ജീവിതത്തിൽ ഒന്നു തിരിഞ്ഞു നോക്കുബോൾ നാം ഒന്നും നേടിയില്ല അല്ലെങ്കിൽ നേടിയത് എന്ന് തോന്നിയതൊക്കെ വെറും ഒരു മിഥ്യ മാത്രമായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാവുന്നത്. അല്ലെങ്കിൽ തന്നെ നശ്വര്യമായ ജീവിതത്തിൽ ഈ നേട്ടങ്ങൾകൊണ്ട് എന്ത് കാര്യം ? ജീവിതം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിൽ നാം പലതും നേടാൻ ആഗ്രഹിച്ചു, പലതും പഠിച്ചു. പഠിച്ചതെക്കെ ജീവിതത്തിൽ പ്രയോജനപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം.
നാം എന്തെല്ലാമോ ആവണം എന്ന് പഠിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജനിച്ചത്. അങ്ങനെ ഞാനും ഈ ഭൂമിയില്‍ ഒരു വിദ്യാര്‍ത്ഥിയായി ജനിച്ചു. ഓരോ ദിവസവും പഠനങ്ങളിലൂടെയാണ് കടന്നുപോയത്. ഓരോ കാലത്തും നമ്മുടെ സമൂഹം, നമ്മളിൽ നിന്നും പലതും പ്രതിക്ഷിക്കുന്നു, പഠിത്തം കഴിഞ്ഞാൽ ഉടനെ ജോലി കിട്ടുക, തൊട്ടുപിന്നാലെ കല്യാണം കഴിക്കുക, കല്യാണം കഴിച്ചാൽ പത്തുമാസത്തിനുള്ളിൽ തന്നെ കുട്ടികൾ ഉണ്ടാവുക, പിന്നെ കുട്ടികളുടെ എണ്ണത്തിൽ വരെ സമൂഹം നമ്മുടെ വിധികർത്താക്കളാകുന്നു. എന്തിനും ഏതിനും നമ്മളെ പ്രതികളാക്കുന്ന ഒരു സമൂഹത്തിൽ പലപ്പോഴും പലരുടെയും ഇഷ്ടങ്ങൾക്ക് വേണ്ടി നാം അറിഞ്ഞോ അറിയാതയോ ചലിക്കുന്നു.
എന്റെ കുട്ടിക്കാലം തൊട്ടേ കേള്‍ക്കുന്ന പലരുടെയും ശബ്ദങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അന്ന് ഞാന്‍ ഒരു കുട്ടിയായി എല്ലാം കേട്ടു നിന്നിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ തറ പറ എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് ആയിരുന്നു ഓര്‍മയില്‍ തെളിയുന്ന തുടക്കം , പിന്നെ മറ്റെന്തൊക്കെയോ പഠിച്ചു. കുട്ടിയായിരുന്നപ്പോൾ കിളികളോടും അണ്ണാറക്കണ്ണനോടും വളരെ സ്നേഹമായിരുന്നു , അതുകൊണ്ട് തന്നെ കിളികളെയും അണ്ണാൻകുഞ്ഞിനേയും എന്റെ വീട്ടിൽ വളർത്താൻ ശ്രമിച്ചു.
അന്ന് മാഷ് പഠിപ്പിച്ചു തന്നത് ചിലതൊക്കെ ഓര്‍ത്ത് നോക്കുമ്പോള്‍ ഇപ്പോഴും ഒരു സംശയം. പശു ഒരു വളര്‍ത്തു ജീവിയാണെന്നും പശു നമുക്ക് പാല് തരുന്നെന്നും, ആ പാലുകുടിച്ചു അച്ഛനെപ്പോലെ വലുതാവണം എന്നൊക്കെ പഠിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് വലുതാവാൻ ആഗ്രഹം മനസ്സിൽ ഉദിക്കുകയായിരുന്നു. കരികൊണ്ടു മീശ വരച്ചു കണ്ണാടിയിൽ നോക്കി യൗവനം സ്വപ്നം കണ്ട കാലം, പക്ഷേ ഇന്ന് തിരിഞ്ഞു നോക്കുബോൾ ഈ പശു ശരിക്കും നമുക്ക് പാല് തന്നിരുന്നോ? എന്നെങ്കിലും ഒരു ദിവസം പശു നമുക്ക് പാല് കൊണ്ടുത്തന്നതായി എനിക്ക് ഓർമ്മയില്ല.
ആ പശുവിന്റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലിനെ നമ്മള് മോഷ്ടിച്ച് കുടിക്കുകയായിരുന്നു എന്നതല്ലേ സത്യം? സത്യമായാലും തെറ്റായാലും മാഷ് പഠിപ്പിച്ചു തന്ന കുറെ കാര്യങ്ങൾ എഴുതി നാം പരീക്ഷ പാസായി. അപ്പോളും പശു മനുഷ്യന് കുടിക്കാന്‍ പാല് ചുരത്തിക്കൊണ്ടേയിരുന്നു. ഞാനാകട്ടെ , ആ പാല് കുടിച്ച് അച്ഛനെ പോലെ വലുതാവുകയും ചെയ്തു.
പണ്ടും ഇപ്പോഴും കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നിനക്ക് ആരായി തീരാനാണ് ആഗ്രഹം എന്ന്. പണ്ട് മാഷ് എന്നോട് ചോദിച്ചപ്പോൾ ഞാന്‍ പറഞ്ഞു എനിക്ക് ശാസ്ത്രഞ്ജന്‍ ആയാല്‍ മതിയെന്ന്. അന്നത് കേട്ടവര്‍ മുഴുവന്‍ ചിരിച്ചപ്പോള്‍, ഞാന്‍ വളരെ വിഷമത്തോടു കൂടി അവരെയെല്ലാം നോക്കി. അവര്‍ ചിരിച്ചത് എന്തിനായിരുന്നു എന്ന് പില്ക്കാലത്ത് എനിക്ക് മനസ്സിലായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹൈസ്കൂള്‍ ജിവിതം അവസാനിക്കാന്‍ പോകുന്നു. ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആ പത്താം ക്ലാസ് കാലത്ത് , അദ്ധ്യാപകന് പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോളും ഓര്‍മയുണ്ട്. "കുട്ടികളേ , എല്ലാവരും നന്നായി പഠിച്ച് , നല്ല മാര്‍ക്ക് വാങ്ങിയാലേ, ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും നല്ല ജീവിതവും നിങ്ങള്‍ക്കുണ്ടാകൂ .ഈ പത്താം ക്ലാസ്സ് പരീക്ഷയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കടമ്പ.
അന്ന് ഞാന്‍ കരുതി, ഈ പത്താം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ചാടാന്‍ വേറെ കടമ്പയൊന്നും ഉണ്ടാകില്ല എന്ന്. പക്ഷെ പ്രീഡിഗ്രിക്ക് എത്തിയപ്പോള്‍ അവിടത്തെ മാഷുമാര് വീണ്ടും ഒരു കടമ്പ കൂടി ചാടാന്‍ പറഞ്ഞു. വീണ്ടും അതൊക്കെ വിജയകരമായി ചാടിയപ്പോള്‍ ഞാന്‍ കരുതി ഇനിയൊന്നും പേടിക്കാനില്ലെന്ന്. അപ്പോളും എന്റെ മനസ്സില്‍ എന്തൊക്കെയോ ആകാനുള്ള കുറെ മോഹങ്ങളുണ്ടായിരുന്നു. എല്ലാം ശരിയാകുമായിരിക്കും. വീണ്ടും പഠനം തുടര്‍ന്നു. ബിരുദവും , ബിരുദാനന്തര ബിരുദവും കഴിഞ്ഞപ്പോളും പ്രത്യേകിച്ച് ഒരു ലക്ഷ്യവും മനസ്സില്‍ ഉണ്ടായിരുന്നില്ല. ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ? അങ്ങനെ ഞാനും ഒരു പ്രവാസജീവിതം തിരഞ്ഞെടുത്തു.
വര്‍ഷങ്ങളോളം പ്രവാസിയായി കഴിഞ്ഞു, ഈ പ്രവാസത്തില്‍ എന്ത് നേടി? എന്ത് നഷ്ടപ്പെട്ടു ? ഒരായിരം ചോദ്യങ്ങള്‍ ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. എന്റെ പ്രവാസം ഒരു സ്വപ്നമായിരുന്നോ അതോ സ്വപ്ന സാക്ഷാത്കാരമായിരുന്നോ?
"യഥാര്‍ത്ഥ ജീവിതം എന്താണ് ? എന്തിനു വേണ്ടിയാണ് നാം ജീവിക്കുന്നത് ? ഒരു മനുഷ്യന്റെ സാധാരണ ജീവിതം എന്ന് പറഞ്ഞാല്‍ കുടുംബ ജീവിതത്തില്‍ കുടുങ്ങി നില്ക്കുന്ന ഒന്നല്ലേ? അച്ഛനോടും അമ്മയോടും ഭാര്യയോടും മക്കളോടും ഉള്ള കടമകള്‍ മാത്രമാണോ ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ? അതോ ഈ യാത്ര തന്നെയാണോ ജീവിതം..?..."
മുന്നില്‍ ഒരുപാട് വഴികളുണ്ട്. എങ്ങോട്ടും പോകാം. സ്ഥിരമായ ശരിയും തെറ്റും ഇല്ല എന്ന് തോന്നുന്ന തരത്തില്‍ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന വഴിത്താരകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അതിൽ തെറ്റേത് ശരിയേത് എന്ന് മനസിലാക്കാൻ സാധാരണ ബുദ്ധിക്കു കഴിയുന്നില്ല. അപ്പോൾ കാണുന്ന വഴിയേ സഞ്ചരിക്കാനേ മാർഗ്ഗമുള്ളു , അതു തന്നെ ആയിരിക്കും ശരി എന്ന് ഞാൻ വിശ്വസിക്കുന്നു.
എനിക്ക് ജരാനരകള്‍ ബാധിക്കുന്നെങ്കിലും, ചിന്തകളിലെ യൗവനം എനിക്ക് വീണ്ടും വീണ്ടും സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം പകര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്റെ അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നതിനും എത്രയോ മുന്‍പ്, പാതി വഴിയില്‍ വച്ച് ഞാന്‍ ഒരു പക്ഷെ വീണു പോയേക്കാം ... പക്ഷെ വീഴുന്നതിനു മുന്‍പ് , ഈ ഭൂമിയില്‍ ഒരിക്കല്‍ ഞാന്‍ ജീവിച്ചിരുന്നെന്ന് എന്നെ ബോധിപ്പിക്കാനെങ്കിലും ഈ വഴിത്താരയിലൂടെ ഞാന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.
പ്രവാസിയാണ് ഞാൻ.... പ്രയാസം തീർക്കാൻ സ്വദേശം വിട്ട പ്രവാസി... പക്ഷേ പ്രയാസം തീരുന്നില്ല.... പ്രവാസം നീണ്ടു കൊണ്ടിരിക്കുന്നു... ഉള്ള ജീവിതം ജീവിച്ചു തീർക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.....
ജീവിതം ഒരു ബസ് യാത്ര പോലെയാണ്, ചിലർ ഏതൊക്കെയോ സ്റ്റോപ്പുകളിൽ ഇറങ്ങിപ്പോകും. മറ്റു ചിലർ ആ സ്റ്റോപ്പുകളിൽ നിന്നും കയറിവരും. ചിലരാകട്ടെ ആ യാത്രയിൽ ഉടനീളം കാണും. എന്നാൽ, മറ്റുചിലരാകട്ടെ യാത്ര പോലും പറയാതെ നമ്മിൽനിന്നും അകന്നുനീങ്ങും, അവരെയൊക്കെ ഇനിയും കാണാനാകും എന്ന പ്രതീക്ഷയോടെ നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.
മണ്ണിൽ അലിഞ്ഞു തീരാനുള്ള ഈ ശരീരം അല്ലാതെ അഹങ്കരിക്കാൻ എന്താണ് നമ്മുടെ കൈയിലുള്ളത്? മനസൊന്ന് കൈവിട്ടാൽ നാം പിന്നെ ഭ്രാന്തനാണ്, ശരീരം തളർന്നാൽ രോഗിയും. ശ്വാസം നിലച്ചുപോയാൽ വെറും ജഡവും. അവിടെ നമ്മുടെ ചിന്തകൾക്ക് യാതൊരു പ്രസക്തിയും ഇല്ല!! എങ്കിലും മുറിവേൽപ്പിച്ച ഓർമ്മകൾ കാത്തുസുക്ഷിക്കുക ... ഓർത്തു കരയാനല്ല .... മുന്നോട്ടുള്ള യാത്രയിൽ അത് ഒരു പാഠമാകുമായിരിക്കും.......