നടപ്പ് ഒരു ദീനമായി കിനാശ്ശേരിയെ പുണരും മുൻപുള്ള കാലം!
കൃശോദരികളും കൃശഗാത്രന്മാരും വാണിരുന്ന, ചിന്തകപ്പക്ഷികൾ പറന്നിരുന്ന കാലം!
അന്ന് രാവിലെ സ്ക്കൂളിലേക്കുള്ള പാച്ചിലിനു മുൻപാണ് കമലാക്ഷി ടീച്ചറതു ശ്രദ്ധിച്ചത്.
വേനലായതിനാൽ തുളസിച്ചെടികൾ വാടാൻ തുടങ്ങിയിരുന്നു. അമ്പലത്തിൽ ശ്രീഭൂതനാഥനും പാറൂട്ടിയമ്മയ്ക്കും വേണ്ട തുളസിക്കതിർ കമലാക്ഷി ടീച്ചറുടെ അമ്മായിയമ്മ, സാവിത്രിയുടെ complementary ഓഫറാണ്.
താനായിട്ടതു മുടക്കണ്ട എന്നു ടീച്ചറും കരുതി. അതുകൊണ്ടാണ് നല്ലൊരു കാറ്റത്ത് പറന്നു പോകാൻ മാത്രം കനമുള്ള ടീച്ചർ സ്ക്കൂളിൽ പോകും മുൻപ് തുളസിച്ചെടിയ്ക്ക് വെള്ളം പാർന്നേക്കാമെന്നോർത്തത്.
മുള്ളുവേലി പൊളിഞ്ഞു തുടങ്ങിയിരുന്നു അതിലേയ്ക്ക് നോക്കിനിൽക്കെയാണ് ടീച്ചറുടെ മുന്നിലൂടെ രണ്ടു കാലുള്ള ഒരു ആനക്കുട്ടി ഓടിപ്പോയത്.
ടീച്ചർ കണ്ണു തുടച്ച് ഒന്നുകൂടി നോക്കുമ്പോഴേയ്ക്കും ആനക്കുട്ടിയെ കാണാതായി.
തനിയ്ക്ക് ചിന്നനിളകിയെന്നു പറയും ഇക്കാഴ്ച്ചയെ കുറിച്ചു പറഞ്ഞാലെന്നോർത്ത് അവരൊന്നും മിണ്ടാതകത്തു പോയി.
പോത്തുപോലെ കിടന്നുറങ്ങുന്ന മൂത്ത മകൻ (വിവേകമില്ലാത്ത) വിവേക് കുമാറിന് നല്ലൊരു അടി കൊടുത്തുണർത്തി.
ചെക്കൻ ഞെട്ടിയുണർന്ന് കാറി,
"ഞാൻ സംസ്കൃതം വാർത്ത കേക്കായിരുന്നു"
"ആദ്യം നിനക്ക് കിനാശ്ശേരി(ഭാഷ) ശരിയ്ക്ക് മനസ്സിലാകട്ടെ എന്നിട്ടാവട്ടെ സംസ്കൃതം" എന്ന് ടീച്ചറും തിരിച്ചടിച്ചു.
അപ്പോഴാണ് കണ്ടത്, ഭർത്താവ് കമലാസനൻ നായർ മുണ്ടും മടക്കിക്കുത്തി ചെരിപ്പിട്ട്, പുറത്തേയ്ക്കിറങ്ങാനൊരുങ്ങി നിൽക്കുന്നു.
"അയ്യോ ചേട്ടൻ നേരത്തെ ഉണർന്നോ?"
"ഞാൻ ഇപ്പോ ചായയിടാം"
ടീച്ചർ ഭർത്താവിനെ സോപ്പിട്ടു.
രാവിലെ ഉണർന്ന ഉടനെ ചായ കിട്ടിയില്ലെങ്കിൽ വീടു മറിച്ചു വയ്ക്കുന്ന കമലാസനൻ നായർ സൗമ്യനായി പറഞ്ഞു,
"അടുക്കളേല് ചെന്നപ്പോ നിന്നെക്കണ്ടില്ല, ഏതായാലും ഷേവുചെയ്യണം, മുടീം വെട്ടണം, ദാമോദരന്റെ കടേന്ന് കുടിച്ചോളാം"
വെളുത്ത കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് പുറത്തു പോയി നോക്കണമെന്നോർത്തു ടീച്ചർ.
പക്ഷേ, 'ഇന്നലേല്ലേ ഷേവ് ചെയ്തത്.
ആ എന്തെങ്കിലുമാട്ടേ, വൃത്തിയായിട്ടു നടക്കട്ടെ. നാട്ടുകാരുമായിട്ട് അടുപ്പമുണ്ടാവുന്നതും നല്ലതല്ലെ' ടീച്ചറോർത്തു.
പണിക്കാരി ഒറോതയ്ക്ക് ചായകൊടുക്കവെ ടീച്ചർ ചോദിച്ചു
"ഇന്ന് മാപ്ളയ്ക്ക് പണി വല്ലതുമുണ്ടോ?
"ഇഡ്ഡലി ഉണ്ടാക്കീതധികോണ്ട് പോവുമ്പോ, നാലെണ്ണം മാപ്ലയ്ക്ക് കൊടുക്കാനെടുത്തോളൂ.
"അതിയാനിപ്പോ, രാവിലെ നേരത്തെ എണീറ്റ് ദാമോദരന്റെ ചായക്കടയിൽ പണിയ്ക്കു പോകും, ചായേം പലാരോം അവിടുന്നൊക്കും.
"അത്രേങ്കിലത്രേം"
"അതെങ്കിലും സ്വയം പണിയെടുത്തുണ്ടാക്കുന്നുണ്ടല്ലൊ, ആൾക്കാര് നന്നാവാനും ചീത്ത്യാവാനും അധികം നേരമൊന്നും വേണ്ട ഒറോതെ"
ടീച്ചറൊരു ലോക തത്വം പറഞ്ഞു.
പണിതീർത്ത് കുളിച്ചു തയ്യാറായി ടീച്ചർ സ്കൂളിലേയ്ക്ക് പോയി.
അവിടെ ചെന്നപ്പോൾ പത്തൽ തലയ്ക്കലെ പദ്മനാഭൻ സാറുണ്ട് പുലികളിയ്ക്കെന്ന പോലെ കുട(വയറിനെ) കൊട്ടയിലാക്കിയതുപോലുള്ള വലിഞ്ഞു നിൽക്കുന്ന ബനിയനും ഒരു പാൻറുമൊക്കെയണിഞ്ഞു നിൽക്കുന്നു.
ഒരു വിചിത്ര ജീവിയെ നോക്കും പോലെ മറ്റദ്ധ്യാപകരെല്ലാം സാറിനെ നോക്കി ചുറ്റും നിൽക്കുന്നു.
"എന്താ സാറെ മുണ്ടുടുക്കാതെ" എന്ന കമലാക്ഷി ടീച്ചറുടെ നർമ്മത്തിന് പദ്മനാഭൻ സാറൊന്നമ്പരന്ന് താഴേയ്ക്ക് പാളി നോക്കി. എല്ലാം സ്ഥാനത്തു തന്നെയല്ലേ എന്ന്.
കുഞ്ഞുക്കുട്ടൻ മാഷാണുത്തരം പറഞ്ഞത്
"പപ്പനാവൻ സാറ് ആരോഗ്യ ശ്രീമാനാവാൻ പോണൂ ത്രേ"
"സാറിനെന്താ ആരോഗ്യത്തിനു കുഴപ്പം?"
"കുടവയറ്, കഷണ്ടി, ചെവിയിൽ പൂട..... എല്ലാം തികഞ്ഞ് ത്തിരി മുമ്പ്ട്ടന്യല്ലേ ഇപ്പത്തന്നെ നിക്കണത്?"
"ദേവിക ടീച്ചർക്കറിയ്യോ ദ്"?
ദേവിക, പദ്മനാഭന്റെ ഭാര്യയും, പുഴയ്ക്കക്കരെ നഗരത്തിലെ സ്ക്കൂളിലെ അദ്ധ്യാപികയുമാണ്.
"ഇല്ല, ദേവിക ടീച്ചറു നേരത്തെ പോയി വൈകി വീടണയുന്ന ആളല്ലെ?"
ഉത്തരം പറഞ്ഞത് തിരിച്ചുപോരും വഴി കൂട്ടുകാരിയും അയൽവാസിയുമായ മായ ടീച്ചറാണ്.
ടീച്ചർ വേറൊന്നുകൂടി പറഞ്ഞു, പുറം നാട്ടിലെങ്ങോ ഉള്ള ഒരു കുടുംബം കിനാശ്ശേരിയിൽ വീടു വാങ്ങിച്ചു പൊറുതി തുടങ്ങിയിരിയ്ക്കുന്നു.
''ഏതു വീട്?"
"നമ്മുടെ കിനാശ്ശേരി മാമന്റെ"
"ടീച്ചറിതൊന്നും അറിഞ്ഞില്ലെ?"
"എന്താന്റെ ടീച്ചറെ, നിങ്ങളേതു ലോകത്താ ജീവിക്കണേ?"
മായ ടീച്ചർ പരിഹസിച്ചു.
"ആ വീട്ടിലെ, ശരീരം കാറ്റടിച്ചു വീർത്ത പോലുള്ള സ്ത്രീ അതിരാവിലെ പാന്റും ഷർട്ടുമൊക്കെ ഇട്ട് കിനാശ്ശേരിയ്ക്കു ചുറ്റും ഓടുമത്രെ".
"ഇപ്പൊ പൊഴേല് വെളളല്യാലോ, അദോണ്ട് മണപ്പൊറത്തൂട്യാ ഇപ്പൊ അഭ്യാസം ന്നാ കേട്ടത്"
(ആകെ ഉലഞ്ഞുള്ള) "ആ ഓട്ടം കാണാൻ, കിനാശ്ശേരിയിലെ പുരുഷാരം മുഴുവൻ കള്ളുഷാപ്പിനു മുന്നിലുള്ള ചായക്കടയ്ക്കു പുറത്തുള്ള വരാന്തയിൽ നിരന്നിരിയ്ക്കും ന്നാ പറേണേ"
"ജാതി മത ഭേദമന്യെ എല്ലാരും നല്ല ഒത്തൊരുമയോടും, സഹകരണത്തോടുമിരുന്നാ കാഴ്ച്ച കാണണേന്നാ കേൾവി"
മായ ടീച്ചർ ശബ്ദം താഴ്ത്തിപ്പറഞ്ഞു,
"പദ്മനാഭൻ സാറ് മുണ്ടുടുക്കാതായതും ആ ഓട്ടത്തിന് കമ്പനി കൊടുക്കാനാ ത്രേ".
"രാവിലെ ണീറ്റ് എല്ലാം ഒരുക്കി വച്ചിട്ട്, ദേവിക പോവൂല്ലോ? പിന്നെ മാഷക്കെന്താ പണി?"
"വെറ്തെ കടേടെ മുന്നില് കുത്തിയിരിയ്ക്കാൻ ചായക്കടക്കാരൻ ദാമോദരനാരേം സമ്മയ്ക്കില്ലാത്രേ". "ഏതായാലും, അയാൾടെ കടേല് ഭയങ്കര കച്ചോടാന്നാ പറയണേ,
"അവരായി, അവര്ടെ പാടായി. എന്തായാ നമ്ക്കെന്താ ല്ലേ ടീച്ചറെ"?
മായ ടീച്ചർ ഉപസംഹാരമെന്നോണം പറഞ്ഞു.
ഇപ്പോൾ കമലാക്ഷി ടീച്ചർക്ക് രാവിലെ താൻ കണ്ടത് രണ്ടു കാലുള്ള ആനക്കുട്ടിയെത്തന്നെ എന്നു പറയാൻ ധൈര്യം വന്നു.
"അപ്പോൾ അതാണ്......" ടീച്ചർ തുടങ്ങി.
"ഏത്?"
"ഏയ് ഒന്നൂല്യ"
എന്തോ പെട്ടെന്നോർമ്മ വന്ന് ടീച്ചർ തിരക്കിട്ടു വീട്ടിലേയ്ക്കു നടന്നു,
"ചെന്നിട്ടു വേണം".....
# kinasserikkalam article by Rani b menon