ശ്രീ തോമസ് കളത്തൂരിന്റെ ലേഖനവും, ശ്രീമതി എത്സിയോഹന്നാന്‍ ശങ്കരത്തിന്റെ ലേഖനവുമാണ് എന്നേയും ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്. മനുഷ്യന്‍ മരിച്ചതിന് ശേഷമുള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതമെങ്കിലും ഇന്ത്യന്‍ ഐതിഹ്യങ്ങളില്‍ മരണത്തിനുശേഷം നിലനില്‍ക്കുന്നു എന്നുപറയപ്പെടുന്ന ആത്മാക്കളേയും പ്രേതമെന്നതുകൊണ്ട് ഉദ്ദേശിക്കാറുണ്ട്. എന്നാല്‍ ഈ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ല. ആത്മാവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍, നിത്യചൈതന്യ യതിയുടെ ചിന്തകള്‍ വളരെ പ്രസക്തമാണ്. അതായത്, 'എത്ര അിറഞ്ഞാലും അിറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്ത ആത്മാവു തന്നെയായിരുന്നു എന്നും മനുഷ്യന്റെ അന്വേഷണവിഷയം.' ആത്മാവിനെപ്പറ്റിയും മനസ്സിനെപ്പറ്റിയും ശരീരത്തെപ്പറ്റിയുമുള്ള അനേഷണം നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നത് 'ബോധം' എന്നാല്‍ എന്ത് എന്ന ചോദ്യത്തിലമാണ്. ബോധത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനമാലയിലെ ഒരു കവിതാശകലം ചിന്തോദ്ദീപകമാണ്.
ധാനാദിവ വടോ യസ്മാത്
പ്രാദൂരാസീദിദം ജഗത്
സ ബ്രഹ്മാ സ ശിവോ വിഷ്ണുഃ
സ പരഃ സര്‍വ ഏവ സഃ (ദര്‍ശനമാല 10)
അത്യന്തം സൂഷ്മമായ തരിയില്‍ നിന്നും ഒരാല്‍ വൃക്ഷം എങ്ങനെയാണ് പ്രകടമായി കാണുന്നത് അത്‌പോലെ അത്യന്തം സുക്ഷമമായ ശുദ്ധബോധവസ്തുവില്‍ നിന്നും നാമരുപചഞ്ചലമായ ഈ ജഗത്ത് പ്രകടമായി കാണപ്പെടുന്നു. ആ അദ്വൈതബോധ വസ്തുതന്നെയാണ് ബ്രഹ്മാവും ശിവനും വിഷ്ണുവും. ആ പരമാത്മാവു തന്നെയാണ് ജഗത്തിനാകെ ഏകാശ്രയം. എന്തിനേറെ, എല്ലാമായിക്കാണപ്പെടുന്നത് ആ പരബ്രഹ്മം തന്നെയാണ്.
സ്പിരിറ്റിന് മെറിയം വെബസ്റ്റര്‍ ഡിക്ഷനറി നല്‍കുന്ന നിര്‍വചനം ഭൗമികമായ ശീരീരത്തിന് അഭൗമികമായ ശക്തി നല്‍കുന്ന ചൈതന്യമെന്നാണ്. പരിശുദ്ധമായ ഈ ചൈതന്യം തന്നെയാണ് ആത്മാവെന്ന് വേദങ്ങള്‍ ഘോഷിക്കുന്നു.
യച്ചക്ഷുഷാ ന പശ്യതി
യേന ചക്ഷുംഷി പശ്യതി
തവേ ബ്രഹ്മ ത്വം വിദ്ധി (കേനോപനിഷത്ത് ഒന്നാം ഖണ്ഡം ഏഴാം മന്ത്രം)
ഏതൊന്നിയാണോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത്. ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകള്‍ക്ക് കാണപ്പെടാന്‍ കഴിയുന്നത് നീ അതു തന്നെ ബ്രഹ്മം എന്നറിയുക..
ഊര്‍ജ്ജത്തിന് വെബസ്റ്റര്‍ ഡിക്ഷനറി നല്‍കുന്ന നിര്‍വചനം മൗലികമായ ഒരു അസ്തിത്വം അല്ലെങ്കില്‍ ഉണ്മ. ഈ ഉണ്മയ്ക്കാകട്ടെ ജോലി ചെയ്യാനുള്ള ത്രാണിയുമുണ്ട്. എന്നാല്‍ ഊര്‍ജ്ജതന്ത്രത്തില്‍ ഈ ഉണ്മയ്ക്ക് അല്ലെങ്കില്‍ ഊര്‍ജ്ജത്തിന് വ്യത്യസ്തമായ ഒരു വ്യാഖ്യാനമാണ് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നത്. വിശ്വവിഖ്യാതനായ ആല്‍ബര്‍ട്ട് ഐന്‍സൈ്റ്റയിന്റെ E=MC² എന്ന ഊര്‍ജ്ജത്തെ കുറിച്ചുള്ള സൂത്രവാക്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ? ഇവിടെ ഊര്‍ജ്ജത്തിന് ആ വസ്തുവിന്റെ ഭാരവുമായി ബന്ധമുണ്ട്. എന്നാല്‍ ഈ ഉര്‍ജ്ജത്തിന് 'ബോധം' എന്നൊന്നുള്ളതായി ശാസ്ത്രം എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഊര്‍ജ്ജത്തിന്റെ പലതലങ്ങളിലേക്ക് ശാസ്ത്രജ്ഞര്‍ നമ്മളെ കൊണ്ടുപോകയും ചില കാണാകാഴ്ചകള്‍ കാട്ടിതരികയും ചെയ്യുന്നുണ്ട്.
ആധുനിക ഉര്‍ജ്ജതന്ത്ര ശാസ്ത്രത്തിന്റെ സ്ഥൂണം അല്ലെങ്കില്‍ താങ്ങുതടിയെന്നു പറയുന്നത് ആല്‍ബര്‍ട്ട് ഐന്‍സൈ്റ്റയിനിന്റെ ആപേക്ഷിക സിദ്ധാന്തവും കണികാതന്ത്രവുമാണ്(Quantum mechanics) ആപേക്ഷിക സിദ്ധാന്തം നക്ഷത്രങ്ങളെക്കുറിച്ചും ക്ഷീരപഥത്തെക്കുറിച്ചും താരസമൂഹത്തെക്കുറിച്ചും അതിനുപ്പുറത്തുള്ള വിശാലമായ ഈ പ്രപഞ്ചത്തെക്കുറിച്ചും സൈദ്ധാന്തിക ചിത്രം നല്‍കുമ്പോള്‍, കണികാതന്ത്രശാസ്ത്രം (Quantum Mechanics) തന്മാത്രകള്‍, അണുക്കള്‍, പരമാണുക്കള്‍, ഇലക്‌ട്രോണ്‍, ക്വാര്‍ക്‌സ് തുടങ്ങിയ ചെറുകണികളെ അനാവരണം ചെയ്യുന്നു.
'എത്ര അിറഞ്ഞാലും അിറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത' ആത്മാവിന്റെ അനേഷ്വണത്തില്‍ മുഴുകിയിരിക്കുന്ന അന്വേഷകര്‍ക്ക് പ്രകാശം പരത്തുന്ന ഒരു ചിന്തയാണ് ഡോക്ടര്‍ ദീപക് ചോപ്ര അദ്ദേഹത്തിന്റെ '‘How to Know God, The soul’s Journey into the Mystery of Mysteries. എന്ന ഗ്രന്ഥത്തില്‍, ഒരോ സന്ദര്‍ഭത്തില്‍ നമ്മളുടെ മസ്തിഷ്‌കത്തിലെ പ്രതിഭ എങ്ങനെ പ്രതികരിക്കുന്നു എന്ന് വിശിദീകരിക്കുന്ന ഭാഗത്ത്, അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; ' മസ്തിഷ്‌ക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഫലഭൂയിഷ്ഠമായ ഒരു ഏക കോശത്തില്‍ നിന്നാണ്. എന്നാല്‍ ആ കോശത്തിനകത്താവട്ടെ ഒരു ജീവന്റെ കണികയല്ലാതെ സ്വയം പ്രവര്‍ത്തിക്കാനുള്ള കഴിവും ഇല്ല. ഈ കണികയില്‍ നിന്നാണ് നൂറുകോടി നാഡികോശങ്ങള്‍ വികസിതമായിരിക്കുന്നതെങ്കിലും, അത് അക്ഷതമായി ലളിതമായി സ്ഥിതിചെയ്യുന്നു. ഈ ജീവന്റെ കണികയെ മസ്തിഷ്‌കം അതിന്റെ ഉറവിടവും പ്രഭവസ്ഥാനവുമാായി കാണുന്നു.
ടോണി റുത്ത്മാനും ജോര്‍ജ് സുദര്‍ശനും ചേര്‍ന്നെഴുതിയ ഒരു ഗ്രന്ഥമാണ് 'ഡൗട്ട് ആന്‍ഡ് സെര്‍ട്ടനിറ്റി'. അതിലെ ആദ്യഭാഗമായ, 'ഈ പ്രപഞ്ചത്തെ നിര്‍വചിക്കാന്‍ കഴിയുമോ? എന്ന അദ്ധ്യായത്തില്‍ ടി. സ്. എലിയറ്റിന്റെ ഒരു കവ്യശകലം ഉദ്ധരിക്കുന്നു. അതിന്റെ പരിഭാഷ ഇപ്രകാരമാണ്.
'നാം ഒരിക്കലും നമ്മളടെ ആന്വേഷണം നിറുത്തരുത്
നമ്മളുടെ അനേഷണത്തിന്റെ അവസാനം എന്നത്
നാം എവിടെ തുടങ്ങിയോ അവിടെ എത്തി ചേരുക എന്നതാണ്.
അവിടെ എത്തുമ്പോള്‍ നാം സ്ഥലത്ത് ആദ്യമായിട്ടായിരിക്കും'
പ്രേതവും ആത്മാവും, സ്പിരിറ്റും ഉര്‍ജ്ജവും ചിലരെ സംബന്ധിച്ചടത്തോളം സത്യമായിരിക്കാം ചിലര്‍ അതിലൊന്നും വിശ്വസിക്കാത്തവരായിരിക്കാം.. മറ്റു ചിലര്‍ ഇതിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ നിരന്തരം യാത്ര ചെയ്യുന്നവരായിരിക്കാം. എന്തായാലും പ്രേതങ്ങളും, ആത്മാക്കളും യക്ഷികളും, ദൈവങ്ങളും ചിന്തകരും ശാസ്ത്രജ്ഞരും ഇന്ദ്രജാലക്കാരുമൊക്കെ നിറഞ്ഞ ഈ 'മനോഹര ഭൂമിയില്‍' ജനിക്കാന്‍ കഴിഞ്ഞതു തന്നെ ഒരു ഭാഗ്യം. കുമാരനാശാന്‍ കുട്ടിയും തള്ളയുംമെന്ന കവിതയിള്ള കുട്ടിയെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് തള്ളയെ ശ്വാസംമുട്ടിക്കുന്നുണ്ട്. എന്നതുപോലെ ഇമ്മട്ടിലായെതെന്തന്ന് ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ കഴിയുമെങ്കില്‍ 'ഒരുമ്മ തീര്‍ച്ചയായും തരാം' അതല്ലങ്കില്‍ ' നാമിങ്ങറിയുവതല്പം എല്ലാമോമനെ, ദേവസങ്കല്പം എന്ന് ചൊല്ലി വിരമിക്കാം..
ഗ്രന്ഥസുചിക:
ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖംനിത്യചൈതന്യയതി, ശ്രീനാരയണ ഗുരുദേവകൃതികള്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍, ദി എലഗന്റെ് യൂണിവേഴ്‌സ് ബ്രയണ്‍ ഗ്രീന്‍, ഹൗ റ്റൂ ഗോഡ് ദീപക് ചോപ്ര,
ഡൗട്ട് ആന്‍ഡ് സെര്‍ട്ടനിറ്റി ടോണി റൂത്ത്മന്‍ ആന്‍ഡ് ജോര്‍ജ് സുദര്‍ശന്‍.
# Ghost article by G puthenkurisu