ഇദ്ദേഹത്തിന്റെ ശരിയായ പേരറിയാവുന്നവർ കിനാശ്ശേരിയുടെ മണ്ണിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു. റേഷൻ ആധാർ പാൻ,... എന്നീ അനവധിയായ കാർഡുകളിലൊന്നു പോലും ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര്, പ്രായം എന്നിത്യാദി തികച്ചും വ്യക്തിപരമായ വിവരങ്ങൾ കിനാശ്ശേരിക്കിന്നന്യമാണ്. (പേര്, വ്യക്തിപരമോ എന്നത് ചർച്ചിക്കാവുന്ന ഒരു വഹയാകുന്നു).
വിറകടുപ്പായതിനാൽ ഗ്യാസ് വേണ്ട. സബ്സിഡിയും വേണ്ട. പച്ചക്കറി സ്വന്തം വളപ്പിൽ നിന്നും ആയതിനാൽ അതൊരു പ്രശ്നമല്ല. അരിക്ക് ബാർട്ടർ വ്യവസ്ഥ എന്നാണ് കേൾവി. പാലിനു പകരം, പശുവിന് പുല്ലു ഫ്രീ (പാലിനു പുല്ലു വില).
ജോലിക്കു വരുന്നവർ തമ്പ്രാ, മേൻന്നെ, സാറേ എന്നെല്ലാം അവരവരുടെ സൗകര്യത്തിനനുസരിച്ച് അദ്ദേഹത്തെ അഭിസംബോധന ചെയ്തു. എല്ലാ വിളികളോടും അദ്ദേഹം ആദരപൂർവ്വമായും, സ്നേഹത്തോടെയും മാത്രം പ്രതികരിച്ചു.
അദ്ദേഹം ജനിച്ചപ്പോഴെ ഇങ്ങനെയായിരുന്നോ എന്നറിയില്ല. അല്ലെന്നാണ് കേൾവി. സ്വന്തം ചെവിയേയും, കേട്ട കഥയേയും വിശ്വസിക്കാമെങ്കിൽ ഭ്രാന്തമായൊരു പ്രണയത്തിൽപ്പെട്ട് കിനാശ്ശേരിയിൽ വന്ന് വീടുകെട്ടിപ്പാർത്തൊരാൾ എന്നാണ് ശ്രുതി.
പ്രണയിനിയെ വരിക്കാൻ പുഴ കടന്ന് കിനാശ്ശേരിയിലെത്തിയ, സ്നേഹസമ്പന്നനായ ഒരാൾ കിനാശ്ശേരി മാമൻ എന്ന ഏകാകിയായ വയോധികനായി മാറിയതിനു പിന്നിൽ ഒരു കിനാശ്ശേരിച്ചതിയുണ്ട്. കിനാശ്ശേരി മാമൻ എന്നതിനേക്കാൾ യോജിക്കുക കിനാശ്ശേരിയുടെ പരീക്കുട്ടി എന്ന പേരായിരിക്കണം.
വഴിയിൽ കണ്ടൊരു സുന്ദരിയെ അനുയാത്ര ചെയ്തെത്തി, നാടുകണ്ട് മുഗ്ദ്ധനായി വലിയൊരു തോട്ടം വാങ്ങി അവിടെക്കൂടുകയായിരുന്നൂവത്രെ.
പുഴയിൽ നിന്നും ചൂണ്ടയിട്ടു മീൻ പിടിക്കുമ്പോൾ അദ്ദേഹത്തിലെ നിമിഷ കവി നിർമ്മിച്ച കവിതകളിലൊന്ന്,
'നിന്നെക്കണ്ടാലെന്നുമോടിയൊളിക്കുന്ന പൊട്ടൻ,
നിന്റെ മുന്നിൽ നടനമാടുമ്പോഴറിയേണ്ടേ
അപകടം പതിയിരിക്കുന്നുവെന്ന്
പെട , പെട, പെട---
അവിടെക്കെടന്നു പെട.......'
എന്ന നിമിഷ കവിത ഇന്നും കിനാശ്ശേരിയിലെ സഹൃദയരായ ചെറുപ്പക്കാർ ഉച്ചത്തിൽ ചൊല്ലി ആർത്തു ചിരിക്കാറുണ്ട്. കവിയാരെന്നവർക്കറിയില്ലെങ്കിലും.
അദ്ദേഹത്തെ നഗരത്തിൽ നിന്നും കിനാശ്ശേരിയിലെത്തിച്ച, നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള ആ ഭൂലോക രംഭ, അദ്ദേഹത്തിന്റെ കുറെ കാശും തട്ടി, അദ്ദേഹത്തിനു പൗരുഷം പോരെന്ന കുറ്റവും പറഞ്ഞ്, ഏതോ ഒരു (മഹാ പൗരുഷ ശാലിയായ(?)) പൊട്ടൻ വാദ്ധ്യാരേയും കെട്ടി പുഴ കടന്നു പോയത്രെ.
അക്കരെയാണെന്റെ മാനസം,
ഇക്കരെയാണെന്റെ താമസം... '
പാടി അദ്ദേഹം ഇക്കരെത്തന്നെ കൂടി.
കുറച്ചു നാൾ മന്ദതയിലാണ്ടിരുന്ന്, അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തി.
രംഭ തട്ടിയെടുത്ത പണത്തെ അദ്ദേഹം കണ്ടത് വേറൊരു രീതിയിലാണ്.
'പണം സമൂഹത്തിൽ Circulate ചെയ്യപ്പെടേണ്ടതാണ്. അവർ, അവരുടെ ഷെയർ എടുത്തു അത്രേള്ളൂ'
എന്നാണത്രെ അദ്ദേഹം തന്നോട് പരിതപിക്കാൻ വന്നവരോട് പറഞ്ഞത്. അതു കേട്ട ഭാവാഭിനയക്കാരുടെ ദുഃഖ-കാർ കൊണ്ട മുഖാകാശം, കരിനീലയായീ എന്ന് സാക്ഷിമൊഴി.
അദ്ദേഹം ഒരിക്കലും ആ സ്ത്രീയെ ഭത്സിക്കുകയോ, വെറുക്കുകയോ ചെയ്തില്ല. പക്ഷെ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
അദ്ദേഹം ഒരു സ്ത്രീ വിദ്വേഷിയോ സ്ത്രീപീഡകനോ ആയില്ല, പകരം കിനാശ്ശേരിപ്പെണ്ണുങ്ങൾക്കൊരു നല്ല സുഹൃത്തായി. യാത്ര പോവുമ്പോൾ പെണ്ണുങ്ങൾ അദ്ദേഹത്തെക്കൊണ്ട് മുണ്ടും നേര്യതും ഒന്നരയും വാങ്ങിപ്പിച്ചു.
'വിലപേശി വാങ്ങിച്ചതുകൊണ്ട് കുറഞ്ഞ വിലയ്ക്കു കിട്ടി'യെന്നു പറഞ്ഞ്, അദ്ദേഹം മുന്തിയ തരം വസ്ത്രങ്ങൾ വലിയ വില കൊടുത്തു വാങ്ങി അവർക്കു സമ്മാനിച്ച്, അവരുടെ കരിപുരണ്ട മുഖങ്ങളിലെ സന്തോഷം കണ്ട് തൃപ്തിയടഞ്ഞു. അവരുടെ ഒരു രഹസ്യവും അവർ അദ്ദേഹത്തിൽ നിന്നൊളിക്കാതിരുന്നത്, അവ അദ്ദേഹത്തിന്റെ മനസ്സിൽ ഭദ്രമായിരിക്കും എന്നും ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടുകയില്ല എന്നുമുള്ള ഉറപ്പു കൊണ്ടായിരുന്നു. അത്തരമൊരുറപ്പ് വാക്കാൽ അദ്ദേഹമവർക്കു കൊടുത്തില്ലെങ്കിൽ പോലും.
ചിലർ രംഭയെക്കുറിച്ചോർത്ത് രോഷം കയറി, അവരെ ഭള്ളു പറയാൻ തുടങ്ങുമ്പോൾ മാത്രം,
'അവരെക്കൊണ്ടങ്ങിനെയെല്ലാം പറയാതിരിക്കൂ' എന്ന് തടുത്ത്, നിശ്ശബ്ദം അവിടെ നിന്നും നിഷ്ക്രമിച്ചു.
അദ്ദേഹത്തെപ്പറ്റിക്കുന്നവരെക്കുറിച്ചും വളരെ വിചിത്രമായൊരു വിലയിരുത്തലാണതു ചൂണ്ടിക്കാണിക്കുന്നൊരാൾ കേൾക്കുക.
'ഒരാൾ നിങ്ങളെ പറ്റിക്കാൻ ശ്രമിക്കുമ്പോൾ, അയാൾ നിങ്ങളെക്കാൾ മിടുക്കനാണെന്നു തെളിയിക്കാൻ ശ്രമിക്കുകയാണ്'.
'അതു കണ്ടു പിടിച്ച്, നിങ്ങൾ അയാളേക്കാൾ മിടുക്കനാവുമ്പോൾ, നിങ്ങൾ അയാളെ വീണ്ടും, അതിലും നീചമായ ചതിപ്രയോഗത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്, അഥവാ കൂടുതൽ മോശം മാനസീകാവസ്ഥയിലേക്കു തള്ളിവിടുകയാണ്."
കിനാശ്ശേരിയിലെ പുരുഷന്മാർ
'വെറുതെയല്ല ഇങ്ങേരെ ആ പെണ്ണുമ്പിള്ള ഇട്ടേച്ചു പോയത്'' എന്നും
'ഇയാളൊക്കെ എവിടന്നു കുറ്റീം പറിച്ചു വന്നോ ആവോ' എന്നും പിറുപിറുത്തു. സ്ത്രീകളാകട്ടെ, ആരാധനാപൂർവ്വം അദ്ദേഹത്തെ നോക്കുകയും, കുറ്റിച്ചൂലുപോലുള്ള തങ്ങളുടെ മുടി തലോടി, കുഴിഞ്ഞുതാണ കണ്ണുകളിൽ ഓല വാലേ നീർ നിറച്ച്,
'അവളുടെ തലയിൽ വരയ്ച്ച കോലോണ്ട് ന്റെ പൊറത്തെങ്കിലും വരച്ചൂടായിരുന്നോന്റെ ശ്രീഭൂത നാഥാ' എന്ന് ഭഗവാനോട് പരിഭവിക്കുകയും ചെയ്തു.
ഒരു നാൾ രാവിലെ പാലുമായി വന്ന പാൽക്കാരൻ കൃഷ്ണൻകുട്ടി, വാതിൽക്കൽത്തട്ടി മടുത്തപ്പോൾ, വീടിനു ചുറ്റും നടന്ന് വിളിക്കുകയും തുറന്നു കിടന്ന ജനലുകളിലൂടെ എത്തി നോക്കുകയും ചെയ്തു. മാമൻ കട്ടിലിൽ ശാന്തനായി ഉറങ്ങിക്കിടക്കുന്നതു കണ്ട കൃഷ്ണൻകുട്ടി
'എന്തൊരുറക്കാ മേൻന്നെ ഇത്'
'എണീക്കിൻ പാലെടുത്തു വയ്ക്കിൻ, നിക്ക് പോകാൻ വൈക്ണൂ ',
എന്നുറക്കെ പറഞ്ഞിട്ടും ഉണരാത്ത, ആ ഉറക്കത്തിൽ നിന്നും അദ്ദേഹം പിന്നീടൊരിക്കലും ഉണർന്നില്ല.
നാട്ടുകാരുടെ ശ്രമത്തിൽ അദ്ദേഹം കിനാശ്ശേരി മണ്ണിന്റെ ഉപ്പായിത്തീർന്നു. എന്തിനുമേതിനും കരയുന്ന ചില കിനാശ്ശേരിപ്പെണ്ണുങ്ങളൊഴികെ ആരും അദ്ദേഹത്തെക്കുറിച്ച് സങ്കടപ്പെട്ടില്ല.
പ്രകൃതിയിലെ സൃഷ്ടികൾക്കെല്ലാം; പാറ്റയായാലും, പൂച്ചയായാലും കടുവയോ, മനുഷ്യനോ ആയാലും ഒരുദ്ദേശമുണ്ടാവും എന്നാണ് വയ്പ്പ്. പ്രകൃതിയുടെ, ദൈവത്തിന്റെ, മനോഹര സൃഷ്ടികളിലൊന്നായ ഈ സാധു മനുഷ്യന്റെ ജീവിതോദ്ദേശ്യമെന്തായിരുന്നു? അത് തീർച്ചയായും പെണ്ണുങ്ങൾക്ക് ഒന്നര വാങ്ങിക്കൊടുക്കലും, പുഴയിൽ നിന്നും മീൻ പിടിക്കലും, മുട്ടാപ്പോക്ക് ന്യായങ്ങൾ പറയലുമായിരുന്നിരിയ്ക്കാൻ ഇടയില്ല. ഇത്രയും മനോഹരമായ ഒരു സൃഷ്ടിയെ, ദൈവം മറന്നു പോയതായിരിക്കുമോ? ആരോടാണ് ചോദിക്കുക? അല്ലെങ്കിൽത്തന്നെ ആർക്കാണിത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാദ്ധ്യത? അറിയില്ല.
അറിയാവുന്നതിത്ര മാത്രം. ഏതോ നാട്ടിൽ ഏതോ അമ്മയുടെ അരുമയായി വളർന്ന നിഷ്ക്കളങ്കനായൊരുണ്ണി കിനാശ്ശേരിയുടെ മണ്ണിനെയും മനസ്സിനെയും കുറച്ചു കൂടി നന്മയുള്ളതാക്കി എന്ന്.
# kinasserikkalam article by rani b menon