Read more: https://emalayalee.com/writer/201
"മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്"- ക്രിസ്തു വചനമാണ്. തീർച്ചയായും മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ആഹാരവും, വസ്ത്രവും, പാർപ്പിടവും മനുഷ്യരുടെ ഭൗതിക ആവശ്യങ്ങൾ ആണ്. പക്ഷെ ഈ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുന്നത് കൊണ്ട് മാത്രം മനുഷ്യർക്ക് ആഹ്ലാദത്തോടെ ജീവിക്കാൻ കഴിയില്ല. മനുഷ്യർക്ക് സ്നേഹം വേണം, കൂട്ടും, കരുണയും വേണം. കേൾക്കാൻ കൂടെ ആരെങ്കിലും വേണം.മനുഷ്യർക്ക് അപ്പവും, ഉടുപ്പും, കിടക്കാൻ ഇടവും മാത്രം പോര തന്നെ.
"ഒരു താരകയെ കണ്ടാൽ രാവു മറക്കുന്ന പാവം മാനവ ഹൃദയം" ഏറ്റവും നീറി നോവുന്നത് അതു കൊണ്ട് തന്നെ സ്നേഹ നിരാസങ്ങളിൽ ആണ്, കനിവില്ലായ്മയിൽ ആണ്, കൂട്ടിലായ്മയിൽ ആണ്. ഈ ഇല്ലായ്മകളിൽ തന്നെ മനുഷ്യരെ ഏറ്റവും നോവിക്കുന്നത് എന്തായിരിക്കാം ? എനിക്ക് തോന്നുന്നു അത് മാറ്റി നിർത്തലുകൾ ആണെന്ന്... അർഹതയുള്ളിടത്ത് നിന്ന് ,അംഗീകരിക്കപ്പെടേണ്ടിടത്തു നിന്ന് പുറം കൈയാൽ തള്ളി മാറ്റപ്പെടുക. തനിക്ക് ന്യായമായും ലഭിക്കേണ്ടത് എന്ന് ബോധ്യമുള്ള ഒന്ന് ധനത്തിന്റെ, സ്വാധീനത്തിന്റെ, സാമർഥ്യങ്ങളുടെ കരുത്തിൽ മറ്റൊരാൾ അപഹരിച്ചു കൊണ്ടു പോകുമ്പോൾ , ഒന്നും ചെയ്യാൻ സാധിക്കാതെ മനം മുറിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന നിസഹായതയാണ് മനുഷ്യർക്ക് കടന്ന് പോകേണ്ടി വരുന്ന ഏറ്റവും ക്രൂരവും, തീവ്രവും ആയ വേദന.
വഴി തെറ്റി കടലിലും, കരയിലും അലയുന്നവർക്ക് വഴികാട്ടിയായി മിന്നി തിളങ്ങുന്ന ഒരു നക്ഷത്രമുണ്ട് ആകാശത്ത്... ധ്രുവൻ. ധ്രുവന്റെ ഉള്ളിൽ ജ്വലിക്കുന്ന വെളിച്ചം ഒരു തിരസ്കാരത്തിന്റെ തള്ളി മാറ്റലിൽ നിന്നുയർന്നത് ആണ്. അച്ഛന്റെ മടിയിൽ ഇരിക്കാൻ മോഹിച്ചു ചെന്ന കുഞ്ഞിനെ ,ശകാരിച്ചു ഉന്തി ഇറക്കിയപ്പോൾ , വെന്ത നെഞ്ചുമായി അവൻ ചെന്നത് വിഷ്ണു ലോകം വരെയാണ്. നീക്കി നിർത്തലുകളുടെ കയ്പ്പ് മാത്രം കുടിച്ചിറക്കിയിട്ടും, ഒരു ജീവിതം കൊണ്ട് കടന്നു പോകാവുന്ന വേദനയുടെ പാരമ്യത്തിൽ എത്തിയിട്ടും തളർന്നു വീഴാതെ പൊരുതി നിന്ന ധൈര്യത്തിന്റെ പേരാണ് കർണൻ. പക്ഷെ എല്ലാവർക്കും തിരസ്കാരത്തിന്റെ പൂർവ പർവത്തിൽ ധ്രുവനെ പോലെ ജ്വലിക്കാൻ ആകില്ല, കർണ്ണനെ പോലെ പൊരുതാൻ ആകില്ല. തിരസ്കാരഭാരം സഹിക്കാൻ ആവാതെ തമസിലേക്ക്, തണുപ്പിലേക്ക് നിലയറ്റ് വീണ് പോകുന്നവർ ഉണ്ട്.
മതിക്കാൻ ആകാത്ത മൂല്യമുള്ള ഒരു രത്നത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ചു മടുത്ത്, ഒരു കൈപ്പാട് അകലെ ആ രത്നം എത്തി എന്നറിയാതെ , എല്ലാം അവസാനിപ്പിച്ച്, അനേക കാലത്തെ നിരന്തര യത്നം ഉപേക്ഷിച്ച് പിന്മടങ്ങുന്നവരെ ചൂണ്ടിക്കാട്ടി , "പ്രയത്നം നിർത്തരുത്, അടുത്ത ചുവടിൽ നിങ്ങൾ ആഗ്രഹിക്കുന്ന നിധി ഉണ്ടാകാം" എന്നൊക്കെ പ്രചോദന പ്രസംഗം നടത്താൻ എളുപ്പമാണ്. പക്ഷെ ഉടലും, ഉള്ളും ഉലഞ്ഞ്, തങ്ങൾ എത്രയോ ആഗ്രഹിച്ച ഒന്നിനെ, ലഭിക്കുവാൻ വേണ്ടി അത്ര മാത്രം പരിശ്രമിച്ച ഒന്നിനെ , വേണ്ടെന്നു വച്ച് തിരിച്ചു നടക്കുന്നവരുടെ വേദനയുടെ ആഴവും, ഇരമ്പവും അളക്കാൻ ആർക്കാണ് കഴിയുക ? ആ യാത്രയുടെ തിരിച്ചിറക്കത്തിൽ അവരുടെ ആത്മാവിലും, ഹൃദയത്തിലും ഉരുൾ പൊട്ടിയിറങ്ങുന്ന ഇരുളിന്റെ ആഘാതം എത്രയെന്ന് ആർക്കാണ് അറിയുക ?
ജീവിതത്തിലെ എല്ലാ വെളിച്ചങ്ങളെയും കെടുത്തി കൊണ്ട് വന്നു പതിക്കുന്ന ആ ശിലാ പതനത്തിന്റെ ഇരുട്ടിൽ അകപ്പെട്ടു പോകുന്നവരെ ആർക്കാണ് വിധിക്കാനാകുക ?
ചിലർക്ക് അനായാസമായും, അയത്ന ലളിതമായും സാധിച്ചു കിട്ടുന്ന ചില സ്വപ്നങ്ങളിലേക്ക്, ചിലർക്ക് അത്രമേൽ ആത്‍മവിശ്വാസത്തോടെയും, അധികാരത്തോടെയും നടന്നു കയറാൻ സാധ്യമാകുന്ന ഇടങ്ങളിലേക്ക് , മറ്റു ചിലർക്ക് എത്താൻ ചിലപ്പോൾ അനേക കാതങ്ങൾ ഒറ്റക്ക് താണ്ടേണ്ടി വന്നേക്കും. ആ വഴിയിൽ തണലും, തളിരും, തേനും ഒന്നുമുണ്ടാകില്ല. സമൂഹത്തിന്റെ നിരന്തരമായ കൂകി വിളിക്കലുകളെ കുടഞ്ഞു കളഞ്ഞ്, ഓരോ കാൽ വെപ്പിലും സ്വന്തം ഉള്ളിൽ ഉടലെടുക്കുന്ന സംശയങ്ങളെ, ഭയത്തെ, സംഘർഷങ്ങളെ അതിജീവിച്ച് ,മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടിലും അസ്ഥിരതകളെയും, അനിശ്ചിതത്വങ്ങളെയും ഒപ്പം പേറി ഒരു നീണ്ടിരുണ്ട തുരങ്കത്തിലൂടെ ,നനഞ്ഞ മണ്ണിലൂടെ ഇഴഞ്ഞു വരുന്നത് പോലെയാണ് അത്... ആ തുരങ്കം എപ്പോഴെങ്കിലും ഒടുങ്ങുമെന്നും, അതിന്റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്നും ഉള്ള സ്വപ്നമാണ് ഈ കഠിന യാത്രയുടെ ഏക പ്രചോദനം. പക്ഷെ അതിന്റെ ഒടുക്കത്തിൽ ആ വെളിച്ചം കവർന്നെടുക്കപ്പെട്ട്, ഇരുളിലേക്ക് തന്നെ തിരിച്ചു മടങ്ങേണ്ടി വരുന്നവരെ കുറിച്ച് നാമെന്തു പറയും ?
അക്കാദമിക യോഗ്യതകളും, അഭിരുചിയും എല്ലാം ഉണ്ടായിട്ടും പണം കൊടുക്കാൻ ഇല്ലാത്തത് കൊണ്ട്, കനത്ത ശുപാർശ പറയാൻ ആരും ഇല്ലാത്തത് കൊണ്ട്, ജാതി-മത-സമുദായ പരിഗണനകൾ പിന്തുണക്ക് ഇല്ലാത്തത് കൊണ്ട് അർഹിക്കുന്ന തൊഴിൽ ലഭിക്കാതെ വിശിഷ്ട വലയങ്ങളുടെ പുറത്ത് നിൽക്കുന്നവർ.
ഈയടുത്ത് മലയാളം ആഘോഷിച്ച ഒരു സിനിമയാണ് "ഹൃദയം". അരങ്ങിലും, അണിയറയിലും പാരമ്പര്യത്തിന്റെ പേരും, പെരുമയും ഉള്ള താര സന്താനങ്ങൾ. സിനിമാ പ്രമോഷൻ പരിപാടികളിൽ അത്രയും കോടീശ്വരനായ മെഗാതാര പുത്രന്റെ എളിമയുടെ വാഴ്ത്തുകൾ. ഒരേ ഷർട്ട് രണ്ട് തവണ ഇടുന്നതും, നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതും , പോക്കറ്റിൽ പണം കരുതാത്തതും ഒക്കെ താര പുത്രന് താൻ ഉദാരതയോടെ വേണ്ടെന്ന് വയ്ക്കുന്ന സൗഭാഗ്യങ്ങൾ ആകുമ്പോൾ, ഇതേ സിനിമയുടെ മായിക വെളിച്ചത്തിൽ ഒരു തവണ മുഖം ഒന്ന് കാട്ടാൻ കൊതിച്ചു കൊണ്ട് പുറത്തു നിൽക്കുന്ന , പ്രിവിലേജുകൾ ഇല്ലാത്ത , പാരമ്പര്യ മഹിമകൾ ഇല്ലാത്ത ഒരുവനോ, ഒരുവൾക്കോ പല തവണ ഇടേണ്ടി വരുന്ന ഒരു ഉടുപ്പും, നിലത്തുള്ള കിടപ്പും ഒക്കെ നിവ്രുത്തികേടുകൾ ആണ്. ആ നിവ്രുർത്തികേടുകൾ ആരും ആഘോഷിക്കാറില്ല, അരക്കോളം ബോക്‌സ് ന്യൂസ് ആക്കാറില്ല. വെള്ളി വെളിച്ചത്തിന്റെ പുറത്തുള്ള കടുപ്പം കൂടിയ ഇരുട്ടിൽ , തുരുമ്പിച്ചു തേയുന്ന പ്രതിഭയുടെ മൂർച്ചയും ആയി അവർ ഏറെ കാലം നിൽക്കും.
ഫേസ്ബുക്കിൽ എഴുതുന്നവരുടെ അനുദിനം പെരുകുന്ന എണ്ണത്തെ കുറിച്ച് ഈയിടെ ഒരു എഴുത്തുകാരി ആകുലപ്പെടുകയുണ്ടായി. വേദം കേട്ടു പോയ കുറ്റത്തിന് ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച സമ്പ്രദായം പിൻ തുടർന്ന്, ഫേസ്ബുക്കിൽ എഴുതുന്നവരുടെ ഭാവനക്കും, സർഗാത്മകതക്കും, വായിക്കപ്പെടണം എന്ന അവരുടെ ആഗ്രഹത്തിനും മുകളിൽ കീടനാശിനി തെളിക്കാം.
കല്ലു നിറഞ്ഞ വഴിയിലൂടെ, ഓരോ കാലടിപാടിലും കിനിയുന്ന ചോരയുണ്ടായിട്ടും കൂട്ടാക്കാതെ വരുന്നവരെ കൂടെ കൂട്ടേണ്ട, ചേർത്തു പിടിക്കേണ്ട... പക്ഷെ അവർക്ക് അവകാശപ്പെട്ടത് അപഹരിക്കാതിരിക്കാം. ഏതു വെളിച്ചത്തിൽ മിഴിയുറച്ചാണോ അവർ നടക്കുന്നത് ആ വെളിച്ചത്തെ ഊതി കെടുത്താതിരിക്കാം.
# Mrudumoazhi- Article by Mrudula Ramachandren