Image

മുറിവുകള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 07 November, 2022
മുറിവുകള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിവുകളെത്ര വിധത്തില്‍ മുറിവുകള്‍?
അകത്തും പുറത്തുമൊളിഞ്ഞും തെളിഞ്ഞും;
മുറിവുകളെത്ര വിധത്തില്‍ മുറിവുകള്‍?
രക്തമൊഴുക്കിയുമുള്ളം തളര്‍ത്തിയും;
മുറിവുകളെത്ര വിധത്തില്‍ മുറിവുകള്‍?
കണ്ണില്‍പ്പെടുന്നതും കണ്ണില്‍പ്പെടാത്തതും;
മുറിവുകള്‍, മാരകമായല്ലാതെയും-
ജനിമൃതി വീഥിയിലാര്‍ക്കുമിടയ്ക്ക്:
വേദന, പിടയുന്ന വേദന മാത്രമായ്,
വേദന, മറ്റാര്‍ക്കുമറിയാത്ത വേദന.
ക്രുരതയ്ക്കായുധക്കലിമൂത്ത വൈരികള്‍!
കോപത്തിന്‍ മൂര്‍ത്തികളാ,മിരികാലികള്‍,
പോര്‍വിളിച്ചണയുന്നപരന്റെ നേര്‍ക്ക്,
കത്തികയറ്റുന്നു കൊലയാളിയായി;
കരുണയില്ലാത്തവരെത്രപേരൂഴിയില്‍,
കൊല്ലും കൊലയും തൊഴിലാക്കി മാറ്റുന്നു;
ചോരക്കളങ്ങളൊരുക്കി രസിക്കുന്നു,
സങ്കടക്കടലാക്കി മാറ്റുന്നു ജീവിതം,
ശത്രുത നീറിപ്പുകയുന്ന മനസുമായ്,
സ്വന്തബന്ധങ്ങള്‍ മറക്കുന്നവര്‍ ചിലര്‍, 
അച്ഛനുമമ്മയും മക്കളും സഹജരും-
അന്യോന്യമമ്പേ, കലഹിച്ചിടുന്നവര്‍,
സ്‌നേഹം മരിച്ചവരെറിയുന്ന വാക്കുകള്‍,
ആഞ്ഞുതറച്ചിടുന്നമ്പുകള്‍ പോലുടന്‍;
തഴുകിയുറക്കിയോര്‍, താരാട്ടുപാടിയോര്‍,
താങ്ങും തണലുമായൊപ്പം നടന്നവര്‍,
നിന്ദിതരായ് മുറിവേറ്റവരായ് സ്വയം,
അന്തരംഗം നെരിപ്പോടായി മാറ്റുന്നു;
എന്തൊരു ദുഷ്ടത, ദയനീയമോര്‍ക്കില്‍,
പ്രിയമുള്ളോര്‍ പടവെട്ടുന്ന ജീവിതം;
ഈ യാത്ര, സഹനം സഫലമാക്കട്ടെ,
കണ്ണീര്‍ച്ചാലിലൊഴുക്കട്ടെ ദു:ഖങ്ങള്‍;
വരമായ ജന്മങ്ങള്‍ ധന്യമാക്കീടുവാന്‍,
മുറിവുകള്‍, തിരുമറിവുകളാക്കാം

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2022-11-13 02:43:07
മുറിവിന്റെ ലോകത്ത് മുറിയാത്ത മനസ്സുമായി ജീവിച്ച് ജീവിതം ധന്യമാക്കീടേണം... ❤️🙏 ഏറെ ഇഷ്ടം... ഈ കവിത.. 🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക