സൗരഭ്യം മുല്ലപ്പൂവിൻ സൽഗുണമറിയാതെ
സൗലഭ്യമാക്കുന്നതു സ്വതവേ നിശ്ശബ്ദമായ്!
സുഗന്ധം ചന്ദനത്തിൻ മാഹാത്മ്യമതു സ്വയം
നിർഗ്ഗളിക്കുന്നു ജന്മ സിദ്ധമാം സ്വഭാവത്താൽ!
നന്മ തൻ നിറകുടമല്ലയോ നാം വാഴുമീ
ഭൂമിയിൽ കാണുമേറെ ജീവികൾ, വിടപികൾ!
ജന്മ ധർമ്മമായിവ കാണ്മതു ലോകത്തിനു
നന്മ ചെയ്യണമെന്ന സാത്വിക തത്വം മാത്രം!
ഈച്ചയും തേനീച്ചയും നാമസാമ്യമുണ്ടേലും
ഇത്തിരി പോലും കർമ്മ സാമ്യമില്ലിവർ തമ്മിൽ!
ക്ഷുദ്ര ജീവിയാമീച്ചയെമ്പാടും ചരിക്കുമ്പോൾ
മധു ശേഖരത്തിനായ് തേനീച്ചയലയുന്നു!
സൗന്ദര്യമൊരു നാരീമണിതൻ വിഭൂഷണം
സൗശീല്യ മതിൻ മാറ്റു കൂട്ടുന്ന വിശേഷണം!
സൗഭാഗ്യമല്ലോ രണ്ടും ചേർന്നിണങ്ങിയാലതു
സൗഹൃദ സംതൃപ്തമാം ജീവിതമുരുവാക്കും!
ലോകസേവനം ജന്മ ലക്ഷ്യമായ് കരുതുകിൽ
ലോകജീവിതം സുഖദായിയായ് കാണ്മാനാകും!
ആജീവനാന്തം ആത്മ സംതൃപ്തിയുളവാകും
ആദർശ സമ്പൂർണ്ണമാം ജീവിതം പോക്കാനാകും!
നന്മ തൻ പ്രതീകമായീശ്വരൻ നമുക്കുള്ളിൽ
നിവസിക്കുന്നൂ നമ്മെ കർമ്മങ്ങൾ ചെയ്യിക്കുന്നു!
നൈമിത്തികമല്ലയോ മനുഷ്യജന്മമതു
നൈമിഷികമെന്ന തോർക്ക നാമനാരതം!
ചന്ദന മരം മുല്ലപ്പൂവിവ നമുക്കേകും
സന്ദേശം സ്പന്ദിക്കണം നമ്മളിലനുമാത്ര!
ശോകാർദ്രമാകാതോരോ ജീവിയും ഘോഷിക്കണം
"ലോകാ സമസ്താ സദാ, സുഖിനോ ഭവന്തു" മാത്രം!