ജൂദാസിന്റെ വിചാരണ ജറുസലേം പ്രസിദ്ധീകരണങ്ങളില്‍ പ്രധാന വാര്‍ത്തയായി. വിചാരണ തുടങ്ങുന്ന ദിവസത്തെ പത്രങ്ങളില്‍ പ്രതിഭാഗം വക്കീലായ മേനോനും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതുകൊണ്ടുതന്നെ മേനോന്റെ വിസ ദീര്‍ഘിപ്പിക്കാതിരിക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞിരുന്നില്ല.
പതിവുപോലെ കുളി കഴിഞ്ഞ് തന്റെ ഇഷ്ടദൈവത്തെ ധ്യാനിച്ചാണ് മേനോന്‍ കോടതിയിലേക്കു കയറിയത്. താന്‍ വാദിച്ച മിക്ക കേസുകളിലും എന്ന പോലെ ഈ കേസും ഏതു ദിശയിലേക്കു കൊണ്ടുപോകണം എന്ന് തുടക്കത്തില്‍ അദ്ദേഹത്തിനറിയില്ലായിരുന്നു. വരട്ടെ, വാദം തീരാറാകുമ്പോഴേയ്ക്കും എന്തെങ്കിലും ഉപായം മനസ്സില്‍ വരാതിരിക്കില്ല. അതുവരെ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ ക്രോസ് ചെയ്യുക തന്നെ. പോലീസില്‍ ഒരു ചൊല്ലുണ്ട്. 'There is no perfect crime' മേനോന്റെ അനുഭവജ്ഞാനം അതിനെ 'ഠThere is no perfect prosecution'എന്നു പഠിപ്പിച്ചിരുന്നു.
ഫാ. ജോണ്‍സണ്‍ ഒരു പറ്റം കന്യാസ്ത്രീകളുടെ അകമ്പടിയോടു കൂടിയാണ് കോടതിയിലെത്തിയത്. ജൂദാസിനെ ശിക്ഷിക്കാനും തിന്മയുടെ മേല്‍ ആത്യന്തികമായി നന്മയ്ക്കു വിജയം നേടാനും അവരെല്ലാം കോടതിക്ക് വെളിയില്‍ നൊവേന ചൊല്ലിക്കൊണ്ടിരുന്നു.