Image

മഞ്ഞൊഴിയാത്ത വീട് (ബിജോ ജോസ്‌ ചെമ്മാന്ത്ര)

Published on 26 November, 2022
മഞ്ഞൊഴിയാത്ത വീട് (ബിജോ ജോസ്‌ ചെമ്മാന്ത്ര)

മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു.  
ക്ലൌസിട്ട കൈകൊണ്ടു ജാക്കറ്റിലെ മഞ്ഞുതട്ടിക്കളഞ്ഞശേഷം ഡോർബെല്ലടിച്ച്  കതകു തുറക്കാൻ കാത്തുനിന്നിരുന്ന എന്നെ എതിര്‍വശത്തെ വീടിനുമുമ്പില്‍ കുട്ടികള്‍ മഞ്ഞുകൊണ്ട് തീര്‍ത്ത മനുഷ്യരൂപം നിര്‍ന്നിമേഷനായി നോക്കുന്നുണ്ടായിരുന്നു. പാതിയടര്‍ന്ന ശില്‍പ്പമെന്നപോലെ നിന്ന അതിന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന ചുവന്ന ഷാള്‍ ഇളക്കി കാറ്റ് അതിന് കുളിരുപകരുന്നുണ്ടായിരുന്നു.. 
 ലെറ്റർബോക്സിൽ നിന്നും കത്തുകളെടുക്കാൻ വിട്ടുപോയത് പെട്ടെന്നോർത്തു. ഈ മഞ്ഞത്ത് പോസ്റ്റുമാൻ വന്നിരിക്കാന്‍ വഴിയില്ല. അല്ലെങ്കിലും ഡ്രൈവേയില്‍ മഞ്ഞു വീണുകിടക്കുന്നതിനാൽ അതുപോയെടുക്കുവാനും ബുദ്ധിമുട്ടാണ്.
വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റിനോടൊപ്പം പറന്നെത്തിയ ഹിമകണങ്ങള്‍ ഭാര്യയുടെ മുഖം ചുളിപ്പിച്ചു. 
 “നശിച്ച ദിവസം...രാത്രീലും പെയ്യൂത്രേ.. ന്യൂയോര്‍ക്കിലും ബോസ്റ്റണിലുമൊക്കെ രണ്ട് അടിക്ക് മേലെയായി.” തലേരാത്രി തുടങ്ങിയ മഞ്ഞു വീഴ്ച ശക്തിയായി തുടരുന്നതിലുള്ള അമര്‍ഷം മറച്ചുവെക്കാതെ അവള്‍ പുറത്തേക്ക് നോക്കി പിറുപിറുത്തു. ‘സ്നോ പെയ്യാത്ത സ്ഥലത്തേക്ക് താമസം മാറ്റിയാല്‍ മതിയെന്ന്‍ പറഞ്ഞതല്ലേ?’ എന്നുള്ള പതിവ് കുറ്റപ്പെടുത്തല്‍ എന്തോ ഇന്നുണ്ടായില്ല.
വീട്ടിലേക്ക് തിരിയവെ വഴിയരികില്‍ക്കണ്ട കുതിരകളെക്കുറിച്ചായിരുന്നു അപ്പോഴും എന്‍റെ ചിന്ത. നീലക്കണ്ണുകളുള്ള രണ്ടു വെള്ളക്കുതിരകള്‍... മഞ്ഞു പെയ്യുന്ന ഈ കൊടും തണുപ്പില്‍ അവയുടെ സാന്നിധ്യം എന്നില്‍ ശരിക്കും ആശ്ചര്യമുളവാക്കിയിരുന്നു. ഇനി ഇവിടെ ആരെങ്കിലും കുതിരകളെ വളര്‍ത്തുന്നുണ്ടാവുമോ?
“കുതിരകള്‍ക്ക് തണുക്കില്ലേ? ആരുടെയാ പുറത്ത് നില്‍ക്കുന്ന ആ കുതിരകള്‍? ” എന്‍റെ ചോദ്യംകേട്ട് ഒന്നും മനസ്സിലാവാത്ത മുഖഭാവത്തോടെ ഭാര്യ എന്നെ തുറിച്ചു നോക്കി. ജനാലയിലൂടെ പുറത്തേക്ക് നോക്കി അവിടെ കുതിരകളൊന്നുമില്ലെന്നു അവള്‍ പറഞ്ഞു.
സ്നോ  നീക്കാന്‍ വരുന്ന മെക്സിക്കന്‍ പയ്യന്‍ ഇതുവരെ വന്നിട്ടില്ല. ഇങ്ങനെ മഞ്ഞു പെയ്തുകൊണ്ടിരുന്നാല്‍ നാളെ എങ്ങനെ കാര്‍ ഇറക്കുമെന്ന ആശങ്ക എന്നെ അലട്ടി. 
“ലോക്ക് വാങ്ങിയോ?” അവള്‍ ചോദിച്ചു.
“ഈ മഞ്ഞത്തെങ്ങനെയാ?..പിന്നെയാട്ടെ..” കിടപ്പുമുറിയിലെ വാതിലിന് അകത്തുനിന്നും പൂട്ടാനുള്ള ലോക്കില്ലായിരുന്നു. ഈ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ത്തന്നെ അത് ശ്രദ്ധയില്‍പ്പെട്ടതാണ്. ഭാര്യ പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും എന്തോ അത് അത്ര അത്യാവശ്യമായി തോന്നിയിരുന്നില്ല.
ജാക്കറ്റ് തൂക്കുവാന്‍ ഹാങ്ങര്‍ തിരയവേ, പുറത്തെ കൊടുംതണുപ്പില്‍ വെള്ളം തണുത്തുറഞ്ഞ് പ്ലംബിംഗ് പൈപ്പുകള്‍ പൊട്ടുമോയെന്നുള്ള ചിന്ത എന്നെ മഥിക്കാന്‍ തുടങ്ങി. 
“ഓ.. പറയാന്‍ വിട്ടു. ഉച്ചകഴിഞ്ഞ് ഒരാള്‍ കാണാന്‍ വന്നിരുന്നു.” അടുക്കളയില്‍ നിന്നും ഭാര്യ ഉറക്കെ പറഞ്ഞു.
“ആരാ?”
 മുറിയുടെ മൂലയിലെ ഏസിയുടെ വെന്‍റിനുള്ളില്‍ നിന്നും വരുന്ന ചൂടുകാറ്റില്‍ കാല്‍പാദങ്ങള്‍ കുറുകെ വെച്ചപ്പോള്‍ സുഖം തോന്നി.
“ഇവിടുത്തുകാരനാ.. പേര് ചോദിക്കാന്‍ മറന്നു.. പ്രായമുള്ള ഒരാളാ.. ജോലിക്ക് പോയിരിക്കുവാണെന്ന്  പറഞ്ഞപ്പോ വൈകുന്നേരം വരാമെന്നു പറഞ്ഞു.”
ആരാവും ഇപ്പോള്‍ തന്നെക്കാണാന്‍ ഇവിടെ വരാന്‍? അതും ഒരു വെള്ളക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ചെറിയ ഈ ടൌണിലേക്ക് താമസം മാറ്റിയിട്ടു അധികനാളുകള്‍ ആയിരുന്നില്ല. ഇവിടെയാകട്ടെ പറയത്തക്ക പരിചയക്കാരുമുണ്ടായിരുന്നില്ല. മകന്‍ കോളേജില്‍ ഉപരിപഠനത്തിന് പോയതിനു ശേഷമാണ് ഞാനും ഭാര്യയും ഇവിടേയ്ക്ക് താമസം മാറ്റിയത്. അല്ലെങ്കില്‍ മകനെ തിരക്കി ആരെങ്കിലുമാണെന്ന് കരുതാമായിരുന്നു. അതോ, ഇനി മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന്‍ ആരെങ്കിലും?
വേഷം മാറിക്കൊണ്ടിരിക്കവെ വീടിന് പുറകുവശത്തു ചാഞ്ഞു നില്‍ക്കുന്ന വലിയ മരം ഈ കൊടും മഞ്ഞുവീഴ്ചയില്‍ പുരയിലേക്ക് വീഴുമോയെന്ന ചിന്ത എന്നെ അലട്ടി. ഭാര്യയോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചപ്പോള്‍ ആ മരം വീട്ടില്‍ നിന്നും ഏറെ മാറിയാണെന്നും എത്ര ശക്തിയായി കാറ്റ് വീശിയാലും വീഴില്ലെന്നും അവള്‍ ഉറപ്പിച്ചു പറഞ്ഞതാണ്. എന്നാലും?
തനിക്ക് അമിതമായ ഉല്‍ക്കണ്ഠയാണെന്നും അത് രോഗമായി വളര്‍ന്നുവെന്നും അവള്‍ പറയാറുണ്ട്. അതില്‍ കാര്യമുണ്ടാവുമോ?
ആരോ വാതിലില്‍ ബെല്ലടിച്ചു. കതകു തുറന്നപ്പോള്‍,  മുട്ടിനോളം നീണ്ട കറുത്ത കോട്ടും തൊപ്പിയും ധരിച്ച ഏകദേശം അറുപത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന ഉയരമുള്ള ഒരാള്‍. ക്ഷീണിതമായ ആ മുഖത്ത് വല്ലാത്തൊരു ആശങ്ക പ്രകടമായിരുന്നു. വെട്ടിയൊരുക്കിയ നരച്ച താടിയില്‍ പറ്റിയിരുന്ന മഞ്ഞുകണങ്ങള്‍ തന്‍റെ നീണ്ടുമെലിഞ്ഞ കൈകളാല്‍ തട്ടിക്കളഞ്ഞ് അയാള്‍ തൊപ്പിയൂരി അലസമായി പാറിക്കിടന്ന തലമുടിയില്‍ വിരലുകളോടിച്ചു. അയാളുടെ പാതി കൂമ്പിയ കണ്‍പോളകള്‍ കരുണ തേടുന്ന ഒരു തെരുവ് ബാലനെ ഓര്‍മ്മിപ്പിച്ചു. പേര് അറിയാത്തത് കൊണ്ടാവാം അല്‍പ്പം ജാള്യതയോടെ എന്നെ നോക്കി അയാള്‍ തലകുനിച്ചു. തണുപ്പുകൊണ്ട് അയാളുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഹസ്തദാനം ചെയ്തപ്പോള്‍ ആ തണുത്തു ദുര്‍ബലമായ വിറയ്ക്കുന്ന കൈകള്‍ എന്‍റെ ഉള്ളംകൈയുടെ ചൂടില്‍ പിടച്ചു.
“ഹലോ... ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം..എന്‍റെ പേര് പാട്രിക്ക്. നിങ്ങള്‍ ഈ വീട് വാങ്ങുന്നതിന് മുന്‍പ് ഇവിടെ ഞാനും പത്നിയും വാടകയ്ക്ക് താമസിച്ചിരുന്നു. ഫോണ്‍ നമ്പര്‍ ഇല്ലാതിരുന്നതുകൊണ്ട് വരുന്ന കാര്യം നേരത്തെ ഒന്ന് വിളിച്ചുപറയാന്‍ കഴിഞ്ഞില്ല.”  അയാള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പേര് പറഞ്ഞെങ്കിലും അത് ഒട്ടും വ്യക്തമായിരുന്നില്ല. ഇംഗ്ലീഷ് ഒഴുക്കില്‍ സംസാരിച്ച അയാളുടെ ഉച്ചാരണം അമേരിക്കന്‍ ഉച്ചാരണരീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു.
“ അതിനെന്താ.. വാ ” അയാളെ ഞാന്‍ വീടിനുള്ളിലേക്ക് ക്ഷണിച്ചു. ഷൂവില്‍ പറ്റിപ്പിടിച്ചിരുന്ന സ്നോ തട്ടികളഞ്ഞുകൊണ്ട് അയാള്‍ അകത്തേക്ക് കയറി, ഷൂ ഊരിവെച്ചു. വിന്‍റര്‍ കോട്ടിന്‍റെ ബട്ടന്‍സില്‍ പറ്റിപ്പിടിച്ച മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി നിലത്തു വീണുടഞ്ഞു.
കോട്ട് ഊരിത്തന്ന് മെല്ലെ സന്ദര്‍ശന മുറിയിലേക്ക് നടക്കുമ്പോള്‍ പാട്രിക്ക് പറഞ്ഞു “ ക്ഷമിക്കണം കേട്ടോ. ഒരു മുന്നറിയിപ്പില്ലാതെ... നിങ്ങള്‍… നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണല്ലേ ?”
“അതെ”
“ഞങ്ങളുടെ ഫാമിലി ഡോക്ടര്‍ ശര്‍മ്മയും ഇന്ത്യന്‍ വംശജനായിരുന്നു. ഞാന്‍ ഐറീഷുകാരനാ... ചെറുപ്പത്തില്‍ ജോലിക്കായി അമേരിക്കയിലെത്തി... ഈ മാസാവസാനം ഞാന്‍ അയര്‍ലെന്‍ഡിലേക്ക് തിരികെ പോകുന്നു. ഇനി മടങ്ങി  വരുമോയെന്നറിയില്ല. അതുകൊണ്ടാണ് പോകുന്നതിനു മുമ്പ്.. “  അയാളുടെ വാക്കുകള്‍ വിറയലാര്‍ന്നിരുന്നു.
മുറിയിലേക്കുവന്ന എന്‍റെ ഭാര്യയെ കണ്ട് പാട്രിക്ക് കൈകള്‍ കൂപ്പി. ചായ എടുക്കട്ടെയെന്ന് അവള്‍ ചോദിച്ചെങ്കിലും വേണ്ടെന്ന അര്‍ഥത്തില്‍ അയാള്‍ തലയാട്ടി. സന്ദര്‍ശകന്‍റെ ആഗമനോദ്ദേശം അറിയുവാനുള്ള ആഗ്രഹം എന്നെപ്പോലെതന്നെ ഭാര്യയ്ക്കുമുണ്ടെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി.
“ഇപ്പോ ഇവിടെ വരാന്‍?” ഞാന്‍ ചോദിച്ചു.
“ഒരു ഐറീഷ് പഴമൊഴിയുണ്ട്. നിങ്ങളുടെ ഹൃദയമെവിടെയോ അവിടേയ്ക്കാവും പാദങ്ങള്‍ നിങ്ങളെ നയിക്കുക.” അത് പറഞ്ഞിട്ട് അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു. ആ മുഖം വിളറിയിരുന്നു.
“ഇപ്പോള്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്‍റിലേയ്ക്ക് മാറുന്നതിന്‌ മുമ്പുള്ള രണ്ടു വര്‍ഷക്കാലം ഞങ്ങളിവിടെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളെന്നുപറഞ്ഞാല്‍ ഞാനും ഭാര്യയും..”  സംസാരിക്കുമ്പോള്‍ അയാളുടെ വലതു കൈയ്യിലെ ചെറുവിരല്‍ പ്രത്യേക താളത്തില്‍ വിറച്ചുകൊണ്ടിരുന്നു. മറ്റുവിരലുകളില്‍ നിന്നും അത് അകലം കാക്കുന്നുണ്ടായിരുന്നു.
ഭാര്യ സ്കൂളിലെ മ്യുസിക് ടീച്ചറായിരുന്നെന്നും കുട്ടികളില്ലാതിരുന്ന അവര്‍ എടുത്തുവളര്‍ത്തിയ മകന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാറപകടത്തില്‍ മരിച്ചതായും പാട്രിക്ക് പറഞ്ഞു. ആരിലും അസൂയ ഉളവാക്കുന്ന സന്തുഷ്ടമായ ദാമ്പത്യജീവിതമായിരുന്നു തങ്ങളുടേതെന്നു പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ അതുവരെ കാണാതിരുന്ന ഒരു പ്രത്യേക തിളക്കം ഞാന്‍ ശ്രദ്ധിച്ചു.
“കാലാകാലങ്ങളില്‍ അയഞ്ഞും മുറുകിയും ബന്ധങ്ങളുടെ വിചിത്രങ്ങളായ കുടുക്കുകള്‍ ജീവിതത്തെ എങ്ങനെയാണ് വഴിതിരിച്ച് വിടുന്നതെന്നറിഞ്ഞുകൂടാ. ഇവിടേയ്ക്ക് താമസം മാറിയ കാലത്താണ് ഭാര്യയില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങിയത്. ആശങ്കയുടെയും വിഷാദത്തിന്‍റെയും വിചിത്ര ലോകത്ത് അവള്‍ എപ്പോഴോ തനിയെ സഞ്ചരിക്കാന്‍ തുടങ്ങി.  അവള്‍ കെട്ടിപ്പടുത്ത ആ ചെറിയ ലോകത്ത് ഞാന്‍ തന്നെയായിരുന്നു അവളുടെ ശത്രുവും മിത്രവും.”
സോഫയുടെ വശത്ത് ചട്ടിയില്‍ വെച്ചിരുന്ന ചെടിയിലേക്ക് നോക്കിയിട്ട് യാന്ത്രികമായി അയാള്‍ ആ ചെടിയുടെ ഇലയില്‍ നുള്ളി. പച്ചപ്പ് നഷ്ടപ്പെട്ട ഇലഞരമ്പുകള്‍ക്ക് കുറുകെ ആ നഖപ്പാട് ഒരു കുരിശടയാളം തീര്‍ത്തു.
“ആരെയും ശല്യപ്പെടുത്താതെ ഒതുങ്ങിക്കൂടിയ ജീവിതമായിരുന്നു ഞങ്ങളുടേത്. നീർക്കാക്കയുടെ കണ്ണില്‍പ്പെടാതെ നീന്തുന്ന മീനുകളെന്നപോലെ.. ആര്‍ക്കും പിടികൊടുക്കാതെ. പക്ഷേ .. ക്ഷമിക്കണം. വിരോധമില്ലെങ്കില്‍ നമുക്ക് കിടപ്പുമുറിയിലേക്കൊന്ന് പോകാമോ?” അത് പറഞ്ഞിട്ട് പാട്രിക്ക് വളരെ ഭവ്യതയോടെ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. ആ മുഖത്ത് അസ്വസ്ഥതയുടെ ചുളിവുകള്‍ വീണിരുന്നു.
എന്തിനാവും അയാള്‍ക്ക് ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് പോകേണ്ടത്? അപരിചിതനായ ഈ മനുഷ്യനെ എങ്ങനെയാണ് വിശ്വസിക്കാനാവുക? ഞാന്‍ ചിന്തകളിലാണ്ടു. ഭാര്യ ഭയത്തോടെ എന്നെ നോക്കി വേണ്ടായെന്ന അര്‍ഥത്തില്‍ തലകുലുക്കി. എന്ത് മറുപടി പറയണമെന്ന് ചിന്തിക്കവേ അയാള്‍ മെല്ലെ എഴുന്നേറ്റ് ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് നടന്നു. ആദ്യമൊന്ന് പകച്ചെങ്കിലും സമചിത്തത വീണ്ടെടുത്ത്‌ ഞാനും ഭാര്യയും അയാളെ പിന്തുടര്‍ന്നു.
മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് അനുവാദത്തിനെന്നപോലെ പാട്രിക്ക് ഞങ്ങളെ നോക്കി. അകത്തേക്ക് കയറിയതും അയാളില്‍ വ്യക്തമായ ഭാവപ്പകര്‍ച്ച പ്രകടമായിരുന്നു. വളരെ സൂക്ഷ്മതയോടെ മുറിയിലെ ഓരോ ഫര്‍ണ്ണിച്ചറിലേക്കും കണ്ണോടിച്ച് അയാള്‍ എന്തോ ഓര്‍ത്ത് ധ്യാനത്തിലെന്നപോലെ അല്‍പ്പനേരം നിന്നു. ഒരു തിരയിളക്കം ആ മുഖത്ത് കാണാമായിരുന്നു. തപ്പിത്തടഞ്ഞ് മുറിയുടെ മറുവശത്തേക്കു നടന്ന അയാള്‍ ജനാലയിലൂടെ പുറത്തു പെയ്തുകൊണ്ടിരുന്ന മഞ്ഞിലേക്ക് നോക്കിനിന്നു. പിന്നീട് പതിയെ നടന്നുവന്ന് സീലിംഗ് ഫാന്‍ ഓണ്‍ ചെയ്തു. കറങ്ങുന്ന ഫാനിന്‍റെ മൂളലിന് കാതോര്‍ത്തിട്ടു പാട്രിക്ക് പിറുപിറുത്തു “മുറിയില്‍ എപ്പോഴും ഫാന്‍ കറങ്ങിയിരുന്നു.”
കട്ടിലിനോട് ചേര്‍ന്നുകിടന്ന സോഫായിലേക്ക് കൈചൂണ്ടി അയാള്‍ പറഞ്ഞു. “ഇവിടെയായിരുന്നു ഞങ്ങളുടെ കട്ടില്‍..”.
“ഭാര്യയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഇവിടെയായി തൂക്കിയിരുന്നു. അതിനപ്പുറം  കല്യാണ ഫോട്ടോ.“ ആ ചിത്രങ്ങള്‍ ഇപ്പോഴും അവിടെ കാണാനാവുന്നതുപോലെ അയാള്‍ ഭിത്തിയിലേക്ക് നോക്കി നിന്നു.
പണ്ട് ആ മുറിയെങ്ങനെയാണ് ക്രമീകരിച്ചിരുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.
“ഈ കട്ടില്‍ കിടക്കുന്ന സ്ഥാനത്ത് ഇട്ടിരുന്ന ഓക്ക് കസേരയിലിരുന്നായിരുന്നു എന്‍റെ ഭാര്യ വയലിന്‍ വായിച്ചിരുന്നത്. അവള്‍ പലപ്പോഴും വായിക്കുന്ന ഒരു ഗാനമുണ്ട്. അന്‍റൊണിയോ വിവാള്‍ഡിയുടെ ‘ഫോര്‍ സീസണ്‍സ്’. എത്ര മനോഹരമായാണ് അത് വായിച്ചിരുന്നതെന്നറിയാമോ? കട്ടിലില്‍ ഞാനത് കേട്ടിരിക്കും. ശൈത്യവും, ശിശിരവും, ഗ്രീഷ്മവും, ശരത്‌കാലവുമൊക്കെ അത്ഭുതകരമായി വയലിന്‍ തന്ത്രികളില്‍ അവള്‍ ആവാഹിച്ചിരുന്നു. അപ്പോള്‍ ഋതുക്കളുടെ നിഴലാട്ടം അവളുടെ കണ്ണുകളില്‍ കാണാം. ഒന്നു ചെവിയോര്‍ത്താല്‍ ഇപ്പോഴും ആ സംഗീതത്തിന്‍റെ മുഴക്കം കേള്‍ക്കാം.” പാട്രിക്ക് വികാരാധീനനായി ചുറ്റും നോക്കി.
താടിരോമത്തില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുകണങ്ങള്‍ ജലകണങ്ങളായി മുഖത്തേക്ക് അരിച്ചിറങ്ങുന്നത് അസ്വസ്ഥമാക്കുന്നതുകൊണ്ടാവാം ഇടയ്ക്ക് അയാള്‍ താടിയില്‍ കയ്യോടിച്ചുകൊണ്ടിരുന്നു.
“അങ്ങനെ ഒരു ദിവസം ശൈത്യകാലത്തെ വര്‍ണ്ണിക്കുന്ന ഭാഗം വയലിനില്‍ വായിച്ചിരിക്കേ പൊടുന്നനവേ അവള്‍ തുടര്‍ന്നുള്ള ഭാഗം മറന്നു. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാനായില്ല. അത് എന്നെയും പരിഭ്രാന്തനാക്കി. എത്രയോ വര്‍ഷങ്ങളായി വയലിനില്‍ അവള്‍ വായിച്ചിരുന്നതായിരുന്നു അത്. അന്നോടെ ആ വയലിന്‍ സംഗീതം അതിന്‍റെ പെട്ടിയുടെ ഇരുളില്‍ നിശബ്ദമായിത്തീര്‍ന്നു.“ പാട്രിക്ക് അത് പറഞ്ഞിട്ട് ചിന്തയിലാണ്ടു. 
കുറച്ചു നേരത്തേക്ക് നിശബ്ദതയെ അയാള്‍ മുറിയിലേക്ക് മനഃപൂര്‍വ്വം ക്ഷണിച്ചതുപോലെ തോന്നി.
“ഏറ്റവും ദുസ്സഹമായ ജീവിതം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പൊടുന്നനെ തല വെട്ടിച്ച് പാട്രിക്ക് ഞങ്ങളെ രണ്ടു പേരെയും നോക്കി.
പകച്ചിരുന്ന ഞങ്ങളുടെ മൌനത്തിനു വിരാമമിട്ടുകൊണ്ട് ഭാര്യ പറഞ്ഞു. “ അത് ... അത് പട്ടിണിയോ.. പ്രണയനൈരാശ്യമോ...”
“അല്ല..അത് മനോനില നഷ്ടപ്പെട്ട പങ്കാളിയുടെ കൂടെയുള്ള ജീവിതമാണ്” അയാളുടെ വലതുകൈയിലെ ചെറുവിരല്‍ വേഗത്തില്‍ വിറച്ചു.
എന്‍റെ മുഖത്ത്‌ തെളിഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്നോണം പാട്രിക്ക് തുടര്‍ന്നു. “സ്വകാര്യ വേദനകള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഒരു പക്ഷേ പങ്കുവയ്ക്കലില്‍ സ്വീകരിക്കപ്പെടാതെ മുറിവേറ്റു അപമാനിതമായി ചിറകൊടിഞ്ഞ് തിരികെയെത്തുന്ന ആ വേദനകള്‍ എന്നില്‍ കൂടുതല്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുമെന്ന് ഞാന്‍ ഭയന്നു. ”  അല്‍പ്പനേരം അയാള്‍ ഇരുകൈകള്‍കൊണ്ടും മുഖം പൊത്തി. വിറയ്ക്കുന്ന ചെറുവിരല്‍ അപ്പോള്‍ അയാളുടെ മുഖത്ത് താളം പിടിച്ചുകൊണ്ടിരുന്നു.
“ഏത് സമയത്ത് എന്തു കാര്യത്തിനാണ് ഭാര്യയുടെ മനസ്സിന്‍റെ താളം തെറ്റുന്നതെന്നത് ദുരൂഹമായിരുന്നു. അതിനു ചെറിയ ഒരു കാര്യം മതി...വളരെ ചെറിയ കാര്യം.. ഭിത്തിയിലെ ആ കറുത്ത പാട് കണ്ടോ?”
കറപോലെ എന്തോ ഭിത്തിയില്‍ കാണാമായിരുന്നു. ഞാന്‍ അതിനടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കി. എന്‍റെ ഭാര്യയാകട്ടെ ചൂണ്ടുവിരലാല്‍ അത് മെല്ലെ ചുരണ്ടിനോക്കി.
“ഒരു ദിവസം സാന്‍വിച്ച് എടുക്കാന്‍ ഫ്രിഡ്ജു തുറന്നപ്പോള്‍ അതിനുള്ളിലെ ലൈറ്റ് തെളിയുന്നില്ലെന്നറിഞ്ഞ അവള്‍ സങ്കടം സഹിക്കവയ്യാതെ മുറിയിലേയ്ക്ക് ഓടിവന്ന് പൊട്ടിക്കരഞ്ഞു. വീട് മുഴുവന്‍ ഇരുട്ട് വ്യാപിക്കാന്‍ പോകുകയാണെന്ന് പുലമ്പി അന്ന് അവള്‍ ചുമരില്‍ തലയിട്ടടിച്ചുകരഞ്ഞപ്പോള്‍ പറ്റിയ രക്തക്കറയാണത്.”
ഫ്രിഡ്ജിനുള്ളിലെ തണുപ്പില്‍ മിഴിപൂട്ടിയ പ്രകാശം എന്‍റെയുള്ളിലും ഇരുള്‍ പരത്തി. ചിന്തകളുടെ വാതില്‍ തുറന്ന് ഇരുളിനെ ആട്ടിയകറ്റാന്‍ ഞാന്‍ ശ്രമിച്ചു. മുറിയിലെ നിശബ്ദത എന്നെ അസ്വസ്ഥമാക്കി.
“അനുഭവങ്ങള്‍ കാലന്തരെ മനുഷ്യസ്വഭാവത്തെ മാറ്റുന്നത് അത്ഭുതകരമാണ്. മിതഭാഷിയായിരുന്ന ഞാന്‍ ഇത്രയും സംസാരിച്ചു എന്നുള്ളതുതന്നെ അതിനുദാഹരണമാണ്.”  അയാള്‍ ചുമച്ചു.
“അവള്‍ എന്താ ചെയ്യുകയെന്ന്  മുന്‍കൂട്ടി അറിയാനാവാത്ത അവസ്ഥ. അത് കൊണ്ടുതന്നെ കിടപ്പുമുറിയിലെ വാതില്‍ അകത്തുനിന്നും പൂട്ടാതിരിക്കാന്‍ കതകിന്‍റെ നോബിലെ ലോക്ക് അഴിച്ചു മാറ്റി...” അയാള്‍ പറഞ്ഞതുകേട്ട് ഭാര്യ എന്നെ നോക്കി.
“ഭിത്തിയുടെ ഈ വശത്തായി തൂക്കിയിരുന്ന വെളുത്ത ബോര്‍ഡില്‍ ഭാര്യ ചിത്രങ്ങള്‍ വരച്ചിരുന്നു. അതിലൂടെയായിരുന്നു അവളുടെ മാനസികാവസ്ഥ പലപ്പോഴും മനസ്സിലാക്കാനാവുക. സന്തോഷവതിയായിരിക്കുമ്പോള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള വിടര്‍ന്ന പൂക്കളുടെ പടം ബോര്‍ഡില്‍ കാണാം.” പണ്ട് ബോര്‍ഡു തൂക്കിയിരുന്ന ഭാഗത്തേക്ക് പാട്രിക്ക് കൈ ചൂണ്ടി. അവിടെയപ്പോള്‍ ഞാനും ഭാര്യയും ഏതോ ഒഴിവുകാലത്തെടുത്ത പഴയൊരു ഫോട്ടോ തൂക്കിയിരുന്നു. ഞങ്ങളുടെ ചിത്രത്തില്‍ വിടര്‍ന്ന വര്‍ണ്ണാഭമായ പൂക്കളെ കാണാന്‍ ഞാന്‍ ശ്രമിച്ചു. എന്‍റെയും ഭാര്യയുടെയും  കണ്ണുകൾ തമ്മിൽ ഉടക്കി. കാണാന്‍ കഴിയാത്ത ആ പുഷ്പങ്ങളെ അവളും എന്നപ്പോലെ തിരയുന്നുണ്ടാവാം.
രാത്രിയില്‍ പലപ്പോഴും അയാളുടെ ഭാര്യ നല്ല വസ്ത്രങ്ങള്‍ ധരിച്ച് ചന്തത്തില്‍ ഒരുങ്ങി കട്ടിലിനോട് ചേര്‍ന്നുണ്ടായിരുന്ന നിലക്കണ്ണാടിയില്‍ തന്‍റെ രൂപം നോക്കി നില്‍ക്കുമായിരുന്നുവെന്നും അവസാന ദിനങ്ങളില്‍ അതില്‍ തെളിയുന്ന ഛായക്ക് തന്‍റെ ശരീരരൂപവുമായി സാമ്യമില്ലെന്നു ഭാര്യ പരിതപിച്ചിരുന്നതായും അയാള്‍ പറഞ്ഞു.

“അത്ഭുതമെന്ന് പറയട്ടെ കഴിഞ്ഞ ദിവസം കണ്ണാടിയില്‍ നോക്കിയിരുന്നപ്പോള്‍ എനിക്കും അങ്ങനെ തോന്നിത്തുടങ്ങി. എന്‍റെ ചലനങ്ങളെ പ്രതിരൂപങ്ങള്‍ നിരാകരിക്കുന്ന പോലെ” അത് പറഞ്ഞപ്പോള്‍ അയാളുടെ ചെറുവിരലിന്‍റെ തുടര്‍ച്ചയെന്നപോലെ മോതിരവിരൽ ആ വിറയല്‍ എറ്റെടുക്കുന്നുണ്ടായിരുന്നു.
ഭാര്യ എന്നെ ഭയത്തോടെ നോക്കി. ഞാനും അസ്വസ്ഥനായി. വഴിയിലെ മഞ്ഞ് മാറ്റാനെത്തിയ ട്രക്കിന്‍റെ ശബ്ദം മുറിയില്‍ ഉറഞ്ഞുകൂടിയ മൂകതയെ അകറ്റി. അയാള്‍ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. 
“മഞ്ഞു പെയ്യുന്ന ദിനങ്ങളില്‍ അവള്‍  ജനാലയിലൂടെ ഇങ്ങനെ പുറത്തേക്ക് നോക്കിനിന്നിരുന്നു. ഇവിടെ ഇപ്പോഴും മഞ്ഞാണെന്നും ഇത് മഞ്ഞാഴിയാത്ത വീടാണെന്നും അവള്‍ പറയാറുണ്ടായിരുന്നു. പുറത്ത്‌ മരച്ചില്ലകളില്‍ ഉറഞ്ഞുകൂടി ഐസായി മാറിയ മഞ്ഞ് ആത്മഹത്യ ചെയ്ത വെളുത്ത രൂപങ്ങളാണെന്നു പറഞ്ഞു ദു:ഖിച്ചിരിക്കും. കൊടുംമഞ്ഞുവീഴ്ചയുള്ള ദിനങ്ങളില്‍ ജനാലയ്ക്ക് പുറത്ത് ചില രൂപങ്ങള്‍ അവള്‍ക്ക് കാണാനാകുമത്രേ. ആദ്യമൊന്നും ഞാന്‍ അത് കാര്യമാക്കിയില്ല. എത്രയോ പ്രാവശ്യം ഞാന്‍ അവയെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നോ..“ അത് പറഞ്ഞ് പാട്രിക്ക് ഞങ്ങളെ നോക്കി കൈകള്‍ മലര്‍ത്തി. കൈരേഖകള്‍ ഇരുകൈവെള്ളകളിലും ഇലപൊഴിഞ്ഞ മരച്ചില്ലകളെന്നപോലെ പടര്‍ന്നു പന്തലിച്ചു നിന്നു.
“ഈ മഞ്ഞ് ക്രമേണെ ഞങ്ങളുടെ ഇടയില്‍ പടര്‍ന്ന് ഞങ്ങളുടെ കാഴ്ചകളെ മറയ്ക്കുകയായിരുന്നു. എനിക്ക് എന്നേ ഉറക്കം നഷ്ടപ്പെട്ടു. പൂര്‍വ്വകാല ഓര്‍മ്മകളുടെ കുരുക്കില്‍ പെട്ട് ശ്വാസം മുട്ടുമ്പോള്‍ നിദ്ര പോലും ഭയന്ന് മാറി നില്ക്കും” അയാള്‍ പതിയ സ്വരത്തില്‍ പിറുപിറുത്തു.  
അയാളുടെ അസ്വസ്ഥത എന്നിലേക്കും പടരുന്നുണ്ടായിരുന്നു.
“താങ്കളുടെ ഭാര്യക്ക് വെല്ല അപകടവും?” എന്‍റെ ഭാര്യ ചോദിച്ചു. കുറ്റാന്വേഷണകഥയുടെ അവസാനപുറം വായിക്കുന്ന ഒരു വായനക്കാരിയുടെ ഉദ്വേഗവും പിരിമുറുക്കവുമായിരുന്നു അവളുടെ മുഖത്ത്.
അയാളൊന്നു മൂളി. 
“ഇതുപോലെ കനത്ത മഞ്ഞുവീണ ഒരു ദിവസം ജോലിയിലായിരുന്ന എന്നെ ഭാര്യ ഫോണില്‍ വിളിച്ചു. അന്ന് ജനാലയിലൂടെ വളരെ വിചിത്രമായ കാഴ്ചകള്‍ കാണാനാവുന്നുണ്ടന്നും ഭാഗ്യമുണ്ടേല്‍ വീട്ടില്‍ വന്നാല്‍ എനിക്കുമത് കാണാന്‍ കഴിഞ്ഞേക്കുമെന്നും അവള്‍ പറഞ്ഞു. അന്ന്‍ സംസാരിക്കുമ്പോള്‍ ഭാര്യ വളരെ സന്തോഷവതിയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഇവിടെയൊന്നും എനിക്ക് അവളെ കാണാനായില്ല. മുറിയില്‍ മേശപ്പുറത്ത് കടലാസില്‍ അവള്‍ ഒരു ചിത്രം വരച്ചിരുന്നു. അന്ന് പുറത്തുകണ്ട രൂപമാവാം അത്” അയാള്‍ വീണ്ടും ചിന്തകളിലേക്ക് വഴുതി വീണു.
“അന്ന് ഭാര്യ പറഞ്ഞ ആ അത്ഭുതക്കാഴ്ച്ചക്കായി ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെ ഞാന്‍ കണ്ടത് തണുത്ത്‌ മരവിച്ചു മഞ്ഞില്‍ പൊതിഞ്ഞുകിടന്ന അവളുടെ കാല്‍പ്പാദങ്ങളായിരുന്നു...”  അയാളുടെ ഓരോ ശ്വാസനിശ്വാസത്തിലും ഹൃദയത്തെ തൊട്ടുവന്ന ചൂടിന്‍റെ വിങ്ങലുണ്ടായിരുന്നു.
ശാപമോഷം തേടിയലയുന്ന അരൂപിയായ ആത്മാക്കളുടെ പരിവേദനമെന്നപോലെ അതുവരെ മൌനം പേറിയലഞ്ഞ കാറ്റ്‌ ജനാലച്ചില്ലില്‍ത്തട്ടി അസ്വസ്ഥമായി നിലവെളിച്ചു. 
“മരണം മരണപ്പെടുന്നവര്‍ക്ക് മാത്രമേ സമാധാനം നല്‍കുന്നുള്ളൂ. അവര്‍ നശിച്ച ഓര്‍മ്മകളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നു. അവ വേട്ട നായ്ക്കളെപ്പോലെ ഇരകളെ തേടി അലയുന്നു.” പാട്രിക്ക് ജനാലയുടെ സമീപത്തേക്ക് മാറി വീണ്ടും പുറത്തേക്ക് നോക്കി നിന്നു. ജനാലച്ചില്ലില്‍ പ്രതിഫലിച്ച അയാളുടെ രൂപം എനിക്ക് കാണാമായിരുന്നു. ആ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. കൈവിരലുകള്‍ കൊണ്ട് ജനാലയില്‍ അയാള്‍ വെറുതെ വരകള്‍ വരച്ചു. ജനാലയ്ക്ക് മുകളില്‍ പുറത്ത് ഉറഞ്ഞുകൂടിയ മഞ്ഞ് ചില്ലില്‍ തട്ടി താഴേക്കു ഊര്‍ന്നിറങ്ങി.
“അന്ന് എന്‍റെ ഭാര്യക്ക് ദൃശ്യമായ ആ രൂപങ്ങളെ എന്നെങ്കിലുമൊരിക്കല്‍ എനിക്കും കാണാനാവുമെന്ന് അവള്‍ പറയുമായിരുന്നു. ഈ ചിന്തകൾക്ക്  അടിസ്ഥാനമില്ലെന്ന്  അറിയാമെങ്കിലും അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആ രൂപങ്ങളെ ഒന്നു  കൂടെ കാണാനാവുമെന്ന്  കരുതി. എല്ലാം വെറുതെ.”  ആ വാക്കുകള്‍ സമനില തെറ്റിയ ഒരാളുടെ ഭ്രാന്തന്‍ ജല്‍പ്പനമായി തോന്നിച്ചു. അത് ആ സ്ത്രീയുടെ വെറും തോന്നലുകളാണെന്ന് എന്താണയാള്‍ മനസ്സിലാക്കാതിരുന്നത്? അയാളുടെ മനോനില തെറ്റിയിരിക്കുന്നു. 
ഭാര്യ പരിഭ്രാന്തിയോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെ ഒന്നും കാണാതിരുന്നതിലുള്ള നിരാശ അവളുടെ മുഖത്ത് പ്രതിഫലിച്ചു. പ്രകൃതി ചോരവാര്‍ന്ന മൃതശരീരം പോലെ വിളറി വെളുത്തിരുന്നു.
കണ്ണിന്‍റെ കോണില്‍ തുളുമ്പി നിന്ന ഒരു തുള്ളി വീണുടയാതിരിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉള്ളിലെവിടെയോ കത്തുന്ന നെരിപ്പോട് ഊതിക്കെടുത്തുവാന്‍ പാടുപെടുന്നപോലെ. മെല്ലെ മുറിയില്‍ നിന്നിറങ്ങി മുന്‍വശത്തെ വാതില്‍ തുറന്നു പാട്രിക്ക് അകലേക്ക്‌ നോക്കി നിന്നു. പിന്നീട് പെട്ടെന്ന് ഷൂസ് കാലില്‍ തിരുകികയറ്റി ലേസ്‌ മുറുക്കാന്‍ മിനക്കെടാതെ പുറത്തേക്കിറങ്ങി. ഞങ്ങളോട് ഒന്നുമുരിയാടാതെ പെയ്തുകൊണ്ടിരുന്ന മഞ്ഞിലൂടെ അയാള്‍ നടന്നു.
ഭാര്യ എന്നെ നോക്കി ചോദിച്ചു “ ഈ മരവിക്കുന്ന തണുപ്പത്ത്  കോട്ടിടാതെ അയാൾ എവിടേയ്ക്കാണ്?”
അവള്‍ ധൃതിയില്‍ അയാളുടെ വിന്‍റെര്‍കോട്ടെടുത്തുകൊണ്ട് വന്നപ്പോഴേക്കും പാട്രിക്ക് നടന്നകന്നിരുന്നു. 
“കോട്ട് “ അവള്‍ പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. 
അയാളുടെ കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും പിച്ചള കൊണ്ടുണ്ടാക്കിയ ഒരു ലോക്കും അത് മുറുക്കാന്‍ ഉപയോഗിച്ച സ്ക്രൂവും താഴേയ്ക്കു വീണു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഭാര്യ ആ കോട്ട് എന്നെ ഏല്‍പ്പിച്ചു. അതിന്‍റെ പോക്കറ്റില്‍ നിന്നും താഴേക്ക് ഊര്‍ന്നുവീണ കടലാസുകഷണം എന്‍റെ കൈ വിരലുകളില്‍ തടഞ്ഞു. മടക്കിവെച്ചിരുന്ന ആ കടലാസില്‍ പെന്‍സില്‍ കൊണ്ട് ആരോ വരച്ച ചിത്രമായിരുന്നു. നെറ്റിയില്‍ നക്ഷത്രച്ചുട്ടിയുള്ള, കുഞ്ചിരോമങ്ങള്‍ കാറ്റിലിളകുന്ന ശുഭലക്ഷണമുള്ള  ഒരു കുതിരയുടെ ചിത്രം. എന്‍റെ കൈയിലിരുന്ന് ആ കടലാസുതുണ്ട് വിറച്ചു.
“എന്താ കടലാസില്‍? എന്താ കണ്ണ് നിറഞ്ഞിരിക്കുന്നേ?” ഭാര്യ ചോദിച്ചു.
“ങേ..ഒന്നുമില്ല...ഇത്.. ഇതേതോ അഡ്രസ്സാണ്”  വിറയ്ക്കുന്ന കയ്യിൽ നിന്നും ആ കടലാസ്  വഴുതി പോകുമെന്ന് ഞാൻ ഭയന്നു 
ഭാര്യയുടെ കൈവിരലില്‍ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക് നോക്കി. യൗവ്വനത്തിന്‍റെ തീഷ്ണതയിലെന്നപോലെ തിമിര്‍ത്തുപെയ്തുകൊണ്ടിരുന്ന മഞ്ഞ് നര ബാധിച്ച വാര്‍ദ്ധക്യം പോലെ ദുര്‍ബലമാകുന്നുണ്ടായിരുന്നു. പുറത്ത് കുട്ടികള്‍ പഴയതിനെ ഉടച്ചു കളഞ്ഞു പകരം കൂടുതല്‍ വലുപ്പത്തിലുള്ള ഒരു ഹിമമനുഷ്യനെ ഉണ്ടാക്കിയിരുന്നു.
 

ബിജോ ജോസ് ചെമ്മാന്ത്ര 
Email: BijoChemmanthara@gmail.com

# kadha by Bijo Jose chemmanthra

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക