അറുപത്തിയാറ് വയസ്സായ ആധുനിക കേരളം മുടി കറുപ്പിച്ചും തൊലി വെളുപ്പിച്ചും പുറംമോടി ഭദ്രമാക്കിയും സാങ്കേതികവിദ്യയിൽ കാലോൽക്കർഷി (up to date) ആകാൻ ശ്രമിച്ചും ഇന്നും യുവത്വം അഭിനയിക്കുന്നുണ്ട്. ഇവിടെ ഉപഭോഗാർഭാടാഢംബരങ്ങളുടെ കാര്യത്തിൽ മാത്രം നാനാജാതി മതസ്ഥർക്കും വ്യത്യസ്ത രാഷ്ട്രീയ കക്ഷികൾക്കും പ്രകടമായ അഭിപ്രായ വ്യത്യാസമില്ല.
പണം, സുഖം, സൗകര്യം ഇവ നേടിയെടുക്കുന്നതിൽ യാതൊരു മൂല്യവിചാരവും തടസ്സമാകേണ്ടതില്ല എന്നാണ് വർത്തമാന കേരളത്തിന്റ മുഖ്യധാരാ ശരാശരി സമൂഹത്തിന് നൽകുന്ന മുഖ്യസന്ദേശം. മനുഷ്യർ പരസ്യമായി ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ സ്വയം വിളിച്ചു പറയുകയോ വേണ്ടപ്പെട്ടവരെക്കൊണ്ട് പറയിപ്പിക്കുകയോ ചെയ്ത് കഷ്ടപ്പെടുമ്പോൾ അവർ ആത്മരതിയുടെ പേരിൽ പരിഹസിക്കപ്പെടുകയാണ്.
എന്നാൽ ആളുകൾ രഹസ്യമായി ചെയ്യുന്ന കൊള്ളരുതായ്മകൾ ഉടനടി വിശദമായി പ്രചരിപ്പിക്കാൻ പരമ്പരാഗതവും നവവുമായ എല്ലാ മാധ്യമങ്ങളും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്നു ! അതുകൊണ്ടു തന്നെ ചെയ്യാത്തതായാലും നല്ല കാര്യത്തിന് തെളിവുണ്ടാക്കാനും ചെയ്തതായാലും മോശം കാര്യത്തിന് തെളിവില്ലാതാക്കാനും വ്യഗ്രത പൂണ്ടാണ് ഇന്ന് നമ്മളിൽ പലരും ജീവിക്കുന്നത്.
സ്വാർത്ഥസംരക്ഷണം എന്ന അജണ്ടയ്ക്കു മുന്നിൽ നീതി, ന്യായം, ധർമ്മം, സത്യസന്ധത, മനുഷ്യത്വം തുടങ്ങിയവയ്ക്കൊന്നും യാതൊരു വിലയും കൽപ്പിക്കാത്ത ഈ സമൂഹത്തിന് മറ്റുള്ളവർ ചെയ്യുന്ന അതിക്രമങ്ങളെ പഴിക്കാനും മുറവിളി കൂട്ടാനും എന്തൊരാവേശമാണ് !
തനിക്ക് വ്യക്തിപരമായുള്ള ലാഭനഷ്ടങ്ങൾ കണക്കുകൂട്ടിയാണ് മഹാഭൂരിപക്ഷവും പൊതുകാര്യങ്ങളിൽ ഇടപെടുകയോ ഇടപെടാതിരിക്കുകയോ അഥവാ ഇടപെട്ടാൽ അതിനെ ഒരു ആസൂത്രിത തന്ത്രമാക്കുകയോ ചെയ്യുന്നത്. പൊതുവായ ഇടങ്ങളിലും കാര്യങ്ങളിലും വരെ ജനങ്ങൾക്ക് മുന്നിൽ തുറന്നു വെക്കാൻ കഴിയാത്ത ഹിഡൻ അജണ്ടകളുണ്ടെന്ന് തമ്മിലറിയാതെയല്ല രാഷ്ട്രീയപ്പാർട്ടികളിലും മതസംഘടനകളിലും നേതാക്കളും അനുയായികളും പ്രവർത്തിക്കുന്നത്.
വിലപേശലിന്റെ അടിസ്ഥാനത്തിലുള്ള പരസ്പരധാരണയായി അധ:പതിച്ചിരിക്കുന്ന സമകാലീന കേരളീയതയിൽ ഏറെക്കുറേ എല്ലാ സംഘടനകളും സംഘാടനങ്ങളും .
ഏതു കാര്യത്തേയും പോസിറ്റീവായി സമീപിക്കുക എന്നത് അടുത്ത കാലത്ത് നമ്മുടെ ചുറ്റിലും ശക്തമായി മുഴങ്ങാൻ തുടങ്ങിയ ഒരു അശരീരിയാണ്. പദ്ധതി നടത്തിപ്പുകളിലെ അനാശാസ്യതകളേയും അഴിമതികളേയും ക്രമക്കേടുകളെയും ചോദ്യം ചെയ്യാതെ കിട്ടുന്ന നക്കാപ്പിച്ചകളിലോ കൊയ്ലാഭങ്ങളിലോ അഭിരമിക്കുക എന്നാണ് അതിന്റെ പച്ച മലയാളം .
സമീപകാലത്തായി പെരുകിയ പല പേരു പറഞ്ഞുള്ള ക്രൂരമായ കൊലപാതകങ്ങളെയും വേണമെങ്കിൽ നിങ്ങൾക്ക് പോസിറ്റീവായി കാണാൻ കഴിയും. മാധ്യമമേഖല സജീവമാക്കി അവിടെയുള്ള ജീവനക്കാരുടെ തൊഴിലും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നുണ്ടല്ലോ! പോലീസിനെ കർമ്മോന്മുഖരാക്കുന്നു , വാദി ഭാഗം - പ്രതിഭാഗം വക്കാലത്തുമായി അഭിഭാഷകർക്ക് തിരക്കേറുന്നു - എന്നിങ്ങനെയും സാധ്യതകൾ !
പുതിയ പുതിയ രോഗങ്ങളും കേട്ട ഉടൻ ആശുപത്രിയിൽ ക്യു നിൽക്കുന്ന രോഗികളുമില്ലെങ്കിൽ ഓരോ നഗരത്തിലും പെരുകിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും മക്കളെ എം ബി ബി എസുകാരാക്കിയ രക്ഷിതാക്കളും എന്ത് ചെയ്യും എന്നത് പോലെ ഈ ആൾദൈവങ്ങളും പുതിയ അനാചാരങ്ങളും ദേവസ്വം ബോർഡിന്റെ കീഴിലായതും അല്ലാത്തതുമായ നാനാ മതം തീർത്ഥാടന വ്യവസായകേന്ദ്രങ്ങളും ഇല്ലെങ്കിൽ വിശ്വാസ വ്യാപാരം പ്രതിസന്ധിയിലാവില്ലേ ? !
കണ്ണൂർ നഗരത്തിൽ മാത്രമായി മന്ത്രവാദത്തിനും പൂജയ്ക്കുമുള്ള സാമഗ്രികൾ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ മറ്റ് നഗരങ്ങളിലെ കഥയെന്തായിരിക്കും ? അവിടവിടെ ബോർഡും വെച്ചിരിക്കുന്ന ജോത്സ്യന്മാരിൽ നിന്നു വരെ സർക്കാർ ഖജനാവിലേക്ക് നികുതി വന്നെത്തുന്നുണ്ട് എന്ന് മറക്കണ്ട .
കടത്തിക്കൊണ്ടു വന്ന സ്വർണം ജ്വല്ലറിക്കാർക്ക് വിറ്റും പലരും ബിസ്സിനെസ്സ് നടത്തുന്നില്ലേ ? റോഡും റെയിലും എന്നത് പോലെ അതും നാടിന്റെ വികസനത്തിന് സഹായകമല്ലേ ? ചുരുക്കിപ്പറഞ്ഞാൽ നെഗറ്റീവായി കാണേണ്ട ഒന്നും ഈ പോസിറ്റീവ് സിദ്ധാന്ത പ്രകാരം സമൂഹത്തിൽ നടക്കുന്നില്ല !! !
ഒരു പ്രലോഭനത്തിനും വശംവദമാവാതെ കൊള്ളരുതായ്മകളെയും ക്രമക്കേടുകളെയും ചോദ്യം ചെയ്യാൻ ഉപാധികളില്ലാതെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇന്ത്യയിൽ കേരളത്തെ ഒരു പ്രതിപക്ഷശബ്ദമാക്കിയത് . അവരെ ഭരണപക്ഷമാക്കി മെരുക്കാനുള്ള മൂലധനതന്ത്രങ്ങളുടെ വേരുകൾ ആഗോളതലത്തിലാണ്.
വംശീയതീവ്രവാദങ്ങളുടെയും ഡ്രഗ് - സെക്സ് റാക്കറ്റുകളുടെയും ഫണ്ടുകൾ നിർബാധം അഴിഞ്ഞാടാനുള്ള ഒരു സ്ഥലരാശിയായി കേരളം രൂപാന്തരപ്പെടുന്നുവെങ്കിൽ എത്ര വലിയ പ്രതിരോധനഷ്ടമാണ് നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നറിയുക .
സ്വകാര്യ-സൗകര്യത്തുരുത്തിൽ നിന്ന് പൊതുബോധത്തിന്റെ പെരുവഴിയിലേക്ക് ചില ആശയാദർശങ്ങളുടെ തീപ്പന്തങ്ങളുമായി ചാടി വീഴാൻ നമ്മളാരും തയ്യാറല്ലെങ്കിൽ ഒരു പാട് നവംബറൊന്നും ആഘോഷിക്കാൻ കേരളം ബാക്കിയുണ്ടാവില്ല.
KERALAM GOD'S OWN COUNTRY PRAKASHAN KARIVELLOOR SEEKING THE TRUTH !