ഇവിടെ ഗിസൈസിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്ന് പുറത്ത് നോക്കിയാൽ മെട്രോസ്റ്റേഷൻ കാണാം. രാവിലെയും വൈകീട്ടും ആളുകൾ മെട്രോസ്റ്റേഷൻ ലക്ഷ്യമാക്കി തിടുക്കപ്പെട്ട് നടക്കുന്നത് നോക്കിയിരിക്കുമ്പോൾ എനിക്ക് കരാമയിലെ പഴയ വീട് ഓർമ്മ വരും. ദുബായിൽ ആദ്യമായി വേര് പിടിപ്പിച്ചതിന്റെ ഓർമ്മകളിൽ മനസ്സ് മധുരിക്കും.
ഞാൻ നാട്ടിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം മുതൽ വിശ്വേട്ടന് ജോലിക്ക് പോണം. കല്യാണത്തിന് ലീവെടുത്തതു കൊണ്ട് ഇനി ലീവില്ലത്രെ! ദുബായി അല്ലേ, ഒന്നും പേടിക്കാനില്ല, ആവശ്യമുണ്ടെങ്കിൽ എന്നെ "പേജ്" ചെയ്താൽ മതി,അതിലും അത്യാവശ്യമുണ്ടെങ്കിൽ ഓഫീസ് നമ്പറിൽ വിളിക്കാം. ഫോൺ എടുക്കുന്നത് അൽത്താഫ് എന്ന ഓഫീസ് അസിസ്റ്റന്റ് ആയിരിക്കും. Can I talk to vishu എന്ന് ചോദിച്ചാൽ , അയാൾ എനിക്ക് കണക്ട് ചെയ്തു തരും എന്നും വിശദമായി പറഞ്ഞ് സമാധാനിപ്പിച്ച് ഫോൺ നമ്പറും പേജർ നമ്പറും എഴുതിവെച്ച് മൂപ്പർ ഒരുങ്ങാൻ തുടങ്ങി. ഈ നമ്പറുകളൊക്കെ നാട്ടിൽ നിന്ന് വരുന്നതിന് മുന്നേ ഹരി അമ്മാവൻ തന്നിരുന്നെന്ന കാര്യം പറയാൻ തോന്നിയില്ല.
അതിനിടയിൽ
രാവിലെ ബ്രേക്ഫാസ്റ്റ് ഞാനുണ്ടാക്കിത്തരാമെന്ന് ആൾ ഔദാര്യം കാട്ടിയപ്പോൾ ഞാൻ സമാധാനിച്ചു. ചായയല്ലാതെ മറ്റൊന്നും ഉണ്ടാക്കാൻ എനിക്കറിയില്ല എന്ന രഹസ്യത്തിന്റെ ആയുസ് തീരാൻ ഇനി നിമിഷങ്ങളേ ബാക്കിയുള്ളൂ എന്ന തിരിച്ചറിവിൽ പനിക്കാലത്ത് മാത്രം കട്ടൻ കാപ്പിയിൽ മുക്കിക്കഴിച്ചിരുന്ന ബ്രഡ്ടോസ്റ്റ് തിരിഞ്ഞും മറിഞ്ഞും നോക്കാതെ അകത്താക്കി. നാട്ടിലെ വീട്ടിലെ അടുക്കളയിൽ വാഴയിലയിൽ പൊതിഞ്ഞു വെച്ച ചൂട്പുട്ടിന്റെയും പഴുത്ത മൈസൂർപ്പഴത്തിന്റെയും ഓർമ്മയിൽ നെഞ്ച് പൊള്ളി. നാട്ടിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തിൽ നേന്ത്രപ്പഴവും പൂവൻ പഴവും ഉണ്ടെന്ന സമാധാനത്തിൽ ഞാൻ പുതിയ ശീലങ്ങളിലേക്ക് കടന്നു.
"ഉച്ചക്ക് ചോറു വെച്ചോളൂ, കൂട്ടാൻ വെക്കാനുള്ള പച്ചക്കറിക്കഷണങ്ങൾ ഫ്രിഡ്ജിൽ ഉണ്ടെ"ന്ന് പറഞ്ഞ് വിശ്വേട്ടൻ യാത്രയായി. ആരെങ്കിലും ഡോർ ബെല്ലടിച്ചാൽ പീപ്ഹോളിലൂടെ നോക്കിയിട്ടു വേണം വാതിൽ തുറക്കാനെന്നും, ഇവിടെ ഒന്നും പേടിക്കേണ്ടെങ്കിലും സൂക്ഷിക്കണം എന്നും പറഞ്ഞ് ആള് തിടുക്കപ്പെട്ടിറങ്ങി.
പരിചയമില്ലാത്ത രാജ്യത്ത്, അഡ്രസ് പോലുമറിയാത്ത ഒരു വീട്ടിൽ ഞാൻ ഒറ്റയ്കായി. ജീവിതത്തിലാദ്യമായിട്ടാണ് അത്രയധികം നിശബ്ദതയും ഏകാന്തതയും എന്നെ മൂടുന്നത്. വലിയ കർട്ടനുകളാൽ മറച്ച കണ്ണാടി ജാലകങ്ങൾക്കപ്പുറത്തെ കാഴ്ചകൾ എന്റെ കണ്ണുനീരിനാൽ മങ്ങി.
ജനവാതിൽ തുറക്കാൻ ധൈര്യമില്ലാതെ കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് നോക്കി.
ആളുകൾ തിരക്ക് പിടിച്ചു നടന്നു നീങ്ങുകയാണ്. ഞങ്ങളുടെ ബിൽഡിങ്ങിൽ നിന്നും ജോലിക്ക് പോവുന്ന സ്ത്രീകളും പുരുഷൻമാരും ന പുറത്തിറങ്ങിപ്പോവുന്നുണ്ട്. ഇന്നലെ ഞാൻ കണ്ട മലയാളി മുഖമുള്ള കുടുംബത്തിലെ ആൺകുട്ടി തന്നെക്കാൾ വലിയ ഒരു സ്കൂൾ ബാഗും തോളിൽ തൂക്കി നടപ്പാതയിലൂടെ ഓടിക്കളിക്കുന്നു. ആ തെരുവിൽ പലയിടത്തും സ്കൂൾ ബസ് കാത്തു നില്ക്കുന്ന കുട്ടികളും , അവരുടെ കൈ പിടിച്ച് അമ്മമാരും നിൽക്കുന്നുണ്ടായിരുന്നു. എന്റെ ജനലിന് താഴെയും വിവിധ സ്കൂൾ യൂണിഫോമുകൾ അണിഞ്ഞ കുറച്ച് കുട്ടികൾ എത്തി. അവരൊക്കെ ഇംഗ്ലീഷിലാണ് കലപില കൂട്ടുന്നത്. അവരുടെയൊന്നും വേഷത്തിൽ നിന്നോ രൂപത്തിൽ നിന്നോ ഭാഷ മനസ്സിലാക്കാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് ഞാൻ വീണ്ടും നിരാശയായി.
"മനോ , നീ ഓടല്ലേ, വീഴും. ബെന്നിച്ചാ അവനെയൊന്ന് നോക്കിക്കോണേ" എന്ന സ്ത്രീ സ്വരം പെട്ടെന്നവിടെ ഉയർന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് ജനവാതിൽ വലിച്ച് തുറന്നു. ഇന്നലെ വൈകുന്നേരം കണ്ട ഗർഭിണിയായ സ്ത്രീ ആ കുട്ടിയെ ശാസിക്കുകയാണ്. മലയാളം കേട്ട സന്തോഷത്തിൽ ഞാൻ അങ്ങോട്ടേക്ക് മുഖം തിരിച്ച് എന്റെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചു. അവർ ഓഫീസിലേക്ക് പോവാനുള്ള തിടുക്കത്തിലാണ്. അമ്മയുടെ ശാസനകൾ ശ്രദ്ധിക്കാതെ മനോ തന്റെ വികൃതികൾ തുടർന്നു. അതിനിടെ എന്റെ ജാലകത്തിനടുത്ത് വന്ന് നിന്ന് എന്നെ നോക്കി ചിരിച്ചു. "അങ്കിളെന്ത്യേ" എന്ന് ചിരപരിചിതനെപ്പോലെ ചോദിച്ചു. അപ്പഴേക്കും അവന്റെ പപ്പ പുറത്ത് വന്നിരുന്നു. ഈ കുഞ്ഞുമായി ഞാൻ കൂട്ടാവും എന്ന് എനിക്കുറപ്പായതിന്റെ സമാധാനത്തിൽ ഞാൻ അവൻ സ്കൂൾ ബസിൽ കയറുന്നത് നോക്കിനിന്നു. അവന്റെ യാത്ര പറഞ്ഞുള്ള കൈവീശലിൽ ഞാനും ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഹൃദയം നിറഞ്ഞു.
റോഡിലെ തിരക്കുകൾ കുറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ മെല്ലെ അകത്തേക്ക് വലിഞ്ഞു. അടുക്കളയോട് പരിഭവിച്ചിട്ട് കാര്യമില്ലെന്ന് മാത്രമല്ല, സൗഹാർദ്ദം കാണിക്കുന്നതാണ് നല്ലതെന്ന് മനസ്സിലായതിനാൽ സാവധാനം അടുക്കളയിലെത്തി. അവിടെ മൂലക്ക് വെച്ചിരുന്ന കാർബോഡ് കാർട്ടനുള്ളിൽ നിന്ന് നാട്ടിൽ നിന്ന് കൊണ്ടുവന്ന പാത്രങ്ങളും കുക്കറും പുട്ടുകുറ്റിയും എന്നെനോക്കി പരിഹസിച്ചു ചിരിച്ചു.
ഇനിയാണ് ജീവിതം. പട്ടിണി കിടക്കേണ്ടെങ്കിൽ വല്ലതും വച്ചുണ്ടാക്കിയേ പറ്റൂ. ഫ്രിഡ്ജിൽ ഒരു ബട്ടറിന്റെ പാക്കറ്റും പാലും, തൈരും കുറച്ച് പച്ചക്കറികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ നിന്ന് കൊണ്ടുവന്ന കല്ലുമ്മക്കായ അച്ചാർ എണ്ണ തുടച്ച് ഭദ്രമായി അതിനുള്ളിൽ കയറ്റി വെച്ചു. കിണ്ണത്തപ്പത്തിന്റെ ഒരു കഷണം മുറിച്ച് വായിലിട്ടു. ഒന്നോ രണ്ടോ കഷണം പുട്ടും അതിനൊത്ത കറിയും കിട്ടുന്ന വയറിന് രണ്ട് കഷണം ബ്രഡ് കൊണ്ട് എന്താവാനാണ്? നാളെയും ഇതു തന്നെയാണല്ലോ ഗതി എന്നാലോചിച്ചപ്പോൾ വീണ്ടും കരച്ചിൽ വന്നു.
മര്യദക്ക് മഹാത്മാ കോളേജിൽ ക്ലാസെടുത്ത് നടന്നാൽ മതിയായിരുന്നു. ക്ലാസ് കഴിഞ്ഞു വരുമ്പോഴേക്കും വയർ നിറയെ ചോറും സാമ്പാറും പൊരിച്ചമീനും കിട്ടുമായിരുന്നു. ദുബായിക്കല്യാണമെന്ന ഏടാകൂടത്തിൽ പെട്ടതു കൊണ്ട് കിട്ടിയ പണി ചെറുതല്ലെന്ന തിരിച്ചറിവിൽ അടുക്കളയിലെ കബോഡുകൾ തുറന്ന് പരിശോധന തുടങ്ങി. നിഡോയുടെ വലിയ മഞ്ഞ ഡബ്ബകളിൽ അരിയും ഗോതമ്പ് പൊടിയും കണ്ടു പിടിച്ചു. മറ്റൊരു പാത്രത്തിൽ പരിപ്പും ചെറുപയറും മറ്റെന്തൊക്കെയോ ധാന്യങ്ങളുമുണ്ടായിരുന്നു.
വെള്ളം തിളക്കുമ്പോൾ അരിയിട്ടാൽ ചോറാവുമെന്നും, രണ്ടാൾക്ക് കഴിക്കാൻ മുക്കാൽക്കപ്പ് അരി മതിയെന്നുമൊക്കെയുള്ള സാമാന്യ ബോധം എനിക്കുണ്ടായിരുന്നു. പക്ഷേ ചോറ് വെക്കാനുള്ള പാത്രങ്ങളോ, മറ്റ് അനുസാരികളോ കണ്ടുപിടിക്കാനായില്ല.
സാധാരണ വീട്ടിൽ ചോറ് വെക്കുന്നതു പോലെയുള്ള പാത്രങ്ങളൊന്നും കാണാത്തത് കൊണ്ട് ഒരു പരന്ന പാത്രത്തിൽ ചോറിനുള്ള വെള്ളം വെച്ചു. ബസ്മതി അരിയാണ്, അതുകൊണ്ട് വേഗം വേവും എന്നൊരു ടിപ്പ് രാവിലെ പറഞ്ഞുതന്നതു കൊണ്ട് അരി തിളച്ച ഉടനെ ഞാൻ വേവ് നോക്കാൻ തുടങ്ങി. ആരംഭ ശൂരത്വത്തിൽ കുറെ പണിയെടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നെങ്കിലും ഈ ബസ്മതി എന്ന് ഓമന പേരിട്ടുള്ള പച്ചരിച്ചോറുണ്ണാൻ ഒരു കറി വെച്ചേ പറ്റൂ...
ജീവിതത്തിൽ കടുത്ത യുദ്ധങ്ങൾ ആരംഭിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഞാൻ വിയർത്തു തുടങ്ങി. തിളച്ച് വെന്തു തുടങ്ങുന്ന അരി എങ്ങനെ ചോറ് ആക്കി മാറ്റുമെന്നും , പരിപ്പ് കൊണ്ട് എങ്ങനെ ഒരു കറി ഉണ്ടാക്കുമെന്നും വേവലാതിപ്പെട്ട് ഞാൻ ദൈവത്തെ വിളിച്ചു.
ദൈവം കാണിച്ചു തന്ന വിചിത്രമായ വഴികൾ ഇനി അടുത്ത ലക്കത്തിലാവാം...
# dubai article by Mini Viswanathan