ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് 1978 ലെ ലോകകപ്പ് എന്ന് ഇന്നറിയാൻ കഴിയുന്നു. അർജന്റീനയിൽ പട്ടാള ഭരണം നിലനിൽക്കെ നടത്തിയ കളിയിൽ ഹോളണ്ടിനെ മൂന്നേ ഒന്നിന് തോൽപ്പിച്ച് അർജന്റീന ജയിച്ചു എന്നത് ചരിത്രജ്ഞാനം മാത്രമാണ്. ഓർമ്മപ്രകാരം ആ രാജ്യങ്ങളുടെ പേരൊന്നും അന്ന് കേട്ടിട്ട് കൂടി ഉണ്ടാവില്ലെന്ന് തീർച്ചയാണ്.
എന്നാൽ മങ്ങിയ ഒരോർമ്മ സഹപാഠികളിൽ ചിലർ ക്ളാസിൽ കൊണ്ടുവന്ന പത്രച്ചിത്രങ്ങളാണ്. അന്നത്തെ പത്രക്കടലാസ് ഒരു മാതിരി ചാക്കിന്റെ നിറം പോലെ മഞ്ഞയാണ് . നനഞ്ഞാൽ കുതിർന്ന് വേഗം കീറിപ്പോകുന്നത്. പത്രത്തിൽ നിന്ന് കളിക്കാരുടെ ചിത്രങ്ങൾ മുറിച്ചെടുത്ത് ചങ്ങാതിമാരെ കാണിക്കുന്നത് ഒരു ഗമയായിരുന്നു അന്ന് . തീപ്പെട്ടിച്ചിത്രങ്ങളും സ്റ്റാമ്പുകളും ശേഖരിച്ചിരുന്ന എന്നെ ഇത്തരം ചിത്രാന്വേഷണത്തിലേക്ക് തിരിച്ചു വിടാൻ ഈ സംഭവം കാരണമായി.
എന്നാൽ സംഗതി എളുപ്പമായിരുന്നില്ല. ആലക്കാട്ട് ഞങ്ങളുടെ വീട്ടിലോ അയൽവീട്ടിലോ പത്രങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ പീടികയിൽ നിന്ന് സാധനം പൊതിഞ്ഞു കെട്ടി കൊണ്ടുവരുന്ന കടലാസുകൾ വായിച്ച് നോക്കുക അന്നൊരു പതിവായിരുന്നു. വീട്ടു തീപ്പെട്ടിയുടെ പരസ്യമൊക്കെ പത്രത്തിൽ ആവർത്തിച്ചു കണ്ടത് ഓർമ്മയുണ്ട്. അതു പോലെ സാധു ബീഡിയിലെ സന്യാസിയും .
ഈ പത്രക്കടലാസുകളിൽ ഫുട്ബോൾ ചിത്രങ്ങൾ ചികയാൻ തുടങ്ങിയത് 1978 ലാവാൻ സാധ്യതയുണ്ട്. അങ്ങനെ പല ദിവസങ്ങളിലെ പരതലിനിടയിൽ ഒരു കളിക്കാരൻ അടിക്കുന്ന പന്ത് മറ്റൊരു കളിക്കാരൻ തടുക്കുന്ന ചിത്രം കിട്ടി. ശരിക്കും ലോട്ടറി കിട്ടിയ സന്തോഷമായിരുന്നു. അന്ന് അർജന്റീനയെ വിജയത്തിലെത്തിച്ച മരിയാ കെംപസോ മറ്റോ ആയിരിക്കാം. അറിയില്ല. എന്നാലും ആ ചിത്രം ഞാൻ മറന്നിട്ടില്ല. കാരണം വെല്ലം പൊതിഞ്ഞ ആ കടലാസ് ഞാൻ വെള്ളിയാഴ്ച രാത്രിയാണെന്ന് തോന്നുന്നു പുസ്തകത്തിൽ മടക്കി വച്ചത്. തിങ്കളാഴ്ച്ച അതുമെടുത്ത് സ്കൂളിൽ പോയി. ഒന്നാമത്തെ പിരീഡ് മലയാളം പുസ്തകം തുറക്കുമ്പോൾ അത് നിറയെ ഉറുമ്പുകൾ !
കാങ്കോല്ന്ന് വരുന്ന ഒരു ചന്ദ്രൻ എന്റെ കൂടെ പഠിച്ചിരുന്നു. അവനാണ് കളിക്കാരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ കൊണ്ടു വന്നിരുന്നത്. ആ ചിത്രശേഖരം എല്ലാവരെയും അസൂയപ്പെടുത്തി. ഒരു ദിവസം ചന്ദ്രനോട് ചോദിക്കാതെ അവന്റെ ബേഗിൽ നിന്ന് ആ ചിത്രങ്ങളുമെടുത്ത് സുരേശൻ വീട്ടിൽപ്പോയി. ചിത്രം മോഷണം പോയതറിഞ്ഞ് പിറ്റേ ദിവസം ചന്ദ്രൻ സ്കൂളിൽ വന്ന് അലമുറയിട്ട് വീണുരുണ്ട് കരഞ്ഞു.
പ്രശ്നം ശ്രീധരൻമാഷുടെ ചൂരലിന് മുന്നിലെത്തി. ഓരോരാളുടെയും പുസ്തക സഞ്ചി പരിശോധിച്ചു. എനിക്ക് സഞ്ചിയുണ്ടായിരുന്നില്ല. എന്റെ പുസ്തകങ്ങളും നോക്കി. അപ്പോഴാണ് വൈകിയെത്തിയ സുരേശൻ കൈയിൽ നീട്ടിപ്പിടിച്ച ചിത്രങ്ങളുമായി ഓടിക്കൊണ്ടെത്തിയത് -
ചന്ദ്രാ . ഇന്നാ നിന്റെ ചിത്രം . വീട്ടിന്റട്ത്തെ കൂട്ട്കാര കാണിക്കാൻ കൊണ്ടോയതാ .
അതിന് ചോദിക്കാതെ എടുക്കുകയാണോ വേണ്ടത് ? ദേഷ്യം വന്ന് മാഷ് അവന് രണ്ടടി കൊടുത്തു.
കണ്ണിൽ വെള്ളം നിറച്ച് സുരേശൻ പിറുപിറുത്തു - ചോയിച്ചാ ഇവൻ തെരില്ല സാർ...
ആ കാലത്തെ വിദ്യാർത്ഥികളിൽ പലർക്കും ഇങ്ങനെ ചില ശേഖരണ വാസനകളുണ്ടായിരുന്നു. ക്ളാസിൽ നിന്നും അധ്യാപകർ പറഞ്ഞിട്ടും ഇത്തരം ആഭിമുഖ്യങ്ങളില്ലാത്ത കുട്ടികളാണ് ഇന്ന് പലരും. എന്നാൽ അന്ന് ഞങ്ങൾ ആരും പറയാതെയാണ് തീപ്പെട്ടിച്ചിത്രങ്ങളും സ്റ്റാമ്പുകളും പത്രക്കഷണങ്ങളും തേടി നടന്നത്. മഞ്ചാടിയും കുന്നിമണിയുമൊക്കെ എല്ലാവരുടെയും ശേഖരത്തിൽ ഉൾപ്പെട്ടിരുന്നു.
എത്രയോ കാലം നിധി പോലെ കൊണ്ടു നടന്ന ആ സമ്പാദ്യങ്ങളൊക്കെയാവാം അന്നത്തെ ബാല്യകൗമാരങ്ങളെ ഇങ്ങനെ സ്മൃതിസമൃദ്ധമാക്കുന്നത്.
കരിവെള്ളൂരെത്തിയ ഉടൻ എന്റെ പത്രച്ചിത്ര ശേഖരണ ത്വര സിനിമയിലേക്ക് തിരിഞ്ഞു. അതിന് കാരണം 1980 ൽ ജയന്റെ മരണമായിരുന്നു. സിനിമാച്ചിത്രങ്ങൾ പഴയ നോട്ടു പുസ്തകത്തിലൊട്ടിച്ച് ഞാനൊരു ആൽബം തന്നെയാക്കി.
ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് 82 ലെ ലോകകപ്പ് വരുന്നത്. റേഡിയോ വാർത്തയിൽ ഇറ്റലി ജയിച്ചതിനെക്കുറിച്ച് കേട്ടപ്പോൾ അയൽവക്കത്തെ പ്രസന്നാട്ടൻ അച്ഛനോട് എന്തോ പറഞ്ഞതാണ് എന്റെ ഒരോർമ്മ. ഇരുപതാം നൂറ്റാണ്ടിന്റെ ഫുട്ബോൾ ഇതിഹാസമായ മാറഡോണ കളിക്കളത്തിലിറങ്ങിയ വർഷം എന്ന് ഇന്നറിയാം. എന്നാൽ അന്ന് പത്രത്തിൽ ഒരു ചിത്രം കണ്ടതായിപ്പോലും ഞാൻ ഓർക്കുന്നില്ല.
സിനിമാച്ചിത്രത്തിൽ നിന്ന് എന്റെ ഹരം വീണ്ടും ഫുട്ബോൾച്ചിത്രങ്ങളിലേക്ക് വന്നു. 1982 ലെ ഫുട്ബോൾ ആൽബം വർഷങ്ങളോളം ഞാൻ സൂക്ഷിച്ചതാണ്. അതിലെവിടെയും മാറഡോണയുടെ മുഖം ഉണ്ടായതായി തോന്നുന്നില്ല. ഒരു പക്ഷേ ആ ഒട്ടിച്ചതൊക്കെ ആരെന്നും എന്തെന്നും എനിക്കറിയാത്തതാവാം .
( അടുത്തത് - ഹൈസ്കൂൾ ഗ്രൗണ്ടിലെ പറന്നടി )
PRAKASHAN KARIVELLOOR # FOOTBALL NOSTALGIA