പാതിരാവായിട്ടും കൊച്ചുണ്ണി ഉറങ്ങിയില്ല. എന്നും ഉച്ചയൂണ് കഴിഞ്ഞാല്‍ അല്പ നേരം മയങ്ങും. ചെറുശബ്ദം കേട്ടാലുടന്‍ ഉണരും. രണ്ടാം നിലയില്‍ എന്തോ വീണു ടഞ്ഞ മുഴക്കം. ആയാളും ഭാര്യയും ഞെട്ടിയെഴുന്നേറ്റു. ''ചെലനേരത്ത് രണ്ടും കീരീം പാമ്പും പോലാ. നിങ്ങള് കെടന്നൊറങ്ങ് ' തെയ്യാമ്മ പറഞ്ഞു.
' പെണ്ണുങ്ങള് മേളിക്കേറിയാലുണ്ടാകുന്ന കലിപ്പാണത്. അവനവളെ തോളില്‍ കേറ്റിയിരുത്തി. അനുസരണമില്ലാണ്ടാക്കി. പണ്ടാരാണ്ട് പറഞ്ഞപോലെ എളനായ് കടിയറിയത്തില്ല. കടികൂടിയാലും പാത്രമുടയ്ക്കും.''
' ഇപ്പഴത്തെ പെമ്പിള്ളേര് വെച്ചും വെളമ്പീം വീട്ടില്‍ത്തന്നെയിരിക്കത്തില്ലെന്നറിഞ്ഞുകൂടെ.'' തെയ്യാമ്മ പറഞ്ഞു.
' നന്നായറിയാം. അതുകൊണ്ടെന്തുപറ്റി? പണ്ട് കല്യാണത്തിന് പിമ്പായിരുന്നു പേറും പൊറുപ്പും. ഇപ്പോള്‍ പിള്ളാരെടെ കൂടല്ലെ തന്തേം തള്ളേം മിന്നുകെട്ടാന്‍ പോ കുന്നത്. പട്ടീം പൂച്ചേമൊക്കെ മനുഷ്യന്റെ വധൂവരന്മാരാകുന്ന കാലം''
പിറ്റേന്ന് രാവിലെ, പ്രാതല്‍ കഴിക്കാതെ ആരോടും മിണ്ടാതെ ''നിമ്മി'' ജോലിക്ക് പോയി. കാപ്പികുടിക്കാന്‍ ' ജോണി ' വന്നപ്പോള്‍ തെയ്യാമ്മ ചോദിച്ചു: രാത്രീലൊരു ബഹളംകേട്ടല്ലോ. എന്ത്പറ്റി?
' എന്ത് ചോദിച്ചാലും തറുതലപറയുന്ന സ്വഭാവം. ഞാന്‍ കരണത്തൊന്ന് കൊടുത്തു.'' ജോണി പറഞ്ഞു
' കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടെയുള്ളു. ഇങ്ങനെപോയാലെവിടെ ചെന്നെത്തും. നിനക്ക് മുന്‍കോപമിത്തിരി കൂടുതലാ. അതിപ്പോത്തന്നെ കളഞ്ഞേക്കക്കണം.'' തെയ്യാമ്മ ശാസിച്ചു.
ജോണി ഓഫീസില്‍ എത്തിയിട്ടും ചിന്തയിലൊരുചോദ്യം: ''അവള്‍ എന്തിനങ്ങനെ പറഞ്ഞു?'' നൊമ്പരമുണര്‍ത്തിയവാക്ക് മൌനമനസ്സിലൊഴുകിനടന്നു. കാണാത്തകാര്യങ്ങല്‍ക്കിടം കൊടുത്ത ഹൃദയത്തില്‍ സംശയം മുളച്ചു. അതിനെ അടര്‍ ത്താന്‍ സാധിക്കുന്നില്ല.
പ്രഭാതനടത്തയും കുളിയും കഴിഞ്ഞ് പ്രാതല്‍ കഴിക്കാന്‍ കുഞ്ഞുണ്ണിയിരുന്നപ്പോള്‍, തലേരാത്രിയില്‍ നിമ്മിയെ ജോണി അടിച്ചതെന്തിനെന്നു തെയ്യാമ്മ വിശദീകരിച്ചു. അറിയുന്നകാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുന്ന ശീലമുണ്ട്.
' കാരണം കൂടാതെ ആരും ആരുടെയും ദേഹത്ത് കൈ വെക്കത്തില്ല. അവള്‍ടെ വായിലുമൊണ്ട് കന്നക്കോല്. തട്ടിക്കേറുന്ന തരത്തിലുള്ള തര്‍ക്കം പാടില്ല. പിന്നെ, വിശപ്പും ദാഹവുമറിയിച്ചു ജോണിയെ വളര്‍ത്താന്‍ നീ സമ്മതിച്ചില്ല. അതുകൊണ്ട് അവനു കരുണയും ദയയുമില്ലാണ്ടായി. ഇപ്പഴും അവനെ ഞാന്‍ ശകാരിച്ചാല്‍ നിന ക്ക് നോവും. പെണ്ണിനെ തെരഞ്ഞെടുത്തതും കല്യാണം നടത്തിയതും അവന്റെമാ ത്രം ഇഷ്ടപ്രകാരം. എന്നിട്ടും നമ്മള്‍ സഹകരിച്ചു. കൂടെത്താമാസിപ്പിച്ചു. ഇനി ഓരോന്ന് ചോദിച്ചും പറഞ്ഞും ശല്യപ്പെടുത്തിയാല്‍ അവര് മാറിത്താമാസിക്കും.'' കുഞ്ഞു ണ്ണി പറഞ്ഞു. അവധിദിവസങ്ങളിലും ആഴ്ച്ചവട്ടങ്ങളിലും, ജോണിയും ഭാര്യയും മോഹസഞ്ചാരത്തിനു പോകുമായിരുന്നു. കൂട്ടിന് ഭര്‍ത്താവില്ലെങ്കിലും, കൂട്ടുകാരു മൊത്തു സുഖദയാത്രക്ക് നിമ്മി പോകാറുണ്ട്. അതിനുകടിഞ്ഞാണിടാന്‍ ജോണി ശ്രമിച്ചതാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നു കുഞ്ഞുണ്ണിക്കറിയാം.
മേലേനിലയിലും രണ്ട് കിടപ്പറകളും മറ്റ് സൌകര്യങ്ങളുമുണ്ട്. പതിവനുസരിച്ച്, വീട് വൃത്തിയാക്കാന്‍ ജോലിക്കാരി വന്നതിനാല്‍, രണ്ടാംനിലയിലെയും മുറികള്‍ തുറന്നുകൊടുത്തു. എല്ലാമുറികളിലും നോക്കിയപ്പോള്‍, തെയ്യാമ്മക്ക് സംശയം. ഭര്‍ത്താവിനെ വിളിച്ചു. അയാള്‍ എത്തിയപ്പോള്‍, ഭാര്യ കാതിലൊരു രഹസ്യം പറ ഞ്ഞു. മറുപടിപറയാതെ, കുഞ്ഞുണ്ണി താഴത്തെ നിലയിലേക്ക് പോയി. ജോലിക്കാരി തിരിച്ചുപോയപ്പോള്‍,തെയ്യാമ്മ ഭര്‍ത്താവിന്റെ അരികില്‍ ചെന്നിരുന്നു.
' സ്‌നേഹവും സത്യസന്ധതയും ഉള്ളവര്‍ക്കുമാത്രം കിട്ടുന്നതാണ് ഏറ്റവുംനല്ല കു ടുമ്പജീവിതം. നിന്ദാകരമായ പെരുമാറ്റം അതിനെ ഉടച്ചുകളയും. കോഴി കൊണ്ടറി യുമെന്ന് നീ കേട്ടിട്ടില്ലേ? നമ്മുടെ പൊന്ന് പിച്ചളയായിപ്പോയെന്നാ എനിക്കിപ്പോള്‍ തോന്നുന്നത്. എന്റെ ഉപദേശം വെള്ളത്തില്‍ വരച്ചപോലായി. നമ്മുടെ പുത്രന് നാണവും മാനവും ഇല്ലാണ്ടായി. എന്നാലോ ഡാടിയോടും മമ്മിയോടും വലിയസ്‌നേഹം. അനുസരണവുമില്ല. വെണ്ണ വെയിലത്തുവെച്ചാലത് ഉരുകുമെന്ന് അറിയാത്ത മണ്ടന്‍.'' തെല്ല് നിരാശയോടെ കുഞ്ഞുണ്ണി പറഞ്ഞു.
' എന്നുമിങ്ങനെ കുറ്റം പറയാനേ ഇതിയാന് നേരമൊള്ളു. ശാപിക്കുന്നേനു തുല്യമല്യോ ഇത്. കേട്ടുകേട്ടു മടുത്തു.'' തെയ്യാമ്മക്ക് പരാതി. എന്നിട്ടും ഭര്‍ത്താവ് തുടര്‍ന്നു: ' മക്കള്‍ ചെയ്യുന്ന തിന്മയെ നന്മയായി കാണരുത്. കുടുംബജീവിതം നയിക്കാന്‍ അവന്‍ പഠിച്ചില്ല. തോന്നിയവാസത്തിന്, ഭാര്യയയെ കെട്ടഴിച്ചുവിട്ടു. എന്നിട്ടിപ്പോള്‍ കടിഞ്ഞാണിടാന്‍ പാട്‌പെടുന്നു. അതുകൊണ്ടല്ലേ എടുത്തേറും കരണത്തടിയുമൊക്കെ ഉണ്ടായത്?''
' ഇനിയെന്തു ചെയ്യാനാ മോനൊരു മുങ്കോപിയായിപ്പോയി. ഒരു കൊച്ചൊണ്ടായാ പ്പിന്നെ അവള്‍ടെ തഞ്ചാരോം കൊഞ്ചലുമൊക്കെയങ്ങ് നിക്കും'' തെയ്യാമ്മക്ക് മധുര പ്രതീക്ഷ. യോജിക്കാതെ കുഞ്ഞുണ്ണി: ''അവള് പെറ്റാല്‍ നിനക്ക് ജോലി കൂടുമെന്നല്ലാതെ മാറ്റമൊന്നും വരത്തില്ല. കയം കണ്ട കന്നിനെപ്പോലാ ചെല പെണ്ണുങ്ങള്. ഭാര്യയും ഭര്‍ത്താവും ഒരേ കിടക്ക പങ്കിടണമെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുള്ള തെന്തുകൊ ണ്ടെന്ന് നിനക്കറിയാമോ? അറിയത്തില്ലാ. നന്മയും തിന്മയും ഒന്നിച്ച് താമസിക്കുന്ന ഒരേസ്ഥലം മനസ്സാണ്. അതൊന്ന് കൊടഞ്ഞിട്ടുനോക്കാന്‍ കേമികള്‍ സമ്മതിക്കില്ല.''
രാവിലെ കാപ്പികുടിക്കാനിരുന്ന മകനോട് തെയ്യാമ്മ ചോദിച്ചു. ''നിമ്മി ഒരുങ്ങിച്ച മഞ്ഞു പോകുന്നത് കണ്ടല്ലോ. നിനക്കും കുടെ പോകാമായിരുന്നില്ലേ?.'' ജോണി മിണ്ടാതെ എഴുന്നേറ്റുപോയി. അതുകണ്ട് കുഞ്ഞുണ്ണി ഭാര്യയെ ഉപദേശിച്ചു: കതിരേല്‍ വളം വെച്ചതുകൊണ്ട് ഫലമില്ലെന്ന് നിനക്കറിയാമോ? അറിയില്ല. ചില പെണ്ണുങ്ങള്‍ പട്ടം പറക്കുന്നതുപോലാ. പിടിവിട്ടാലതങ്ങ് പോകും. കുണ്ടിലോ കുഴിയിലോ ചെന്ന് വീഴുകേം ചെയ്യും. കേടും പേടുമുള്ളത് എല്ലാ കൂട്ടത്തിലുമുണ്ട്. അഹങ്കാരമുള്ള നാവും ധിക്കാരമുള്ള മനസ്സും ദോഷം ചെയ്യും. ചിലര് ചിന്തേരിടുന്നപോലെ, മിനസപ്പെടുത്തി സംസാരിക്കും ചതിക്കുകേം ചെയ്യും. പിന്നെ മൂദേവിക്ക് മൂക്കുത്തിപണി യുന്ന ആണുങ്ങളും കുറച്ചൊന്നുമല്ല.''
നിമ്മിയുടെ വാക്കുകള്‍ ചേര്‍ത്തുവച്ചു ജോണി ചിന്തിച്ചു. മനസാക്ഷിയില്‍ നോ വുകള്‍. വിവാഹഇണയ്കുവേണ്ട ഗുണങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. ദാമ്പത്യജീവിതത്തിന്റെ ധാര്‍മ്മികത പരസ്പരസമര്‍പ്പണത്തിലാണെന്നും അവള്‍ക്കറിയാം. എന്നിട്ടും, കാരമുള്ളുകള്‍പോലുള്ള കൊള്ളിവാക്കുകള്‍. മരണത്തോളം മറക്കാനാവാത്ത മധുരമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടെങ്കിലും സൌമ്യത ചോരുന്നു. ' ഞാനൊരു പട്ടിയല്ല ഭാര്യയാണ്'' ആ ക്ഷോഭവാക്കുകളുടെ പിന്നില്‍ ഗുരുതരമായ സംഗതിയുണ്ട്. നീതി കെട്ടനിരാകരണമോ? വശീകരണത്തിന്റെ വചനങ്ങള്‍ ചൊരിഞ്ഞ നാവില്‍നിന്നുത ന്നെയോ അവ വന്നത്? കാര്യാദികള്‍ വഷളാവുകയാണോ?
ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞ് കൊച്ചുണ്ണി ഉണര്‍ന്നപ്പോള്‍ തെയ്യാമ്മ പറഞ്ഞു: ' നിമ്മി താമസിച്ചുവരാന്തുടങ്ങിയിട്ട് കൊറെ ദെവസങ്ങളായി. ആപ്പീസില്‍ പടിപ്പത് ജോലികാണുമാരിക്കും.'' കൊച്ചുണ്ണി പെട്ടെന്ന് മറുപടി നല്കി: ' കൊക്ക് ഒളി യറിയുന്നപോലെ, അവന് കാര്യം മനസിലാക്കാനറിയാമോ? അറിയില്ലാ. മോനും മരുമോളും ജീവിക്കുന്നതെങ്ങനെയെന്ന് നിനക്കുമറിയില്ല. ഞാന്‍ പറഞ്ഞുതരണം. അന്യന്റെ കുടുബകാര്യത്തില്‍ എത്തിനോക്കുന്നത് ചെറ്റത്തരമാണ്. എന്നാല്‍, സ്വന്ത ഭവനത്ത് നടക്കുന്നതെന്തായാലും അറിയണം. സ്വന്തംവസ്തുവിന് ചുറ്റും വേലികെട്ടു ന്നത്, അതിര് നിശ്ചയിക്കാനും അവകാശം സ്ഥാപിക്കാനും മാത്രമല്ല. കള്ളന്മാര്‍ വേ ലിചാടിയും വരും. വേലിയില്ലെങ്കില്‍, ഏത് നായ്കും വസ്തുവില്‍ കേറാം.''
' നിങ്ങളിങ്ങനെ നീട്ടീം കുറുക്കീം പറഞ്ഞാലെനിക്ക് മനസ്സാകുകേല.'' തെയ്യാമ്മ യുടെ ക്ഷമ കെട്ടു. കുഞ്ഞുണ്ണി ഭാര്യയെ സൂക്ഷിച്ചു നോക്കി. ഗൌരവത്തോടെ ചോദിച്ചു: ' നമ്മുടെ മോനും മരുമോളും മോരും മുതിരേം പോലായെന്നറിയാമോ? അറിയില്ലാ. അവരുടെ ഉറക്കമിപ്പോള്‍ എങ്ങനാണന്നറിയാമോ? ജോണിക്ക് നാറുന്നതും മണക്കുന്നതും തിരിച്ചറിയാമ്മേല. നീയത് അവനോട് പറഞ്ഞാല്‍, തീക്കൊള്ളികൊണ്ട് തലചൊറിയുമ്പോലാവും. മിണ്ടരുത്. പൊല്ലാപ്പുണ്ടാക്കരുത്.''
സങ്കടവും ദേഷ്യവും തെയ്യാമ്മയെ പരവശയാക്കി. ആധിപിടിച്ച മനസ്സില്‍ ഭര്‍ത്താവിന്റെ ഉപദേശം ഉറച്ചുനിന്നില്ല. നിമ്മി ഓഫീസില്‍നിന്നും വന്നപ്പോള്‍, അവളെ അരികിലിരുത്തി വാത്സല്യത്തോടെ ഉപദേശിച്ചു: ''ജോണി വല്ലതും ചെയ്ത് വേദനിപ്പിച്ചെങ്കില്‍ മോളത് മറക്കണം. ഒന്നിച്ച് കെടന്നൊറങ്ങണം.'' നിമ്മിയുടെ മുഖം ചുവന്നു. അവള്‍ പതറാതെ പറഞ്ഞു: ' ഞങ്ങടെ കുടുമ്പകാര്യത്തില്‍ മമ്മി ഇടപെടണ്ട.'' അവള്‍ രണ്ടാം നിലയിലേക്ക് തിടുക്കത്തില്‍ നടന്നു.'' ഇടം വലം നോക്കാതെ എടു ത്തുചാടരുതെന്ന് പറഞ്ഞത് നീ കേട്ടില്ലേ? സൂചികൊണ്ടെടുക്കേണ്ടത് ഇനി തൂമ്പാ കൊണ്ടെടുക്കേണ്ടിവരും.'' കുഞ്ഞുണ്ണി ഭാര്യയെ കുറ്റപ്പെടുത്തി.
ജോണിയുടെ മുന്നില്‍ ചെന്നുനിന്നു തന്റേടത്തോടെ നിമ്മി പറഞ്ഞു:'' എന്നെ ഭരിക്കാന്‍ വരരുതെന്ന് മമ്മിയോട് പറേണം. എന്റെ എല്ലാകാര്യങ്ങളും അവര്‍ക്കറിയണം. ചിലപ്പോള്‍ വതില്‍ക്കല്‍ വന്ന് ചെവിയോര്‍ത്തുനില്ക്കും. സൈ്വര്യം തരാത്തൊരു കെളവി.'' നിമ്മിയുടെ കാരണത്തടിക്കാന്‍ കൈ തരിച്ചെങ്കിലും, കാലുഷ്യം കടിച്ചമ ര്‍ത്തി ജോണി മിണ്ടാതിരുന്നു. സമാധാനത്തിനുവേണ്ടിയുള്ള മൌനം.
ചുടുചിന്തയില്‍ ഒരു വാക്ക് വീണ്ടുംമുഴങ്ങി. ''തോട്ടുപോകരുത്.'' മൂര്‍ച്ചയുള്ളൊരു താക്കീത്. അനാദരവിന്റെ പ്രകടനം. വെറുപ്പിന്റെ വൈകാരികഭാവം. ഭാര്യ പറഞ്ഞ മറ്റൊരു അഹങ്കാരവാക്ക്, മനസ്സില്‍ മറച്ചുവച്ചിട്ടുണ്ട്.
പിറ്റേന്ന് രാവിലെ, ജോണിയോട് നിമ്മി പറഞ്ഞു: ' ഞാന്‍ ചേച്ചിയുടെ വീട്ടില്‍ പോകുന്നു. ഒരാഴ്ചകഴിഞ്ഞേ വരൂ.'' അനുവാദം ചോദിക്കാതെയുള്ള ആ യാത്ര മനപ്പൂര്‍വം തടഞ്ഞില്ല. അനുസരണവും സഹകരണവും സ്‌നേഹവും നല്കുന്നവള്‍ക്ക് നല്ല ഭാര്യയായിരിക്കുവാന്‍ കഴിയും. ഐക്യമുള്ള ജീവിതം അവള്‍ ഇഷ്ടപ്പെടും. പെട്ടന്ന് പിണക്കം മാറ്റും. സ്‌നേഹം തെറ്റുകളെ ക്ഷമിക്കും. അയാള്‍ അങ്ങനെ വിചാരിച്ചു.
രണ്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും നിമ്മി മടങ്ങിവന്നില്ല. പരസ്പരം സംസാരിക്കാഞ്ഞ തിനാല്‍ വേര്‍പാടിന്റെ വേദന. ചിന്തിപ്പിക്കുന്ന ക്ലേശം. ദാമ്പത്യജീവിതത്തെ ധന്യമാക്കുന്ന സഹനം തനിക്കില്ലെന്നു ജോണിക്കുതോന്നി. അനുതാപത്തിന്റെ മനസ്സും അനുരജ്ഞനത്തിന്റെ ആത്മാവും നഷ്ടപ്പെട്ട പ്രതീതി. കുടെക്കൂടെ വഴിമാറുന്ന വിചാരങ്ങള്‍. ഭര്‍ത്താവ് തന്റെ ഭാര്യയെ ഓര്‍ത്തു ഭാരപ്പെടുന്നത് എപ്പോളായിരിക്കും? ജീവിതത്തിലെ വെളിച്ചം അണയ്ക്കപ്പെടുമ്പോള്‍? സ്‌നേഹം വേദനിക്കുമ്പോള്‍?
ഒരു മാസം കഴിഞ്ഞിട്ടും നിമ്മി തിരിച്ചുവരികയോ വിളിക്കുകയോ ചെയ്യാഞ്ഞ തിനാല്‍ തെയ്യാമ്മക്ക് സങ്കടം. ' അവള്‍ക്ക് അസുഖമോ വിശേഷമോ ഉണ്ടോയെന്ന് ഞാന്‍ വിളിച്ചു ചോദിക്കട്ടെ'' ഭര്‍ത്താവിനോട് അനുവാദം ചോദിച്ചു. കൊച്ചുണ്ണി പറഞ്ഞു: ' വേണ്ട. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍തന്നെ അനുഭവിക്ക ണം. പിന്നെ, മറഞ്ഞിരിക്കുന്നതൊന്നും പുറത്ത് വരാതിരിക്കില്ല. ഒരു സന്തതിമൂലം സമാധാനമില്ലാണ്ടായി. തീ തിന്നേണ്ടിവരുന്ന ഗതികേട്!''
പിറ്റേദിവസം. കൊച്ചുണ്ണിയുടെ സമ്മതത്തോടെ, മകന്‍ ജോയനെ തെയ്യാമ്മ വിളിച്ചുവരുത്തി. അപ്പോള്‍ ജോണി ഓഫീസിലായിരുന്നു. നിമ്മിയുടെ നിസ്സംഗതയെപ്പറ്റിസംസാരിച്ചു. അനുജന്റെ കുടുമ്പകാര്യത്തില്‍ ഇടപെടുകയില്ലെന്ന് ജോയന്‍ പറഞ്ഞു. ആ നിരസനം കുഞ്ഞുണ്ണിക്ക് പിടിച്ചില്ല. ' കുടുമ്പത്ത് ഒരു പ്രശ്‌നമുണ്ടായാല്‍ നിന്നെയും ബാധിക്കും. മനുഷ്യനാണെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ചീയും. അതിന് മുമ്പ് മറവ്‌ചെയ്യുന്നത് നാറാതിരിക്കാനാ.'' പിതാവ് നല്‍കിയ അര്‍ത്ഥമുള്ള സൂചന മനസ്സിലാക്കിയെങ്കിലും ജോയന്‍ പടിയിറങ്ങി. ഇനിയെന്ത്? തെയ്യാമ്മയ്ക്ക് ഭയം. ഫല പ്രദമായ പരിഹാരം കാണാനാവാതെ കുഞ്ഞുണ്ണിയും കുഴങ്ങി.
സഹോദരസ്‌നേഹത്തെ പോഷിപ്പിച്ചുവളര്‍ത്തിയ കുടുമ്പത്തില്‍ അനുഭവിച്ച, സുധാരസസ്മരണകള്‍ ജോയന്റെ മനസ്സിലോടിവന്നു. അവ ചുമതലാബോധത്തെ തൊട്ടുണര്‍ത്തി. പരമരഹസ്യമെന്നു കരുതിയ പലകാര്യങ്ങളും പരസ്യമായെന്ന് അയാള്‍ അന്വേഷിച്ചറിഞ്ഞു. അതുകൊണ്ട്, വാസ്തവമറിയാന്‍ നിമ്മിയെ കണ്ടു. എന്നാല്‍, മുന്‍നിര്‍ണ്ണയമെടുത്തപോലെ, നിമ്മി സംസാരിക്കുവാന്‍ മടിച്ചു. അവളുടെ താല്പര്യമില്ലായ്മയെ സാന്ത്വനവും പ്രത്യാശയും പകര്‍ന്നു ജോയന്‍ ഒഴിവാക്കി. തന്റെ അര്‍ഹതകളെയും അവകാശങ്ങളെയും ജോണി അവഗണിക്കുന്നുവെന്ന ആ രോപണമാണ് നിമ്മി ആദ്യം ഉന്നയിച്ചത്. നീണ്ടുപോയ വര്‍ത്തമാനത്തിന്റെ ഒടുവി ല്‍ ജോയന്‍ ചോദിച്ചു:'' വിവാഹത്തിനുമുമ്പ് അനുഭവിച്ച എല്ലാ സ്വാതന്ത്ര്യവും,വിവാ ഹശേഷം വേണമെന്ന് ശാഠൃം പിടിക്കുന്നത് ഭാര്യക്കും ഭര്‍ത്താവിനും ഗുണമാവില്ല. നിങ്ങള്‍ പരസ്പരംസ്‌നേഹിച്ചു വിവാഹം ചെയ്തവരാണ്. അത് മറക്കാനാവുമോ?
നിമ്മി തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു: ' ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചുവെന്ന് പറയാനാവില്ല. ഒരു ബലാല്‍സംഗത്തില്‍ ആരംഭിച്ച ബന്ധമാണ്. അത് ചതിയായിരുന്നു. പിന്നെ ജോണിയില്‍നിന്നകലാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ വിവാഹശേഷം ജോണി എപ്പോഴുമെന്നെ സംശയിച്ചു. ഒട്ടും വിശ്വസിച്ചില്ല. പലതരത്തില്‍ പരീ ക്ഷീച്ചു. തല്ലും ശകാരവും സഹിക്കനാവാതായി. ഇനി ഇങ്ങനൊരുജീവിതം തുടരാന്‍ എനിക്കാവില്ല. ഇതെന്റെ തീരുമാനമാണ്. ഇതിന് മാറ്റമില്ല.'' ജോയന്റെ എല്ലാചോദ്യങ്ങള്‍ക്കും നിമ്മി ആദരവോടെ ഉത്തരം പറഞ്ഞു. തന്റെ ഭര്‍ത്താവ് ദുഷ്ടനും ദ്രോഹിയുമാണെന്ന അവളുടെ മൊഴി ജോയന്റെ മനസ്സില്‍ മുഴങ്ങി! അയാള്‍ക്ക് സഹതാപമുണ്ടായി. സഹോദരനോടു ദേഷ്യം.
വീണ്ടും വരുമെന്നുപറഞ്ഞിട്ട് മടങ്ങുമ്പോള്‍ അയാള്‍ സ്വയംചോദിച്ചു: ' വിട്ടുമാറാതെ വേദനിപ്പിക്കുന്ന ജീവിതത്തോട് വിടപറയുന്നത് തെറ്റാണോ? സുരക്ഷിതഭാവിയിലേക്കും അനിഷേധ്യസ്വാതന്ത്ര്യത്തിലേക്കും ഓടിപ്പോകുന്നത് കുറ്റമോ? ജീ വിതത്തില്‍ സമൂലപരിവര്‍ത്തനം വരുത്താന്‍, നിമ്മി എടുത്തതീരുമാനം അധാര്‍മ്മികമോ? തെറ്റിദ്ധാരണ കുറ്റാരോപണമാകരുത്.''
ജേഷ്ടന്റെ വസതിയില്‍ സണ്ണി ചെന്നു. സഹോദരസ്‌നേഹത്തിന്റെ സാന്ത്വനം അവരുടെ സംസാരത്തില്‍ ധ്വനിച്ചു. ഭക്ഷണത്തിനു ശേഷം,മേലാപ്പുള്ള മട്ടുപ്പാവില്‍ ഇരുവരും ഇരുന്നു. നിമ്മിയെ കണ്ടു ദീര്‍ഘനേരം സംസാരിച്ചുവെന്ന് ജോയന്‍ പറഞ്ഞു. അവളുടെ അന്തിമ തീരുമാനമെന്തെന്നു വ്യക്തമാക്കിയില്ല. ആരോപണങ്ങളെക്കുറിച്ച് വിവരിച്ചു. ശ്രദ്ധിച്ചുകേട്ടശേഷം, സണ്ണി ശാന്തനായി ചോദിച്ചു:'' നിമ്മി പറഞ്ഞതെല്ലാം സത്യമാണെന്നു ജോയന്‍ വിശ്വസിക്കുന്നുണ്ടോ? വിശ്വസിപ്പിക്കാന്‍ അവള്‍ മിടുക്കിയാണ്. അവള്‍ക്കു സ്‌നേഹമില്ല. എന്നോടുള്ളത് വെറുപ്പും വിദ്വേഷവുമാണ്. '
' അത്തരത്തിലാക്കിയത് നീതന്നെയല്ലേ. അവളെ സ്വന്തമാക്കാന്‍ നീ ബലാല്‍ സംഗം ചയ്തൂ. അത് ക്രൂരവും കുറ്റവുമല്ലേ. ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ യാണ് കരുണയില്ലാതെ തകര്‍ത്തത്. അതിനുമുപരി സംശയിക്കുന്നു. ഉപദ്രവിക്കുന്നു. ഇപ്പറഞ്ഞത് ശരിയല്ലേ?'' മനുഷ്യന് മനുഷത്വവും പുരുഷന് പുരുഷത്വവും വേണം. രണ്ടുമില്ലാതായാല്‍ ഇങ്ങനെ സംഭവിക്കും.'' ജ്യേഷ്ടന്റെ അപ്രതീക്ഷിതമായ ആരോപണം കേട്ടു സണ്ണി സ്തംഭിച്ചിരുന്നു. ദുഖത്തിന്റെ സമ്മര്‍ദ്ദം. അയാള്‍ അല്പം ഉറക്കെപ്പറഞ്ഞു.
' ഇപ്പറഞ്ഞത് രണ്ടും എനിക്കുണ്ട്. കണ്ണീര്‍ കണ്ടാല്‍ ഉരുകുന്നമനസ്സുമുണ്ട്. ജിമ്മി പറഞ്ഞതെല്ലാം ശരിയല്ല, കള്ളംപറഞ്ഞ് എനിക്ക് ജയിക്കണ്ടാ. വിവാഹത്തിനുമുമ്പ്, ഞങ്ങള്‍ പലപ്പോഴും ഹോട്ടല്‍മുറികളില്‍ ഒന്നിച്ചുറങ്ങിയിട്ടുണ്ട്. ഒരുപ്രാവശ്യം അത് സംഭവിച്ചു. തീര്‍ച്ചയായും ബലാത്സംഗമായിരുന്നില്ല. ഞാന്‍ വിവാഹം ചെയ്തത് കുറ്റബോധം കൊണ്ടുമല്ല, പരസ്പരം സ്‌നേഹിക്കുന്നുവെന്ന വിശ്വാസത്തോടെയാണ്. മറ്റാരെയും ഞാന്‍ സ്‌നേഹിച്ചിട്ടുമില്ല. ഞാനവളെ സംശയിച്ചു. പിന്തുടര്‍ന്നു. ഉപദ്രവിച്ചു. വിലക്കി. അതിനെല്ലാം കാരണമുണ്ട്. എന്റെ കുഞ്ഞിനെ അവള്‍ പ്രസവിക്കയില്ലെന്ന് എന്നോട് പറഞ്ഞു. എന്റെ സംശയം അവിടെയാരംഭിച്ചു.''
നിരാശയും വേദനയും കോപവും ഉണ്ടാകുമ്പോള്‍ ചില സ്ത്രീകള്‍ അങ്ങനൊക്ക പറയാറുണ്ട്. അതത്ര വലിയദോഷമൊ ദ്രോഹമോ ആകണമെന്നില്ല. ക്ഷമിക്കാവുന്ന കാര്യമാണ്. കഴിഞ്ഞതെല്ലാം മറന്ന്, നീ ചെന്നുവിളിച്ചാല്‍ ജിമ്മി വരും. ജോയന്‍ ഉപദേശിച്ചു. ജോണി പെട്ടെന്ന് മറുപടിപറഞ്ഞു:
''സ്‌നേഹം എന്നെ കീഴ്‌പ്പെടുത്തി. എന്റെ ബലഹീനത അതിന് കാരണമായി. മനസ്സില്‍ മുറിവുകളുണ്ട്. അവ താനേകരിയും. നിമ്മിയുടെ സ്വഭാവത്തിന്റെ കറകളെ വെണ്മയാക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്റെ നിശ്ചയം കുറ്റമെന്ന് കരുതുന്നുമില്ല.''
' നീ ഒന്നുകൂടി ചിന്തിക്കണം. ഈ തീരുമാനത്തിനുതക്ക കുറ്റമൊന്നും അവള്‍ ചെയ്തിട്ടില്ല. നല്ല കുടുമ്പജീവിതത്തിനു സഹനമാണാവശ്യം. വഴക്കവും വേണം. നീ ചെന്ന് അവളെ വിളിക്കണം.'' പ്രശ്‌നപരിഹാരം കണ്ടതുപോലെ ജോയന്‍ പറഞ്ഞു.
' ജീവിതം ഒരു പരീക്ഷണമാക്കണമെന്നാണോ ഉപദേശിക്കുന്നത്? ശര്‍ദ്ദിയിലേക്ക് തിരിയുന്ന പട്ടിയെപ്പോലെ ജീവിക്കാനാവില്ല.''
' തെറ്റിദ്ധാരണയും സംശയവും ഉണ്ടാവും. പക്ഷേ അത് നശിക്കാനും നശിപ്പിക്കാനുമാവരുത്. നീ മനസ്സിലെന്തോ മറച്ചുവയ്ക്കുന്നു. വാസ്തവമെന്തെന്നു പറയണം '
' ഞങ്ങളുടെ കല്യാണത്തിനുമുമ്പ്, നിമ്മിക്കൊരു കാമുകനുണ്ടായിരുന്നു. അക്കാ ര്യം അവള്‍ എന്നെ അറിയിച്ചില്ല. ഇപ്പോഴും അവര്‍ക്ക് തമ്മില്‍ സമ്പര്‍ക്കമുണ്ട്. അത് കണ്ടില്ലെന്ന് നടിക്കണോ? ഒരുത്തന്റെ ഭാര്യ മറ്റൊരുത്തന്റെ വെപ്പാട്ടിയായാല്‍ എന്ത് ചെയ്യും?
വേദനയില്‍നിന്നുയര്‍ന്ന അര്‍ത്ഥമുള്ളചോദ്യം. ബന്ധുരമായ ബന്ധവും, ശ്രേഷ്ഠ സ്‌നഹവും അറ്റുപോകുന്ന അവസ്ഥയില്‍, അനുജന്റെ നഷ്ടബോധത്തിലുണ്ടായ നിശ്ച യത്തിന് മറുപടിപറയാന്‍ വാക്ക് കിട്ടിയില്ല. അതുകൊണ്ട് നിയമവശത്തേക്ക് നോ ക്കി, ജോയന്‍ ചോദിച്ചു: രണ്ടുപേരും വേര്‍പെട്ട് ജീവിച്ചാലും വിവാഹബന്ധം അവ സാനിക്കുന്നില്ല. മോചനം നേടുന്നതുവരെ അത് നിലനില്കുമെന്നറിയാമോ?''
''അറിയാം. എനിക്ക്, കൌണ്‍സിലിംഗിന്റെ ആവശ്യമില്ല. സ്ത്രീധനം വാങ്ങി യിട്ടില്ല. ഭൂസ്വത്തും, മക്കളുമില്ല. നിയമാനുസൃതമായി വേര്‍പിരിയാന്‍ വേണ്ടുന്ന വേര്‍പാടിന്റെ കാലാവധി തീരുന്നതുവരെ കാത്തിരിക്കും.''ജോണി പറഞ്ഞു.
അനിശ്ചിത ഭാവിവഴിയിലേക്ക് മന്ദംനടന്നുപോയ സഹോദരനെ, ജോയന്‍ വ്യാകുലതയോടെ നോക്കിനിന്നു!