മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിന് വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ് സ്നേഹം എന്നും പറയാം. കുടുംബബന്ധങ്ങളെ, ദാമ്പത്യബന്ധങ്ങളെ, സാഹോദര്യബന്ധങ്ങളെ, സൗഹൃദബന്ധങ്ങളെ ഒക്കെ കോർത്തിണക്കി നിർത്തുന്നത് സ്നേഹമാണ്.
കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹം സംഭവിക്കുകയാണ്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണ്. അത് ബൗദ്ധികമല്ല. അമ്മയ്ക്ക് ആരെയും വെറുക്കാന്‍ സാധിക്കില്ല. അമ്മയ്ക്ക് സ്നേഹത്തിന്റെ ഒരു ഭാഷ മാത്രമേ അറിയുകയുള്ളു, സകലര്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. മനുഷ്യര്‍ക്കു മാത്രമല്ല, പക്ഷി മൃഗാദികള്കും സസ്യജാലങ്ങള്‍ക്കും ആ ഭാഷ മനസ്സിലാകും.
ഇന്ന് ലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം പണത്തിനോ ആഭരണങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. മറിച്ച് സ്വാര്‍ഥതയില്ലാത്ത സ്നേഹത്തിനു വേണ്ടിയാണ്.
ജീവിക്കുബോൾ ഓരോ നിമിഷവും നാം നമ്മളായി തന്നെ ജീവിക്കുക , ആരെയും തൃപ്തിപ്പെടുത്താനല്ല മറിച്ച് ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ നേരം വെളുത്താൽ നാം ഉണർന്നെങ്കിൽ മാത്രമേ നമ്മളുള്ളൂ. നാം ജീവിച്ചാലും ഇല്ലെങ്കിലും മറ്റ് ആർക്കും ഒരു നഷ്ടവുമില്ലെന്ന് മനസിലാക്കുക. നഷ്ടമാകുന്നത് ചിലപ്പോൾ സ്വന്തം കുടുംബത്തിന് മാത്രമായിരിക്കും.
ആരുടെ മുന്നിലും തിരിച്ചുചോദിക്കാത്ത സ്നേഹത്തിന്റെ വിത്തുകൾ വിതറാൻ നമുക്ക് കഴിയണം,
തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതല്ല, താഴേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സ്നേഹം. സ്നേഹത്തിനും സ്വാർത്ഥതയ്ക്കും രണ്ടു ഭാവങ്ങളാണ്. ഒന്നിന് നൽകുന്നതിന്റെയും മറ്റേതിന് പിടിച്ചുവാങ്ങലിന്റെയും ആണ്.
പലരും പറയും 'ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു.' പക്ഷേ നമ്മളിൽ പലരും ദൈവത്തെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നത് യാഥാര്‍ഥ്യമാണെങ്കില്‍, അത് അത്യന്തം സുന്ദരമായിരിക്കും. എന്നാല്‍, സത്യം അതല്ല. നമ്മളിൽ പലർക്കും ദൈവത്തില്‍ നിന്നും എന്തെങ്കിലുമെക്കെ പ്രതീക്ഷകളാണ്. ദൈവം നമുക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു തരണം എന്നു നമ്മൾ ആഗ്രഹിക്കുന്നു. ദൈവത്തെ നിങ്ങള്‍ കാണുന്നത് നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാനുള്ള ഒരാശ്രയമായാണ്, നിങ്ങളുടെ പ്രതീക്ഷയാണ്. എന്തും നിങ്ങൾക്ക് നടത്തിത്തരുവാനുള്ള ഒരു ഏജന്റ്ആയി ആണ് പലരും ദൈവത്തെ കാണുന്നത്.
ഓരോ ചിന്തകളിലും വികാരങ്ങളിലും, നിങ്ങള്‍ നിങ്ങളോടു തന്നെ സത്യസന്ധത പുലര്‍ത്തിയില്ലെങ്കില്‍, അത് സ്വയം വഞ്ചനയാണ്. സ്നേഹത്തിന് നിറവും രൂപവും ഭാവവും നല്‍കാതിരിക്കുക. വൃത്തികെട്ടതിനെ വൃത്തികെട്ടതായി തന്നെ കാണുക. നിങ്ങള്‍ നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുകയും, നേര്‍വഴിക്ക് ചിന്തിക്കുകയും ചെയ്തില്ലെങ്കില്‍ അവിടെ സ്നേഹമെന്നത് ഒരു മിഥ്യ മാത്രമാണ് .
പല ആളുകള്‍ കൂട്ടുകൂടുന്നത് സ്നേഹം കൊണ്ടല്ല, അവരുടെ ആഗ്രഹം കൊണ്ടാണ്. അവര്‍ക്ക് എന്തൊക്കെയോ ആവശ്യമുണ്ട്. അത് ശാരീരികമോ, മാനസികമോ, വൈകാരികമോ, സാമ്പത്തികമോ ആവാം. അവ എന്തുതന്നെയായാലും വലിയ വ്യത്യാസമൊന്നുമില്ല. സ്വന്തം കാര്യസാധ്യത്തിനായി രണ്ടുപേര്‍ ഒത്തു കൂടുന്നു, ഒന്നിച്ചു നിന്നാല്‍ മാത്രമേ കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയൂ എന്ന തോന്നൽ മാത്രമാണ് ഇതിന് പിന്നിൽ . മറ്റേയാളുടെ എല്ലാ ആവശ്യങ്ങളും നിങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍, എല്ലാ ബന്ധങ്ങളും അതോടെ തകരുന്നു.
സ്നേഹം അനുഭവിക്കണമെങ്കില്‍ അതിൽ ആത്മാര്‍ത്ഥതയുണ്ടായിരിക്കണം. അത് മറ്റാരെങ്കിലും കാട്ടിത്തന്ന ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുള്ള പ്രവൃത്തിയല്ല, ആത്മാര്‍ത്ഥത നിങ്ങളുടെ ഉള്ളിൽനിന്നുതന്നെ വരണം. അത് നിങ്ങളുടെ പ്രവർത്തിയിൽ കാണുകയുംവേണം. അതുപോലെ സ്വികരിക്കുന്ന ആളിന് അത് അനുഭവിക്കാനും കഴിയണം.
നമ്മുടെയെക്കെ ജീവിതത്തെ പറ്റി നമുക്കെക്കെ തെറ്റായ ഒരു ധാരണയുണ്ട്, നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ നമ്മൾ വെറുതെ അങ്ങ് വിചാരിക്കും. നമ്മളിൽ പലരുടെയും ഭാവം നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെയാണ്. പക്ഷേ ഇതെക്കെ നമ്മുടെ ഒരു തോന്നൽ മാത്രമാണെന്ന് നാം ഒരിക്കൽ തിരിച്ചറിയും. അപ്പോഴേക്കും നാം ഭുമിയിൽനിന്നുതന്നെ അപ്രത്യക്ഷമായെന്ന് വന്നേക്കാം.
സ്വന്തം വേദന അറിയുന്നെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടെന്നത് വ്യക്തം. മറ്റുള്ളവരുടെ വേദന മനസിലാക്കാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ നിങ്ങൾ ഒരു മനുഷ്യനാണ് എന്ന് സാരം. സത്യംകൊണ്ട് മനസ്സും, സ്നേഹം കൊണ്ട് ഹൃദയവും, സേവനംകൊണ്ടു ജീവിതവും സമ്പന്നമാക്കാം. ഇന്നലെത്തെ പുഞ്ചിരി , ഇന്നത് മൗനം , നാളെ അതൊരോർമ്മ, പിന്നെ മറവി ഇത്രയേയുള്ളൂ ജീവിതം.. സ്നേഹത്തോടു കൂടി ജീവിക്കുക , മറ്റുള്ളവരെ സ്നേഹിക്കുക സഹായിക്കുക ഇതിൽപരം ദൈവികമായ വേറെ ഒന്നും ഈ ഭൂമിയിൽ ഇല്ല.
നമ്മൾ ഈ ലോകത്തുനിന്ന് പോയാൽ , നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല. ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരു പിടി ആളുകൾ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും മറക്കും. അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ് അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും. അങ്ങനെ നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് പോലും ചിലപ്പോൾ തെളിവ് കാണില്ല . പിന്നെ ആരെ കാണിക്കാൻ വേണ്ടിയാണു ഈ കാപട്യങ്ങൾ . സ്നേഹിച്ചു ജീവിക്കാൻ കഴിക്കുന്നതിനേക്കാൾ സന്തോഷം വേറെ എന്തിനാണ് ഉള്ളത്?
സ്നേഹത്തിന്റെ വില അറിയണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപെട്ടവരെ നഷ്ടപ്പെടണം, ആ നഷ്ടങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചെന്നു വന്നേക്കാം. നാം വിചാരിക്കുന്നത് പോലെയല്ല അവരിൽ പലരും കടന്ന് പോകുന്നത് നമ്മുടെ ചിന്തക്കും അപ്പുറമായിരിക്കും. ആ അവസ്ഥയിൽ കൂടി കടന്നുപോകുന്നവർക്കേ അത് മനസ്സിലാവൂ.
ചിരിയോ ഗൗരവമോ മുഖത്തു കാട്ടുന്നവര്‍ പോലും ദുഃഖത്തിന്റെ ഒരു തുരുത്ത് ഉള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാറുണ്ട്. ഒരുപാടു തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന സ്വകാര്യനിമിഷത്തില്‍, ഓര്‍മയുടെ മുഖംമൂടി പൊളിച്ചു അത് കണ്ണുനീർ തുള്ളികളായി പുറത്തു വരുന്നു. ആ ഓർമകളെ താലോലിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. ആ ഓരോ കണ്ണുനീർ തുള്ളികളും സ്നേഹത്തിന്റെ മുത്തുകൾ ആണ്.
ആ കണ്ണുനിർത്തുള്ളികൾക്കും പറയുവാനുണ്ടാകും ഒരായിരം കഥകൾ ......, ആ കഥയില്‍ നമ്മൾ സ്നേഹിച്ചവർ ഉണ്ടാകും അവർ പാതിവഴിയില്‍ ഉപേക്ഷിച്ചു തിരിഞ്ഞുനടന്ന കഥ, ആ വഴിയില്‍ തനിച്ചായിപോയ നമ്മുടെ കഥ. അനാഥരായിപ്പോയ നമ്മുടെ കുട്ടികളുടെ കഥ. ആ കഥയിൽ നമ്മുടെ വിടുണ്ടാകും, അവിടെത്തെ ഓരോ വസ്തുക്കൾക്കും പറയുവാൻ ഒരായിരം കഥകൾ കാണും. അതും സ്നേഹം നഷ്ടപ്പെട്ടവരുടെ കഥകൾ. നഷ്ടസ്വപ്നങ്ങളുടെ കഥകൾ!!!!
സ്നേഹമാണ് എല്ലാം എന്നെക്കെ നാം പറയാറുണ്ടെങ്കിലും, പല സ്നേഹങ്ങളും നമുക്ക് ഒടുവിൽ സമ്മാനിക്കുന്നത് കുറെ വേദനകളാണ്, ഓര്‍മ്മയില്‍ എന്നും കണ്ണു നിറയ്ക്കുന്ന കുറെ വേദനകൾ. സ്നേഹിക്കാന്‍ അറിയുന്ന മനസിനെന്നും വേദനകളാണ് സമ്മാനങ്ങള്‍. സ്വന്തം ഇഷ്ട്ടങ്ങളെ കുഴിച്ചുമുടി നാം ജീവിക്കുബോൾ നഷ്ട്ടമാകുന്നത് സ്വന്തം ജീവിതമാണെന്ന് പല്ലപ്പോഴും മറന്നുപോകും .
നിശബ്ദതയില്‍ നമ്മൾ പൂഴ്ത്തി വച്ചിരിക്കുന്ന ഒരു സാഗരമാണ് സ്നേഹം . ആ സാഗരത്തിൽ അലകളായി സ്നേഹം ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ്. പലപ്പോഴും പലരും ഈ സ്നേഹം പുറത്തുകാണിക്കാതെ മനസ്സിൽ കൊണ്ടുനടക്കും. ആ സ്നേഹം പ്രകടിപ്പിച്ചില്ലങ്കിൽ അതെങ്ങനെ തിരിച്ചറിയും. അതെങ്ങനെ മറ്റുള്ളവർക്ക് അനുഭവിക്കാൻ കഴിയും.
ബന്ധങ്ങളിൽ പ്രകടമായ സ്നേഹത്തിന്റെ ആവശ്യകത ഏറെ പ്രാധാന്യമർഹിക്കുന്നു. അത് തികച്ചും അനിവാര്യമാണ്. സന്ദർഭവും സാഹചര്യവും അനുസരിച്ച് സ്നേഹം പ്രകടമാക്കാൻ തയ്യാറാവണം. സ്നേഹം മനസ്സിലുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല.
ചില കാമുകികാമുകന്മാർ പ്രേമിക്കുമ്പോൾ പരസ്പരം ഭയങ്കര സ്നേഹമായിരിക്കും. കല്യാണം കഴിഞ്ഞാൽ പിന്നെ സ്നേഹം പ്രകടിപ്പിക്കാൻ സമയമില്ല. ഇഷ്ടമുള്ളതെന്തും കയ്യിൽ കിട്ടിയാൽ പിന്നെ എന്റേതാണല്ലോ, അല്ലെങ്കിൽ എന്റെ കൂടെ ഉണ്ടല്ലോ എന്ന ചിന്ത, ആ വ്യക്തിയോടുള്ള സ്നേഹത്തെ ഉള്ളിലേക്ക് ചുരുക്കുന്നു. അല്ലെങ്കിൽ ഉള്ളിലേക്ക് ചുരുങ്ങുന്നു.
പ്രകടിപ്പിക്കാത്ത സ്നേഹം നിരർത്ഥകമാണ്. അതിങ്ങനെ മനസ്സിൽ കൂട്ടിവെക്കാമെന്നല്ലാതെ പ്രത്യേകിച്ച് അതുകൊണ്ട് നേട്ടമൊന്നുമില്ല. ചിലർക്ക് ഇത്തരത്തിലുള്ള പ്രകടനങ്ങളിൽ ഒട്ടും താല്പര്യമില്ലായിരിക്കാം!!
നിങ്ങളുടെ ഒരു സ്നേഹത്തോടെയുള്ള നോട്ടത്തിനുവേണ്ടി, സ്നേഹം നിറഞ്ഞ പുഞ്ചിരിക്കുവേണ്ടി, വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾക്കുവേണ്ടി, ആ സ്വരം കേൾക്കുന്നതിനുവേണ്ടി അല്ലെങ്കിൽ ഒന്ന് സംസാരിക്കാൻ വേണ്ടി മാത്രം കാത്തിരിക്കുന്നവരുണ്ടാവാം നിങ്ങളുടെ വീട്ടിലും സമൂഹത്തിലും . പലപ്പോഴും അത് മനസിലാക്കാൻ ആരും ശ്രമിക്കാറില്ല. എല്ലാവർക്കും വേണ്ടത് പ്രിയപ്പെട്ടവരോടൊത്തുള്ള അല്പം സമയമാണ്. പിന്നീടത് നൽകാമെന്ന് വിചാരിച്ചാൽ നടന്നെന്ന് വരില്ല. തിരിഞ്ഞുനോക്കുമ്പോൾ ഒതുക്കിവെച്ച സ്നേഹം മുഴുവൻ ഒരു സങ്കടമായി അവശേഷിക്കരുത്.
അതുകൊണ്ട് ഇനിയെങ്കിലും മനസ്സിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാൻ ശ്രമിക്കൂ.നിങ്ങളുടെ സ്നേഹം കൊണ്ട് ആരെങ്കിലും സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ….. ഉറവയുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരും തോറും വീണ്ടും വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ലേ? ഇതുപോലെയാണ് സ്നേഹവും. സ്നേഹം നല്കിക്കൊണ്ടേ ഇരിക്കുക. സ്നേഹത്തിന് വേണ്ടിയാണ് മനുഷ്യന് ജനിച്ചത്. അതിനുവേണ്ടിയാണ് ജീവിക്കുന്നത്. എന്നാല്‍ ഇന്ന് കിട്ടാന്‍ ഇല്ലാത്തതും സ്നേഹമാണ്.