaration of emergency. On my return, some officials in Bombay asked for my passport (not immigration or Airport security). I saw them checking my passport against a list they had. Fortunately, they returned my passport. If they had any suspicion that I spoke against Indira Gandhi in USA or in India, they would have confiscated my passport and I would be stranded in Bombay. I might even lose my job in USA. Soon after I came back, I applied for American citizenship. My goal was to protect myself from the politicians in India. I lost respect for Indira Gandhi because I lost my civil rights. I know one person who was detained in India on such suspicion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക