ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ജനറൽ ബോഡി നടക്കുകയാണ്.ഓണാഘോഷത്തിൽ പ്രസിഡണ്ട്, സെക്രട്ടറി കമ്മറ്റി മെമ്പേഴ്സ് തുടങ്ങിയ ഭാരവാഹികൾ , പ്രവർത്തികളിലും സംസാരത്തിലും വരുത്തിയ പിഴവുകൾ,വാർഷിക അക്കൗണ്ട്സ് എല്ലാം ജനറൽ ബോഡി കൂലങ്കഷമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
സെക്രട്ടറി റിപ്പോർട്ട് വായിച്ചതിൽ പലതും ശുദ്ധ കള്ളവും നുണകൾ കുത്തി നിറച്ചതും ആണ് എന്ന് സുകുമാരൻ എന്ന ജനപക്ഷ നേതാവ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
"ഇത്രയും നിസ്തുലമായ സേവനം നിസ്വാർത്ഥമായി ചെയ്തുകൊണ്ടിരിക്കുന്ന സെക്രട്ടറിയെ അപമാനിക്കുന്നത് ഞങ്ങളെ അത്ഭുതപരതന്ത്രനാക്കുന്നു, "കൊല്ലം രാധാകൃഷ്ണൻ കഥാപ്രസംഗ ശൈലിയിൽ
വിശദീകരിച്ചു.
ജനപക്ഷനേതാവ് സുകുമാരൻ ചാടി എഴുന്നേറ്റ് പറഞ്ഞു,"കൊല്ലം രാധാകൃഷ്ണൻ മാപ്പു പറയണം."
"എന്തിന് ?അങ്ങനെ തോന്നുമ്പോൾ മാപ്പ് പറയാൻ രാധാകൃഷ്ണനെ കിട്ടില്ല.അവൻ്റെ ഒരു മാപ്പും കോപ്പും." പറഞ്ഞത് കൊല്ലം രാധാകൃഷ്ണൻ്റെ വാല് ബാലകൃഷ്ണൻ ആണ്.
" ഇപ്പോൾ പറഞ്ഞില്ലേ ഏതാണ്ട് ആത്ഭുതപര തന്ത എന്ന്.അത് ശരിയല്ല."
"അത്ഭുത പരതന്ത്രൻ, എന്ന് പറഞ്ഞതിൽ എന്താ തെറ്റ്?"
"അത് സഭ്യമായ ഒരു പദപ്രയോഗം അല്ല.ഒന്നന്തരം തെറിയാണ്എൻ്റെ അറിവിൽ."സുകുമാരൻ വിടാൻ ഭാവമില്ല.
സുഹൃത്തേ അത്ഭുതപരതന്ത്രൻ എന്ന് പറഞ്ഞാൽ അതിൻ്റെ......അർഥം ............അർഥം "സെൽവരാജൻ എന്നെനോക്കി സഹായത്തിനായി.
അച്ചായൻ ചാടി എഴുന്നേറ്റ് പറഞ്ഞു,"ഭാഷ അറിയില്ലെങ്കിൽ വെറുതെ ഇരിക്കണം .ചുമ്മാ അത് ഇതും പറഞ്ഞുസമയം കളയാതെ."
"എങ്കിൽ താൻ പറ എന്താണ് അത് എന്ന്."
അത് എന്താണ് എന്ന് ഒരു ഉദാഹരണത്തിലൂടെ ഞാൻ വിശദീകരിക്കാം "
"ശരി,വിശദീകരിക്കൂ."ജനപക്ഷം വിളിച്ചുപറഞ്ഞു.
അച്ചായൻ പറഞ്ഞു,"ഉദാഹരണത്തിന് ,ഒരാൾ ഒരു വലിയ മരത്തിൽ കയറുന്നു എന്നുവിചാരിക്കുക..രണ്ടാൾ ഉയരത്തിൽ വച്ച് പിടി വിട്ട് താഴേക്ക് വീണു പോയി."
"ഒടിഞ്ഞോ അവൻ്റെ കാലും കയ്യും?" ഹുസ്സയിൻ ചോദിച്ചു.
"ഇല്ല. രണ്ടാൾ ഉയരത്തിൽ നിന്നും താഴെ വീണിട്ടും ഒന്നും പറ്റാത്ത അയാളെ നോക്കി സുഹൃത്ത് നിൽക്കുന്നു.ആ സംഭവം കണ്ടുകൊണ്ടിരുന്ന ആ മനുഷ്യൻറെ ഭാവം ഏതായിരിക്കും?"
അച്ചായൻ വിചാരിച്ചത് , എല്ലാവരും അത്ഭുതപരതന്ത്രനായി നിൽക്കുന്നു എന്ന് പറയുമെന്നാണ്.
"അയാൾ നോക്കി നിൽക്കുകയായിരുന്നോ?"ചോദ്യം ഹുസ്സയിൻറെതാണ് .
"അതെ."
"അയാളൊരു ദുഷ്ടനാണ്.ഒരാൾ മരത്തിൽ നിന്നും വീഴുന്നത് വെറുതെ നോക്കി നിന്ന അവൻ ഒരു ദുഷ്ടനാണ്.അവൻ്റെ ഭാവം ദുഷ്ടത തന്നെ."
അച്ചായൻ പറഞ്ഞു,"ഞാൻ ഇത് കുറച്ചുകൂടി വിശദീകരിക്കാം.ഈ മരത്തിൽ നിന്നും വീണ മനുഷ്യൻ മറ്റൊരു തെങ്ങിൽ കയറി."
"കൊന്നത്തെങ്ങാണൊ.?"
"അതെ."
"എന്നാൽ അവൻ വീണ്ടും താഴെ വീഴും.മിക്കവാറും ചത്തുപോകും."
"അതാണ് രസം, അത്രയും ഉയരത്തിൽ നിന്നും വീണിട്ടും അയാൾക്ക് ഒന്നും പറ്റിയില്ല.ആ വീഴ്ച കണ്ടുനിന്ന
കാഴ്ചക്കാരൻറെ അവസ്ഥ എന്തായിരിക്കും ?"
"മരം കേറാൻ അറിയാത്ത പൊട്ടൻ എന്ന് വിചാരിച്ചു ചിരിക്കും."
അത്ഭുതപരതന്ത്രൻ എന്ന വാക്ക് പറയിച്ചേ അടങ്ങൂ എന്ന വാശിയിൽ അച്ചായൻ പറഞ്ഞു,"ഈ മനുഷ്യൻ മറ്റൊരുമരത്തിൽ കയറി വളരെ ഉയരമുള്ള മരം..."
"ബാക്കി ഞാൻ പറയാം." ഹുസ്സയിൻ പറഞ്ഞു."അവൻ ആ മരത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണു പക്ഷെ അയാൾക്ക് ഒന്നും സംഭവിച്ചില്ല.അതുകണ്ടു നിന്ന് ആൾക്ക് എന്ത് തോന്നിയിട്ടുണ്ടാകും? കാണുന്ന മരത്തിൽ എല്ലാം വലിഞ്ഞു കേറി താഴെ വീഴുന്ന പൊട്ടൻ എന്ന് കരുതും."
അരിശം വന്ന അച്ചായൻ അലറി," എന്നാലും നീ അത്ഭുതപരതന്ത്രൻ എന്നുപറയില്ല അല്ലേ ?"
"അതെന്തിനാ അവൻ കാണുന്ന മരത്തിലെല്ലാം വലിഞ്ഞു കയറുന്നത് ?"ഹുസൈൻ.
സുകുമാരൻ ചാടി എഴുന്നേറ്റു,"അത് പറയിക്കണം എന്ന് നിനക്കെന്താ ഇത്ര നിർബ്ബന്ധം?"
കൈ ചുരുട്ടി അച്ചായനുനേരെ സുകുമാരൻ നീങ്ങി,"അവൻ്റെ അത്ഭുത...............അത്ഭുത......ബാക്കി എന്താടാ ഹുസ്സയിനെ ?"
"നിൽക്കൂ." ഞാൻ പറഞ്ഞു.
"എന്താ?"സുകുമാരൻ.
"ഇപ്പോൾ ഇത്രയും മതി ഇനി ബാക്കി ബിരിയാണി കഴിച്ചിട്ട്."
ബിരിയാണിയുടെ പാക്കറ്റുകൾ വിതരണം ആരംഭിച്ചു.എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജോർജ്കുട്ടി ചോദിച്ചു ,"അപ്പോൾ റിപ്പോർട്ട് പാസ്സാക്കാം അല്ലെ?"
"അതെ പാസ്സാക്കാം."എല്ലാവരും ഒന്നിച്ചുപറഞ്ഞു.
ട്രഷറർ ചോദിച്ചു," ഈ വർഷത്തെ നമ്മളുടെ അക്കൗണ്ട് നമ്മുക്ക് പാസ്സാക്കാം അല്ലെ?" എല്ലാവരും പറഞ്ഞു,"പാസ്സാക്കാം."
റിപ്പോർട്ടും അക്കൗണ്ടും പാസ്സാക്കി കഴിഞ്ഞു. ജോർജ്കുട്ടി പറഞ്ഞു,"നമ്മളുടെ ഈ ഐക്യം ഒത്തൊരുമ എന്നെ അത്ഭുതപരതന്ത്രനാക്കുന്നു."
ഹുസ്സയിൻ പെട്ടന്ന് ചോദിച്ചു,"അപ്പോൾ മരത്തിൽ കയറി താഴേക്ക് വീണില്ലെങ്കിലും അത്ഭുതപരതന്ത്രൻ ആകുമോ?"
ജോർജ്കുട്ടി ഒരുപാക്കറ്റ് ബിരിയാണികൂടി ഹുസ്സയിൻറെ അടുത്ത കൊണ്ടുവന്ന് വച്ചു.
"ഇതുകൂടി കഴിക്കൂ .മരത്തിൽ കയറി വീഴാതെ അത്ഭുതപരതന്ത്രനാകാം ."
സുകുമാരൻ ചോദിച്ചു,"ഭക്ഷണത്തിന് ശേഷം നമ്മൾ അത്ഭുത .............ആ എന്തെങ്കിലുമാകട്ടെ അതിനെക്കുറിച്ചു് ചർച്ച ചെയ്യുന്നുണ്ടോ?"
"ബിരിയാണികഴിച്ചു എല്ലാ പ്രശനങ്ങളും പരിഹരിച്ച നമ്മളുടെ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും കുറിച്ചു് ആലോചിക്കുമ്പോൾ ഞാൻ അത്ഭുതപരതന്ത്രൻ ആകുന്നു.ഈ പേര് എൻ്റെ അടുത്ത കഥാപ്രസംഗത്തിന് കൊടുക്കാം എന്നുവിചാരിക്കുന്നു."കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.
"എന്നാൽ നമ്മളുടെ പൊതിയോഗം പിരിച്ചുവിടാം അല്ലെ?"സുകുമാരൻ.
"പൊതിയോഗം അല്ല ,പൊതുയോഗം."രാധാകൃഷ്ണൻ തിരുത്തി.
"പൊതികൊടുത്തു യോഗം നടത്തുന്നതുകൊണ്ട് ഇത് പൊതിയോഗം തന്നെ." സുകുമാരൻ ഉടക്കാനുള്ള ലക്ഷണമാണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കി പ്രസിഡണ്ട് പറഞ്ഞു,പ്രധാനമായ തീരുമാനങ്ങൾ എടുത്തുകഴിഞ്ഞതുകൊണ്ട് ,യോഗം പിരിച്ചുവിട്ടിരിക്കുന്നു".