Image

വഴിയേപോയ വയ്യാവേലി (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 12 November, 2022
വഴിയേപോയ വയ്യാവേലി (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ഇന്ന് അവധി ദിവസമായതു കൊണ്ട്  ഉറക്കത്തിൽനിന്നും എഴുന്നേറ്റെങ്കിലും അലസമായി  വെറുതെ കട്ടിലിൽ കിടന്നു.കാര്യമായി ഇന്ന് പരിപാടികൾ ഒന്നും ഇല്ല.

പുറത്തു് ആളുകൾ ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കാം.

അടഞ്ഞുകിടന്നിരുന്ന വാതിൽ പതുക്കെ തുറന്ന് ബൊമ്മി,ഞങ്ങളുടെ ഹൌസ് ഓണറിന്റെ ഇളയ മകൾ, വാതിൽക്കൽ വന്ന് അകത്തേക്ക് എത്തിനോക്കി.

അല്പസമയം ഞങ്ങളെ നോക്കി നിന്നിട്ട് ഒന്നും പറയാതെ അവൾ പുറത്തേക്ക് പോയി.

ഒരു നിമിഷം അടങ്ങിയിരിക്കില്ല അവൾ.

ഇടക്കിടക്ക് ഞങ്ങളുടെ അടുത്ത് വരും.എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ട് മടങ്ങും.എന്നാൽ ഇത്തവണ വെറുതെ വന്ന് ഒരു നിരീക്ഷണം നടത്തി അവൾ മടങ്ങിപ്പോയി.

എന്തായിരിക്കും കാരണം എന്ന് ചിന്തിച്ച ഞാൻ ഞെട്ടിപ്പോയി.

ജോർജ്‌കുട്ടിയുടെ കാർ മുറ്റത്തരുകിൽ കിടപ്പുണ്ട്.താക്കോൽ ഇല്ലെങ്കിലും അവൾ കാർ സ്റ്റാർട്ട് ചെയ്യും.

ഞാൻ ചാടി എഴുന്നേറ്റ് ജോർജ്‌കുട്ടിയെ വിളിച്ചു.”ബൊമ്മി നമ്മുടെ കാറിനടുത്തുകൂടി പോകുന്നത് കണ്ടു,സൂക്ഷിക്കണം .”

ജോർജ്‌കുട്ടി എഴുന്നേറ്റ് മുറ്റത്തേക്ക് ഓടി.എന്നാൽ ആരും അവിടെയെങ്ങും ഇല്ലായിരുന്നു.ജോർജ്‌കുട്ടി താക്കോൽ എടുത്ത് കാറിൻറെ  വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ അത് താനെ തുറന്നു വരുന്നു.ഞങ്ങൾ എത്തി നോക്കി.ബൊമ്മി ഡ്രൈവർ സീറ്റിൽ ഇരിക്കുന്നു.അവൾ എങ്ങനെ അകത്തുകയറി എന്ന് വിചാരിച്ചുനിൽക്കുമ്പോൾ അവൾ ഇറങ്ങി ഓടി.

"തല്ക്കാലം രക്ഷപെട്ടു."ജോർജ്‌കുട്ടി പറഞ്ഞു.

ഞങ്ങൾ തിരിച്ചു വീട്ടിലേക്ക്  പോയി.കുറച്ചുകഴിഞ്ഞു ഹൗസ് ഓണറിൻ്റെ  ഭാര്യ അക്ക വന്ന് വാതിലിൽ മുട്ടി.

അവർ പറഞ്ഞു,"ജോർജ്‌കുട്ടി, ഒന്നും വിചാരിക്കരുത്,ബൊമ്മി കൊച്ചുകുട്ടിയല്ലേ?അവൾക്ക് ജോർജ്‌കുട്ടിയുടെ കാറിൽ  ഒന്ന് കയറണം എന്ന മോഹം.നാളെ അവളുടെ ബർത്‌ഡേ ആണ്.കാലത്തു്  ഞങ്ങളെ ഒന്ന് സെൻറ് .ജോസഫ് ചർച്ചിൽ കൊണ്ടുപോകാമോ?"

ജോർജ്‌കുട്ടി അകെ ചമ്മി.

ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.പറ്റില്ലാന്ന് എങ്ങനെ പറയും?ജോർജ്‌കുട്ടിയുടെ   കാറിൽ പോയാൽ അവിടെ എന്ന്  എത്തും എന്നു പറയാൻ കഴിയില്ല.

"ഒരാഴ്ച്ച മുമ്പേ പറഞ്ഞിരുന്നെങ്കിൽ ........."കൂടുതൽ പറയാതെ ഞാൻ നിർത്തി.

ജോർജ്‌കുട്ടി എന്നെ ദയനീയമായി നോക്കി.

"അക്ക,നാളെ കാലത്തു് തയ്യാറായി വന്നോളൂ. നമ്മൾക്ക് പോകാം."ഞാൻ പറഞ്ഞു.

അക്ക അപ്പോൾ തന്നെ മകളെ വിളിച്ചു,"നാളെ കാലത്തു് ജോർജ്‌കുട്ടി അങ്കിളിൻറെ കാറിൽ നമ്മൾ പള്ളിയിൽ പോകും.അങ്കിൾ കൊണ്ടുപോകാമെന്ന് സമ്മതിച്ചിട്ടുണ്ട്."

ബൊമ്മി സന്തോഷംകൊണ്ട് തുള്ളി ചാടി.

അല്പസമയം കഴിഞ്ഞു, അക്ക പോയി.ജോർജ്‌കുട്ടി എന്നോട് ചോദിച്ചു,"എന്ത് പണിയാ താൻ  കാണിച്ചത്?അവരെ കാലത്തു് പള്ളിയിൽ നമ്മളുടെ കാറിൽ കൊണ്ടുപോകാം എന്ന് ഉറപ്പുകൊടുത്തത് എന്ത് ധൈര്യത്തിൽ ആണ്?”

"പിന്നെ അവരോടു പറ്റില്ല എന്ന് പറയണോ?"

"എനിക്ക് പേടിയാകുന്നു"ജോർജ്‌കുട്ടി പറഞ്ഞു.

"ഓരോ ഏടാകൂടം എടുത്ത് തലയിൽ വയ്ക്കുമ്പോൾ ഓർമ്മിക്കണമായിരുന്നു.ഏതായാലും ഞാൻ അച്ചായനെയും സെൽവരാജനെയും ഒന്ന് കണ്ടിട്ടു വരാം."

"ഞാൻ വരുന്നില്ല."ജോർജ്‌കുട്ടി പറഞ്ഞു.

അച്ചായനോടും സെൽവരാജനോടും വിവരംപറഞ്ഞു."കാലത്തു് നിങ്ങൾകൂടി ഒന്ന് വരണം,സെൻറ് ജോസഫ് ചർച്ചിൽ."

സെൻറ് ജോസഫ് ചർച്ചയിലേക്ക് ഒരു കയറ്റം കയറിപോകണം.കഷ്ടിച്ചു് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ."വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു കൈ സഹായിക്കണം."

അവർ സമ്മതിച്ചു.

കാലത്തു്  എട്ടര ആയപ്പോൾ ബൊമ്മി,അക്ക ,ബൊമ്മിയുടെ ചേച്ചി മരിയ,സഹോദരൻ രാജ എന്നിവർ പള്ളിയിൽ പോകാൻ തയ്യാറായി വന്നു.ബൊമ്മിയുടെ  അപ്പ, നാഥൻ, നേരത്തെ പള്ളിയിലേക്ക് പോയിരുന്നു.

പുറത്തു് ഒരു ബഹളം കേട്ട് ഞങ്ങൾ നോക്കിയപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ചായൻറെയും സെൽവരാജൻറെയും ഒപ്പം കൊല്ലം രാധാകൃഷ്ണൻ,ബാലകൃഷ്ണൻ,ഹുസ്സയിൻ അങ്ങനെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷനിലെ ഏതാണ്ട് പതിനഞ്ചു പേർ വന്നിരിക്കുന്നു.

അച്ചായൻ ഹുസ്സയിനോട് പറഞ്ഞു.ഹുസ്സയിൻ കൊല്ലം രാധാകൃഷ്ണനെ വിളിച്ചു ,അങ്ങനെ ഒരു ജനക്കൂട്ടം എത്തിയിരിക്കുകയാണ്.

ഹുസൈന് അല്പം ചൊരുക്ക് ഞങ്ങളോട് ഉണ്ട്.അവന് പെണ്ണുകാണാൻ പോകാൻ കാർ ചോദിച്ചതാണ്.ഞങ്ങൾ സ്നേഹപൂർവ്വം നിരസിച്ചു.ഈ കാറിൽപോയാൽ ഹുസൈൻ സ്ഥലത്തു് എത്തുമ്പോഴേക്കും പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞിരിക്കും.പക്ഷെ അവന് അത് മനസ്സിലായില്ല.

ബൊമ്മിയും അക്കയും കൂടെയുള്ളവരും  കാറിൽ കയറിക്കഴിഞ്ഞു.

ജോർജ്‌കുട്ടി തൻ്റെ തൊപ്പികളുടെ ശേഖരത്തിൽ നിന്നും വെള്ള നിറമുള്ള പത്തു തൊപ്പി എടുത്തുകൊണ്ട് വന്നു.

” കാറിനുമുമ്പിൽ   പത്തുപേർ സൈക്കളിൽ വെള്ള തൊപ്പി വച്ച്  വരണം.പിറകിൽ അഞ്ചുപേർ തൊപ്പിയില്ലാതെ.ഏതെങ്കിലുംകാരണവശാൽ കാർ നിന്നുപോയാൽ എല്ലാവരും കൂടി കാർ തള്ളി സെൻറ് ജോസഫ് ചർച്ചിൽ എത്തിക്കണം.”ജോർജ്‌കുട്ടി നിർദ്ദേശം കൊടുത്തു.

എന്താണ് സംഭവിക്കുന്നത് എന്ന് അക്കയുടെ ആളുകൾക്ക് മനസ്സിലായില്ല .

ഞങ്ങൾ യാത്ര പുറപ്പെട്ടു.

വഴിയരുകിൽ ആളുകൾ ഞങ്ങളുടെ ഘോഷയാത്ര നോക്കി നിന്ന് കയ്യടിച്ചു.

യാതൊരു പ്രശനവും  ഇല്ലാതെ ഞങ്ങൾ പള്ളിയിൽപോയി ആഘോഷമായി തിരിച്ചുവന്നു.

ബൊമ്മി  സന്തോഷംകൊണ്ട് തുള്ളിച്ചാടി

അക്ക ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാ വർക്കുംകാപ്പിയും പരിപ്പുവടയും വിതരണം ചെയ്തു.

ഞങ്ങൾ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ ബൊമ്മി ഒരു ചക്രവും കയ്യിൽ പിടിച്ചു്  ഞങ്ങളുടെ അടുത്തേക്ക് വന്നു.

"അത് ജോർജ്‌കുട്ടിയുടെ കാറിൻറെ സ്റ്റീയറിങ് അല്ലെ?"ഹുസ്സയിൻ ചോദിച്ചു .

ജോർജ്‌കുട്ടിയിൽനിന്നും ഒരു നിലവിളി ഉയർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക