മേനോന് ജറുസലേമില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ആ വൃദ്ധ അദ്ദേഹത്തെ കാണാന്‍ വരുന്നത്. പൊതുവേ ഹോട്ടലില്‍ തന്നെ കഴിഞ്ഞുകൂടിയ മേനോന്‍ തന്റെ ഏകാന്തത മാറ്റാനാണ് അവരെ കാണുവാന്‍ അനുവദിച്ചത്. ഇത്തവണ ഒരു കെട്ടുപേപ്പറുമായിട്ടാണ് അവര്‍ വന്നത്. ജൂദാസിനു കുറ്റപത്രം നല്‍കിയിരിക്കുന്നു. വിചാരണ തുടങ്ങുന്ന തീയതിയും തീരുമാനിച്ചിരിക്കുന്നു. JBIയുടെ കാര്യക്ഷമതയില്‍ മേനോനു മതിപ്പു തോന്നി. തന്റെ രാജ്യത്തായിരുന്നുവെങ്കില്‍ ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവന്നേനെ.
വൃദ്ധ നീട്ടിയ കേസ്‌കെട്ട് വാങ്ങി മേനോന്‍ ഒന്നോടിച്ചു വായിച്ചു. മൊത്തം 6 സാക്ഷികളുള്ള ആ കുറ്റാരോപണത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.
എ.ഡി. 36-ാം വര്‍ഷം ഇന്ന ദിവസം (ഹീബ്രുവില്‍ എഴുതിയിരുന്നു) ജറുസലേമില്‍ വസിച്ചിരുന്ന 33 വയസ്സുള്ള യേശു എന്നറിയപ്പെടുന്ന ജോസഫിന്റെ പുത്രനെ 30 വെള്ളിക്കാശു പ്രതിഫലമായി വാങ്ങി ഇസ്‌കാരിയോത്തുകാരനായ ജൂദാസ് റോമാ സാമ്രാജ്യത്തിലെ പട്ടാളക്കാര്‍ക്ക് ഒറ്റുകൊടുക്കുകയുണ്ടായി. ഈ പ്രവൃത്തി യേശുവിനെ ക്രൂശിക്കുവാന്‍ കാരണമാവുകയും ചെയ്തു. ഖആക യുടെ വാദത്തെ പിന്താങ്ങുന്ന 6 പേരുടെ മൊഴികളും ബാങ്ക് ഓഫ് അക്കല്‍ദാമയിലെ ജൂദാസിന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റും അതോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
കുറ്റപത്രം സമയമെടുത്തു ശ്രദ്ധയോടെ വായിച്ചു നോക്കിയശേഷം മേനോന്‍ പറഞ്ഞു, 'മാഡം This seems to be an open and shut case. I am sorry'.
മേനോന്‍ തിരിച്ചു നല്‍കിയ ഫയലും വാങ്ങി പിന്നെയും പ്രതീക്ഷയോടെ ആ വൃദ്ധ അവിടെത്തന്നെ നിന്നു. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് ശബ്ദിച്ച ടെലിഫോണ്‍ എടുത്ത മേനോന് അങ്ങേത്തലയ്ക്കല്‍ നിന്ന് ആജ്ഞാസ്വരത്തില്‍ തികച്ചും പരുഷമായ ഒരു ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു.
'മിസ്റ്റര്‍ മേനോന്‍, നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളില്‍ കൈ കടത്താതിരിക്കുന്നതാണ് ബുദ്ധി. ജൂദാസിന്റെ കേസ് യാതൊരു കാരണവശാലും നിങ്ങള്‍ വാദിക്കരുത്. അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ദോഷമായിരിക്കും'.
സ്തബ്ധനായ മേനോന്‍ ആരാണ് സംസാരിക്കുന്നതെന്നാരാഞ്ഞു.'ഒരു അഭ്യൂദയകാംക്ഷി'. പെട്ടെന്ന് ഫോണ്‍ വിച്ഛേദിക്കപ്പെട്ടു.
നിനച്ചിരിക്കാതെയുള്ള സംഭവങ്ങളുടെ ആഘാതത്താല്‍ മേനോന്‍ ഞെട്ടിപ്പോയി. ഇതാദ്യമായിട്ടല്ല മേനോന്‍ ഭീഷണി നേരിടുന്നത്. പക്ഷേ, ഈ വിദേശരാജ്യത്ത്, ആരും അറിയാന്‍ ഇടയില്ലാത്ത തന്നെ ആരായിരിക്കും ഭീണിപ്പെടുത്തുന്നത്?
മുറിയില്‍ നിന്നും പുറത്തിറങ്ങാനായി വൃദ്ധ പിടിച്ചുതിരിച്ച കൈപ്പിടിയുടെ ശബ്ദം മേനോനെ ഉണര്‍ത്തി. അപ്പോഴും ആ വൃദ്ധ ദയനീയമായി മേനോന്റെ മുഖത്തേക്കു തന്നെ നോക്കുകയായിരുന്നു. വളരെ ദൃഢമായ ശബ്ദത്തില്‍ മേനോന്‍ പറഞ്ഞു.
Mrs. Cyborea, I’ll take up the case”.