ഫിലാഡല്‍ഫിയ, യു.എസ്.എ. : യുക്രെയ്ന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ സഹായത്തോടെ മാരകമായ 'ഡേര്‍ട്ടി ബോംബ്' റഷ്യയുടെമേല്‍ പ്രയോഗിയ്ക്കുവാന്‍ വേണ്ടിയുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുഡിന്‍ പരാതിപ്പെട്ടതായി അസ്സോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'ഡേര്‍ട്ടി ബോംബ്' സ്‌ഫോടനത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്കും വന്‍ തീജ്വാലയ്ക്കും മരണങ്ങള്‍ക്കും ഉപരിയായി റേഡിയോ ആക്ടീവ് റിയാക്ഷന്‍ മൂലം ക്യാന്‍സര്‍ അടക്കം പല മഹാരോഗങ്ങളും തുടര്‍ച്ചയായി ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ ഉള്ളതായി ഗവേഷണകേന്ദ്രങ്ങള്‍ പറയുന്നു. 'ഡേര്‍ട്ടി ബോംബ്' ഇതുവരെയും ഒരു യുദ്ധത്തിലും പ്രയോഗിച്ചിട്ടില്ല. ഗൗരവമായ പരീക്ഷണങ്ങളും ഈ ദിവസം വരെ നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി 100 ല്‍ അധികം യൂക്രെയിനിയന്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചതായി കീവിലെ നാഷണല്‍ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.
യൂക്രെയിനില്‍ നിന്നും ന്യൂക്ലിയര്‍ ആക്രമണം ആരംഭിച്ചാലുടനെ പ്രതികരിയ്ക്കുവാന്‍ വേണ്ടിയുള്ള സകല സന്നാഹങ്ങളും സമാഹരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷ്യൂഗു മുന്നറിയിപ്പായി കഴിഞ്ഞ ദിവസം പറഞ്ഞു.
റഷ്യയുടെ തന്ത്രപ്രധാനമായ ന്യൂക്ലിയര്‍ സേന ആണ്ടുതോറുമുള്ള ഡ്രില്‍ നടത്തുന്നതായി പുഡിന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി എ.പി. റിപ്പോര്‍ട്ട് ചെയ്തു. പിന്‍കാലയളവില്‍തന്നെ തീരുമാനിച്ചു ഉറപ്പിച്ചതായി അവകാശപ്പെട്ടുകൊണ്ട് നാറ്റോയും ഉടനെ ആനുവല്‍ ന്യൂക്ലിയര്‍ ഡ്രില്‍ ആരംഭിച്ചു.
അമേരിക്ക യൂക്രെയിനിനെ മുന്നില്‍ നിറുത്തി മുട്ടനാടിനെപ്പോലെ റഷ്യയേയും സഖ്യഉടമ്പടിയിലുള്ള സമീപ രാജ്യങ്ങളേയും അടിച്ചു തകര്‍ക്കുവാന്‍ ശ്രമിയ്ക്കുന്നതായും മിലിട്ടറി - ബയോളജിക്കല്‍ പരീക്ഷണകേന്ദ്രമായി ഈ പ്രദേശത്തെ മാറ്റുവാനുള്ള ഉദ്യമത്തിലാണെന്നും പുഡിന്‍ റഷ്യന്‍ ടി.വി.യിലൂടെ താക്കീതായി പറഞ്ഞു. റഷ്യന്‍ നേതൃത്വനിലയിലുള്ളവര്‍ നിരന്തരം അമേരിക്കയെ അപകീര്‍ത്തിപ്പെടുത്തി പരസ്യ പ്രസ്താവനകള്‍ അനേകം ആഴ്ചകളായി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡനും റഷ്യയുടെമേല്‍ ആരോപണങ്ങള്‍ നടത്തി. റഷ്യന്‍സേന നിരന്തരം പല ആക്രമണ മേഖലകൡും പരാജയപ്പെടുന്നതിനാല്‍ 'ഡേര്‍ട്ടി ബോംബ്' സ്‌ഫോടനം യൂക്രെയിനിന്റെയും സഖ്യരാജ്യങ്ങളുടേയും മേല്‍ നടത്തുമന്നു ഭീഷണിയോടെ ബൈഡന്‍ ആശങ്കപ്പെടുന്നു.
ഷോയ്ഗു കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയിലേയും ചൈനയിലേയും ഡിഫെന്‍സ് മിനിസ്റ്റേഴ്‌സിനെ വിളിച്ചു റഷ്യയുടെ മേല്‍ യൂക്രെയിന്‍ 'ഡേര്‍ട്ടി ബോംബ്' ആക്രമണം നടത്തുമെന്നു ഭയപ്പെടുന്നതായി ഡിഫെന്‍സ് മിനിസ്ട്രിയുടെ വിജ്ഞാപനത്തില്‍ പരസ്യമായി പറഞ്ഞു. റഷ്യയുടെ അടിസ്ഥാനരഹിതവും അസത്യവുമായ പ്രസ്താവന പരിഹാസപരമായി കരുതണമെന്ന് നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പ്രതികരിച്ചതായി എ.പി. റിപ്പോര്‍ട്ട് ചെയ്തു. 'ഡേര്‍ട്ടി ബോംബ്' ആക്രമണത്തില്‍ റഷ്യയും യൂക്രെയിനും പരസ്പരം ഭയപ്പെടുന്നതായി ലോകജനതയ്ക്കും മാദ്ധ്യമങ്ങള്‍ക്കും ബോദ്ധ്യമായി.
യൂക്രെയിനുമായി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും തയ്യാറാണെന്നും സമാധാനന്തരീക്ഷം സൃഷ്ടിക്കുവാന്‍ സന്തോഷമാണെന്നുമുള്ള പുഡിന്റെ സന്ദേശങ്ങളുടെ ആത്മാര്‍ത്ഥത സംശയരൂപത്തില്‍ യൂറോപ്യന്‍ യൂണിയനും യൂക്രെയിനും വീക്ഷിയ്ക്കുന്നു.
യുദ്ധതടവുകാരായി പിടിയ്ക്കപ്പെട്ട 10 യൂക്രെയിന്‍ പട്ടാളക്കാരെ റഷ്യ മോചിതരാക്കി വിട്ടയച്ചതായി റെസിഡന്‍ഷ്യല്‍ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് അറിയിച്ചു. യൂക്രെയിന്‍ സേനയെ യുദ്ധത്തില്‍ സഹായിക്കുവാന്‍വേണ്ടി വോളണ്ടിയര്‍ ആയി എത്തിച്ചേര്‍ന്ന അമേരിയ്ക്കന്‍ എക്‌സ് സര്‍വ്വീസ്മാന്‍ ജോഷ്വ അലന്‍ ജോണ്‍സിന്റെ മൃതദേഹം റഷ്യന്‍സേന ആദരവോടെ യൂക്രെയിന്‍ സേനയെ ഏല്‍പിച്ചു.
റഷ്യ - യുക്രെയിന്‍ യുദ്ധത്തില്‍ അനുദിനം മരിച്ചുവീഴുന്ന പട്ടാളക്കാരുടേയും സിവിലിയന്‍സിന്റെയും മരണസംഖ്യയും മുറിവേറ്റ് അതിവേദനയോടെ ആശുപത്രികളില്‍ കഴിയുന്നവരുടേയും കൃത്യമായ സംഖ്യകള്‍ മാദ്ധ്യമങ്ങള്‍ അറിയുന്നില്ല, അഥവാ അറിയിയ്ക്കുന്നില്ല. ഇരു രാജ്യങ്ങളിലേയും അംഗസംഖ്യ അതിദാരുണമായി കുറയുന്നതായി സ്വയരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളില്‍ വരുന്ന അഭയാര്‍ത്ഥികളില്‍നിന്നും അറിയുന്നു.
ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ - യൂക്രെയിന്‍ യുദ്ധം 8 മാസത്തിലധികം പിന്നിട്ടെങ്കിലും ഇരു വിഭാഗത്തിനും പതനവും പരാജയവും പട്ടിണിയും മാത്രമാണിപ്പോള്‍. ഭാവനയ്ക്കും അനുമാനത്തിനും അതീതമായി ഇരു രാജ്യവാസികള്‍ അനുദിനം അനുഭവിയ്ക്കുന്ന യാതനകള്‍ നവയുഗ വിദേശവാസികള്‍ അശേഷം അറിയുന്നില്ല.
കൊറോണ വൈറസിന്റെ ഭീകരത താണ്ഡവനൃത്തം നടത്തി ലോകഭീഷണി ആയിരിയ്ക്കുമ്പോള്‍ തന്നെ യുദ്ധകാഹളം ഊതി പോരിനായി പുറപ്പെട്ടത് സകല ലോകര്‍ക്കും ദൗര്‍ഭാഗ്യമായിതന്നെ കാണാം. കാരണമായോ അകാരണമായോ ഒരു രാജ്യവും ശക്തമായ സന്ധിയാലോചനയില്ലാതെ പടയും പന്തവുമായി പോരിനായി പുറപ്പെടരുത്.
# ukraine bomb blast