Image

ഇന്നലെയുടെ കാലൊച്ചകൾ (ചെറുകഥ : മനോഹർ തോമസ്)

Published on 29 November, 2022
ഇന്നലെയുടെ കാലൊച്ചകൾ (ചെറുകഥ : മനോഹർ തോമസ്)

ന്യൂയോർക്കിൽ താമസിക്കുന്ന ഒരാൾ  ലോകത്തിലെ മറ്റൊരു പട്ടണം കണ്ടാലും വിരളില്ല .കാരണം ഇവിടം തിരക്കുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മറ്റൊരാളുടെ കൈയിലിരിക്കുന്ന പണം   നമ്മുടെ കൈയിൽ എത്തിക്കാൻ പാടുപെടുന്നവരുടെ നിതാന്ത പരാക്രമങ്ങളാണ് എവിടെയും .

നെട്ടോട്ടം ഓടി സബ്‌വേ സ്റ്റേഷനിൽ എത്തുമ്പോഴും ഒതുക്കുകല്ലുകൾ ചാടിയിറങ്ങി പ്ലാറ്റുഫോമിൽ എത്തുമ്പോഴും മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു .പതിനൊന്നേകാലിന്റെ തീവണ്ടി പിടിക്കണം . ഓഫീസിന്റെ ഇടനാഴികയിലെ പഞ്ചിങ്ങു് മെഷിനിൽ കാർഡ് അമരുമ്പോൾ പന്ത്രണ്ടു മണി തന്നെ ആയിരിക്കണം. ഇനി ഒരിക്കൽ കൂടി ഐറിഷുകാരൻ മാനേജരുടെ സ്വതവേ തുടുത്തു ചുവന്ന മുഖം രക്തവര്ണമാകുന്നത് കാണാൻ വയ്യ !!

വേഗത്തിൽ കമ്പാർട്‌മെന്റിലേക്ക് കടന്നു. വാതിലടഞ്ഞു. അണച്ചുകൊണ്ട് ഇരുമ്പഴികളിൽ പിടിക്കുമ്പോൾ എന്തോ പന്തികേട് തോന്നി . പഞ്ചേന്ദ്രിയങ്ങളും സ്തംഭിപ്പിക്കുന്ന ഒരു നാറ്റം മൂക്കിലേക്ക് തുളച്ചു കയറി . ചുറ്റുമൊന്ന് കണ്ണോടിച്ചു . ഈ കമ്പാർട്ടുമെന്റിൽ ഞാൻ മാത്രമേ ഉള്ളോ ? അല്ല ഒരാൾ കൂടിയുണ്ട് . സാമാന്യത്തിലധികം വണ്ണമുള്ള ഒരാൾ അങ്ങേയറ്റത്ത് കൂഞ്ഞിക്കൂടി  ഇരിക്കുന്നതാണ് ഒറ്റ നോട്ടത്തിൽ കണ്ടത് . വല്ല ശവവുമായിരിക്കുമോ ? ഉള്ളൊന്ന് പിടഞ്ഞു . ഏതായാലും അടുത്തുചെന്ന് നോക്കാമെന്ന് കരുതി .ഓരോ അടി മുന്നോട്ട് വക്കുമ്പോഴും കൊടുംകാറ്റിന്റെ വേഗത്തിൽ ആ നാറ്റം മൂക്കിലേക്ക് തുളച്ചെത്തുന്നു .

അടുത്തു ചെന്നപ്പോൾ വ്യക്തമായി ആൾ അനങ്ങുന്നുണ്ട് .പാൻറ്സ് മുട്ടുവരെ ചരിച്ചുകയറ്റി, രണ്ടു  കൈ കൊണ്ടും കാലിൽ ആഞ്ഞു മാന്തുകയാണ് . മുട്ടുതൊട്ട് പാദത്തിന്റെ അറ്റം വരെ പൊട്ടി അളിഞ്ഞിരിക്കുന്നു . നാറ്റത്തിന്റെ ഉത്ഭവം പിടികിട്ടി .ഗാൻഗ്രിൻ  വന്ന് പഴുത്തൊലിക്കുന്ന ആ കാലിലേക്ക് ഒന്നേ നോക്കിയുള്ളൂ . തിരിഞ്ഞു നടക്കുമ്പോൾ ബോധം മറയാതിരിക്കാൻ ഇരുമ്പു വളയങ്ങൾ സഹായിച്ചു .

കാരുണ്യവാനെ ! അടുത്ത സ്റ്റേഷനൊന്നു വേഗം എത്തിയിരുന്നെങ്കിൽ. എക്സ്പ്രസ്സ് ട്രെയിൻ ആയതുകൊണ്ട് അരമണിക്കൂറെങ്കിലും  എടുക്കുമെന്നോർത്തു . ഈ  രൂക്ഷമായ നാറ്റം !! ഈ  നാറ്റം തന്നെ ഇതിനുമുമ്പ്
എപ്പോഴാണ് , എവിടെവച്ചാണ് അനുഭവിക്കാൻ ഇടയായത് . ചിന്തയിൽ കൊള്ളിയാനുകൾ മിന്നി . ഗതകാലത്തിന്റെ ശവപ്പറമ്പുകളിൽ എവിടെയോ കണ്ണീരു ചാലിച്ചെഴുതിയ ,ഒരദ്ധ്യായം തെളിഞ്ഞു വന്നു .

സ്വതവേ കർക്കശക്കാരനായ അച്ഛൻ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു . “ നിന്നെ കോളേജ് ഹോസ്റ്റലിൽ ആക്കുന്നില്ല .ആറ്റൂർ മഠത്തിലെ കൈമളിന് അവിടെ ഒരു വീടുണ്ട് .കൈമളിന്റെ മകൻ ഉണ്ണികൃഷ്ണൻ അവിടെ താമസിച്ചാണ് പഠിപ്പിക്കുന്നത് . നിനക്കും അയാളോടൊപ്പം കൂടാം .ഭക്ഷണമൊക്കെ തരാക്കാൻ അവിടൊരു വാല്യക്കാരനുമുണ്ട് .

അച്ഛൻ പറഞ്ഞു നിർത്തുമ്പോൾ കാര്യങ്ങളുടെ കിടപ്പ്‌ ഏറെക്കുറെ മനസ്സിലായി . പെട്ടിയും കിടക്കയുമായി അച്ഛനോടൊപ്പം പാടത്തിന്റെ കരയിൽ പർണ്ണശാല പോലെ ഏകാന്തമായ ആ  വീട്ടിൽ ചെന്നു കയറുമ്പോൾ, ജീവിത നാടകത്തിലെ വർണോജ്വലമായ ഒരദ്ധ്യായത്തിന്റെ തിരശ്ശില  ഉയരുകയായിരുന്നു .

യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് അച്ഛൻ പറഞ്ഞു “ഉണ്ണീ ,ആണും പെണ്ണുമായി   ഇതൊരെണ്ണമേ എനിക്കുള്ളൂ . ചാരുലത പോയശേഷം ഞാനിതിനെ എൻ്റെ നിഴലിൽ നിന്ന് മാറ്റിയിട്ടില്ല . തൻ്റെ ഒരു ശ്രദ്ധ വേണം . “
 
അച്ഛന്റെ കണ്ണുകളിൽ നനവൂറിയിരുന്നുവോ ?

അച്ഛൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിതന്നെയായിരുന്നു . കക്ഷത്തിൽ അടക്കിപ്പിടിച്ച ബാഗും , കുടയുമായി, പാടവരമ്പിലൂടെ അകന്നകന്നു പോകുന്ന അച്ഛനെ കണ്ണിൽ നിന്ന് മറയുന്ന വരെ നോക്കി നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല

ഓർക്കാപ്പുറത്തു തോളിലമർന്ന കൈയിലേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി . ഒരുപക്ഷെ ,  അപ്പോഴയിരിക്കുമോ ഉണ്ണികൃഷ്ണൻ എന്ന അതികായനെ ശരിക്കും കാണുന്നത് . മനസ്സിൻറെ ദൗര്ബല്യതലങ്ങളിൽ അയാൾ വാക്കുകൾ കൊണ്ടൊന്നു തലോടി .

“ ഈ നൊസ്റ്റാൾജിയ ഒക്കെ പോകെ പോകെ മാറിക്കൊള്ളും . പ്രഭ വരൂ, എനിക്ക് ചിലത്‌ പറയാനുണ്ട്   “

പുറകെ നടക്കുമ്പോൾ അയാളെ ശ്രദ്ധിക്കുകയായിരുന്നു . ആറടിയിലേറെ ഉയരം . സന്യാസിയെപ്പോലെ നീട്ടി വളർത്തിയ താടിയും മുടിയും . കണ്ണുകളിൽ തിളങ്ങുന്നൊരു മാന്ത്രിക ദൈന്യത .ഗുഹക്കകത്തുനിന്നും വരുന്നപോലെ ഗഹനമായ ശബ്ദം . എല്ലാംകൊണ്ടും മറ്റുള്ളവരിൽ പ്രതേകത വിതറുന്ന മനുഷ്യൻ !!

മുറ്റത്തെ നന്ത്യാർവട്ട  ചെടികൾക്കിടയിലേക്ക് കസേര വലിച്ചിട്ട് ഉണ്ണിയേട്ടൻ അമർന്നിരുന്നു . എന്നിട്ടു സാവധാനം പറഞ്ഞു ;   “പ്രശസ്ത എഴുത്തുകാരൻ ചെം പോട്ടോക്  പറഞ്ഞിട്ടുണ്ട്   all the beginning are difficult “ തന്നെ സംബന്ധിച്ചിടത്തോളം ഇത് എന്തിൻറെ ഒക്കെയോ തുടക്കമാണ് . മനസ്സ് ചാഞ്ചാടി നടക്കുന്ന പ്രായവും . ഈ  നിറങ്ങളുടെ ലോകത്തു തൻ്റെ പ്രായത്തെ ആകർഷിക്കുന്ന പലതും   ഉണ്ടാകും . താനാരാണെന്ന് താനൊന്ന് അറിയുകയാണെങ്കിൽ ഏഴു വർഷം കഴിയുമ്പോൾ ഒരു മാസ്‌റ്റേഴ്‌സ് ഡിഗ്രിയുമായി പിരിയാം .

ആർഭാടങ്ങളും , താള പൊലിമകളുമില്ലാത്ത ശാന്ത ജീവിതത്തിന്റെ നിർവചനം ഉണ്ണിയേട്ടൻ വാക്കുകൾ കൊണ്ട് വരച്ചുകാട്ടി . അറിയാതെ ഞാനദ്ദേഹത്തിൻറെ ഒരാരാധകനായി മാറി. ആത്മസംയമനത്തിൽ നിന്നും
സന്യാസിവര്യൻറെ പരിവേഷങ്ങളുമായി നിന്ന അദ്ദേഹത്തിൻറെ മുന്നിൽ ഭിക്ഷാം ദേഹിയുടെ വിഭ്രാന്ത മനസ്സുമായി ഞാനിരുന്നു .

ആ  വീട്ടിൽ ചെറിയൊരു ലൈബ്രററി ഉണ്ടായിരുന്നു “ വിശ്വസാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരും ഇവിടെയുണ്ട് . സാവധാനം പരിചയപ്പെടണം “

കുറച്ചു തടുക്കുകൾ മാത്രം വിരിച്ച മറ്റൊരു മുറി.

“ഇവിടെയാണ് മനസ്സിന്റെ വ്യായാമം നടക്കുന്നത് - മെഡിറ്റേഷൻ - സാവധാനം അത് പരിശീലിക്കാം “

എല്ലാം കൊണ്ടും എനിക്കാ അന്തരീക്ഷം പിടിച്ചു . ദിവസങ്ങൾ കൊണ്ട് ആ പർണശാലയുടെ ഭാഗമായി മാറി . അപ്പോഴെക്കും  ഊമയായ വേലക്കാരനും അധികം സംസാരിക്കാത്ത ഉണ്ണിയേട്ടനും എൻ്റെ മനസ്സിന്റെ നിശബ്ദ പഞ്ചാംഗങ്ങളിൽ വൈചിത്യമാർന്ന ചിത്രം വരച്ചിരുന്നു .
   
ഒരു ശനിയാഴ്ച ദിവസം രാവിലെ ജെയിംസ് ജോയിസിന്റെ ‘ യുളീസസിൽ ‘ മുങ്ങിത്തപ്പുകയായിരുന്നു . ഉമ്മറത്ത് സ്ത്രീ ശബ്ദം കേട്ടാണ് ഇറങ്ങിച്ചെന്നത് . പുളിയിലക്കര  നേര്യതുകൊണ്ട് സെറ്റുടുത്തു , എണ്ണമിനുങ്ങുന്ന തലമുടിയിൽ തുളസിക്കതിരുമായി , അഷ്ടപദി പാട്ടിലെ ഈരടി പോലൊരു പെൺകുട്ടി .

  “ഇയാളാണ്   പ്രഭാകരവർമ്മ . പർണശാലയിലെ നവാഗതൻ  “

അവരാരാണെന്നറിയാനുള്ള ആകാംഷ തുളുമ്പി നിന്നു . ആദ്യം വിചാരിച്ചത് ഉണ്ണിയേട്ടൻറെ പ്രേമഭാജനമാണെന്നാണ് . എനിക്ക് തെറ്റി .ആതിര തമ്പുരാട്ടിക്ക് അദ്ദേഹത്തിന്റെ ആരാധികയാകാനേ കഴിഞ്ഞുള്ളു  . താപസനെ പോലെ അനവദ്യ സുന്ദരമായ മറ്റൊരു സാമ്രാജ്യം പിടിച്ചടക്കാൻ സാധകം ചെയ്യുന്ന ഉണ്ണിയേട്ടനുണ്ടോ , ഭൗതിക തൃഷ്‌ണയുള്ള മിന്നാമിനുങ്ങിൽ ആകൃഷ്ടനാകുന്നു .
ആദ്യമായി കോളേജിലേക്ക് ഇറങ്ങുമ്പോൾ പുറകിൽ നിന്ന് ഉണ്ണിയേട്ടൻ വിളിച്ചു പറഞ്ഞു “ റാഗിംഗ് ഉണ്ടാകും . സൂക്ഷിക്കണം “

ക്ലാസ്സിൽ ഇരിക്കുമ്പോൾ മനസ്സിലൊരു പിടച്ചിൽ . വരും വരായ്കകൾ ഭാവനക്ക് പിടി തരാതെ ഭീതി പരത്തി നിന്നു . ക്ലാസ് നടക്കുമ്പോൾ പലരും ജനലവഴി എത്തിനോക്കുന്നത് കണ്ടിരുന്നു .ക്ലാസ് വിട്ടിറങ്ങുമ്പോൾ നാലു പേർ വട്ടം നിന്നു .” നമുക്ക് ഹോസ്റ്റൽ വരെ പോയിട്ട്  പിരിയാം “. വെളുത്തു മെലിഞ്ഞുണങ്ങിയ എൻ്റെ ചുറ്റും അവർ നാലു തൂണുകൾ പോലെയാണ് നടന്നത് .രണ്ടാമത്തെ നിലയിലെ ഒരു മുറിയിലേക്ക് ഉന്തിത്തള്ളിയാണ് കയറ്റിയത് .

 മുറിയിൽ കയറിയ ഉടനെ , അതിലൊരുത്തൻ പറഞ്ഞു ; “ അഴിക്കടാ എല്ലാം “
മുണ്ടും ഷർട്ടും ബനിയനും ഊരി കസേരയിൽ ഇട്ടു .” ഷഡി അഴിക്കാൻ ഇനി വേറെ പറയണോ “ എന്ന് പറയുകയും , ചെവിക്കല്ല് നോക്കി ആഞ്ഞടിച്ചു . തല ചുറ്റിയപ്പോൾ കസേരയിൽ പിടിച്ചു കുനിഞ്ഞു നിന്നു . ആരോ പുറകിൽ നിന്ന് തൂങ്ങിയ ലിംഗത്തിൽ ആഞ്ഞടിച്ചു .വേദനകൊണ്ട് പുളയും തോറും ,അവർക്ക് ഹരം കയറിയപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു .ഹൃദയം പൊട്ടിയുള്ള എൻ്റെ നിലവിളി വായുവിൽ അലിഞ്ഞു . ലിംഗത്തിൽ നിന്ന് കട്ട രക്തം ഒഴുകും തോറും അവരുടെ അട്ടഹാസവും ചിരിയും കൂടി കൂടി വന്നു .  
ഒരുത്തൻ പറഞ്ഞു ,” അവൻ്റെ ആസനത്തിൽ ഒരു മെഴുകുതിരി കത്തിച്ചുവക്കാം . എന്താ സംഭവിക്കുന്നത് എന്നറിയാമല്ലോ .”.

അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് .

“ തുറക്കണ്ട  “ ഒരാൾ പറഞ്ഞു.
വീണ്ടും ഒരു മുട്ടുകൂടി കേട്ടു . പിന്നെ വാതിൽ , വിജാഗിരി തകർന്ന്, ചാരിനിന്നവനേയും തെറിപ്പിച്ചു  തെറിച്ചു വീണു . ചാടി വീണ ഉണ്ണിയേട്ടൻ ഒരുത്തന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചുമരിൽ ഇടിച്ചു . ഇരുമ്പുവടിയുമായി തല്ലാൻ ഓങ്ങിയവനെ  തൊഴിച്ചിട്ടു . ചോരയിൽ കുളിച്ചുനിന്ന എന്നെ മുണ്ടുചുറ്റി പൊക്കിഎടുക്കുമ്പോൾ ബോധം മറഞ്ഞിരുന്നു . ജഢപാറുന്ന മുടിയും , തീ മുറ്റുന്ന കണ്ണുകളുമായി ഉണ്ണിയേട്ടൻ എന്നെ തോളത്തിട്ടു നടന്നു . വാതിലിന് പുറത്തു , കൂട്ടമായി നിന്നവർ ചുഴലിക്കാറ്റടിച്ച പോലെ മാറി കൊടുത്തു .

അവധി ദിവസങ്ങളിൽ ഉമ്മറത്തെ കോലായിൽ ചമ്രം പടിഞ്ഞിരുന്നു ആതിരയും ഞാനും ഉണ്ണിയേട്ടന്റെ വേദോപനിഷത്തുക്കളുടെ തർജിമയും സാഹിത്യ വിമർശനങ്ങളും , കേൾക്കുമ്പോൾ ,അദ്ദേഹം  ഏതോ ഗുരുകുലത്തിലെ ആചാര്യനായി മാറുന്നു . അങ്ങിനെ തുടർന്നിരുന്ന ഒരു  വിജ്ഞാന വിരുന്നിൽ വച്ചാണ് ദേഹമാസകലം വിയർപ്പിൽ കുളിച്ചു അദ്ദേഹം മോഹാലസ്യപ്പെട്ടു വീണത് . അന്ന് എൻ്റെ വിഭ്രാന്തതേങ്ങലുകളായിരുന്നു , ഏകാന്തമായ പർണശാലയുടെ അന്തരീക്ഷത്തിൽ ,ഏറ്റവും ഉയർന്നു കേട്ടതെന്നു, ആതിര പറഞ്ഞാണ് പിന്നീടറിഞ്ഞത് . മറ്റൊരിക്കൽ , ക്ലാസ്സ് മുറിയിൽ ലെക്ച്ചർ ചെയ്തുകൊണ്ടിരിക്കുമ്പോൾ , പിന്നീട് സാഹിത്യസമതിയുടെ ക്യാമ്പിൽ വച്ച് .

ബോധം തെളിഞ്ഞു വന്ന ഏട്ടനെ ഞാൻ നിർബന്ധിച്ചാണ് ഡോക്ടറെ കാണാൻ കൊണ്ടുപോയത് .പരിശോധനയും , പ്രാരംഭ ടെസ്റ്റുകളും കഴിഞ്ഞപ്പോൾ ഡോക്ടറെന്നോട് കുറച്ചുസമയം പുറത്തിരിക്കാൻ പറഞ്ഞു . എന്നും വ്യായാമം ചെയ്യുന്ന ബലിഷ്ഠമായ ഒരാൾക്ക് എന്തസുഖം വരാനാണ് ? ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തുവന്ന ഏട്ടന്റെ മുഖത്ത് പതിവില്ലാത്തൊരു ദൈന്യഭാവം നിഴലിച്ചിരുന്നുവോ? അതോ , അതെൻറെ തോന്നലായിരുന്നോ ? എന്തെങ്കിലും പറയുമെന്ന് വിചാരിച്ചുകാത്തിരുന്നു . അവസാനം “സാരമില്ല “ എന്ന ഒറ്റവാക്കിൽ അദ്ദേഹം കാര്യങ്ങൾ ഒതുക്കി .

വളരെ ശാന്തപ്രകൃതക്കാരനായ ഏട്ടൻ പർണശാലക്കു പുറത്തു പോകാൻ അധികം ആഗ്രഹിച്ചിരുന്നില്ല . വായനയും ,എഴുത്തും , മെഡിറ്റേഷനും , ഒക്കെയായി അവിടെ തന്നെ കാണും .ഗീതാ പാരായണം , സാഹിത്യപരിഷത് , വല്ലപ്പോഴും വരുന്ന നല്ല സിനിമകൾ ഇവയൊക്കെയായിരുന്നു പുറത്തു പോകാറുള്ള അവസരങ്ങൾ . എവിടെ പോയാലും നേരത്തെ പറയുന്ന പ്രകൃതം; എന്നോടോ ,ആതിരയോടോ . ഒരക്ഷരം മിണ്ടാതെ ആരെയോ കാണാൻ രണ്ടു മൂന്നു വട്ടം പോയി . ആ മാറ്റം ചെറിയൊരു അലോസരത്തിന് വഴിയൊരുക്കി .
         
ചില വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക് വളരെ അനായാസമായി കടന്നുവരും .എന്നിട്ട് മനസ്സിൻറെ തലത്തിൽ അങ്ങിനെ വിരാജിക്കും .അവരിലേക്ക്‌ കടന്നുചെല്ലാൻ അവരോട്ട് അനുവദിക്കുകയുമില്ല . അങ്ങിനെ ഒരാളുടെ മൂടുപടം ഉണ്ണിയേട്ടൻ അണിഞ്ഞിരുന്നു .

ഒരു ക്രിസ്തുമസ് അവധിക്കാലം . രാവിലെ വീട്ടിലേക്കു പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു . ഏട്ടൻ പറഞ്ഞു ,  “ ഞാനിക്കുറി നാട്ടിലേക്കില്ല . പ്രഭ പോയി വരൂ .എനിക്ക് ചില സ്ഥലങ്ങളിൽ പോകാനുണ്ട് .ചിലതൊക്കെ ചെയ്തുതീർക്കാനും ഉണ്ട് .”

അമ്പലത്തിലെ ഉത്സവവും , പുഴവക്കും , ലൈബ്രറിയും , ഒക്കെയായി പതിനഞ്ച് ദിവസം കടന്നുപോയത് അറിഞ്ഞില്ല .കോളേജ് തുറക്കുന്നതിന്റെ തലേദിവസം ഞായറാഴ്ച തന്നെ പര്ണശാലയിലേക്ക് തിരിച്ചു .

നാട്ടുവഴിയിൽ  വണ്ടിയിറങ്ങി , മെല്ലെ പാടവരമ്പിലൂടെ നടന്നു. മകരകാറ്റിന്റെ പരിരംഭണം   . അകലെനിന്നേ പർണശാല കാണാം .ഒതുക്കുകൾ ചവിട്ടി കയറി ,പർണശാലയിലേക്കു നീളുന്ന ചരൽ പാതയിലേക്ക് കാലുവയ്ക്കാനും , എന്തോ ഒരു പന്തികേട് തോന്നി .

 കാറ്റിൽ ചാലിച്ച ഒരു ദുർഗന്ധത്തിന്റെ തേരോട്ടം . ഓരോ അടി മുന്നോട്ട് വക്കുമ്പോഴും ആ ഗന്ധം ശക്തിയാർജിക്കുന്നു . കുരുക്കുത്തി മുല്ലയും . കണ്ണാന്തളിയും , പുല്ലാന്തി പടർപ്പുകളും , ഉമ്മവച്ചു നിൽക്കുന്ന തൊടിയിൽ നിന്ന് പർണ്ണശാല ലക്ഷ്യമാക്കി ചുള്ളനുറുമ്പുകളുടെ ഘോഷയാത്ര .

നടന്ന് മുറ്റം വരെ എത്തി .തൊടിയുടെ നാനാഭാഗത്തുനിന്നും പതിനായിരക്കണക്കിന് ഉറുമ്പുകൾ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് , ചുഴിയായി ,  മാറി , തിന്നടിയിലൂടെ , ചുമരും കടന്ന് , ഉത്തരപഴുതിലൂടെ വിലയം പ്രാപിക്കുന്നു .!  സൂക്ഷിച്ചു നോക്കിയപ്പോൾ ഉറുമ്പുകൾ മാത്രമല്ല പുഴുക്കളും !!
പുഴുക്കളുടെ ഘോഷയാത്ര ! ചെറിയ വെളുത്തുരുണ്ട പുഴുക്കൾ !!
കാറ്റിൽ അമരുന്ന ഗന്ധത്തിൽ ബോധം മറയുമെന്ന് തോന്നി . കോലായിലെ കൽത്തൂണിൽ ആഞ്ഞുപിടിച്ചുകൊണ്ടാലറി .

“ ഉണ്ണിയേട്ടാ  “

ഏകാന്ത തപ്തമായ പർണശാലയുടെ ആത്മാവിൽ ശബ്ദം മാറ്റൊലികൊണ്ട് നിന്നു .  അടഞ്ഞു കിടന്നിരുന്ന വാതിലുകളെല്ലാം ചവിട്ടി നോക്കി .എല്ലാം അകത്തുനിന്ന് പൂട്ടിയിരിക്കുന്നു .വെറിപിടിച്ച പട്ടിയെപ്പോലെ അതിലെയെല്ലാം ഓടി നടക്കുന്നതിനിടയിൽ ചവിട്ടേറ്റ് ഒരു വാതിൽ പാളി പറിഞ്ഞുവീണു .
ഒന്നേ നോക്കിയുള്ളൂ . ഉറുമ്പുകളും , പുഴുക്കളും കൂടി ചിത്രപ്പണി ചെയ്ത ഉണ്ണിയേട്ടന്റെ ചിർത്തുരുണ്ട  ശരീരം ആകെ അഴുകി ഒലിച്ചിരുന്നു .

നാട്ടുവഴി ലക്ഷ്യമാക്കി ഓടിയത് ഓർമയുണ്ട് !!!

ട്രെയിൻ അടുത്ത സ്റ്റേഷനിൽ ഞരക്കത്തോടെ നിന്നു .കാലിൽ ആഞ്ഞുമാന്തുന്ന ആ മനുഷ്യനെ ഒരിക്കൽ കൂടി നോക്കി .അയാൾക്ക്‌ ഉണ്ണിയേട്ടന്റെ മുഖച്ഛായയായിരുന്നു . ഗന്ധവിചികളിൽ നിന്ന് രക്ഷപെടാൻ

ഞാൻ പ്ലാറ്റ്‌ഫോമിലുടെ ഓടിക്കൊണ്ടിരുന്നു !!!!!

# Short story by Manohar Thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക