Image

CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത്  (അധ്യായം -7: സലിം ജേക്കബ്‌)

Published on 11 December, 2022
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത്  (അധ്യായം -7: സലിം ജേക്കബ്‌)

ജഡ്ജി വരദാത്തോസ് തന്റെ ഔദ്യോഗിക മുറിയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു. ജറുസലേം കോടതികളിലെ ജഡ്ജിമാരില്‍ സ്വന്തമായ വാഹനമില്ലാത്തത് അദ്ദേഹത്തിന് മാത്രമായിരുന്നു. അതിനാല്‍ കോടതിയിലേക്കു നടന്നും ബസിലുമായി വരുന്ന ഏക ന്യായാധിപന്‍ അദ്ദേഹമായിരുന്നു. അടുത്ത കാലത്ത് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും തന്റെ ബെഞ്ചില്‍ അവശേഷിച്ച കേസുകള്‍ തീര്‍ക്കാനായി അദ്ദേഹം JBI Court ല്‍ തന്നെ തുടര്‍ന്നു. 

തന്റെ പൂര്‍വ്വികര്‍ ചെയ്തതുപോലെ തന്നെ കേസിന്റെ വിചാരണവേളയില്‍ വാര്‍ത്താപത്രങ്ങളും ദൃശ്യമാധ്യമങ്ങളും അദ്ദേഹവും കാണുകയില്ലാതിയിരുന്നു. തന്നെയുമല്ല, തന്റെ ഭാര്യയെപോലും അങ്ങനെ ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഒരു കുറ്റം നടന്ന അന്നുമുതല്‍ അതിനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ വായിച്ചല്‍ കേസ് കോടതിയില്‍ വരുമ്പോഴേയ്ക്കും അബോധമനസ്സില്‍ പ്രതിക്ക് എതിരായോ അനുകൂലമായോ ഒരു ചായ്‌വ് അനുഭവപ്പെടും. ആ ചായ്‌വ് വിധിയെ ബാധിക്കും. അതുകൊണ്ടാണ് വാര്‍ത്താമാധ്യമങ്ങള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നതും. ഇന്ന് ഈ കേസ് തുടങ്ങുന്ന വേളയില്‍ ഇതിനെക്കുറിച്ച് യാതൊന്നും അറിയാതെ തുറന്ന മനസോടെയാണ് വരദാത്തോസ് കോടതിയിലേക്ക് നടന്നത്. 11 മണിക്ക് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗുമസ്തനോട് തന്റെ ആഗമനം അറിയിക്കാനുള്ള മണി മുഴക്കുവാന്‍ ആംഗ്യം കാട്ടി, അദ്ദേഹം എഴുന്നേറ്റു. ശിപായി തുറന്നു കൊടുത്ത വാതിലിലൂടെ കോടതി മുറിയിലേക്കു പ്രവേശിച്ച അദ്ദേഹം എല്ലാവരെയും ശിരസാല്‍ അഭിവാദ്യം ചെയ്തതിനുശേഷം തന്റെ ഇരിപ്പിടത്തില്‍ ഇരുന്നു. പതിവുപോലെ ചില അപ്രധാന കേസുകള്‍ പിന്നത്തേക്ക് മാറ്റിവച്ചതിനുശേഷമാണ് ഇസ്‌കാരിയോത്തിന്റെ കേസ് നമ്പര്‍ ഗുമസ്തന്‍ വിളിച്ചത്.

“CC 8/AD 36,ജൂദാസ് ഇസ്‌കാരിയോത്ത്

തന്റെ പോക്കറ്റില്‍ നിന്നും ഒന്നു രണ്ടു കടല വായിലിട്ടതിനുശേഷം ജഡ്ജി തലയുയര്‍ത്തി പ്രതിയെ സാകൂതം വീക്ഷിച്ചു. അരോഗദൃഢഗാത്രനായ ജൂദാസ് മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ജഡ്ജിയെ തന്നെ നോക്കുകയായിരുന്നു.

മറ്റേതൊരു കേസിലും എന്നപോലെ ചാര്‍ജ്ജുവായനയും അതിന്റെ നിഷേധവും നേരത്തേ കഴിഞ്ഞിരുന്നതിനാല്‍ വിസ്താരം തുടങ്ങുകയായിരുന്നു. 

“PW1 ഫാദര്‍ ജോണ്‍സണ്‍ എന്ന യോഹന്നാന്‍'. ശിപായി വിളിച്ചതും പുറത്തെ നൊവേനയുടെ സ്വരം ഒന്നുയര്‍ന്നു. ഒരു ഓര്‍ക്കസ്ട്രാ നയിക്കുന്നതുപോലെ അതു നിര്‍ത്താനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം ഫാ. ജോണ്‍സണ്‍ സാക്ഷിക്കൂട്ടിലേക്കു കയറി. കോടതിയാകെ ശ്മശാന മൂകത പരന്നു.

തന്റെ നേരെ നീട്ടിയ ബൈബിളില്‍ കൈവച്ചുകൊണ്ട് ജോണ്‍സണ്‍, ശിപായി പറഞ്ഞ സത്യവാചകം ഏറ്റുചൊല്ലി. 
'കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളു എന്നു ദൈവനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു'.

കസേരയില്‍ നിന്നും എഴുന്നേറ്റ് സാക്ഷിക്കൂട്ടില്‍ കൈ ഊന്നിക്കൊണ്ട് പ്രോസിക്യൂട്ടര്‍ കാശാ സിറിയന്‍ തന്റെ ചോദ്യങ്ങള്‍ ആരംഭിച്ചു. 
'ഫാ. ജോണ്‍സണ്‍ എ.ഡി 36-ാം വര്‍ഷം താങ്കള്‍ എന്തുചെയ്യുകയായിരുന്നു?' 

തന്റെ മുന്‍പിലുള്ള കടലാസില്‍ എഴുത്തു തുടങ്ങുവാനെന്നവണ്ണം കണ്ണും നട്ടിരുന്ന ന്യായാധിപനെ നോക്കി ജോണ്‍സണച്ചന്‍ മറുപടി പറഞ്ഞു, 
'ഞാന്‍ യേശു എന്നറിയപ്പെടുന്ന, ജോസഫിന്റെ പുത്രന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു'.

'എന്തായിരുന്നു അന്നു നിങ്ങളുടെ പ്രധാന ജോലി?'
'യേശുവിന്റെ വചനങ്ങള്‍ ജനങ്ങളിലെത്തിക്കുക, അവരെ ദൈവരാജ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക'.

'ശരി, യേശുവിനെ റോമാ പട്ടാളക്കാര്‍ പിടിച്ച ആ രാത്രി നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു? അല്ലെങ്കില്‍ യേശുവിനെ പിടിയ്ക്കുവാനുണ്ടായ സാഹചര്യം ഒന്നു വിവരിക്കാമോ?'

ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം, ഫാ. ജോണ്‍സണ്‍ പറഞ്ഞു:
'ഞങ്ങള്‍ പന്ത്രണ്ടു ശിഷ്യന്മാരും യേശുവിനോടൊപ്പം ഗത്സമേന എന്ന സ്ഥലത്തു തമ്പടിച്ചിരിക്കുകയായിരുന്നു. അത്താഴത്തിനുശേഷം ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ പട്ടണത്തിലേക്കു യാത്രയായി. ഏറെ സമയം കഴിയുന്നതിനു മുമ്പ് പട്ടാളക്കാരേയും കൂട്ടി തിരിച്ചുവന്ന അയാള്‍ യേശുവിനെ അവര്‍ക്കു കാണിച്ചുകൊടുത്തു'.

താന്‍ വിചാരിച്ചതുപോലെ തന്നെ കാര്യങ്ങള്‍ നീങ്ങുന്നതിന്റെ സംതൃപ്തി പ്രോസിക്യൂട്ടറുടെ മുഖത്തു പ്രകടമായിരുന്നു. തന്റെ മൂന്നാമത്തെ ചോദ്യം അദ്ദേഹം ഉന്നയിച്ചു
'അന്ന് അങ്ങനെ കാട്ടിക്കൊടുത്ത ആ ശിഷ്യനെ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയുമോ?' 
'തീര്‍ച്ചയായും'

'അയാള്‍ ഈ കോടതിയിലെവിടെയുങ്കിലും ഉണ്ടോ?'
'ഉണ്ട്'.

'ആരാണ് അയാള്‍?'
തന്റെ ദൃഷ്ടി ജൂദാസിലേക്കു മാറ്റിയശേഷം ജോണ്‍സണ്‍ അങ്ങോട്ടേയ്ക്കു കൈചൂണ്ടി. 
'അപ്പോള്‍, ഈ നില്‍ക്കുന്ന ജൂദാസ് ഇസ്‌കാരിയോത്ത് ആണ് യേശുവിനെ ഒറ്റുകൊടുത്തത് അല്ലേ?' 

    താന്‍ പറയാന്‍ അല്ലെങ്കില്‍ പറയിപ്പിക്കാന്‍ ഉദ്ദേശിച്ച കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞുകൊണ്ട് പ്രോസിക്യൂട്ടര്‍ തന്റെ സാക്ഷിയെ പ്രോത്സാഹിപ്പിച്ചു.
'അതേ ജൂദാസ് ആണ് യേശുവിനെ ഒറ്റിയത്'.

    'അതിരിക്കട്ടെ ഫാ. ജോണ്‍സണ്‍, ജൂദാസ് ആയിരിക്കും യേശുവിനെ ഒറ്റുകൊടുക്കുന്നത് എന്ന് താങ്കള്‍ക്കറിയാമായിരുന്നുവോ? അറിയാമായിരുന്നു എങ്കില്‍ എങ്ങനെ അറിയാമായിരുന്നു?'

    സുദീര്‍ഘമായ ഒരു മറുപടി പ്രതീക്ഷിക്കുന്നതുപോലെ പ്രോസിക്യൂട്ടര്‍ തന്റെ കസേരയില്‍ ഇരിപ്പായി. കണ്ഠമിടറിക്കൊണ്ട് ഫാ. ജോണ്‍സണ്‍ മൊഴി തുടര്‍ന്നു.

    'പെസഹാ തിരുനാളിലെ അത്താഴം കഴിക്കുന്ന അവസരത്തില്‍, നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്ന് യേശു പറഞ്ഞു. അതാരാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ അപ്പം മുക്കി കൊടുക്കുന്നവന്‍ തന്നെ എന്നരുളിചെയ്തശേഷം ഒരു കഷ്ണം മുക്കി ജൂദാസിന്റെ വായിലേക്കു വച്ചു. അതു തിന്ന ഉടന്‍ സാത്താന്‍ ജൂദാസിന്റെ ഉള്ളില്‍ പ്രവേശിച്ചു. അതിനുശേഷം നീ ചെയ്യുന്നതു വേഗം ചെയ്യുക എന്ന് യേശു ജൂദാസിനോട് ആജ്ഞാപിച്ചു. എന്നാല്‍ അത് തന്നെ ഒറ്റുകൊടുക്കുന്ന കാര്യമായിരുന്നുവെന്ന് പന്തിയിലിരുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല'.

    'അതായത് ജൂദാസ് തന്നെ ഒറ്റുകൊടുക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു അല്ലേ?' പ്രോസിക്യൂട്ടര്‍ പിന്നേയും ഒന്നാംസാക്ഷിയുടെ സഹായത്തിനെത്തി.
'അതേ, ഈ കാര്യം ക്രിസ്തുവിനറിയാമായിരുന്നു'.

    'അതിരിക്കട്ടെ ഫാദര്‍, ജൂദാസിന്റെ സ്വഭാവം വെളിപ്പെട്ട ഏതെങ്കിലും സംഭവം താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ?'
 
'ഉണ്ട്', നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തുടച്ചതിനുശേഷം ഫാ. ജോണ്‍സണ്‍ തുടര്‍ന്നു. 'പെസഹായ്ക്ക് ആറുദിവസം മുമ്പ് ബേഥാന്യയിലേക്ക് ഞങ്ങള്‍ വന്നു. അവിടെ അത്താഴം കഴിച്ചുകൊണ്ടിരുന്ന വേളയില്‍ മഗ്ദലനക്കാരി മറിയം വിലയേറിയ സ്വച്ഛജടാമാംസി തൈലം ഒരു റാത്തല്‍ എടുത്ത് യേശുവിന്റെ കാലുകളില്‍ പൂശുകയും തന്റെ തലമുടിയില്‍ തുടയ്ക്കുകയും ചെയ്തു. 300 വെള്ളിക്കാശു വില ലഭിക്കാവുന്ന ഈ തൈലം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാത്തതെന്തെന്ന് ജൂദാസ് ചോദിച്ചു'.

താന്‍ കുറിച്ചുകൊണ്ടിരുന്ന കടലാസില്‍ നിന്നും തല ഉയര്‍ത്തി പ്രോസിക്യൂട്ടറെ നോക്കി ജഡ്ജി ഇടപെട്ടു.
“How is this relevant? പ്രായോഗികബുദ്ധിയുള്ള ആരും ഇങ്ങനെ ചോദിക്കില്ലേ? ആ എണ്ണയ്ക്ക് അത്രയും വിലയുണ്ടെങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്?' 

“ No Your Honour!  എന്റെ സാക്ഷിക്കു പറയാനുള്ളതു മുഴുവനും അങ്ങു കേള്‍ക്കണം.' 
ഫാദര്‍ ജോണ്‍സന്റെ സമീപത്തു ചെന്ന് പ്രോസിക്യൂട്ടര്‍ അദ്ദേഹത്തോടായി പറഞ്ഞു, 'ബാക്കി കൂടി പറയുക ഫാദര്‍'.

    'ഈ എണ്ണ വില്ക്കണം എന്നു പറഞ്ഞത് പാവങ്ങളെക്കുറിച്ചുള്ള വിചാരം ഉള്ളതു കൊണ്ടായിരുന്നില്ല. പണസഞ്ചി അവന്റെ കൈയ്യിലായിരുന്നതുകൊണ്ടും അതില്‍ നിന്നും പൈസ അവന്‍ സ്വന്തം ആവശ്യത്തിനായി മാറ്റിയിരുന്നതും കൊണ്ടാണ്'.
പിന്നേയും ന്യായാധിപന്‍ ഇടപെട്ടു. 

    'എന്താണിത്? ജൂദാസ് പൈസ മോഷ്ടിച്ചു എന്ന് ചാര്‍ജ്ജ് ഇല്ലല്ലോ? പിന്നെയെന്തിനാ ഈ വകകാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്?'

    പ്രോസിക്യൂട്ടര്‍ വിനീതമായി അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു. “Plese Your Honour! ജൂദാസിന്റെ സ്വഭാവം വിവരിക്കാനാണ് ഫാ. ജോണ്‍സണ്‍ ഈ കാര്യം അറിയിച്ചത്. അതായത് തന്റെ ഗുരുവായ യേശുവിന്റെ സുഖസൗകര്യങ്ങളെക്കാള്‍, ജൂദാസിന് പണമായിരുന്നു വലുത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ സംഭവം'. 

    അങ്ങേയറ്റം അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് ജഡ്ജി തന്റെ എഴുത്തു പിന്നെയും തുടര്‍ന്നു. പ്രോസിക്യൂട്ടര്‍ തന്റെ ചോദ്യങ്ങളും.

    'ഫാദര്‍, യേശു 12 പേരെ ശിഷ്യരായി തെരഞ്ഞെടുക്കാന്‍ ഉണ്ടായ സാഹചര്യം ഒന്നു വിവരിക്കാമോ?'

    'ഒരിക്കല്‍ കഫര്‍ന്നഹൂമില്‍വെച്ച് യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കാതെ ശിഷ്യന്മാര്‍ വഴക്കുതുടങ്ങി. തന്നെ പൂര്‍ണ്ണമായി വിശ്വസിക്കാത്തവര്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ യേശു ഞങ്ങള്‍ 12 പേരെ തെരഞ്ഞെടുത്തു. ബാക്കിയുള്ളവര്‍ യേശുവിന്റെ ശിഷ്യത്വം തിരസ്‌കരിച്ച് അവരുടെ വഴിക്ക് പോവുകയും ചെയ്തു'.

    'അന്ന് 12 പേരെ തിരഞ്ഞെടുത്തതില്‍ ഈ നില്‍ക്കുന്ന ജൂദാസ് ഉള്‍പ്പെട്ടിരുന്നുവോ?'

 'ഉള്‍പ്പെട്ടിരുന്നു'. ഫാദര്‍ ജോണ്‍സണ്‍ തുടര്‍ന്നു. 'പക്ഷേ, യേശുവനെ ഒറ്റുന്നവന്‍ ഇവന്‍ തന്നെ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കാരണം, നിങ്ങളില്‍ 12 പേരെ ഞാന്‍ തെരഞ്ഞെടുത്തില്ലയോ, എന്നാലും നിങ്ങളില്‍ ഒരുവന്‍ ഒരു പിശാച് ആകുന്നു എന്ന് യേശു പറയുകയുണ്ടായി. അത് ജൂദാസിനെ കുറിച്ചായിരുന്നു'.
“That’s all Your Honour”

    പ്രോസിക്യൂട്ടര്‍ വിസ്താരം അവസാനിപ്പിച്ചതിനുശേഷം തന്റെ കസേരയില്‍ ഇരുപ്പുറപ്പിച്ചു. അല്പനേരത്തെ തികഞ്ഞ നിശ്ശബ്ദതയ്ക്കുശേഷം ജഡ്ജി അഡ്വ.രാമന്‍ മേനോന്റെ മുഖത്തേയ്ക്കു ചോദ്യപൂര്‍വ്വം നോക്കി. കസേരയില്‍ നിന്നും എഴുന്നേറ്റ് രണ്ടു കൈകളും ഡെസ്‌ക്കില്‍ വച്ചുകൊണ്ട് മേനോന്‍ പ്രതികരിച്ചു. 

“No Cross Your Honour!”'

    നിനച്ചിരിക്കാതെയുള്ള മേനോന്റെ ഈ പ്രതികരണം ജഡ്ജിയേയും ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായ ഹോംസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തി. നീണ്ട ക്രോസിംഗ് പ്രതീക്ഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് തെല്ലൊരു നിരാശയും ഉണ്ടായി. ദീര്‍ഘനിശ്വാസം വിട്ട് സാക്ഷിക്കൂട്ടില്‍ നിന്നും ഫാദര്‍ ജോണ്‍സണ്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ എതിരേല്‍ക്കാനെന്നവണ്ണം പുറത്തു നൊവേനയുടെ ശബ്ദം ഉയര്‍ന്നു. ജൂദാസിന്റെ മുഖത്തേയ്ക്കു നോക്കിയ മേനോന്, ആ കണ്ണുകളില്‍ അവിശ്വസനീയതയുടെ ഒരു ഭാവം തിരിച്ചറിയാന്‍ കഴിഞ്ഞു. 

    നൊവേനയുടെ ശബ്ദം അന്തരീക്ഷത്തില്‍ അലിഞ്ഞു തീര്‍ന്നുകൊണ്ടിരുന്നപ്പോള്‍, ശിപായിയുടെ വാക്കുകള്‍ ഉറക്കെ പുറത്തുവന്നു. 
    'രണ്ടാം സാക്ഷി ഫാദര്‍ പീറ്റര്‍ അഥവാ പത്രോസ്'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക