read more: https://emalayalee.com/writer/238
ശങ്കരമംഗലത്തെ ശങ്കരനാരായണൻ ന്നൊക്കെ പേരു നീണ്ടുരുണ്ടുണ്ടെങ്കിലും ശങ്കു, ശങ്കാഹീനം പറയാല്ലോ, ഒരു പഞ്ച പാവായിരുന്നു!
ശങ്കരമംഗലം തറവാടിന്റെ മൂലയിൽ, കാരണവത്തിയുടെ ദയാദാക്ഷിണ്യത്തിൽ കഴിഞ്ഞിരുന്ന തേതിയുടെ മകനായിരുന്നു ശങ്കരൻ.
"ഇല്ലായ്മ ഉണ്മയായുള്ളോന്, പേരിലല്ലേ ആഢ്യത്വം വയ്ക്കൂ", തേതി കിനാശ്ശേരിത്തേവരായ ശ്രീഭൂതനാഥനോട് സങ്കടം പറഞ്ഞു!
"കേൾക്കല്ലാണ്ട്, ഞങ്ങളെ കൊണ്ട് എന്താ ആവ്വാ തേതീ,"
എന്ന് അതിലേറെ സങ്കടത്തോടെ ശ്രീഭൂതനാഥേശ്വരൻ പറഞ്ഞത്, തേതി കേൾക്ക്വേണ്ടായില്ല.
"ഭക്തർക്കുള്ള പ്രശ്നാ ദ്, ഇങ്ങട്ട് പറയും, തിരിച്ച് പറയണത് കേൾക്കൂം ല്യാ!"
ഭഗവാൻ ദേവിയോട് സങ്കടം പറഞ്ഞു.
"നിങ്ങളെക്കൊണ്ട് ഒന്നും ആവതില്ല്യാന്ന്, അവർക്കും നല്ല നിശ്ശ്യണ്ട്, ഒരാശ്വാസത്തിന് പറയണൂന്നേള്ളൂ, തെറ്റിദ്ധരിച്ച് മനോവിഷമണ്ടാക്കി അസിഡിറ്റിയൊന്നും വരുത്തി വയ്ക്കണ്ട!"
ഭാര്യയുടെ ഡെയ്ലീ ഡോസ് പരിഹാസക്കഷായം കിട്ടിയതോടെ ഭഗവാന് സമാധാനായി, ഒരു മൂലയ്ക്കൽ പള്ളി കൊണ്ടു.
ശങ്കരന് പഠിപ്പത്ര ഇഷ്ടല്ലാന്ന് പറയണേലും, പഠിപ്പിന് ശങ്കരനെ അത്ര ഇഷ്ടല്ലാന്ന് പറയ്യാവും നന്ന്!
ശങ്കരമംഗലത്തെ പരിഷ്ക്കാരിക്കുട്ടി ശ്യാമള 'ഉസ്ക്കൂൾ'ലിക്ക് പൊറപ്പെട്ടപ്പോ കുട്ട്യേ കൊണ്ടാക്കാനും, കൊണ്ട് രാനും ഒരാളു വേണ്ടീരുന്നു, അദ്ദോണ്ട് ശങ്കരൻ സ്ക്കൂളു കണ്ടു. കുട്ടി ഉച്ചയ്ക്ക് ഊണുകഴിയ്ക്കാമ്പോവുമ്പഴും കഴിച്ചിട്ട് വരുമ്പ്ളും ശങ്കരൻ കൂടിണ്ടാവും. ന്നാപ്പിന്നെ എടനേരത്ത് അയാള് ക്ലാസ്സിലിരുന്നേട്ടേന്ന് തീരുമാനിച്ചത് സ്ക്കൂളിലെ മാഷ്മ്മാരാ!
അതിലൊരു സ്വാർത്ഥോം കൂടി ണ്ട് ന്ന് കൂട്ടിക്കോള്വാ!
എഇഒ വരുമ്പോ ക്ലാസ്സില് കുട്ട്യോളില്ല്യാച്ചാ ഡിവിഷൻ ഡ്രോപ്പ് വരും, അതിന് പാടത്ത്ന്ന് പശൂനെ തീറ്റിയ്ക്കണ കാലൻ പത്രോസ്സിനേം, പത്രോടാൻ പോണ കേളുണ്യേം ഒക്കെ ഇൻസ്പെക്ഷൻ്റെ ദിവസം ചായേം കടീം കൊട്ത്ത് ക്ലാസ്സിലിരുത്തും. ഉണ്ടയായ കേളുണ്ണിയ്ക്ക് കുട്ട്യൊന്നായപ്പോ
"ന്നി നിയ്ക്ക് വയ്യാ ഒരു ചായ്ടേം, വടേടെം ചെലവില് ക്ലാസ്സിലിരിയ്ക്കാൻ" ന്ന്
കേളുണ്ണി കൂലി കൂട്ടിച്ചോദിച്ചതിൻ്റെ പിറ്റേന്നാണ് ശങ്കരനെ ക്ലാസ്സിലിരിത്ത്യാലെന്താന്ന് സുധാരൻ മാഷ്ക്ക് തോന്നീത്. എന്തായാലും ശ്യാമളയുടെ ക്ലാസ്സിനു മുന്നിൽ സദാ ശങ്കരന്ണ്ടാവും ചെയ്യും.
അങ്ങനെ പൊറത്തെ വെയിലേറ്ല്ന്ന് ശങ്കരന് മോചനായി. ശ്യാമള ഏഴാം ക്ലാസ്സു കഴിയുമ്പോഴും ശങ്കരൻ ഒന്നിൽ നിന്ന് രണ്ടാം ക്ലാസ്സിലേക്കായിട്ടേ ഉണ്ടായിരുന്നുള്ളൂ.
"രണ്ടിലായതു തന്നെ ഒന്നാം ക്ലാസ്സിൽ ആ വർഷം കുട്ട്യോളധികായോണ്ടാ!"
"നിയ്ക്കുങ്കൂടിരിയ്ക്കാൻ സ്ഥലല്ല്യേയ്"
ശങ്കരൻ വലിയ പലകപ്പല്ലുകൾ പുറത്തു കാട്ടിച്ചിരിച്ചു കൊണ്ട് എല്ലാവരോടും നേരു പറഞ്ഞു.
ശ്യാമള ഏഴാം ക്ലാസ്സു കഴിഞ്ഞപ്പോൾ പട്ടണത്തിലെ സ്കൂളിൽ ചേർത്താൻ അവളുടെ അച്ഛനമ്മമാർ വന്നു കൂട്ടി പോവുകയും ശങ്കരൻ്റെ പഠിപ്പവസാനിയ്ക്കുകയും ചെയ്തു.
"ന്നെ തത്തംപള്ളിക്കാരു പഠിപ്പിച്ചു, എടാട്ടത്തോരു പഠിപ്പിച്ചു, മേലേഴത്തുകാരു പഠിപ്പിച്ചു, ന്നട്ടും ന്നെക്കൊണ്ട് 'അ' എഴുതാൻ കൂട്ട്യാ കൂടീല്ല".
വളരെ വിഷാദപൂർണ്ണമായ വിടവാങ്ങൽ പ്രസംഗത്തിൽ ശങ്കരൻ സഹപാഠികളോടു പറഞ്ഞു.
"ല്ലാ! നീപ്പോ പഠിച്ചിട്ടും ന്താവാനാ!
ശങ്കരമംഗലത്തെ പൈക്കൾക്ക് കാടീം വെള്ളോം കൊടുക്കാന് അക്ഷരം വേണ്ട. അവറ്റോള് പിണ്ണാക്കിൻ്റെ ചാക്കിലെ എഴ്ത്ത് നോക്കീറ്റാ തീറ്റിയെട്ക്കണേ!''
ശങ്കരൻ വീണ്ടും പലകപ്പല്ലുകൾ തെളിച്ചപ്പോൾ ശ്യാമളയ്ക്ക് സങ്കടം വന്നു,
"ങ്ങ്ട് വരൂ ശങ്കരാ, നമുക്ക് പോവാം."
അവൾ ഇനിയും അവൻ്റെ ദൈന്യം മറ്റുള്ളവർക്കു മുന്നിൽ പൊഴിയും മുൻപ് അവനെ കൂട്ടിപ്പോയി.
ശങ്കരമംഗലത്തെ ചെറു ജോലികളിൽ അമ്മയെ സഹായിച്ച് അയാൾ അവിടെ കൂടി.
ശ്യാമളയുടെ വിവാഹത്തിന് ഓടിനടന്ന് കാര്യങ്ങൾ നടത്താൻ ശങ്കരനുണ്ടായിരുന്നു.
"ൻ്റെ കുട്ടിയ്ക്ക് ഒരു പെണ്ണു കിട്ടാനുള്ള യോഗൊന്നൂല്ലാന്നാ തോന്നണേ തേവരെ!"
വീണ്ടും തേതി പരിഭവവുമായി തേവരുടെ നടയ്ക്കലെത്തി. പണ്ടത്തെ ഓർമ്മയിൽ ഭഗവതിയെ ഒന്നു പാളി നോക്കി ദേവൻ നിശ്ശബ്ദനായി.
അങ്ങനെ ശങ്കരൻ്റെ പെണ്ണിനെ കാണാതെ തേതി പോയി.
ശ്യാമളയുടെ കുട്ടികൾ വലുതായി, അവരുടെ വിവാഹം കഴിഞ്ഞു, ശ്യാമളയുടെ അച്ഛനമ്മമാർക്ക് സഹായിയായി അപ്പഴും ശങ്കരനുണ്ടായിരുന്നു. ഭർത്താവിൻ്റെ ബിസിനസ്സ് ബന്ധങ്ങൾ കാരണം അവർക്ക് പുഴ കടന്നിപ്പുറം വന്ന് താമസിയ്ക്കാനാവുമായിരുന്നില്ല.
അങ്ങനെയിരിയ്ക്കെയാണ് ശങ്കരന് ഒരു വല്ലായ്ക വന്നത്. വിശപ്പില്ല, ദാഹമില്ല, വയറിൽ നോവ്......
ശ്യാമള അയാളെ പട്ടണത്തിലുള്ള ആശുപത്രിയിൽ കൂട്ടിപ്പോയി. ദെണ്ണം ചികിത്സിക്കാവുന്ന കടവു കടന്നു പോയിരുന്നു. ബില്ലുകളിലെ തുക കൂടാൻ തുടങ്ങിയപ്പോൾ ഒരു വാല്യക്കാരൻ ചെക്കന് ഇത്രണ്ട് വലിയ തുക ചെലവാക്കണോ എന്ന് അച്ഛനുമമ്മയും സംശയത്തോടെയും, ഭർത്താവ് അല്പം പരുഷമായും ശ്യാമളയോട് ചോദിച്ചു.
ശ്യാമളയ്ക്ക് സംശയമുണ്ടായില്ല.
"വേണം. അത്രേം കുറവുമതി നമ്മുടെ സമ്പത്ത്".
"മന:സ്സമാധാനം ന്ന് ഒന്ന്ണ്ട് അമ്മേ, അതിന് ഉറുപ്യേല് വെല കണക്കാക്കാൻ പറ്റില്ല്യാ"
ശ്യാമള തുടർന്നു,
"നിങ്ങള് പൊഴയ്ക്കപ്രത്ത് ജീവിയ്ക്കുമ്പോൾ, ഞങ്ങളിവിടെ സമാധാനായിട്ടിരിയ്ക്കണത് ശങ്കരന്ണ്ടായോണ്ടാ!
അത് മറന്നൂടാ നമ്മള്."
തൻ്റെ ക്ലാസ്സിലേയ്ക്ക് നോക്കി ഇമവെട്ടാതെ വെയിലിൽ തന്നെ കാത്തു നിന്ന, പുള്ളിപ്പശു കുത്താതെ, ഇടവഴിയിലൂടിഴഞ്ഞു പോയ പാമ്പു കൊത്താതെ തൻ്റെ ബാല്യത്തെ സുരക്ഷിതമാക്കിയ ശങ്കരനോട് തനിയ്ക്ക് കടപ്പാടുണ്ട് എന്ന് തന്നെ ശ്യാമള വിശ്വസിച്ചു.
രോഗം മൂർദ്ധന്യത്തിലെത്തിയതിനാൽ ശങ്കരനെ രക്ഷിയ്ക്കാൻ കഴിയില്ലാ എന്നറിയാഞ്ഞല്ല..... വിഷാദം പെയ്തിറങ്ങിയ ഒരു സന്ധ്യയ്ക്ക് ശങ്കരൻ പോയി!
എല്ലാവരേയും സ്നേഹിച്ച, ആരാലും സ്നേഹിക്കപ്പെടാതിരുന്ന ശങ്കരൻ.
പോവും മുൻപ് ICUല് തന്നെ കാണാൻ വന്ന ശ്യാമളയോട് അയാൾ ചോദിച്ചു
"ഒരു പാട് കാശായിണ്ടാവില്ലേ ശ്യാമളേ!"
"ദിനും മാത്രം ഞാനെന്താ ചെയ്തേ? എങ്ങന്യാദ് വീട്ടിത്തീർക്ക്വാ?"
വീട്ടിത്തീർക്കാനാവാത്തത് തനിയ്ക്കാണെന്ന് പറയണമെന്നുണ്ടായിരുന്നു ശ്യാമളയ്ക്ക്. അത്രമേൽ സൗഹാർദ്ദപൂർണ്ണമായ ബാല്യത്തിന്, അതിലെ ഒരു ഏട്ടൻ സുരക്ഷിതത്വത്തിന്. അത്, ശങ്കരന് ഒരു പക്ഷെ മനസ്സിലായെന്നിരിയ്ക്കില്ല.
ശ്യാമള ഒരു പുഞ്ചിരിയോടെ പറഞ്ഞു,
"അതൊക്കെ നമുക്ക് പിന്നെ പറയാം. ആദ്യം അസുഖം ഭേദാവട്ടെ"
"ശങ്കരൻ, ൻ്റെ, അല്ല, നമ്മുടെ വീടിന് ന്നെ വേണ്ടീട്ടല്ലെ ജീവിച്ചത്!"
"വെഷമണ്ടായിട്ട്, എന്താ നേർത്തെ പറയാതിരുന്നതെന്നോട്?"
"ഏയ് കഷായം കുടിച്ചാ അങ്ങ്ട് മാറുംന്ന് നിരീച്ചു! ത്ര കേമപ്പെട്ട രോഗാണ് ന്ന് നിരീയ്ക്കേണ്ടായൂല്ല്യാ!"
ശങ്കരൻ നന്ദി നിറഞ്ഞ വിഷാദത്തോടെ നോക്കുമ്പോൾ ശ്യാമളയ്ക്ക് വല്ലാതെ സങ്കടം വന്നു. സത്യത്തിൽ നന്ദി തോന്നേണ്ടത് തനിയ്ക്കാണ്.
അവൾ,
"നാളെ വരാം ട്ടോ"
എന്ന് പറഞ്ഞ് അവിടെ നിന്നും വേഗം മടങ്ങി പോന്നു.
ശങ്കരൻ്റെ ദേഹം, അയാൾ പണിഞ്ഞ, സ്നേഹിച്ച, മണ്ണിൽ തന്നെ അടക്കം ചെയ്യണമെന്നതും ശ്യാമളയുടെ തീരുമാനമായിരുന്നു. അവളുടെ ചില പിടിവാശികൾ അറിയാവുന്ന ഭർത്താവും, അച്ഛനമ്മമാരും അതു തടഞ്ഞില്ല.
ആളും അകമ്പടിയുമില്ലാതെ, ആ ശോഷിച്ച ദേഹത്തിൻ്റെ ബാക്കിയുമായി സന്ധ്യയ്ക്ക് കടവിറങ്ങവേ അവൾ തനിയെ പറഞ്ഞു.
"ചില കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് പറയാതിരിയ്ക്കുകയാവും പലപ്പോഴും ഭേദം....."
"മനസ്സിലാവാഞ്ഞല്ല, മനസ്സിലാവാത്തത് ലാഭമാവുന്നതുകൊണ്ടാണ് പലരും അങ്ങിനെ നടിയ്ക്കുന്നത്"
ചിന്തകൻ പക്ഷിയായ കൂമൻ ചിന്താഭാരത്തോടെ പറഞ്ഞത് വെറും ങൂം.... ങൂം എന്ന മൂളലായേ ശ്യാമള കേട്ടുള്ളൂ.
"നടയടച്ചിട്ടേ ദഹിപ്പിയ്ക്കാൻ പറ്റൂ."
ഏർപ്പാടാക്കിയിരുന്ന കൂലിക്കാർ അല്പം നീരസത്തോടെ പറഞ്ഞു.
"സാരല്ല്യാ, നമുക്ക് കാത്തു നിൽക്കാം",
ശ്യാമള അതു മനസ്സിലാവാത്ത മട്ടിൽ പറഞ്ഞു.
# kinasserykalam article by Rani B menon