കളിയും കുളിയുമായിരുന്നു ഞങ്ങളുടെ ബാല്യത്തിന്റെ കളിയാട്ടം.
കളികൾ പലതുണ്ടായിരുന്നെങ്കിലും പന്തുകളിയോളം ഹരം തന്നില്ല വേറൊന്നും . കിട്ടുന്നതെന്തും പന്തായി തട്ടാനുള്ള ആ മോഹം അടക്കാൻ വയ്യാത്തതായിരുന്നു. വീട്ടിന്റെ ഇറയത്തോ കളത്തിലോ ഒറ്റയ്ക്കാകുമ്പോൾ ചകിരിയോ ചിരട്ടയോ തട്ടിയാണ് ആ കൊതി തീർക്കാറ് . പൊടിയാവും, നിലം കിളരും എന്നൊക്കെ എന്നൊക്കെ അമ്മമ്മയും ഇളയമ്മയും ചീത്ത പറയും . അപ്പോ , ഞാൻ ചോദിക്കും - പൊടിയാവണ്ടെങ്കില് പന്ത് മേണിക്കാൻ പൈസ താ ...
അന്ന് റബ്ബർപ്പന്ത് കൊണ്ടുള്ള കളിയായിരുന്നു സജീവം. സ്കൂളിന്റെ അടുത്തുള്ള ജലീൽച്ചയുടെ പീടികയുടെ മുമ്പിൽ തന്നെ തൂക്കിയിട്ട ഒരു വലസഞ്ചിയിൽ നിന്ന് ചുവപ്പും നീലയും മഞ്ഞയും പച്ചയും നിറമുള്ള റബ്ബർപ്പന്തുകൾ ഞങ്ങളെ കൊതിപ്പിച്ചു. രണ്ട് മൂന്ന് വലിപ്പങ്ങളിലുള്ളതാണ്. ഒരു രൂപയുടേത് വളരെ ചെറുതാണ്. മൂന്ന് രൂപയുടേത് ഏറ്റവും വലുതും .
വീട്ടിൽ നിന്ന് ലണ്ടൻ കേക്കും ഒയലിച്ചയും വാങ്ങാൻ കരഞ്ഞു മേടിച്ച അഞ്ചു പൈസയും പത്തു പൈസയും ചേർത്ത് ഞങ്ങൾ അഞ്ചു പത്ത് പേർ ചേർന്ന് മൂന്ന് രൂപയുടെ പന്ത് തന്നെ വാങ്ങി. അവിടെ നിന്നു തന്നെ നിരത്തിലൂടെ തട്ടി തട്ടിയാണ് സ്കൂൾ ഗ്രൗണ്ടിലെത്തുക.
നിരത്ത് എന്നാൽ ചരൽ റോഡ്. വാഹനം അപൂർവം . വല്ലപ്പോഴും ഒരു ജീപ്പ് പോയാലായി. ഓട്ടോ റിക്ഷ റോഡിലിറങ്ങിയിട്ടില്ല അന്ന് . കാളവണ്ടികൾ പലതുണ്ടായിരുന്നു. അന്ന് നിരത്തായ നിരത്തെല്ലാം കുട്ടികൾക്ക് കളിക്കാനുള്ളത് കൂടിയായിരുന്നു.
പന്ത് കാലിൽ തട്ടാൻ കിട്ടിയാൽ പിന്നെ, അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും ആനമദിപ്പായിരുന്നു. പത്താളുടെ ആവേശത്തട്ടലിൽ എത്രയെത്ര പന്തുകളാണ് ഒന്നും രണ്ട് ദിവസത്തിനുള്ളിൽ നെടുകെ പിളർന്ന് ഞങ്ങളെ സങ്കടപ്പെടുത്തിയത് . പൊട്ടിയ ആ കഷണങ്ങൾ ചൂടി കൊണ്ട് തലങ്ങനെയും വിലങ്ങനെയും കെട്ടിയും കളിക്കാൻ ശ്രമിക്കും. മൈതാന മധ്യത്തു നിന്ന് ഏതെങ്കിലും ഭാഗത്തേക്ക് പാസ് ചെയ്ത് നീങ്ങുമ്പോഴേ കെട്ടഴിയും. പന്ത് കളിക്കുന്നതിനേക്കാൾ കൂടുതൽ നേരം ആ ചൂടി കെട്ടലിനായിരന്നു. ചൂടിക്കഷണവും പരതി ആ മൈതാനത്ത് എല്ലാ വരുടെയും വക ഒരു പരക്കം പാച്ചിലുണ്ട്. നിധി പോലും അത്ര ജാഗ്രതയോടെ ആരും പരതിയിട്ടുണ്ടാവില്ല. തട്ടിപ്പൊട്ടുന്ന ആ റബ്ബർപ്പന്തിന്റെ ഗൃഹാതുരത്വത്തിൽ പിൽക്കാലത്ത് യുവ കവി മോഹനകൃഷ്ണൻ കാലടി പിൽക്കാലത്ത് പന്തു കായ്ക്കും കുന്ന് എന്നൊരു കവിതയെഴുതിയിട്ടുണ്ട്.
കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ ,
മണ്ണു മാന്തിയെടുക്കുന്ന
കൈകളിൽ
പന്തു പോലൊന്ന് കിട്ടിയാൽ
നിർത്തണേ ,
ഒന്നു കൂക്കി വിളിച്ചറിയിക്കണേ ..
പണ്ട് ഞങ്ങൾ
കുഴിച്ചിട്ടതാണെടോ
പന്തു കായ്ക്കും മരമായ്
വളർത്തുവാൻ ...
ജേസീബിക്കാലത്ത് ഒരു വിയിലുണർന്ന പണ്ടത്തെ റബ്ബർപന്ത് ! മരത്തിൽ പന്ത് കായ്ച്ചാൽ ഓരോ ദിവസവും ഓരോന്ന് പറിച്ചെടുത്ത് കളിക്കാലോ ?
ദിവസം ദിവസം പന്തു വാങ്ങാൻ ആര് പൈസ തരാനാണ് ? എന്നാലൊന്നും കളിക്കാനുള്ള ഞങ്ങളുടെ ആവേശം തോറ്റു പിന്മാറില്ല. കീറച്ചാക്കിന്റെ കഷണത്തിൽ കടലാസു ചീളുകൾ ഉരുട്ടി ഉരുട്ടി വച്ച് പൊതിഞ്ഞ് വാഴക്കയറ് കൊണ്ട് പൊതിഞ്ഞ് ആലക്കാടൻ ഫുട്ബോൾ ഉണ്ടാക്കി. അത് മിക്കവാറും ഗോൾ മുഖത്ത് പല ചീളുകളായി ചിതറി. അതിൽ ഒരു ചീളെങ്കിലും പോസ്റ്റിൽ കടന്നു വീണാൽ അടിച്ച വനും ടീമും ആർത്തുവിളിക്കും ഗോളെന്ന് . ഒരു ചീളെങ്കിലും പുറത്താണെങ്കിലോ ? ആ ഗോളിയും അവന്റെ ടീമും ആക്രോശിക്കും - ഗോളാ ? പോടാ ... അങ്ങനെ അന്നത്തെ കാൽപ്പന്തുകളി പലപ്പോഴും വാക്കേറ്റത്തിലും കൈയ്യാങ്കളിയിലുമാണ് അവസാനിച്ചത്.
തട്ടിയാൽ കൊതി തീരാത്ത റബ്ബർപ്പന്തും കൊണ്ട് ഞങ്ങൾ കുളത്തിലും ചാടി വീണു. ആലക്കാട്ടേ പഴയ ജന്മിയായിരുന്ന മാതനോർ (മാധവൻ നമ്പൂതിരി ) ക്ക് അയാളുടെ തെങ്ങു കവുങ്ങിൻ തോട്ടത്തിൽ വെള്ളമടിക്കാൻ ഒരു ചെറിയ കുളമുണ്ടായിരുന്നു. കുളിക്കാനെന്നും പറഞ്ഞ് ഒരു തോർത്തുമെടുത്ത് വന്നാൽ രണ്ട് മൂന്ന് മണിക്കൂർ കുളത്തിൽ നിന്ന് കേറലില്ല. ചെവിയിൽ വെള്ളം കയറുന്നതൊന്നും ശ്രദ്ധിക്കാതെ ചെവിപ്പഴുപ്പ് വന്നിട്ടുണ്ടെനിക്ക് . പുഞ്ചക്കണ്ടത്തിലെ ചെളിയിൽ പെരങ്ങിയും പന്ത് കളിച്ചിട്ടുണ്ട്. അതോർക്കുമ്പോൾ മണ്ണിന്റെ കുളിർഗന്ധം മൂക്കിൽ വന്നടിക്കുന്നു. കൃഷി തേഞ്ഞ് മാഞ്ഞ് പോവാൻ തുടങ്ങിയതോടെ എന്തെല്ലാമാണ് നാടിന് കൈമോശം വന്നത് ?
(തുടരും )
അടുത്തത് - മാന്യഗുരു സ്കൂളിലെ മോഹനൻ മാഷ്
PRAKASHAN KARIVELLOOR # FOOTBALL NOSTALGIA