Image

അര്‍ജെന്റ്റീനയെ തോല്‍പിച്ചതിനൊപ്പം സൗദിയില്‍ നടക്കുന്ന മാറ്റങ്ങള്‍ കൂടി കാണേണ്ടതുണ്ട് (വെള്ളാശ്ശേരി ജോസഫ്)

വെള്ളാശ്ശേരി ജോസഫ് Published on 23 November, 2022
അര്‍ജെന്റ്റീനയെ  തോല്‍പിച്ചതിനൊപ്പം സൗദിയില്‍ നടക്കുന്ന മാറ്റങ്ങള്‍ കൂടി കാണേണ്ടതുണ്ട് (വെള്ളാശ്ശേരി ജോസഫ്)

സൗദി അറേബ്യ മുന്‍ ലോക ചമ്പ്യാന്മാരായ അര്‍ജെന്റ്റീനയെ ഫുട്‌ബോളില്‍ തോല്‍പിച്ചതിനൊപ്പം സൗദിയിലും ഗള്‍ഫിലും കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി നടക്കുന്ന മാറ്റങ്ങളെ കൂടിയാണ് നോക്കികാണേണ്ടത്. പല മലയാളികളും അതു നോക്കികാണുവാന്‍ മടിക്കുന്നു. സൗദി, യു.എ.ഇ. പോലുള്ള ഗള്‍ഫ് നാടുകള്‍ പുരോഗതിയിലേക്ക് നീങ്ങുന്നതിന്റ്റെ സൂചനയായി തന്നെ ഫുട്‌ബോളിലെ ഈ ജയത്തേയും കാണുവാന്‍ സാധിക്കും. 1970-കള്‍ തൊട്ട് ഗള്‍ഫില്‍ എണ്ണപ്പണം സമൃദ്ധമായി ഉണ്ടായിരുന്നിട്ടും ലോകോത്തരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ ഒന്നും അവിടെ ഇല്ലായിരുന്നു. സ്‌പോര്‍ട്ട്‌സിലും അത്‌ലറ്റിക്‌സിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിലും അവര്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ പത്തിരുപതു വര്‍ഷമായി മാത്രമാണ് സൗദി, യു.എ.ഇ. പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. ദുബായില്‍ 163 നിലകളുള്ള ബുര്‍ജ് ഖലീഫ അടക്കം 300 മീറ്റര്‍ ഉയരമുള്ള 28 കെട്ടിടങ്ങള്‍ കൂടിയുണ്ട്. വികസന കാര്യത്തില്‍ ദുബായിയെ വെല്ലാനാണിപ്പോള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.105 മൈല്‍ നീളമുള്ള വന്‍ കെട്ടിടങ്ങള്‍ പാരലല്‍ ആയി നിരന്നു നില്‍ക്കുന്ന വമ്പന്‍ പദ്ധതിക്കൊരുങ്ങിയിരിക്കുകയാണ് ഇന്നിപ്പോള്‍ സൗദി അറേബ്യ. അംബരചുംബികളായ കെട്ടിടങ്ങള്‍ നിരന്നുനില്‍ക്കുന്ന ഈ 105 മൈല്‍ നീളമുള്ള പദ്ധതി 500 ബില്യണ്‍ ഡോളറിന്റ്റെ ആണെന്ന് പറയുമ്പോള്‍, എത്ര വിപുലമായ പ്രൊജക്റ്റ് ആണത് എന്ന് സങ്കല്‍പിക്കുവാന്‍ സാധിക്കും. ദുബായ് ഇപ്പോള്‍ തന്നെ കെട്ടിടങ്ങളുടെ ഉയരത്തിന്റ്റെ കാര്യത്തില്‍ ന്യുയോര്‍ക്കിനേയും, ചൈനീസ് നഗരമായ 'ഷെന്‍സനേയും' മറികടന്നു കഴിഞ്ഞു.

ഇതിനിടയില്‍ ഏറ്റവും പ്രധാനമായി കാണേണ്ട കാര്യമെന്താണെന്നുവെച്ചാല്‍, സ്ത്രീകളുടെ 'വര്‍ക് പാര്‍ട്ടിസിപ്പേഷന്‍' ശതമാനം സൗദി അറേബ്യയില്‍ കേവലം അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയായി എന്നുള്ളതാണ്. ഇപ്പോള്‍ സൗദിയില്‍ തൊഴില്‍ എടുക്കുന്നവരില്‍ 35 ശതമാനത്തോളമുള്ളത് സ്ത്രീകളാണ്. ശരിക്കും വിപ്ലവകരമായ മാറ്റമാണത്. ഇന്നിപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം യുവതീ യുവാക്കള്‍ പാശ്ചാത്യ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്നുമുണ്ട്.

സദാചാര പോലീസിങ്ങും, മത പോലീസുമൊക്കെയാണ് പണ്ട് ഗള്‍ഫ് രാജ്യങ്ങളുടെ പുരോഗതിക്ക് തടസം നിന്നിരുന്നത്. രണ്ടു മാസം മുമ്പാണല്ലോ ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന് തലക്ക് അടിയും ഇടിയുമൊക്കെ കൊടുത്ത് ഒരു 22 വയസ്സുകാരിയായ യുവതിയെ തല്ലിക്കൊന്നത്. മഹ്‌സ അമിനി എന്ന ആ 22 വയസ്സുകാരിയുടെ പേരില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് പരസ്യമായ പിന്തുണ നല്‍കിക്കൊണ്ട് ഇറാനിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ അവരുടെ ദേശീയ ഗാനം പാടാന്‍ വിസമ്മതിച്ച വാര്‍ത്ത ഇപ്പോള്‍ ഖത്തറില്‍ നിന്ന് വരുന്നുണ്ട്. സൗദിയിലും പണ്ട് ഇതുപോലെ അടിയും തൊഴിയുമൊക്കെ അവിടുത്തെ മത പോലീസ് കൊടുക്കുമായിരുന്നു. സൗദിയില്‍ ജോലി ചെയ്ത പല മലയാളികളും കഴിഞ്ഞ നൂറ്റാണ്ടില്‍ അതൊക്കെ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്; അവരൊക്കെ അതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട്.

പണ്ട് മത പോലീസ് ആയിരുന്നു സൗദിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. അന്ന് സൗദിയില്‍ പോയ ബിജു കുമാര്‍ ആലക്കോട് ഒക്കെ അതിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. അന്നൊക്കെ വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞാല്‍, സൗദിയില്‍ ചാട്ടവാറടിയും തല വെട്ടലും സാധാരണ സംഭവം മാത്രമായിരുന്നു. പ്രാര്‍ത്ഥനാ സമയങ്ങളില്‍ നമാസ് നടത്താത്ത മുസ്ളീങ്ങള്‍ക്കും മത പോലീസിന്റ്റെ തല്ല് നല്ലതുപോലെ കിട്ടുമായിരുന്നു. സൗദിയില്‍ 1980-കളില്‍ സ്ത്രീകള്‍ അബായ മാത്രമേ ധരിച്ചിരുന്നുള്ളൂ; മുഖവും മറച്ചിരുന്നൂ. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ സ്വാതന്ത്ര്യം ഇല്ലായിരുന്നു. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടങ്ങളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റ്റെ അവസാനം വരെ. അന്നൊക്കെ ഫാമിലി ഉള്ളിടത് വിവാഹം കഴിക്കാത്തവര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഹോട്ടലുകളില്‍ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലായിരുന്നു.

ഏറ്റവും കര്‍ക്കശമായ മത നിയമങ്ങള്‍ ഉണ്ടായിരുന്ന സൗദി അറേബ്യ പോലും ഇന്നിപ്പോള്‍ ലിബറല്‍ ആയി മാറുന്ന കാഴ്ചയാണ് വിഷ്വല്‍ മീഡിയയിലൂടെ കാണാന്‍ സാധിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍ പെട്ട പാകിസ്താനിലെ ഫ്യുഡല്‍-എലീറ്റ് വിഭാഗത്തിലെ സ്ത്രീകള്‍ പണ്ടു മുതലേ വളരെ സ്വതന്ത്രര്‍ ആയി ജീവിക്കുന്നവരാണ്. ബേനസീര്‍ ഭൂട്ടോയെ പോലെയും, 'Blood and Sword: A Daughter's Memoir' എന്ന പുസ്തകം എഴുതിയ ഫാത്തിമ ഭൂട്ടോയെ പോലെയും അനേകം സ്ത്രീകള്‍ പാക്കിസ്ഥാനില്‍ ഉണ്ട്. പാക്കിസ്ഥാന്‍ എഴുത്തുകാരി ബാപ്‌സി സിധ്വയുടെ 'പാക്കിസ്ഥാനി ബ്രയ്ഡ്' എന്ന ഇംഗ്ലീഷ് നോവല്‍ പണ്ട് ഇതെഴുതുന്നയാള്‍ വായിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ഫ്യുഡല്‍-എലീറ്റ് വിഭാഗത്തിലെ സ്ത്രീകള്‍ മാത്രമല്ല സൗദിയില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ സൗദി അറേബ്യയുടെ പ്രത്യേകത. സൗദിയില്‍ ഇന്നിപ്പോള്‍ സ്ത്രീകള്‍ക്ക് വേഷത്തിനും ചോയ്‌സ് ഉണ്ട്. മുഖം മറയ്ക്കണം എന്നില്ല. അബായാ (സ്ത്രീകള്‍ ധരിക്കുന്ന കറുത്ത വേഷം) നിര്‍ബന്ധമല്ല. മാന്യമായ ഏത് വസ്ത്രമുടുത്തും വെളിയില്‍ ഇറങ്ങാം. മുഖമൊഴികെ ശരീരം വെളിയില്‍ കാണിക്കരുതെന്ന് മാത്രം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും സൗദിയില്‍ സ്ത്രീകള്‍ക്ക് പല കാര്യങ്ങളിലും വിലക്ക് ഉണ്ടായിരുന്നു. അതില്‍ നിന്നും  സൗദി ഇന്നിപ്പോള്‍ എത്രയോ മാറിയിരിക്കുന്നൂ. പണ്ടത്തെ സൗദി അറേബ്യയിലെ സ്ഥിതി വെച്ച് നോക്കുമ്പോള്‍,  സ്ത്രീകള്‍ക്ക് തനിയെ  ഡ്രൈവ് ചെയ്യാനുള്ള അനുവാദം തന്നെ വലിയ പുരോഗമനമാണ്. മുഖം കാണിച്ചുള്ള ഡ്രസ്സ് പോലും പണ്ട് അവിടെ രാജകുടുംബങ്ങളില്‍ ഒക്കെ ഉള്ള സ്ത്രീകള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജകുടുംബങ്ങളിലെ സ്ത്രീകള്‍ വിദേശത്ത് പോകുമ്പോള്‍  മോഡേണ്‍ ഡ്രസ്സ് ഇട്ട് നടക്കുന്നതും, വാഹനങ്ങള്‍ സ്വയം ഓടിക്കുന്നതും അവിടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നൂ.

എന്തായാലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോള്‍ സൗദി, യു.എ.ഇ. പോലുള്ള ഗള്‍ഫ് നാടുകള്‍ പുരോഗതിയിലേക്ക് നീങ്ങുകയാണ്. യു.എ.ഇ.-യില്‍ ബഹിരാകാശ യാത്ര, ഉപഗ്രഹ വിക്ഷേപണം തുടങ്ങിയ അനേകം മേഖലകളില്‍ സ്ത്രീകള്‍ ഇന്നിപ്പോള്‍ മുന്നിലുണ്ട്. സൗദിയില്‍ കുറച്ചു നാള്‍ മുമ്പ് സ്ത്രീകള്‍ക്ക്  വാഹനമോടിക്കുന്നതില്‍ ദശാബ്ദങ്ങളായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതും സ്ത്രീകള്‍ക്ക് മേല്‍ ബന്ധുക്കളായ പുരുഷന്മാര്‍ക്ക് ഏകപക്ഷീയമായ അധികാരം നല്‍കുന്ന 'രക്ഷാകര്‍തൃ നിയമങ്ങള്‍' ലഘൂകരിച്ചതുമൊക്കെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ്  കൊണ്ടുവന്ന സ്ത്രീപക്ഷ പരിഷ്‌കാരങ്ങളായിരുന്നു.

കുറച്ചു നാള്‍ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സുമായുള്ള ഒരു ഇന്റ്റര്‍വ്യൂ ടി.വി.-യില്‍ ഇതെഴുതുന്നയാള്‍ കണ്ടിരുന്നു. ആ ഡോക്കുമെന്റ്ററിയില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകള്‍ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെന്റ്ററിയില്‍ നന്നായി കാണിച്ചിരുന്നു. ഇത്തരത്തില്‍ സൗദിയില്‍ ഇഷ്ടംപോലെ വനിതാ പ്രൊഫഷണലുകള്‍ ഇപ്പോഴുണ്ട്.

ടെക്‌നോളജിയുടെ ഇടപെടലാണ് സൗദിയില്‍ മാറ്റങ്ങള്‍ വേഗത്തിലാക്കിയത്. ആധുനികതയെ കുറിച്ചുള്ള ഒരു നിര്‍വചനം തന്നെ 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' എന്നതാണല്ലോ. ഈ ഡിജിറ്റല്‍ യുഗത്തില്‍, 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' സമൂഹത്തില്‍ മാറ്റങ്ങള്‍ വളരെ ത്വരിത ഗതിയില്‍ ആക്കുന്നൂ. ഒരു സ്മാര്‍ട്ട് ഫോണ്‍ സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റം തന്നെ നോക്കിയാല്‍ അതു കാണുവാന്‍ സാധിക്കും. ഇന്നത്തെ സൗദി പൗരന്‍മാര്‍  അവരുടെ  ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്റ്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും വഴി ആക്കുമ്പോള്‍, വന്‍ മാറ്റങ്ങള്‍ക്കാണ് അവിടെ തുടക്കം കുറിക്കുക.

ഈയടുത്ത് സൗദിയില്‍ നിന്ന് സ്ത്രീകള്‍ മാത്രം ഓപ്പറേറ്റ് ചെയ്ത ഒരു വിമാനയാത്ര വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നൂ; പൈലറ്റിന്റ്റെ അടക്കം ആ വിമാനം മാനേജ് ചെയ്ത സ്ത്രീകളുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വന്നതുമാണ്. സൗദിയില്‍ മിക്ക രംഗങ്ങളിലും ഇന്നിപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. പണ്ട് ഹോട്ടലുകളില്‍ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലായിരുന്നു. പക്ഷെ സൗദിയിലെ  ഇന്നത്തെ കാഴ്ചകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. നിരവധി സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നൂ. മുഖവും തലയും മറക്കേണ്ടവര്‍ക്ക് മറക്കാം. അല്ലാത്തവര്‍ക്ക് അങ്ങനേയും ആകാം. ഓഫീസുകളില്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍, ഹോട്ടലുകളില്‍, ഓണ്‍ലൈന്‍ സംരംഭങ്ങളില്‍, ഡെലിവറി തുടങ്ങി എല്ലാ മേഖലകളിലും രാവെന്നോ പകലെന്നോ ഭേദം ഇല്ലാതെ ഇന്ന് സൗദിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. റെസ്റ്റോറന്റ്റിലും മറ്റും ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാം. ആ രീതിയില്‍ സൗദി ഇപ്പോള്‍ മാറ്റത്തിന്റ്റെ പാതയിലാണ്. ഈയിടെ സൗദിയില്‍ നടന്ന ഫാഷന്‍ പരേഡിന്റ്റെ വീഡിയോ കണ്ടിരുന്നൂ. പാശ്ചാത്യ നാടുകളില്‍ നടക്കുന്ന ഫാഷന്‍ പരേഡ് പോലെ തന്നെ ആയിരുന്നു അതും. നഗ്‌നതാ പ്രദര്‍ശനം ഇല്ലായിരുന്നൂ എന്നേയുള്ളൂ. സൗദിയും ഗള്‍ഫ് രാജ്യങ്ങളും എന്തായാലും മറ്റൊരു ലാസ് വെഗാസോ, ആംസ്റ്റര്‍ഡാമോ ആയി മാറാന്‍ പോവുന്നില്ല. ആരും അവരില്‍ നിന്ന് അത്തരം മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ലാ. അവരുടെ ആധുനികവല്‍ക്കരണത്തിന്റ്റെ രീതികള്‍ അവര്‍ തന്നെ നിശ്ചയിക്കട്ടെ. ഓരോ രാജ്യത്തിനും അതാണ് നല്ലതും.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക