Image

ദൈവനിവേശിതം (ബൈബിളിന്റെ ദൈവികത -അധ്യായം: 7: നൈനാന്‍ മാത്തുള)

Published on 08 November, 2022
ദൈവനിവേശിതം (ബൈബിളിന്റെ ദൈവികത -അധ്യായം: 7: നൈനാന്‍ മാത്തുള)

ബൈബിളിലെ പുസ്തകങ്ങൾ എങ്ങനെ എഴുതപ്പെട്ടു എന്നതിനെപ്പറ്റി വളരെയധികം വാദപ്രതിവാദങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ഉത്തരം പറയേണ്ട വ്യക്തികൾ എഴുതിയ ആളും ദൈവവുമായതിനാൽ ഒരു പരിധിക്കപ്പുറം വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് മൗഢ്യമാണ്. ദൈവത്തിന് പല എഴുത്തുകാരിൽ പല നിലകളിൽ ഇടപെടുകയും ചെയ്യാമല്ലോ. കഴുതയുടെ വായെ തുറന്നു സംസാരിപ്പിച്ചവനായ സർവ്വശക്തനായ ദൈവത്തിനെ നമ്മുടെ ബുദ്ധിയിൽ ഒതുക്കാൻ ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്?
എങ്കിലും ബൈബിളിലെ വാക്യങ്ങൾ എല്ലാം ദൈവം അതുപോലെ പറഞ്ഞുകൊടുത്തതാണെന്നു ചിന്തിക്കുന്നവർ വിരളമാണ്. ദൈവനിവേശിതം അഥവാ Inspired by God എന്നതിനോടാണ് പൊതുവെയുള്ള അഭിപ്രായം. ഈ ഉദ്യമത്തിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയും എഴുതുന്നതിനു പ്രചോദനവും സാഹചര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു എന്നതാണ് Inspired എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്  ഈ എഴുത്തുകാരന്റെ ഒരു അനുഭവവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാൻ ശ്രമിക്കാം.
ജോലി ചെയ്യ്തുകൊണ്ടിരുന്ന സ്ഥലത്ത്, Valentine Day (Lovers Day) യോടനുബന്ധിച്ച് ഒരു മത്സരം നടന്നു. വിഷയം ഭർത്താക്കന്മാർ ഉണ്ടായിരുന്നതോ ഉള്ളതോ ആയ സ്ത്രീകളും, ഭാര്യമാർ ഉണ്ടായിരുന്നതോ ഉള്ളതോ ആയ ഭർത്താക്കന്മാരും അവരവരുടെ പങ്കാളികളെപ്പറ്റി ഒരു കവിത എഴുതി അതിനായി നിയോഗിക്കപ്പെട്ട സമിതിക്കു കൊടുക്കുക. ഒന്നും രണ്ടും സ്ഥാനത്തിനർഹമായ കവിതകൾക്ക് സമ്മാനം ഉണ്ടായിരിക്കുമെന്ന പരസ്യം ബുള്ളറ്റിൻ ബോർഡിൽ പതിച്ചിരുന്നു. ഇതു വായിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം കവിത എഴുതുക എന്നുള്ളത് ഈ എഴുത്തുകാരന്റെ ചിന്താമണ്ഡലത്തിൽപ്പെട്ട കാര്യമല്ലായിരുന്നു. ഇടയ്‌ക്കൊക്കെ ചില കവിതകളൊക്കെ വായിക്കാറുണ്ടെന്നുള്ളതു ശരിതന്നെ.
മാതൃഭാഷയായ മലയാളത്തിൽ കവിത എഴുതുന്നതിന് വ്യക്തമായ നിയമങ്ങളുണ്ട.് കവിതയിലെ വാക്കുകൾ മൂന്ന്, രണ്ട് അക്ഷരങ്ങളുള്ള ഗണങ്ങളായി തിരിച്ച് ഓരോ വരിയിലുമുള്ള ഓരോ ഗണങ്ങളും ഒരേ രീതി പുലർത്തണം. ഈ രീതിയുടെ വ്യത്യാസമനുസരിച്ച് കവിതകളെ പല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ശരിക്കും അനുഗ്രഹീതനായ ഒരു എഴുത്തുകാരനു മാത്രമേ മലയാളത്തിൽ ഈ നിയമം അനുസരിച്ചുള്ള കവിതകൾ എഴുതുവാൻ സാധിക്കുകയുള്ളൂ.
മാതൃഭാഷയിലാണ് കവിത എഴുതുക എളുപ്പം. കാരണം ഏതു വ്യക്തിയും ചിന്തിക്കുന്നത് മാതൃഭാഷയിലാണ്. മറ്റൊരു ഭാഷയിൽ കവിത എഴുതണമെങ്കിൽ മാതൃഭാഷയിൽ തലച്ചോറിൽ ഉദിക്കുന്ന ചിന്തകൾ ആ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുവേണം എഴുതാൻ. അതു കുറച്ചുകൂടി വിഷമമേറിയതാണ്.
ചില ഇംഗ്ലീഷ് കവിതകളും അവയുടെ അർത്ഥവും സ്‌കൂളിലും കോളജിലും പഠിച്ചിട്ടുണ്ടെന്നല്ലാതെ കവിതയെഴുതേണ്ട നിയമമോ  മാനദണ്ഡമോ അറിവില്ലായിരുന്നു. മാത്രവുമല്ല മുൻപുകവിത എഴുതാൻ ശ്രമിക്കുകയോ ആ ആഗ്രഹമോ മനസ്സിൽ തോന്നിയിട്ടില്ലാത്തതിനാൽ പരസ്യം വായിച്ചുവിടുക മാത്രം ചെയ്തു. എന്നാൽ തിരിച്ച് സ്വന്തം ഇരിപ്പിടത്തിലേക്കു നടക്കുമ്പോൾ ഒരു ചിന്ത മനസ്സിൽ കടന്നുവന്നു. എന്തുകൊണ്ട് ഒരു കവിത എഴുതിക്കൂടാ? ഉടനെ തന്നെ അതിനെതിരായി, അതെഴുതുവാനുള്ള യോഗ്യതയുള്ളവരെക്കുറിച്ചുള്ള മുകളിൽ പറഞ്ഞ തരത്തിലുള്ള ചിന്തകൾ വീണ്ടും കടന്നുവന്നു. ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ ഒരു ചിന്ത ഉണ്ടായി. ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്, അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കിത്തരുന്ന ദൈവമാണ്. അതിനാൽ എന്തുകൊണ്ട് ഒരു കവിത എഴുതാൻ ശ്രമിച്ചുകൂടാ?
ഒരു കടലാസും പേനയും എടുത്തുവച്ചിട്ട് ഒരു ചെറിയ പ്രാർത്ഥന നടത്തി ''ദൈവമേ എന്നെ ഒരു കവിത എഴുതാൻ സഹായിക്കണം ഒരു വിധത്തിൽ അത് ഒരു കല്പന തന്നെയായിരുന്നു. ''God Help me to write a poem!'' ഒരു കുട്ടി തന്റെ പിതാവിനോട് ഒരു കാര്യം ചോദിക്കുകയും തനിക്ക് കിട്ടാനുള്ള അവകാശവും പിതാവിന് തരുവാനുള്ള കഴിവും ഉണ്ടെന്നുള്ള ബോദ്ധ്യത്തിൽ നിന്നുള്ള ആവശ്യ പ്രകടനമായിരുന്നു അത്.
ഭാര്യ മേഴ്‌സിയെ കാണുവാനുണ്ടായ സാഹചര്യവും ഞങ്ങളുടെ ഇതുവരെയുള്ള ജീവിതവും, ഓർമ്മകളും അതു എന്നിലുളവാക്കിയ അർത്ഥവും, ലക്ഷ്യബോധവും, ബൈബിൾ വിവക്ഷിക്കുന്ന ഒരു മാതൃകാ ഭാര്യാഭർത്തൃബന്ധവും എല്ലാം പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. വാക്കുകൾ ഒന്നൊന്നായി ഒഴുകിയെത്തി - പതിനാറു വരികൾ എഴുതി പേന വച്ചിട്ട് ഒരാവർത്തി വീണ്ടും വായിച്ചു. തെറ്റില്ല എന്നു മനസ്സിൽ കരുതി. വീട്ടിൽ കൊണ്ടുവന്ന് ടൈപ്പ് ചെയ്തു. ചിലയിടങ്ങളിൽ പ്രാസം ഒപ്പിക്കാൻ ചില വാക്കുകളൊക്കെ മാറ്റി. കവിത അടങ്ങിയ കവർ കമ്മറ്റിയുടെ അദ്ധ്യക്ഷനു കൊടുത്തു. ദിവസങ്ങൾക്കുള്ളിൽ അവർ ഫലം പ്രഖ്യാപിച്ചു. എന്റെ കവിത ഒന്നാം സ്ഥാനത്തിനർഹമായി.
പുരസ്‌കാരം തരാനായി മാനേജർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ''നിങ്ങളുടെ കവിതയാണ് ഏറ്റവും മെച്ചമെന്ന് സമ്മതിക്കുന്നതിൽ എനിക്കു ലേശം ലജ്ജയുണ്ട്; എങ്കിലും നിങ്ങളുടെ കവിതയാണ് ഏറ്റവും മെച്ചം'' ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള വളരെയധികം ആളുകൾ അവിടെ ഉണ്ടായിരുന്നിരിക്കെ ഒരു കവിത എഴുതാനോ സമ്മാനം വാങ്ങിക്കാനോ സാധിക്കാതെ ഒരു വിദേശിയായ ഞാൻ, ഇംഗ്ലീഷിൽ ഒരു കവിത എഴുതി സമ്മാനം വാങ്ങിച്ചു എന്നുള്ളത് ആ നാട്ടുകാരിയായ മാനേജർക്ക് അത്ഭുതമായി തോന്നി. 
എന്റെ അറിവിലും അനുഭവത്തിലും നിന്നുകൊണ്ടാണ് കവിത എഴുതിയതെങ്കിലും വാക്കുകൾ ഒഴുകിവന്നത് എന്റെ മാത്രം തിരഞ്ഞെടുപ്പ് അല്ലായിരുന്നു. പറ്റിയ വാക്കുകൾ ഒരു ചങ്ങലയിലെ കണ്ണികൾ പോലെ ഒന്നിനോടൊന്ന് ചേർന്നിരിക്കത്തക്കവിധം ഒഴുകിവന്നു. ഞാൻ അതു കടലാസ്സിൽ കുറിച്ചുവച്ചു എന്നുമാത്രം.
നല്ല എഴുത്തുകാരെല്ലാം പ്രവാചകന്മാരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആശയങ്ങൾ ദൈവമാണ് കൊടുക്കുന്നത്. പ്രചോദനം സൃഷ്ടിക്കുന്നതും ദൈവത്തിന്റെ കരമാണ്. അതുകൊണ്ട് ഈ കവിത ക്രിസ്തീയ സമൂഹം മുഴുവനും അറിയപ്പെടണമെന്നോ വേദപുസ്തകത്തിൽ ചേർക്കണമെന്നോ അല്ല. എന്നാൽ ദൈവം എല്ലാ സംസ്‌ക്കാരങ്ങളിലും മാർഗ്ഗനിർദ്ദേശത്തിനായി രാജാക്കന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ എന്നീ മൂന്നു തരം ആളുകളെ അയച്ചാണ് തന്റെ പ്രവർത്തികൾ ചെയ്‌തെടുക്കുന്നത്. ചിലരുടെ എഴുത്തുകൾ ഒരു പ്രത്യേക സമൂഹത്തിൽ ഒതുങ്ങി നിന്നെന്നിരിക്കും. ഈ എഴുത്തുകൾക്ക് മനുഷ്യമനസ്സിനെ വിവിധ നിലകളിൽ സ്വാധീനിക്കുവാനുള്ള കഴിവുണ്ട്.
ഈ എഴുത്തുകാരന് ''Metamorphosis of an Atheist-A Life Journey to the Truth, (ഒരു നിരീശ്വരവാദിയുടെ രൂപാന്തരം) എന്ന പുസ്തകം എഴുതാൻ സാഹചര്യവും പ്രചോദനവും ലഭിച്ചു. ലക്ഷ്യം മറന്ന് മുൻപോട്ടു നീങ്ങി, നദിയിൽ മുങ്ങുന്ന അവസ്ഥയിൽ എത്തിയപ്പോൾ, ദൈവം അത്ഭുതകരമായി ഇടപെടുകയും ലക്ഷ്യത്തെപ്പറ്റി ബോധവാനാക്കുകയും, നദിയുടെ അടിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തത് പുസ്തകം എഴുതിത്തീർക്കുന്നതിന് പ്രേരകമായിത്തീർന്നു.
ദൈവം ഓരോ എഴുത്തുകാരോടും ഇടപെടുന്നത് വിവിധങ്ങളായ രീതിയിലാണ്. ബൈബിൾ എഴുത്തുകാരെല്ലാം ദൈവത്തിൽ നിന്ന് പ്രചോദനം ലഭിച്ച് ദൈവനിവേശിതമായി എഴുതിയതാണ് എന്നുഞാനും വിശ്വസിക്കുന്നു. അപ്പോൾ തന്നെ അതിന് മാനുഷികമായ നിലകളിലുള്ള പരിമിതികളും ഉണ്ട്. എന്നാൽ ദൈവത്തിന്റെ വചനം മനുഷ്യഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നതിന് ഇതു തടസ്സമായി  നിൽക്കുന്നില്ല.
ബൈബിളിലെ പുസ്തകങ്ങൾ ഈ രീതിയിൽ ക്രോഡീകരിച്ചിരിക്കുന്നത്, തിരഞ്ഞെടുക്കപ്പെട്ട ഒരു അധികാരമുള്ള സമിതിയാൽ ആയതിനാലും, വേദപുസ്തകം പറയുന്നതുപോലെ ദൈവത്താലല്ലാത്ത ഒരു അധികാരവും ഇല്ലാത്തതിനാലും പരിശുദ്ധാത്മാവിന്റെ അദൃശമായ കരങ്ങൾ ഈ പ്രക്രിയയിലൂടനീളം ഉണ്ടായിരുന്നു എന്നു കാണാം.
ബൈബിളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടോ? ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല; ഇല്ലേ ? എന്നു ചോദിച്ചാൽ ഉണ്ട്. തെറ്റും ശരിയും എല്ലാക്കാലത്തും പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാലം, സംസ്‌ക്കാരം, മതപരമായ ചട്ടക്കൂടുകൾ, അറിവ്, അനുഭവം, മറ്റുപലതും, തെറ്റും ശരിയും നിർണ്ണയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു. വിവിധ മതങ്ങളും അവയുടെ വേദങ്ങളും പാരമ്പര്യങ്ങളും തെറ്റിനെയും ശരിയെയും വിവിധ നിലകളിൽ നിർവ്വചിച്ചെന്നിരിക്കും. ഇസ്ലാം മതത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്ന ഒരാൾക്ക് ബൈബിളിലെ പല പരാമർശ നങ്ങളും തെറ്റായി തോന്നും. അറിവും, അനുഭവവും, കാല സംസ്‌ക്കാര വ്യത്യാസവുമനുസരിച്ച് തെറ്റിന്റെയും ശരിയുടെയും കാഠിന്യവും സാരമില്ലായ്മയും ഓരോരുത്തരും വിവിധരീതിയിൽ ഗ്രഹിച്ചെന്നിരിക്കും. 
കാര്യങ്ങൾ വ്യക്തമാക്കുന്നതിന് ഒരു ഉദാഹരണമെടുക്കാം. ഈ എഴുത്തുകാരൻ മത്സ്യശാസ്ത്രം (Fisheries) ഐഛിക വിഷയമായി Cochin University യിൽ നിന്നും മാസ്റ്റർ ബിരുദം എടുക്കാൻ ദൈവം സഹായിച്ചു. പാഠ്യപദ്ധയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പരിശീലനം ലഭിച്ചിരുന്നു. വിശാലമായ കടലിൽ വിവിധ തരം മത്സ്യങ്ങളുടെ ജീവിത ചക്രവും, അവ ജീവിക്കുന്ന ഇടവും മനസ്സിലാക്കിയെങ്കിൽ മാത്രമെ അവയെ പിടിക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങൾ രൂപകൽപന ചെയ്യുവാൻ സാധിക്കുകയുള്ളൂ. മത്തി, അയില മുതലായ മത്സ്യങ്ങൾ സമുദ്രത്തിന്റെ ഉപരിഭാഗത്തുകൂടിയാണ് ചരിക്കുന്നത്. ബോട്ടിൽ നിന്നു നോക്കിയാൽ ലക്ഷക്കണക്കിനുള്ള മത്സ്യക്കൂട്ടങ്ങളായി അവ സഞ്ചരിക്കുന്നത് കാണാം. അതേസമയം മറ്റുമത്സ്യങ്ങൾ കൂട്ടത്തോടെയോ അല്ലാതെയോ സമുദ്രത്തിന്റെ ഇടത്തട്ടിലും, കൊഞ്ച് മുതലായ ജീവികൾ മുകളിൽ നിന്നുവീഴുന്ന ഭക്ഷണ പദാർത്ഥങ്ങൾ തിന്ന് കടലിന്റെ അടിത്തട്ടിലുമാണ് ജീവിക്കുന്നത്.
ഇതു പോലെ വിവിധ മതഗ്രന്ഥങ്ങളും വിവിധ നിലകളിൽ ഗ്രഹിക്കാൻ സാധിക്കും. മത്തിയും അയിലയും പോലെ ഉപരിപ്ലവമായി വായിച്ചുപോകുന്നവർക്ക് അതിനുള്ളിൽ അടങ്ങിയിരിക്കുന്ന അന്തസത്ത പലപ്പോഴും മനസ്സിലായില്ല എന്നുവരാം. കത്തോലിക്ക സഭയുടെയോ ഇസ്ലാം മതത്തിന്റെയോ ചട്ടക്കൂട്ടിൽ വളർന്ന ഒരു വ്യക്തിക്ക്  പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസ ആചാരങ്ങളിൽ വേദപുസ്തക അടിസ്ഥാനത്തിലോ ഖുറാന്റെ അടിസ്ഥാനത്തിലോ പല തെറ്റുകളും കണ്ടെന്നിരിക്കും. യഹൂദ മതത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ബൈബിൾ പുതിയനിയമം മൊത്തത്തിൽ തെറ്റുകൾ നിറഞ്ഞതാണ്. അവരിൽ ഒരാൾ ഒരു ഡിക്ഷനറി എഴുതിയാൽ അതു ചൂണ്ടിക്കാണിച്ചെന്നിരിക്കും. നമ്മുടെ അറിവും, അനുഭവവും സാഹചര്യവുമനുസരിച്ച് വിഷയങ്ങളെപ്പറ്റിയുള്ള നമ്മുടെ വീക്ഷണം മാറിക്കൊണ്ടിരിക്കും. ക്രിസ്ത്യൻ വിശ്വാസം തെറ്റാണെന്നു വിശ്വസിച്ച് ക്രിസ്ത്യാനികളെ പീഢിപ്പിച്ചിരുന്ന യഹൂദനായ ഒരു വ്യക്തിയായിരുന്നു അപ്പൊസ്‌തോലനായ പൗലോസ്. അക്ബർ ഉദ്ധരിച്ചിരിക്കുന്നതായ പല വ്യക്തികളും പിന്നീട് അവരുടെ അഭിപ്രായങ്ങൾ എങ്ങനെ രൂപപ്പെട്ടു, എന്നു ചിന്തിച്ചാൽ അതു രസകരമായിരിക്കും. അവരുടെ മരണസമയത്ത് മദ്ധ്യവയസ്‌ക്കനായിരുന്നപ്പോഴുണ്ടായിരുന്ന അഭിപ്രായം തന്നെയായിരുന്നോ പുലർത്തിയിരുന്നത്. ഓന്തിന്റെ നിറം മാറുന്നതുപോലെയാണ് അഭിപ്രായങ്ങളും അറിവും മാറുന്നതെങ്കിൽ അതിനെപ്പറ്റി വാദിച്ചിട്ടെന്തു പ്രയോജനം? 
ബൈബിൾ പറയുന്നത് സഭയെന്ന മർമ്മം (Mystery) പഴയനിയമ പ്രവാചകന്മാർക്ക് മറഞ്ഞു കിടന്നു എന്നാണ്. ഒരു വ്യക്തിയെ ഒരു പ്രവാചകനായി ദൈവം വിളിച്ചതുകൊണ്ട് സൂര്യനു കീഴെയുള്ള എല്ലാ വിഷയങ്ങളും ആ പ്രവാചകൻ അതുപോലെ ഗ്രഹിക്കണമെന്നില്ല. പ്രവാചകനും മനുഷ്യനാണ്. മാനുഷികമായ പരിമിതികൾ അയാൾക്കുണ്ട്. പാപം ചെയ്യാനുള്ള എല്ലാ സാദ്ധ്യതകളും പ്രവാചകനും ഉണ്ട.് പഴയ നിയമപുരോഹിതൻ സ്വന്ത പാപങ്ങൾക്ക്  യാഗം കഴിക്കുന്നതുപോലെ പ്രവാചകനും സ്വന്ത പാപങ്ങൾക്ക് ദൈവത്തോട് അഭയയാചന കഴിക്കേണ്ടിയിരുന്നു. ( എബ്രാ. 5 : 13) ഒരു പ്രവാചകന് ദൈവം വെളിപ്പെടുത്തി കൊടുത്തിരിക്കുന്ന കാര്യങ്ങൾ മാത്രമേ വെളിവായിരിക്കുന്നുള്ളൂ. എന്റെ ഒരു അടുത്ത സ്‌നേഹിതൻ ഒരു പ്രവാചകൻ ആണെന്നിരിക്കട്ടെ. എന്നെപ്പറ്റിയുള്ള സകല വിവരങ്ങളും ആ പ്രവാചകൻ ഗ്രഹിച്ചിരിക്കണമെന്നില്ല. കാര്യങ്ങൾ മറച്ചുവെയ്ക്കുക എന്നുള്ളത് ദൈവത്തിന്റെ മഹത്വമാണ്. അത് വെളിവാകേണ്ട അവസരത്തിൽ മാത്രമേ അതു വെളിപ്പെടുത്തി കൊടുക്കുകയുള്ളൂ.
പ്രവാചകനായ മുഹമ്മദിന്റെ കാലത്ത് ഖുറാനെ മനസ്സിലാക്കിയിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ഖുറാനെ ഇന്നുള്ള പല ഇസ്ലാം മതവിശ്വാസികളും മനസ്സിലാക്കിയിരിക്കുന്നത്. നാളെ അതിനെപ്പറ്റിയുള്ള കാഴ്ചപ്പാടുമാറിയെന്നിരിക്കും. അനാചാരങ്ങളിലും ബഹുദൈവവിശ്വാസത്തിലും ജീവിച്ചിരുന്ന ഒരു ജനതയെ ഏകദൈവ വിശ്വാസത്തിലേക്കു കൊണ്ടുവരാൻ ദൈവം പ്രവാചകനെയും ഖുറാനെയും ഉപയോഗിച്ചു. സഭയെന്ന മർമ്മം പഴയനിയമ യഹൂദ പ്രവാചകന്മാർക്കു മറഞ്ഞിരുന്നതുപോലെ ക്രിസ്തുവിൽക്കൂടിയുള്ള രക്ഷ ഒരു സമയത്തേക്ക് ഇസ്ലാം മതവിശ്വാസികൾക്ക് മറഞ്ഞിരുന്നതുകൊണ്ട് ഭാവിയിൽ അത് അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല.
പല കാര്യങ്ങളും നമ്മുടെ ഗ്രഹണശക്തിക്ക് മറഞ്ഞുകിടക്കുക സ്വാഭാവികമാണ്. ഒരാൾ ഗ്രഹിക്കുന്നതുപോലെയല്ല വേറൊരാൾ ഗ്രഹിക്കുന്നത്. കർത്താവായ യേശുവിന്റെ ഉയിർപ്പിനു ശേഷം എമ്മവൂസ്സിലേക്കു പോയ ശിഷ്യന്മാരോട് യേശു അവരുടെ കൂടെ നടന്നു സംഭാഷണം നടത്തിക്കൊണ്ടിരുന്നു എങ്കിലും യേശുവാണെന്നു മനസ്സിലാക്കാൻ വയ്യാതെ അവരുടെ ബോധമണ്ഡലം മറഞ്ഞിരുന്നു (ലൂക്കൊസ് 24:13-32)
ബൈബിളിലെ പഴയനിയമത്തിൽ മോശ ദൈവത്തോട് ഒരു കൊച്ചുകുട്ടിയെപ്പോലെ ദൈവത്തിന്റെ മുഖം നേരിൽ കാണണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു രംഗമുണ്ട്. അതു സാധിക്കുന്ന കാര്യമല്ല എന്നു പറഞ്ഞിട്ടും നിർബന്ധം കാരണം ദൈവം മോശയെ ഒരു പാറക്കെട്ടിന്റെ ഉള്ളിലാക്കി തന്റെ കൈകൾ കൊണ്ട് മോശയെ മറച്ചിട്ട,് ദൈവം കടന്നുപോകുന്നതിന്റെ ഒരു ക്ഷണപ്രഭ (Glimpse) മാത്രം കാണിച്ചു. (പുറപ്പാട് 33:20-23) വേദശാസ്ത്രജ്ഞന്മാർ പറയുന്നത് ആ പാറ അതായത് മോശ നിന്നതായ  പാറയിടുക്ക് യുഗങ്ങളുടെ പാറയായ ക്രിസ്തുവിന്റെ പ്രതീകമായിരുന്നു എന്നാണ്. പഴയനിയമ കാലത്തും പുതിയ നിയമകാലത്തും ക്രിസ്തുവിലൂടെയല്ലാതെ ദൈവത്തോട് അടുക്കാൻ സാദ്ധ്യമല്ല. ദൈവവുമായി സ്‌നേഹബന്ധം സ്ഥാപിച്ചവർക്കെല്ലാം ദൈവം അതു മനസ്സിലാക്കി കൊടുത്തു. പഴയനിയമ യഹൂദന്മാർക്ക് മിക്കവർക്കും ഈ മർമ്മം മനസ്സിലായില്ല. കാരണം അവർക്ക് ദൈവവുമായുള്ള ബന്ധം അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം എന്നതിൽ കവിഞ്ഞ് അവരുടെ സ്വന്ത ദൈവം എന്നു പറയത്തക്ക ഒരു ബന്ധം ഇല്ലായിരുന്നു. എന്നാൽ അബ്രഹാമിനെപ്പറ്റി ദൈവം പറയുന്നത് സ്‌നേഹിതനായിട്ടാണ്. എന്റെ സ്‌നേഹിതനായഅബ്രഹാമിനോട് ഞാൻ ഈ കാര്യം മറച്ചുവെയ്ക്കുമോ? (ഉല്പത്തി 18 : 17) അതുകൊണ്ടു തന്നെയാണ് അബ്രഹാമിനെപ്പറ്റി ''അബ്രഹാം എന്റെ ദിവസം കണ്ടു ഉല്ലസിച്ചിരിക്കുന്നു'' എന്നു യേശു പറഞ്ഞത്. ദൈവത്തിന്റെ സ്‌നേഹിതൻ (യോഹന്നാൻ 8 : 56) എന്ന ബന്ധത്തിൽ മാത്രമേ ഈ മർമ്മം വെളിപ്പെടുകയൂള്ളൂ. ആ സ്‌നേഹബന്ധം ക്രിസ്തുവിൽകൂടെ മാത്രമേ സാദ്ധ്യമാവുകയൂള്ളൂ. ഖുറാൻ വിവക്ഷിക്കുന്ന ദൈവവുമായുള്ള ബന്ധം യജമാനൻ-അടിമ അല്ലെങ്കിൽ യജമാനൻ - ദാസൻ ബന്ധമാണ്. സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതിന് ഇതു തടസ്സമാകുന്നില്ല. എന്നാൽ ഈ ബന്ധത്തിൽ നിന്ന് പുറത്തു വരാനും ദൈവത്തിന്റെ സ്‌നേഹിതൻ എന്നതിലുപരി ദൈവത്തിന്റെ മക്കൾ, ക്രിസ്തുവിന്റെ മണവാട്ടി എന്നീ പദവിയിലേക്ക് ഉയരണമെങ്കിൽ അതു ക്രിസ്തുവിൽക്കൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ഈ മർമ്മം കാരണമാകാം ഇസ്ലാം മതവിശ്വാസികൾ ബൈബിൾ വായിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇസ്ലാം മത നേതാക്കളുടെ ഉത്തരവാദിത്വമാണ് തങ്ങളുടെ വിശ്വാസികളെ ക്രിസ്തുവിൽക്കൂടെയുള്ള മഹനീയ പദവിക്ക് യോഗ്യരായിത്തീരാൻ പ്രോത്സാഹിപ്പിക്കുക എന്നുള്ളത്. എത്രപേർ അതിന് യോഗ്യരായി തീരും എന്നുള്ളത് ഓരോരുത്തരുടെയും നല്ല ആഗ്രഹത്തിന്റെയും അവരുടെ ഹൃദയത്തിന്റെ നിലയും അനുസരിച്ചാവണം. 
Bible Scriptures എല്ലാം പല കാലഘട്ടങ്ങളിലായി, അന്നു ജീവിച്ചിരുന്ന ജനങ്ങളുടെ, കാര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവനുസരിച്ച് ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളായി,  ജീവിതം എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നതിനെപ്പറ്റി, അവർക്കു മനസ്സിലാകുന്ന ഭാഷയിൽ എഴുതിയതാണ്. അതല്ലാതെ ജനങ്ങളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുവാൻ എഴുതിയതല്ല. നോഹയുടെ കാലത്ത് ഭൂമി ഉരുണ്ടതാണെന്ന് അവരോടു പറഞ്ഞാൽ, അതു തെളിയിക്കുവാനുള്ള സാങ്കേതിക വിദ്യ നിലവില്ലാതിരിക്കുകയും, ആ സാങ്കേതിക വിദ്യ ആ കാലഘട്ടത്തിൽ ദൈവം മറച്ചുവെയ്ക്കുകയും ചെയ്തതിനാൽ ആ കാലത്തിലുള്ളവർ വിശ്വസിക്കുകയില്ലായിരുന്നു. ഭൂമി ഉരുണ്ടതാണെന്നു ചിന്തിക്കുക അവരുടെ ഗ്രഹണശക്തിക്ക് അതീതമായിരുന്നു.
ഉൽപത്തി പുസ്തകത്തിൽ ഇങ്ങനെയുള്ള ബൈബിൾ കഥകളുള്ളതായി കരുതിയാൽ ഒരു പ്രശ്‌നവുമില്ല. ബൈബിൾ പുസ്തകങ്ങൾ ഓരോ കാലഘട്ടത്തിലേക്ക് എഴുതിയതാണ്. പുതിയ കാലഘട്ടത്തിലേക്കു പ്രവേശിക്കുമ്പോൾ മാറിയ സാഹചര്യത്തിൽ അതിലടങ്ങിയിരിക്കുന്ന സത്യങ്ങളെ ശരിയായ രീതിയിൽ ഗ്രഹിക്കാൻ കഴിയാതവണ്ണം ചിലരുടെ കണ്ണു കുരുടായിരിക്കുകയോ കണ്ണിനു മുമ്പിൽ ഒരു പാട അഥവാ മൂടുപടത്തിന്റെ പ്രതീതി ജനിയ്ക്കുകയോ ചെയ്യുന്നെങ്കിൽ സത്യം ഗ്രഹിക്കാനുള്ള കൃപ അവർക്കു ലഭിച്ചില്ല എന്നു ഗ്രഹിച്ചാൽ മതി. കൃപ ലഭിക്കാൻ തക്കതായ താഴ്മയോ വിനയമോ ദൈവവിശ്വാസമോ അവർക്കില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ പഴയനിയമ പ്രവാചകന്മാർക്ക് സഭയെന്ന മർമ്മം മറഞ്ഞിരുന്നതുപോലെ ചില വ്യക്തികൾക്ക് ഉപരിതലത്തിലുള്ള മത്സ്യം അല്ലാതെ വേദമാകുന്ന സമുദ്രത്തിലെ ആഴത്തട്ടിലുള്ള വിലയുള്ളതായ കൊഞ്ചോ മുത്തോ ആയ മർമ്മങ്ങൾ മറഞ്ഞിരിക്കുന്നു എന്നു വരാം. അവർക്ക് നിത്യതയിൽ ദൈവവുമായി യജമാന-ദാസ ബന്ധമാവാം ലഭിക്കുന്നത്.
താൻ വലിയ പണ്ഡിതനെന്നോ, കാര്യങ്ങളെല്ലാം അറിയാമെന്നോ ഇനിയും കൂടുതലായി ഒന്നും അറിയാനില്ലായെന്നോ ഉള്ള ചിന്തയുള്ളവർക്ക് ഈ കൃപ ലഭിക്കുവാൻ പ്രയാസമാണ്. എന്നാൻ ഞാൻ പലതും കേൾക്കുന്നു, സത്യം ഗ്രഹിപ്പിച്ചുതരേണമേ എന്നു പ്രാർത്ഥിക്കുന്ന, താഴ്മയുള്ള, വ്യക്തിയുടെ ആഗ്രഹത്തോടുകൂടിയുള്ള അന്വേഷണത്തെ മറികടക്കുന്നവനല്ല നല്ലവനായ ദൈവം.


എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
പലരുടെയും അഭിപ്രായങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചിട്ട് ബൈബിൾ ദൈവനിവേശിതമല്ലെന്നും, ദൈവത്തിൽ നിന്നും ലഭിച്ച ചില വെളിപ്പാടുകൾ എഴുത്തുകാരുടെ ചിന്തകളും കൂട്ടിക്കലർത്തിയെഴുതിയിട്ടുള്ളതാണെന്നാണ് അക്ബർ വാദിക്കുന്നത്. അതുകൊണ്ട് അതിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് എന്നാണ് അക്ബറിന്റെ അഭിപ്രായം.
എന്നാൽ പ്രവാചകനായ മുഹമ്മദ് ഖുറാനിൽകൂടി ആവശ്യപ്പെടുന്നത് യഹൂദന്മാരും ക്രിസ്ത്യാനികളും അവർക്ക് ലഭിച്ചതായ പുസ്തകങ്ങൾ പാലിക്കണമെന്നാണ്. സുറ 5:66, 68, 7:170, 19:12.
പ്രവാചകൻ വീണ്ടും ആവശ്യപ്പെടുന്നത് യഹൂദന്മാരും ക്രിസ്ത്യാനികളും അവരുടെ അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കുന്നതിനെ ഖുറാനെയല്ല അവരവരുടെ പുസ്തകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സുറ 3:23,93,5:43-45, 47-48.
പ്രവാചകൻ പറയുന്നത് അന്ത്യന്യായവിധിയിൽ യഹൂദന്മാർക്കും ക്രിസ്ത്യാനികൾക്കും വിധിയുണ്ടാകുന്നത് ഖുറാന്റെ അടിസ്ഥാനത്തിലായിരിക്കയില്ല. അവരവരുടെ പുസ്തകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ്. സുറ 5:65-66, 45:28. 
ബൈബിളിൽ തെറ്റുകൾ ഉണ്ടായിരുന്നുവെങ്കിൽ ദൈവനിവേശിതം അല്ലായിരുന്നുവെങ്കിൽ പ്രവാചകൻ ഇത് നിർദ്ദേശിക്കുമായിരുന്നോ? 
പ്രവാചകൻ തന്നെയും ക്രിസ്ത്യാനികളെയും യഹൂദന്മാരെയും വിധിക്കാൻ അവരവരുടെ പുസ്തകങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. സുറ 5:48, 5:43,45.
പ്രവാചകനുതന്നെയും ദൈവം തനിക്കു വെളിപ്പെടുത്തിക്കൊടുത്തതിനെപ്പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ബൈബിൾ വായിക്കുന്നവരോടു ചോദിക്കാൻ ഖുറാനിൽ ദൈവം നിർദ്ദേശിക്കുന്നു. സുറ 6:114, 10:94, 16:43, 21:7)
മുസ്ലീം വിശ്വാസികൾ ബൈബിൾ വിശ്വസിക്കണമെന്ന് ഖുറാൻ ആവശ്യപ്പെടുന്നു. സുറ 2:4,136, 285, 3:84, 119, 4:136, 5:59, 28:49, 29:46
ഖുറാൻ പറയുന്നത് ബൈബിൾ വിശ്വസിക്കാത്തവർക്ക് ശിക്ഷ ഒരുക്കിവച്ചിരിക്കുന്നുവെന്നാണ് സുറ 2:121, 211, 3:3-4, 4:136, 5:44, 11:17, 40:70-72.
ഖുറാനിലെ ഉപദേശങ്ങളുടെ സംശയനിവാരണത്തിനായി ബൈബിൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു സുറ 6:20, 16:43, 21:7, 26:196-197, 34:6, 43:45, 46:10
സുവിശേഷം (ഇൻജിൽ) പഴയനിയമം (തൗറത്ത്) ത്തെ ശരിവയ്ക്കുന്നതായി ഖുറാൻ പറയുന്നു. സുറ 3:50, 5:46, 61:6.
ഖുറാനനുസരിച്ച് ദൈവത്തിന്റെ വാക്കുകൾക്ക് മാറ്റം വരുത്താനാവില്ല. സുറ 6:34, 115, 10:64, 18:27
ഖുറാനിലുള്ള പല സുറകളും അസാധുവാക്കിയിട്ട് അതിനു പകരം പുതിയ സുറ ചേർത്തിട്ടുണ്ട്. എന്നാൽ ബൈബിൾ അതു ചെയ്തതായി ഖുറാനിൽ രേഖപ്പെടുത്തിയിട്ടില്ല. സുറ 2:106, 10:15, 13:39, 61:1.
ഖുറാനിലെ ചില സുറാകൾ അടർത്തിയെടുത്ത് വായിച്ചാൽ ബൈബിൾ യെഹൂദന്മാർ കോട്ടി മാറ്റി എന്നു തോന്നിപ്പിക്കുമെങ്കിലും ഖുറാൻ മുഴുവനായി പഠിച്ചാൽ ഇത് ബൈബിൾ സത്യങ്ങളെ ചിലർ വ്യാഖ്യാനിച്ച് കോട്ടി മാറ്റിയതിനെപ്പറ്റിയാണ് പ്രവാചകൻ എഴുതിയിരിക്കുന്നതെന്ന് മനസ്സിലാകും. കൂടാതെ ഖുറാൻ രണ്ടുതരത്തിലുള്ള ക്രിസ്ത്യാനികളെയും അവരുടെ പുസ്തകങ്ങളെയും വിവരിക്കുന്നുണ്ട്. അതായത് വിശ്വസ്തരായ ക്രിസ്ത്യാനികളും അവരുടെ  പുസ്തകങ്ങളും, അവിശ്വസ്തരായ ക്രിസ്ത്യാനികളും അവരുടെ പുസ്തകങ്ങളും. അവിശ്വസ്തരായ ക്രിസ്ത്യാനികളെയും അവരുടെ പുസ്തകങ്ങളെപ്പറ്റിയും പരാമർശിച്ചിരിക്കുന്നത് അക്ബർ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വിശ്വസ്തരായ ക്രിസ്ത്യാനികളെയും അവരുടെ പുസ്തകങ്ങളെയും ചിത്രീകരിക്കുന്നതിന് ഉപകരിക്കുകയല്ലേ ഇവിടെ ചെയ്തിരിക്കുന്നത്.
മുകളിൽ പറഞ്ഞ സുറാകളുടെ അടിസ്ഥാനത്തിൽ ബൈബിൾ ദൈവനിവേശിതം അല്ല എന്ന് അക്ബറിന് എങ്ങനെ പറയാൻ സാധിക്കും?. അക്ബർ ഖുറാനിലെ സുറാകൾ എടുത്ത് അതിനെ തെറ്റായി വ്യാഖ്യാനിച്ച് ബൈബിൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്? പ്രവാചകനായ മുഹമ്മദ് ഒരിക്കൽപോലും അതു ചെയ്തതായി അറിവില്ല.

# Bibilinte Daivikatha- Chapter 7: by Nainan Mathula

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക