1991 മെയ് ഇരുപത്തി ഒന്നിനാണ് ഇന്‍ഡ്യയുടെ മുന്‍ പ്രധാനമന്ത്രിയും ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലരെ ശ്രീപെരുമ്പദൂരു വച്ച് രാത്രിസമയത്ത് ഒരു തെരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുക്കവെ ശ്രീലങ്കയിലെ തമിഴ് പുലികള്‍ എന്ന ഭീകരവാദികള്‍ നിയോഗിച്ച ഒരു ഘാതകസംഘത്തില്‍പ്പെട്ട ധനു എന്ന സ്ത്രീ മനുഷ്യബോംബ് ഛിന്നഭിന്നമായി പൊട്ടിത്തെറിപ്പിച്ച് അതിക്രൂരമായി വധിക്കുന്നത്. ഇന്‍ഡ്യയുടെ നെഞ്ചില്‍ പൊട്ടിയ മനുഷ്യ ബോംബ് ആയിരുന്നു അത്. ഭീകരാക്രമണത്തില്‍ രാജീവ് ഗാന്ധി മാത്രമല്ല കൊല്ലപ്പെട്ടത്. എട്ട് പോലീസുകാരും ഏവ് സാധാരണ ജനങ്ങളും ഉള്‍പ്പെടെ പതിനഞ്ചു പേരും കൊല്ലപ്പെടുകയുണ്ടായി. 26 പേര്‍ക്ക് ഗുരുതരമായ പരിക്കും ഏല്‍ക്കുകയുണ്ടായി. 1998-ല്‍ ഒരു വിചാരണ കോടതി പ്രതികളായ 26 പേരെയും വധശിക്ഷക്ക് വിധിച്ചു. ഇവരില്‍ ചിലരുടെയെല്ലാം വധശിക്ഷ സുപ്രീംകോടതി ഇളവു ചെയ്യുകയും പലപ്പോഴായി വിട്ടയയ്ക്കുകയും ചെയ്തു. ഇവരില്‍ അവശേഷിച്ച ആറുപേരെ സുപ്രീം കോടതി നവംബര്‍ പതിനൊന്നിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം ജയില്‍ വിമുക്തരാക്കി. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇന്‍ഡ്യയുടെ ഒരു മുന്‍ പ്രധാനമന്ത്രിയെ വിദേശ ഭീകരപ്രവര്‍ത്തകര്‍ വധിച്ച കേസില്‍ ആണ് കുറ്റവാളികള്‍ കഴുകുമരത്തിന്റെ ചുവട്ടില്‍ നിന്നും കൈയ്യും വീശി നടന്നുപോയത്. ഇത് നീതിയാണോ രാഷ്ട്രീയമാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് മൗനം പാലിച്ചു. എന്നാല്‍ നവംബര്‍ 17ന് കേന്ദ്ര ഗവണ്‍മെന്റ് സ്ുപ്രീം കോടതിയില്‍ ഒരു റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തു രാജീവ് ഗാന്ധി ഘാതകരെ വിട്ടയച്ചതിനെതിരെ. നവംബര്‍ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ നടക്കുന്ന 70 രാജ്യങ്ങള്‍ പങ്കെടുന്ന ദ്വിദിന ഗ്ലോബല്‍ ഭീകരവാദവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേന്ന് ആണ് ഈ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത് എന്നത് യാദൃശ്ഛികം ആയിരിക്കാം. റിവ്യൂ പെറ്റീഷനില്‍ ഗവണ്‍മെന്റ് നവംബര്‍ പതിനൊന്നിലെ വിധി പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു മുന്‍ പ്രധാനമന്ത്രിയെ വധിച്ച വിദേശ ഭീകരവാദികളെ വിട്ടയച്ചത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കോടതി ഇതിനു മുമ്പു മോചിപ്പിച്ചപ്പോള്‍ ഇങ്ങനെ ഒരു റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാത്തതിനെ ന്യായീകരിക്കുവാനായി ഗവണ്‍മെന്റ് പറഞ്ഞു ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടവരില്‍-നളിനിശ്രീഹരന്‍ ശാന്തന്‍ അഥവാ രവിരാജ്, മുരുഗന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍- നാലുപേരും വിദേശ ഭീകരവാദികള്‍ ആണ്. പേരിറിവാളനാകട്ടെ ഇന്‍ഡ്യക്കാരന്‍ ആണ്. കേന്ദ്രത്തിന്റെ ദൃഷ്ടിയില്‍ ഇന്‍ഡ്യന്‍ ഭീകരവാദിയെക്കാള്‍ ഭീകരന്‍ ആണ് വിദേശഭീകരന്‍ എന്നുണ്ടോ? ഇതുപോലെ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ സുപ്രീം കോടതി ഗവണ്‍മെന്റിന്റെ വാദം കേള്‍ക്കുക ഉണ്ടായില്ല എന്നൊരു പരാതിയും ഉണ്ടായി. ഈ വിധിക്ക് ഗൗരവമായ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും ഗവണ്‍മെന്റ് ബോധിപ്പിച്ചു. ഒരു ആഗോള ഭീകരവിരുദ്ധ സമ്മേളനത്തിനുമുമ്പു ഗവണ്‍മെന്റ് ഇങ്ങനെ ഒരു റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത് എന്തുതന്നെ ആയാലും രേഖയായി. ബി.ജെ.പി.യും കോണ്‍ഗ്രസും വിവിധ ഘട്ടങ്ങളില്‍ രാജീവ് വധക്കേസിലെ ചില പ്രതികളുടെ ശിക്ഷ ഇളവു ചെയ്യണമെന്ന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഇവര്‍ ഡി.എം.കെ.യുടെയും എ.ഐ.ഡി.എം.കെ.യുടെയും സഖ്യകക്ഷികള്‍ ആയിരുന്നു. സഖ്യകക്ഷി രാഷ്ട്രീയത്തില്‍, വന്‍കക്ഷിയുടെ രാഷ്ട്രീയ നിലപാട് അനുസരിച്ച് കുറ്റത്തിന്റെ ഗൗരവം കുറയുമായിരിക്കും. ചെറുകക്ഷികള്‍ക്ക് അത് അപ്പോള്‍ സ്വീകര്യവും ആയിരിക്കും. സഖ്യം വിടുമ്പോള്‍ നിലപാടും മാറും. അപ്പോള്‍ ഘാതകര്‍ തീവ്രവാദികളാകും. ചിലര്‍ വിദേശ തീവ്രവാദികള്‍ ആകും ഇപ്പോള്‍ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ പറഞ്ഞതുപോലെ. അതിനാല്‍ അവരെ ഒരു കാരണവശാലും വിട്ടയച്ചുകൂട. രാജീവ്ഘാതകരെ വിട്ടയച്ചുകൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിനെ നിശിതമായി വിമര്‍ശിച്ചു.
ഗാന്ധികുടുംബം രാജീവ് ഘാതകര്‍ക്ക് മാപ്പു കൊടുക്കുകയുണ്ടായി. സോണിയ ഗാന്ധി നളിനിയുടെ ശിക്ഷ ഇളവു ചെയ്യുവാനായി അഭ്യര്‍ത്ഥിച്ചിരുന്നു. കാരണം അവര്‍ക്ക് ജയിലില്‍ വച്ചുണ്ടായ ഒരു കുട്ടി ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി ജയിലിലെത്തി നളിനി ഉള്‍പ്പെടെയുള്ള പ്രതികളെകണ്ട് മാപ്പുകൊടുത്തു. രാഹുല്‍ ഗാന്ധിയും പ്രതികളോടു ക്ഷമിച്ചു എന്ന് പറയുകയുണ്ടായി. പക്ഷേ, കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കന്മാര്‍ ക്ഷമിച്ചില്ല. ആദ്യമായിട്ടാണെങ്കിലും അവര്‍ സോണിയാഗാന്ധിയോടുള്ള വിയോജിപ്പിച്ച് പരസ്യമായി പ്രകടിപ്പിച്ചു. അത്രയും നല്ലത്. ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് ഇവരുടേതായ രാഷ്ട്രീയം ഉണ്ട്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുളളത് രാജീവ്ഗാന്ധിയോടുള്ള വിശ്വസ്തത. ഗാന്ധികുടുംബത്തിന്റേത് തമിഴ് പ്രീണനം. രാജീവ് ഘാതകരോടുളള സമീപനത്തില്‍ എ.ഐ.ഡി.എം.കെ. നേതാവ് ജയലളിതയുടെ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. 2006-ല്‍ ഘാതകരെ ഒട്ടു താമസിക്കാതെ തൂക്കികൊല്ലണമെന്നും താമസം സി.ബി.ഐ.യോടും തമിഴ് ജനതയോടുമുള്ള അപമാനമാണെന്നും പ്രഖ്യാപിച്ച ജയലളിത പിന്നീട്(2009) ഏഴു തടവുകാരെ മോചിപ്പിച്ചു സുപ്രീം കോടതി മുഖാന്തിരം.
2018- ല്‍ എ.ഐ.ഡി.എം.കെ. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതനു നല്‍കിയ ഒരു അപേക്ഷയില്‍ ആണ് തടവുകാരെ മോചിപ്പിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഡി.എം.കെ.യും ഇതിനെ പിന്തുണച്ചു. പക്ഷേ, ഗവര്‍ണ്ണര്‍ അനങ്ങിയില്ല. 2021-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഡി.എം.കെ.യുടെ മുഖ്യമന്ത്രി എം.കെസ്റ്റാലിനും ഇത് രാഷ്ട്രപതി ആര്‍.എന്‍. കോവിന്തിന്റെ മുമ്പാകെയും പ്രധാനമന്ത്രി മോദിയുടെ സന്നിധിയിലും ബോധിപ്പിച്ചു. ഫലം ഉണ്ടായില്ല. അപ്പോഴാണ് സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 142 പ്രകാരം ഇടപെട്ട് നിതീ നടപ്പാക്കിയത്. ഇത് നീതി ആയിരുന്നോ അതോ നിലവിലിരിക്കുന്ന നീതി-ന്യായ-നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതായിരുന്നോ എന്ന് വരും കാലങ്ങളില്‍ മനസിലാകും.
രാജിവ്ഗാന്ധി 1991-ല് വീണ്ടും പ്രധാനമന്ത്രി ആകുവാതിരിക്കുവാനായി തമിഴ്പുലികളുടെ നേതാവ് വേലുപ്പള്ളി പ്രഭാകരന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് വധം. ഇത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില് ഒരു ഭീകരസംഘടന കൈകടത്തിയതിന് തുല്യം ആണ്. ഇന്‍ഡ്യയുടെ ആഭ്യന്തര സുരക്ഷക്കും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നേരേ ഉയര്‍ത്തിയ വെല്ലുവിളി ആയിരുന്നു ഇത്. ഇതിനെയാണ് സുപ്രീംകോടതി ലഘുവായി കണ്ടത്. 31 വര്‍ഷം പ്രതികള്‍ ജയിലില്‍ കഴിച്ചു എന്നത് വാസതവം ആണ്. ഇതു കണക്കിലാക്കി ഇവരെ മോചിപ്പിക്കാമായിരുന്നുവോ? ഗവണ്‍മെന്റിന്റെ റിവ്യൂ ഹര്‍ജ്ജി ഇതിന്റെ അന്താരാഷ്ട്ര വ്യാപ്തിയും ആഗോള ഭീകരവാദവും ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെടും. കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതും അവര്‍ പശ്താത്തപിച്ചാല്‍ ക്ഷമിക്കുന്നതും അവരെ വിട്ടയക്കുന്നത് പുതിയ ഒരു ജീവിതം നയിക്കുവാന്‍ സഹായിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമാണ്. എന്നാല്‍ ഒരു ഭീകരവാദി ഒരു ഭീകരവാദി ആണ് എന്ന് സമീപനത്തിനു മറുപടി നല്‍കുവാന്‍ സുപ്രീംകോടതിക്കോ നിയമവ്യവസ്ഥയ്‌ക്കോ കഴിയുകയില്ല. ഭീകരവാദികളെ സൃഷ്ടിക്കുന്ന മത-രാഷ്ട്രീയ അന്തരീക്ഷമാണ് വിഷലിപ്തം. പരിഹാരം ഇതിനാണ് കാണേണ്ടത്. ഭീകരവാദികളില്‍ ദേശ-വിദേശ വ്യത്യാസം ഇല്ല. രാജീവ് വധവും ഭീകരവാദ രാഷ്ട്രീയ പ്രേരിതം ആയിരുന്നു. പ്രതരണങ്ങളും രാഷ്ട്രീയം ആയിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജ്ജിയും രാഷ്ട്രീയപ്രേരിതം തന്നെ.