Image

എന്തൊരു ധൈര്യമായിരുന്നു അന്നൊക്കെ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 29 November, 2022
എന്തൊരു ധൈര്യമായിരുന്നു അന്നൊക്കെ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

എന്തൊരു ധൈര്യമായിരുന്നു അന്നൊക്കെ.

സത്യം. ഇന്നായിരുന്നെങ്കിൽ ഞാൻ പോവുകയില്ലായിരുന്നു ഉറപ്പ്. അന്ന് അത്രയ്ക്ക് ബുദ്ധിയൊക്കെയേ ഉണ്ടായിരുന്നുള്ളൂ.

1988. ഞാൻ ഒരേസമയം അടുത്തടുത്തുള്ള രണ്ട് ഹോസ്പിറ്റലുകളിൽ അനസ്തയോളജിസ്റ്റായി വർക്ക് ചെയ്യുന്ന കാലം. തിരക്ക് ഇത്തിരി കടുപ്പമായിരുന്നു. എന്നിട്ടും  അന്നൊരു പാതിരാവിൽ പുറത്ത് കോളിംഗ് ബെൽ ശബ്ദം കേട്ടു. കതകു തുറന്നു നോക്കുമ്പോൾ രണ്ട് കന്യാസ്ത്രീകൾ.

അവർ ഒറ്റ ശാസത്തിൽ പരിചയപ്പെടുത്തി. അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ പേര് പറഞ്ഞ് അവർ പറഞ്ഞു. ഞങ്ങൾ അവിടെ നിന്നും വരികയാണ്. ഒരു എമർജൻസി സിസേറിയൻ ഉണ്ട്. സ്ഥലത്ത് ചുറ്റുവട്ടത്തുള്ള ഹോസ്പിറ്റലുകളിൽ ഒന്നും അപ്പോൾ  അനസ്തേഷ്യ ഡോക്ടർ ഉണ്ടായിരുന്നില്ല. "പ്ലീസ് ഡോക്ടർ ഒന്ന് വേഗം വരുമോ, ഒരു ഒബ്സ്ട്രക്ടഡ് ലേബർ ആണ്. ഇനിയും താമസിച്ചാൽ ഗർഭപാത്രം റപ്ചറായി അമ്മയും കുഞ്ഞും മരണപ്പെട്ടേക്കാം."  അവർ അക്ഷരാർത്ഥത്തിൽ എന്റെ കാലിലേക്ക് വീഴുകയായിരുന്നു.

ഒരു നിമിഷം ഞാൻ ശങ്കിച്ചു നിന്നു. ആ സിസ്റ്റർമാരുടെ കണ്ണിലെ ദയനീയതയിൽ ഞാൻ വീണു പോയി. പിന്നെ ഒന്നും ആലോചിച്ചില്ല. വസ്ത്രം മാറി എത്രയും വേഗം അവരോടൊപ്പം വണ്ടിയിൽ കയറി. ആ പ്രായത്തിന്റെ ഒരു രക്തത്തിളപ്പ്. എന്നും കൂട്ടിക്കോ. എന്റെ അപ്പൻ എപ്പോഴും പറയാറുള്ളത് പോലെ "ഇളം നായ കടിയറിയില്ല, ഇളം പോത്ത് വെട്ടറിയില്ല". സത്യമാണെന്ന് ഇപ്പോൾ തോന്നുന്നു.

ഗർഭിണിയെ ഇതിനോടകം ഓപ്പറേഷൻ തിയേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. തിയേറ്റർ ഡ്രസ്സ് ധരിച്ച് ഉള്ളിൽ കടന്ന ഞാൻ ചുറ്റും ഒന്നു നോക്കി. പരിചയമുള്ള ഒരു മുഖങ്ങളും ഇല്ല. രോഗിയാണെങ്കിൽ ഓപ്പറേഷൻ ടേബിളിൽ വേദന കൊണ്ട് പുളഞ്ഞു കിടക്കുന്നു. ഒരു സ്പൈനൽ അനസ്തേഷ്യ കൊടുക്കുവാനുള്ള സാവകാശം പോലും തരാതെ രോഗിക്ക് തുടർച്ചയായ കൺട്രാക്ഷൻ വന്നുകൊണ്ടിരുന്നു.

സിസേറിയൻ ചെയ്യാൻ  റെഡിയായി നിൽക്കുന്ന ഗൈനക്കോളജിസ്റ്റിനോട്  ഞാൻ  പറഞ്ഞു. സമയം കളയേണ്ട ഞാൻ വേഗം ജനറൽ അനസ്തീഷ്യ ഇൻഡ്യൂസ് ചെയ്യാം. ഒരു ക്യുക്ക് പി എ സി, അനസ്തേഷ്യ മിഷ്യൻ ചെക്ക്.അത്യാവശ്യം ഡ്രഗ്സ് ലോഡ് ചെയ്തു വെച്ചു..

സിസേറിയന് ജനറൽ അനസ്തേഷ്യ കുറച്ചു പ്രത്യേകതകൾ ഉള്ളതാണ്. ആ രീതിയിൽ തന്നെ ഞാൻ ശ്വാസനാളിയിൽ എന്ടോ ട്രക്കിൽ ട്യൂബ് ഇട്ടു. അനസ്തേഷ്യ പാകപ്പെടുത്തി. വയറു തുറന്നതേ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.യൂട്രസിന്റെ  ലോവർ സെഗ്‌മെന്റ്  വളരെ നേർത്തിരിക്കുന്നു, ഏത് നിമിഷവും റപ്ചർ ആകാൻ പാകത്തിന്.

ഏതായാലും സിസ്റ്റർമാരുടെ ഒക്കെ കൂട്ടപ്രാർത്ഥനയുടെ ഫലമായിരിക്കും, അമ്മയ്ക്കും കുഞ്ഞിനും ഒന്നും സംഭവിച്ചില്ല. കുഞ്ഞു ഉടനെ കരഞ്ഞു. എല്ലാ മുഖങ്ങളിലും സന്തോഷം.. അമ്മയും സുഖമായി അനസ്തേഷ്യയിൽ നിന്നും ഉണർന്നു.. അൽപനേരം കൂടി കഴിഞ്ഞെ പോകാവൊള്ളൂ ഡോക്ടറെ എന്ന ഗൈനക്കോളജിസ്റ്റിന്റെ റിക്വസ്റ്റ് പ്രകാരം ഞാൻ അവിടെ കുറച്ച് സമയം കൂടി 'പുതിയ 'അമ്മയ്ക്കരികിൽ അവരെ മോണിറ്റർ ചെയ്തു. സിസ്റ്റർമാർ എന്നെ സേഫ് ആയി എന്റെ താമസ സ്ഥലത്ത് എത്തിച്ചു.

അടുത്ത ദിവസം രാവിലെ എന്റെ ഹോസ്പിറ്റലിലെ സർജനോട് ഞാൻ പാതിരാത്രിയിൽ അടുത്തുള്ള ഹോസ്പിറ്റലിൽ സിസേറിയൻ അനസ്തേഷ്യ കൊടുക്കുവാൻ പോയ വിവരം ധരിപ്പിച്ചു. ഇദ്ദേഹം ഈ ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ കൂടിയാണ്. അദ്ദേഹം എന്നെ സ്നേഹപൂർവ്വം ശാസിച്ചു. ഒരു പാതിരാത്രിയിൽ പരിചയമില്ലാത്ത രണ്ടുപേരുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടത് മണ്ടത്തരമാ യിപ്പോയി എന്ന് പറഞ്ഞു. അവർ ആൾമാറാട്ടക്കാർ ആണോ എന്ന് എങ്ങനെ അറിയാം? എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എങ്ങനെ അറിയാം? ഞങ്ങളെകൂടി വിളിച്ചുകൊണ്ട് പോകാമായിരുന്നില്ലേ? നമ്മുടെ തിയേറ്റർ സിസ്റ്ററിനെ എങ്കിലും കൂടെ കൂട്ടാമായിരുന്നില്ലേ?

ശരിയാണ്. ഞാൻ ചെയ്തത് വിഡ്ഢിത്തമാണ്. അമ്മയും കുഞ്ഞും അപകടത്തിൽ ആണല്ലോ എന്നോർത്തപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പരിചയമില്ലാത്ത ആൾക്കാർ, പരിചയമില്ലാത്ത ഗൈനക്കോളജിസ്റ്റ്, പരിചയമില്ലാത്ത ഓപ്പറേഷൻ തീയേറ്റർ, പരിചയമില്ലാത്ത നേഴ്സുമാർ, പരിചയമില്ലാത്ത അനസ്തേഷ്യ മെഷീൻ.... അങ്ങനെ പരിചയമില്ലായ്മയുടെ ഒരു നീണ്ട ലിസ്റ്റ് എന്റെ മുമ്പിൽ തെളിഞ്ഞുവന്നു. എല്ലാം മംഗളമായി അവസാനിച്ചത് കൊണ്ട് എല്ലാവർക്കും സന്തോഷം. മറിച്ച് ആയിരുന്നെങ്കിലോ?

ഇപ്പോൾ ഇതൊന്നു പോസ്റ്റ് ചെയ്യണമെന്ന് തോന്നിയതിന്റെ കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്.. ന്യൂറോ സർജറിയുടെയും, ന്യൂറോ അനസ്തേഷ്യയുടെയും പ്രത്യേകതകൾ ഞാൻ ഒരിക്കൽ സന്ദർഭ വശാൽ പോസ്റ്റ് ചെയ്തിരുന്നു. നീണ്ട മണിക്കൂറുകൾ, ബ്രയിനിന്റെ ഏറ്റവും ചെറിയ തന്മാത്രകളെ വകഞ്ഞുമാറ്റി ബ്രെയിനിനുള്ളിലെ മുഴകളെ നീക്കം ചെയ്യുക ശ്രമകരമാണ്.

അത്രതന്നെ പ്രത്യേകതയുണ്ട് ന്യൂറോ അനസ്തീഷ്യക്കും.. എന്നിട്ടും ഒരു ലേഡി ന്യൂറോസർജന്റെ അടിവയറ്റിൽ തൊഴിച്ച് വീഴിക്കുക എന്നുവച്ചാൽ... അവർ കരിയറും നാടും വിട്ട് രക്ഷപ്പെടുന്നു എന്നറിയുമ്പോൾ നമ്മുടെ നാഡികളും തളർന്നുപോകുന്നു..

സങ്കടം പറയുന്നു എന്നേയുള്ളൂ. ആരും കൂടെ നിൽക്കില്ല എന്നും അറിയാം..

ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ എമർജൻസി സർജറികൾക്ക് അനസ്തേഷ്യ കൊടുക്കുവാൻ ഞാൻ പരിചയമില്ലാത്ത പല ഹോസ്പിറ്റലിലും പോയിട്ടുണ്ട്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. നമുക്ക് വേണമെങ്കിൽ 'നോ' പറയാം. എന്തെങ്കിലും ഒഴിവു കഴിവ് പറയാം. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ മുൻപെന്ന പോലെ ഇപ്പോഴും അസമയത്ത് പരിചയമില്ലാത്തിടത്തു പോകുവാൻ ധൈര്യക്കുറവുണ്ട്. എന്നാലും ഞാൻ പോകും, ഞങ്ങൾ പോവും.  മരിക്കുവാൻ പാകമാകാത്ത രണ്ട് ജീവിതങ്ങളാണ് ഇല്ലാതെ പോകുന്നത്. അതോർത്താൽ ഞങ്ങളാരും പിന്നെ 'നോ' പറയില്ല.

ഹോസ്പിറ്റൽ സ്തംഭിപ്പിച്ച് നിങ്ങൾക്ക് സമരം ചെയ്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട് ചുറ്റുപാടും.

പക്ഷേ അങ്ങനെയൊന്നും ചെയ്യുവാൻ ഒരു ഡോക്ടറുടെയും മനസ്സ് പാകപ്പെട്ടിട്ടില്ല എന്നതാണ് സത്യം.  

മരിക്കേണ്ടി വന്നാലും ഇതൊരു ജന്മ നിയോഗമാണ്. ചെയ്തേ തീരൂ...
       

സ്നേഹപൂർവ്വം
Dr. Kunjamma George.28/11/2022.

Dr KUNJAMMA GEORGE # VIOLENCE AGAINST LADY DOCTOR , IN THIRUVANANTHAPURAM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക