Image

ബൈബിൾ പ്രവചനങ്ങൾ (അദ്ധ്യായം 9: നൈനാന്‍ മാത്തുള)

Published on 13 December, 2022
ബൈബിൾ പ്രവചനങ്ങൾ (അദ്ധ്യായം 9: നൈനാന്‍ മാത്തുള)

ബൈബിളിന്റെ ദൈവികതയെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന അടുത്ത വാദമുഖങ്ങൾ പരിശോധിക്കാം. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ അതിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയാണ്. അവിശ്വാസികൾ എഴുതുന്ന കാര്യങ്ങൾ വായിച്ചാൽ ദൈവകൃപയില്ലാത്തവർ വീണുപോകാൻ സാദ്ധ്യതയുണ്ട്. ബൈബിൾ പ്രവചനങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കണമെങ്കിൽ ദൈവകൃപ ആവശ്യമാണ്. അതില്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള വാദങ്ങളൊക്കെ പുറത്തുവരുന്നത്. ദൈവം ബൈബിളിൽ വിശ്വസിക്കാത്ത ദുഷ്ടനോടു ചോദിക്കുകയാണ് ''എന്റെ വചനങ്ങൾ നിന്റെ വായിലെടുക്കാൻ നിനക്കെന്തു കാര്യം''(സങ്കീർത്തനം 50:16)
ദൈവവചനത്തിൽ നിറവേറിയതും നിറവേറാനിരിക്കുന്നതുമായ പ്രവചനങ്ങൾ ഉണ്ട്. സാധാരണ ഗതിയിൽ പ്രവചനങ്ങൾ നിറവേറുകയാണ് വേണ്ടത്.
ഈ എഴുത്തുകാരൻ ഒരു മൈക്രോബയോളജിസ്റ്റ് (microbiologist)ആയിട്ടാണ് ജോലി ചെയ്യുന്നത്. ജോലിയിൽ സൂപ്പർവൈസർ ഒരിക്കൽ എല്ലാവരോടുമായി പറഞ്ഞു ''പൊതുനിയമം പാലിക്കാത്ത അണുജീവികളും ഉണ്ടെന്നുള്ള കാര്യം മറക്കേണ്ട'' ഓരോ ബാക്ടീരിയയും അതിന്റേതായ പൊതു സ്വഭാവത്തിൽ ഓരോ പ്രത്യേക രൂപവും ഭാവവുമാണെങ്കിലും ചിലത് വ്യത്യസ്തമായി കാണപ്പെട്ടെന്നിരിക്കും. പ്രവചനവും ഒരു വിധത്തിൽ ഇതുപോലെയാണ്. പ്രവാചകനായ യോന നിനവെയ്‌ക്കെതിരായി പ്രവചിച്ചു- ദൈവം നിനവെ പട്ടണത്തെ നശിപ്പിക്കുമെന്ന.് പ്രസംഗം കേട്ട ജനവും രാജാവും അനുതപിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുപിരിഞ്ഞു. ദൈവം വരുത്തുമെന്ന് അരുളിച്ചെയ്ത പ്രവചനത്തെ ഓർത്ത് അനുതപിച്ചു. നിനവെ നശിപ്പിക്കപ്പെട്ടതുമില്ല. അപ്പോൾ യോന കോപിച്ചു. ഒരു പ്രവാചകന്റെ പ്രവചനം ഫലിച്ചില്ല എങ്കിൽ അവൻ കള്ളപ്രവാചകനെന്ന് വിധിയെഴുതണം എന്നാണ് ദൈവത്തിന്റെ പ്രമാണം.  ദൈവം കല്പിച്ച കാര്യങ്ങൾ പ്രവചിക്കുക എന്നതാണ് പ്രവാചകന്റെ ജോലി. ദൈവമാണ് കല്പിച്ചതെങ്കിൽ കള്ളപ്രവാചകൻ എന്ന പേര് വീഴാതെ ദൈവം സൂക്ഷിച്ചുകൊള്ളും. മദർ തെരേസാ ഒരിക്കൽ പറഞ്ഞത് ''ദൈവം എന്നെ ജയിക്കാനല്ല വിളിച്ചത് വിശ്വസ്ത ആയിരിക്കാനാണ്'' (not successful but faithful).
അക്ബർ എടുത്തുകാണിച്ചിരിക്കുന്ന ബൈബിളിലെ പൂർത്തീകരിക്കാത്ത പ്രവചനങ്ങൾ
1). ആദാം മരിച്ചില്ല.
ദൈവത്തിന്റെ ഒന്നാമത്തെ പ്രവചനം തെറ്റിയെന്നാണ് അക്ബർ വാദിക്കുന്നത്. കാരണം ദൈവം പ്രവചിച്ചതുപോലെ ഫലം പറിച്ചു തിന്ന ആദാമും ഹവ്വയും മരിച്ചില്ല. പിശാചു പറഞ്ഞതത്രേ സംഭവിച്ചത് കാരണം പിശാചായ പാമ്പു പറഞ്ഞത് അവർ മരിക്കയില്ല എന്നാണ.് ദൈവം പറഞ്ഞാൽ അതു നടക്കണം. അതുകൊണ്ട് ദൈവമല്ല ഇതൊക്കെ പറഞ്ഞത് എന്നു വരുത്തുകയായിരിക്കും ഉദ്ദേശം.
ഇവിടെ മരണം കൊണ്ടുദ്ദേശിച്ചത് ആത്മീയ മരണമാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്. ദൈവവുമായുള്ള കൂട്ടായ്മ (Fellowship) നഷ്ടപ്പെടുകയും ആദാമിന്റെയും ഹവ്വയുടെയും ആത്മീയ മരണം സംഭവിക്കുകയും ചെയ്തു. ആ മരണത്തിൽ നിന്ന് വീണ്ടെടുത്ത് ദൈവവുമായുള്ള കൂട്ടായ്മ പുനസ്ഥാപിക്കുന്നതിനാണ് കർത്താവായ യേശുക്രിസ്തു ക്രൂശിൽ പ്രായശ്ചിത്തയാഗമായത്. കൽപനയുടെ ലംഘനമാണ് പാപം. പാപത്തിന്റെ ശമ്പളം മരണമത്രെ. യേശു പാപത്തിന്റെ വില കൊടുത്തു തന്നെത്താൻ യാഗമായി മനുഷ്യവർഗ്ഗത്തെ നിത്യമരണത്തിൽ നിന്നും രക്ഷിച്ചു.
2. അബ്രാഹാമിനോടുള്ള പ്രവചനത്തിൽ തെറ്റുണ്ടോ?
പ്രവചനം ഇങ്ങനെയാണ് ''നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ  സേവിക്കും.... നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും'' (ഉൽപത്തി 15:13-17) ബൈബിൾ ശരിക്കു പഠിച്ചാൽ ഒരു കാര്യം മനസ്സിലാകും. നാലാം തലമുറയിൽ പെട്ടവർ തന്നെയാണ് മടങ്ങിവന്ന്, യാക്കോബ് മരിച്ചപ്പോൾ ശരീരം കനാൻ ദേശത്ത് കൊണ്ടുപോയി മക്‌പേല ഗുഹയിൽ അടക്കം ചെയ്തത്. 400 വർഷം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും എന്ന പ്രവചനവും നിവൃത്തിയായി. ഒരു തലമുറക്ക് 40 വർഷം എന്ന കണക്കിന് പത്താം തലമുറയാണ് കനാൻ ദേശം പിടിച്ചടക്കിയത് അവിടെ താമസമാക്കിയതും. അക്ബർ പറയുന്നതുപോലെ മോശയല്ല കനാൻ ദേശം പിടിച്ചടക്കി അവിടെ താമസമാക്കിയത്. മോശ ഏഴാം തലമുറയാണെന്നുള്ളതു ശരിയാണ് എന്നാൽ പത്താം തലമുറയാണ് കനാൻ ദേശം പിടിച്ചടക്കി അവിടെ താമസമാക്കുന്നത്. ഒറ്റുകാരെ ഒളിപ്പിച്ചതായ രാഹാബ് എന്ന വേശ്യയെ വിവാഹം ചെയ്യുന്നത് സല്‌മോൻ എന്നവ്യക്തിയാണ.് സല്‌മോൻ പത്താം തലമുറക്കാരനാണ് (മത്തായി 1:5)
3). യാക്കോബിനോടുള്ള പ്രവചനം 
''നീ കിടക്കുന്ന ഈ ദേശം ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും'' (ഉൽപത്തി 28:13) എന്ന പ്രവചനം തെറ്റിയെന്നാണ് അക്ബർ പറയുന്നത്. വിശ്വാസത്തിന്റെ കണ്ണുകൾ ഇല്ലാത്തതുകൊണ്ടാണ് തെറ്റിയെന്നു തോന്നുന്നത്. പ്രവചനം നിനക്കും നിന്റെ പിൻതലമുറക്കാർക്കും കൊടുക്കുമെന്നാണ്. എനിക്കു തരുമെന്നു പറയുന്നത് എന്റെ അവകാശമായി മക്കൾക്കു കൊടുക്കുന്നത് എനിക്കു തരുന്നതുപോലെ തന്നെയാണ്. യാക്കോബ് വിശ്വാസത്താൽ അതു കാണുകയും ചെയ്തു.
4). യാക്കോബിനോടുള്ള വാഗ്ദാനം തെറ്റിയോ? 
ഉൽപത്തി 46:4 പ്രകാരം ''ഞാൻ നിന്നെ മടക്കിവരുത്തും. ജോസഫ് സ്വന്ത കൈകൊണ്ടു നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു'' എന്ന പ്രവചനം തെറ്റിയെന്നാണ് അക്ബർ പറയുന്നത്.  യാക്കോബിനെ കനാൻ ദേശത്തുകൊണ്ടുവന്നാണ് അടക്കിയത് അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പോയി. അവന്റെ പുത്രന്മാർ അവൻ കനാൻ ദേശത്തേക്കു കൊണ്ടുപോയി മമ്രേയ്ക്കു സമീപം അബ്രഹാം ഹിത്യനായ എപ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‌പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കം ചെയ്തു (ഉൽപത്തി 50:7-13). ഈ പ്രവചനം അനുസരിച്ചാണ് യാക്കോബ് ജീവിച്ചിരിക്കുമ്പോൾ തന്നെ ജോസഫിനോട് തന്നെ കനാനിൽ അടക്കണമെന്ന് ആവശ്യപ്പെടുകയും സത്യം ചെയ്യിക്കുകയും ചെയ്തത്. (ഉൽപത്തി 49:29)
5). മോശയോടുള്ള പ്രവചനം പാലിച്ചില്ലേ? 
അക്ബർ എഴുതിയിരിക്കുന്നതു ശരിതന്നെയാണോ എന്ന് തീർച്ചവരുത്താൻ പലരും മിനക്കെടാറില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യത്തെ വളച്ചൊടിക്കുന്നത്. പുറപ്പാട് 33:1,2 ൽ അബ്രഹാമിനോട്  തന്റെ സന്തതിക്കു ദേശം കൊടുക്കുമെന്ന് ദൈവം പറഞ്ഞകാര്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്ബറിന്റെ വാദം ഈ വചനത്തിൽ പറയുന്നതുപോലെ മോശയുടെ കാലത്ത് കനാന്യരെ ഓടിച്ചു കളഞ്ഞില്ല എന്നാണ്. കനാൻ ദേശം എന്നത് പൊതുവേ ഉദ്ദേശിക്കുന്നത് യോർദ്ദാൻ നദിയുടെ രണ്ടുകരകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളുൾപ്പെട്ടതാണ്. മോശയുടെ നേതൃത്വത്തിലാണ് കനാന്യരായ അമോര്യരെ ഓടിക്കാൻ കഴിഞ്ഞത്. യോശുവയാണ് യോർദാനക്കരെയുള്ള പ്രദേശങ്ങൾ കീഴടക്കാൻ നേതൃത്വം നൽകിയത്.
6). മോശയോടുള്ള വാഗ്ദാനം പാലിച്ചില്ലേ? 
ബൈബിൾ മനസ്സിരുത്തി വായിക്കാതെ മറ്റാരോ എഴുതിയ പുസ്തകങ്ങളെയോ അവരുടെ വാദങ്ങളെയോ ആശ്രയിച്ചതുകൊണ്ടാണ് ഇങ്ങനെയുള്ള അബദ്ധങ്ങൾ. ആദ്യം ദൈവം എഴുതിക്കൊടുത്ത കല്പലകകൾ മോശ പൊട്ടിച്ചുകളഞ്ഞതുകൊണ്ട് രണ്ടാം തവണ എഴുതി തരാമെന്നു പറഞ്ഞെങ്കിൽ എഴുതികൊടുത്തില്ല എന്നാണ് ആരോപണം. മോശ തന്നെ രണ്ടാമതു എഴുതുകയായിരുന്നു എന്നാണ് വാദം. മോശ എഴുതിയത് പത്തുകല്‌നകളല്ല ദൈവം പറഞ്ഞുകൊടുത്ത മറ്റു വാക്കുകളാണ്. ദൈവം തന്നെയാണ് രണ്ടാമതും പത്തുകല്പനകൾ എഴുതി കൊടുത്തത് ''അവൻ പത്തുകല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു'' (പുറപ്പാട് 34:28)
7). ഇസ്രായോലിനോടുള്ള വാഗ്ദാനം പാലിച്ചില്ലേ? 
ഇസ്രയേൽ ജനത്തിന് ദൈവംനൽകിയ വാഗ്ദാനം ആവർത്തനപുസ്തകം 15:16 ൽ പറയുന്നതു പാലിച്ചില്ല എന്നാണ് അക്ബറിന്റെ വാദം. ''നിന്റെ ദൈവമായ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ നിന്നെ അനുഗ്രഹിക്കും. നി അനേകം ജാതികൾക്കു കടം കൊടുക്കും എന്നാൽ നീ കടം വാങ്ങുകയില്ല. നീ അനേകം ജാതികളെ ഭരിക്കും എന്നാൽ അവർ നിന്നെ ഭരിക്കുകയില്ല'' ദൈവത്തിന്റെ വാഗ്ദാനങ്ങൾ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്. അതായത് ദൈവം കൊടുത്ത പ്രമാണങ്ങൾ പാലിക്കുന്നതിൽ. ഇസ്രയേൽ ദൈവത്തിന്റെ പ്രമാണങ്ങളോട് അവിശ്വസ്തത കാണിച്ചിട്ടും ദൈവം തന്റെ കരുണയിൽ, വിശ്വസ്തയിൽ തന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്. അമേരിക്കയോടുള്ള ഇസ്രായേലിന്റെ കടത്തിന്റെ കാര്യമാണെങ്കിൽ അത് അവർ സഹോദരന്മാർ ആയതുകൊണ്ടാണ.് Anglo Saxons ലെ ഒരു വിഭാഗമായ അമേരിക്കക്കാർ, Assyrians  പിടിച്ചുകൊണ്ടുപോയ lost ten tribes ലെ ഒരു വിഭാഗമാണെന്ന സിദ്ധാന്തം പലരും അംഗീകരിക്കുന്നുണ്ട്. അതു തന്നെയുമല്ല 150 ൽ പരം നോബൽ സമ്മാനങ്ങൽ നേടിയിട്ടുള്ള യഹൂദ ശാസ്ത്രജ്ഞന്മാരും, അവരുടെ അമേരിക്കയുടെ പുരോഗതിയിലുള്ള മുതൽക്കൂട്ടും കണക്കിലെടുക്കുമ്പോൾ, അമേരിക്കയാണ് ഇസ്രായേലിനോട് കടപ്പെട്ടിരിക്കുന്നതെന്നു പറയാം.
8). യെശയ്യാവിന്റെ പ്രവചനം
ഈജിപ്തിനെപ്പറ്റിയുള്ള പ്രവചനം നിവൃത്തിയായില്ല, ഇനിയും നിവൃത്തിയാകാൻ സാദ്ധ്യതയുമില്ല, എന്നാണ് അക്ബർ വാദിക്കുന്നത്. പ്രവചനം ഇങ്ങനെയാണ് ''അക്കാലത്ത് ഈജിപ്റ്റ് ദേശത്ത് കനാൻഭാഷ സംസാരിക്കുന്ന അഞ്ചു നഗരങ്ങൾ ഉണ്ടായിരിക്കും'' (യെശയ്യാ. 19:18) ഈജിപ്റ്റിലെവിടെയും അഞ്ചുനഗരങ്ങൾ കനാൻ ഭാഷ സംസാരിക്കുന്നതായി ഉണ്ടായിരുന്നില്ല എന്നാണ് അക്ബർ പറയുന്നത്. കനാൻ ഭാഷ നാമാവശേഷമായിട്ട് കുറേ വർഷങ്ങളായതുകൊണ്ട് ഇന്ന് അത്തരമൊരു ഭാഷ ലോകത്തിലില്ലെന്നാണ് അക്ബറിന്റെ വാദം. ലോകചരിത്രവും, ബൈബിളിലെ ചരിത്രവും അറിയാത്തതുകൊണ്ടും പ്രവചനങ്ങളെ മനസ്സിലാക്കുന്നതിനുള്ള ദൈവകൃപയില്ലാത്തതുകൊണ്ടുമാകാം ഇങ്ങനെ തോന്നുന്നത്. ബാബിലോണിയൻസ് അടിമത്വത്തിലേക്കു പിടിച്ചുകൊണ്ടുപോയ യഹൂദന്മാരിൽ ഒരു ചെറിയ പങ്കുമാത്രമേ പേർഷ്യൻ ഭരണകാലത്ത് എസ്രായുടെയും നെഹമ്യാവിന്റെയും നേതൃത്വത്തിൽ തിരിച്ചെത്തിയുള്ളൂ. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അനുസരിച്ച് (Look under Diaspora) ഏറ്റവും വലിയ കൂട്ടം യഹൂദന്മാർ Palestine-ന് വെളിയിൽ ബിസി ഒന്നാം നൂറ്റാണ്ടിൽ  ഈജിപ്തിലെ അലക്‌സാഡ്രിയയിൽ ആയിരുന്നു. അവിടുത്തെ ജനസംഖ്യയിൽ 40% യഹൂദന്മാരായിരുന്നു എന്നാണ് ബ്രിട്ടാനിക്ക പറയുന്നത്. ആദികാലം മുതലേ യെഹൂദന്മാർക്ക് പരിചിതമായ ഒരു പട്ടണമായിരുന്നു ഈജിപ്തിലെ സൂര്യനഗരമായ Heliopolis (On) അതായത് ഉല്പത്തിക്കാലത്തെ ഓനിലെ പുരോഹിതന്റെ മകളെയാണ് ജോസഫ് വിവാഹം ചെയ്തത്.(ഉല്പത്തി 41:45) 
ഇനിയും കനാൻ ഭാഷയുടെ കാര്യമാണെങ്കിൽ യഹൂദന്മാർ സംസാരിക്കുന്ന ഭാഷ ഹീബ്രു ഭാഷ തന്നെയാണ് കനാൻ ഭാഷ. ഈജിപ്തിൽ നിന്നു പുറപ്പെടുമ്പോൾ (മോശയുടെ നേതൃത്വത്തിൽ) അവർ ഹിബ്രുവിനു സാമ്യമുള്ള ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. അവരുടെ കൂട്ടത്തിൽ യോശുവയും കാലേബും മാത്രമേ കനാനിൽ പ്രവേശിച്ചുള്ളൂ. പുതിയ തലമുറക്ക് പിതാക്കന്മാർ സംസാരിച്ച ഭാഷ അത്രയും വശമില്ലായിരുന്നു എന്നു ചിന്തിക്കാം. അവർ കനാനിൽ പ്രവേശിച്ചപ്പോൾ  കനാന്യരെ കീഴടക്കി അടിമകളാക്കി. കനാന്യരുടെ ഭാഷയായിരുന്നു അത്. ഇസ്രായേൽക്കാർ അവരുടെ ഭാഷയായി സ്വീകരിച്ച ഹീബ്രു, കനാന്യരുടെ ഭാഷയാണ്. കൂടാതെ യെശയ്യ 19:18 അതിനെ കനാന്യഭാക്ഷ എന്നാണ് വിളിക്കുന്നത്. (The Int.std. Bible Encyclopedia Languages of the OT page 1833-9).
9). സിദെക്കിയാവിനോടുള്ള പ്രവചനം. 
''എങ്കിലും യഹൂദ രാജാവായ സിദെക്കിയായേ നീ വാളാൽ മരിക്കയില്ല. നീ സമാധാനത്തിൽ മരിക്കും. നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കുവേണ്ടി സുഗന്ധദൃവ്യങ്ങൾ എരിക്കും''. (യിരെമ്യാ. 34:45) എന്നത് നിറവേറിയില്ല കാരണം സിദെക്കിയായെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോവുകയും അവിടെ വച്ചു പ്രവാസിയായി മരിക്കുകയും ചെയ്തു എന്നാണ് അക്ബർ പറയുന്നത്. വീണ്ടും യിരെമ്യാവ് 52:10,11 പറയുന്നത് ''ബാബിലോൺ രാജാവ് സിദെക്കിയായുടെ കൺമുമ്പിൽ വച്ച് അയാളുടെ പുത്രന്മാരെ വെട്ടിക്കൊന്നു. യഹൂദയിലെ സർവ്വപ്രഭുക്കന്മാരെയും അയാൾ റിബ്‌ലായിൽ വച്ച് കൊന്നു. അയാൾ സിദെക്കിയായുടെ രണ്ടുകണ്ണും പൊട്ടിച്ചു. അയാളെ ചങ്ങലകളിൽ ബന്ധിച്ചു ബാബിലോൺ രാജാവ് ബാബിലോണിൽ കൊണ്ടുപോയി ജീവപര്യന്തം തടവിലാക്കി.
ഒരു ഭക്തനായ വ്യക്തി ഏതുവിധത്തിൽ മരിക്കണമെന്ന് നമുക്കെല്ലാം ചില സങ്കല്പങ്ങൾ ഉണ്ടാവാം. അതുപോലെ ഒരു ഭക്തന്റെ ജീവിതത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവരുതെന്നാണ് പലരുടെയും സങ്കല്പം. എങ്കിലും ജീവിതം പരിശോധിച്ചാൽ വിപരീതമായിട്ടാണ് കണ്ടിട്ടുള്ളത്.
സമാധാനം എന്നുപറയുന്നത് മനസ്സിന്റെ ഒരു അവസ്ഥയാണ.് കഷ്ടതയിൽ കൂടി കടന്നുപോകുമ്പോഴും ദൈവത്തിന്റെ കരവും സമാധാനവും ഒരു ഭക്തനു കാണാൻ കഴിയും. അവിടെയാണ് വിശ്വാസത്തിൽ ഉറയ്ക്കുന്നത്. അവിടെയാണ് യഥാർത്ഥ ഭക്തിയായ സമർപ്പണം.   നമ്മുടെ സമർപ്പണത്തിനുവേണ്ടിയാണ് പലപ്പോഴും കഷ്ടതയിൽ കൂടി കടന്നുപോകുന്നത്. പുറത്ത് കടൽ പോലെ പ്രശ്‌നങ്ങൾ അലറി ഇളകുമ്പോഴും മനസ്സിൽ സമാധാനം കാത്തുസൂക്ഷിക്കുവാൻ ദൈവത്തിലുള്ള വിശ്വാസം കൊണ്ട് സാധിയ്ക്കും. പൗലോസ് കടന്നുപോയ കഷ്ടതകൾ ഓർമ്മിക്കുക. ഇയ്യോബ് കടന്നുപോയ കഷ്ടതകൾ എത്രയാണ്? യേശുക്രിസ്തു കടന്നുപോയ കഷ്ടതകൾ, ഇതെല്ലാം നമുക്ക് ദൃഷ്ടാന്തമായി വിവരിച്ചിരിയ്ക്കുന്നു.
സിദെക്കിയാ, പ്രവചനം പോലെ വാളാൽ മരിച്ചില്ല. വളരെ സമാധാനത്തിലാണ് മരിച്ചത് എന്നു ചിന്തിക്കാനുള്ള പല തെളിവുകളും വേദപുസ്തകത്തിന് അകത്തും പുറത്തുമുണ്ട്. എം.എം. അക്ബറിന്റെ ഉദ്ദേശശുദ്ധി ഇവിടെയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്രയും പണ്ഡിതനും വേദപുസ്തകത്തെപ്പറ്റി അറിവുമുള്ള ഒരു വ്യക്തി, ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കാണുകയും അതിനോടു ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്താൽ പറയുന്നതും എഴുതുന്നതുമെല്ലാം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനാണ് ഉതകുക.
ഇനിയും സിദക്കിയാവിനോടുള്ള ബന്ധത്തിൽ നമ്മുടെ വിഷയത്തിലേക്കു വരാം. പ്രവചനങ്ങളുടെ പൂർത്തീകരണം വ്യക്തികളോടും രാഷ്ട്രങ്ങളോടുമുള്ള ബന്ധത്തിൽ അത് ഒരു വാഗ്ദത്തമാണെങ്കിൽ, ആ വ്യക്തിയോ രാഷ്ട്രമോ ആ പ്രവചനം ഏറ്റെടുക്കേണ്ടിയതുണ്ട.് ദൈവം മനുഷ്യനെ സ്വതന്ത്ര ഇച്ചാശക്തി (Free Will) കൊടുത്താണ് സൃഷ്ടിച്ചിരിക്കുന്നത്. ചില പ്രവചനങ്ങളുടെ നിവൃത്തീകരണത്തിന്  അതുമായി ബന്ധപ്പെട്ട വ്യക്തിയോ രാഷ്ട്രമോ അതു നിവൃത്തിയാകുന്നതിന് ഏതെങ്കിലും വ്യവസ്ഥയുണ്ടെങ്കിൽ അതു ചെയ്തിരിക്കണം. ദൈവം യിസ്രായേലിന് കനാൻദേശം കൊടുക്കുമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രവചിച്ചു. എന്നാൽ ഇസ്രായേൽ അത് യുദ്ധം ചെയ്ത് കീഴ്‌പെടുത്തേണ്ടി വന്നു. ആ പ്രവചനം ഏറ്റെടുക്കുമ്പോൾ അതു നിവൃത്തിയാകുന്നതിനുവേണ്ടി ദൈവത്തിന്റെ കരം അനുകൂലമായിരിക്കും. കാലേബ് ദൈവത്തോട് ഹെബ്രോൻ പട്ടണം അവകാശമായി ചോദിച്ചു. ദൈവം അത് അവന് കൊടുത്തു. അതു ദൈവത്തിൽ നിന്നുള്ള പ്രവചനമായിരുന്നു. എന്നാൽ കാലേബിന് അതു യുദ്ധം ചെയ്തു കീഴ്‌പ്പെടുത്തേണ്ടി വന്നു. (യോശുവ 15:13) 
ക്രിസ്തുവിൽ കൂടിയുള്ള ദൈവമക്കൾ എന്ന അവകാശം അല്ലെങ്കിൽ  ക്രിസ്തുവിന്റെ മണവാട്ടി എന്ന മർമ്മം ഇസ്ലാം മതവിശ്വാസികൾകളുടെയും അവകാശമാണ്. ദൈവം അത് പ്രവചനമായി കൊടുത്തിരിക്കുകയാണ്. അവിടെ യഹൂദൻ, യവനൻ, അറബി എന്നുള്ള വ്യത്യാസമില്ല. ദാസൻ, സ്വതന്ത്രൻ എന്നില്ല. ആണും പെണ്ണും എന്നില്ല. എന്നാൽ അതിനെ അവകാശമാക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും കടമയാണ്. 
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ചില നിബന്ധനകൾക്ക് വിധേയമാണ്.  ദൈവത്തിന്റെ വിശ്വസ്തതമൂലം ചിലപ്പോൾ നാം യോഗ്യരായില്ല എങ്കിൽ കൂടി പിതാക്കന്മാരോടുള്ള വാഗ്ദത്തം കാരണം ചില കാര്യങ്ങൾ നമുക്കു നിവൃത്തിച്ചു തന്നെന്നിരിക്കും. എന്നാൽ എപ്പോഴും അങ്ങനെ ആകണമെന്നില്ല.
ദൈവം പ്രവാചകനിൽ കൂടി പല പ്രാവശ്യം സിദെക്കിയ രാജാവിന് കൊടുത്ത നിർദ്ദേശം ബാബേൽ രാജാവിനോടു യുദ്ധത്തിന് പോകരുത് എന്നാണ്. ''ഞാൻ അങ്ങനെതന്നെ യഹൂദരാജാവായ സിദെക്കിയാവോട് പ്രസ്താവിച്ചതെന്തെന്നാൽ നിങ്ങൾ ബാബേൽ രാജാവിന്റെ നുകത്തിനു കഴുത്തു കീഴ്‌പ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊൾവിൻ'' (യിരമ്യ 27:12) മോശ കൊടുത്ത ന്യായപ്രമാണമായിരിക്കണം സിദെക്കിയാവിന്റെയും ആലോചനക്കാരുടെയും മനസ്സിൽ ഉണ്ടായിരുന്നത്. അതായത് ''നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവായി നിന്റെ മേൽ ആക്കിക്കൂടാ'' 
ഇസ്ലാം മതവിശ്വാസികൾ വിശ്വസിക്കുന്നത് പ്രവാചകനായ മുഹമ്മദ് ആദ്യം കൊടുത്ത ഖുറാനിലെ പല സുറാകളും പിന്നീടു കൊടുത്ത  സുറാകളും abrogate ചെയ്തു അഥവാ അസാധുവാക്കി എന്നാണ്. അതുപോലെ ന്യായപ്രമാണം യഹൂദന്മാർക്ക് ശിശുപാലകനായതുപോലെ, തോറ മാറി പുതിയനിയമം കൊടുത്തതുപോലെ, ഖുറാനിന് ഉപരിയായി ഒരു പടികടന്ന,് കുറച്ചുകൂടി ഉന്നതമായ പദവികൾക്ക് അർഹമാകുന്ന ഒരു പ്രമാണം കൊടുക്കാൻ ദൈവത്തിന് അധികാരം ഇല്ല എന്നുണ്ടോ? ഇല്ല എന്നു ചിന്തിക്കുന്നവർ ഇവിടെയും, നിത്യതയിലും ആ യജമാന ദാസ്യ ബന്ധത്തിൽ തുടരാനാണ് സാദ്ധ്യത.
നമുക്ക് സിദെക്കിയാവിന്റെ വിഷയത്തിലേക്കു വരാം. ദൈവം പ്രവാചകനിൽ കൂടി ബാബേൽ രാജാവിനോട് യുദ്ധത്തിന് പോകരുത് എന്ന നിർദ്ദേശത്തെ മറുത്താണ് സിദെക്കിയാവ് യുദ്ധിലേർപ്പെട്ടത്. വീണ്ടും പ്രവചനം ഉണ്ടായി  ''സിദെക്കിയാവെ ബാബേലിലേക്കു കൊണ്ടുപോകുമെന്നും ബാബേൽ രാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടുമെന്നും ബാബേൽ രാജാവു സിദെക്കിയാവോടു കണ്ണോടു കണ്ണു കാണുകയും വായോടു വായ് സംസാരിക്കുകയും ചെയ്യുമെന്നും (യിരമ്യാവ് 32:4,5) എന്തുകൊണ്ട് എം.എം. അക്ബർ ഈ പ്രവചനം കണ്ടില്ല. അക്ബറിന്റെ ഉദ്ദേശ ശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. 
സിദെക്കിയാവിന്റെ പെരുമാറ്റം പ്രവചനത്തെ മറുത്തായിരുന്നു. എങ്കിലും ദൈവം സിദെക്കിയാവോട് പറഞ്ഞത് നിവൃത്തിച്ചു എന്നാണ് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത്. യഹൂദ ചരിത്രകാരനായ യോസിഫസ് എഴുതിയിരിക്കുന്നത് സിദെക്കിയാവെ ബാബേലിലേക്കു കൊണ്ടുപോയി അവിടെ വെച്ചു മരിച്ചു എങ്കിലും സിദെക്കിയാവിന് രാജകീയമായ ഒരു ശവസംസ്‌ക്കാരം ലഭിച്ചു എന്നാണ്. ന്യായമായും സിദക്കിയാവു ബാബേൽ രാജാവുമായി നല്ല ബന്ധത്തിലായിരുന്നു എന്നും സമാധാനത്തിലാണ് മരിച്ചതെന്നും ചിന്തിക്കാം. (ജോസഫെസ് ബുക്ക് 10:8.7)
എം.എം. അക്ബർ ഈ പ്രവചനങ്ങളൊക്കെ കാണാത്തതാണോ അതോ ബൈബിളിൽ വിശ്വാസമില്ലാത്ത ആരോ പടച്ചുവിട്ട ഏതോ ഗ്രന്ഥത്തെ ആശ്രയിച്ചാണോ ഈ വാദങ്ങളെല്ലാം?
10).യോശിയാവോടുള്ള പ്രവചനം.
യോശിയാവോടുള്ള പ്രവചനത്തിൽ സമാധാനത്തോടെ അടക്കപ്പെടുമെന്നാണ്,  നീ സമാധാനത്തോടെ നിന്റെ ശവകുടിരത്തിലേക്കു പോകുമെന്നാണ്. ഏതു വിധത്തിൽ മരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ''ഈ സ്ഥലത്തു ഞാൻ ഉണ്ടാക്കുന്ന അനർത്ഥങ്ങളൊന്നും നിന്റെ കണ്ണുകൾകാണുകയില്ല. (2 രാജാക്കന്മാർ 22:20) എന്നാണ് പ്രവചനം.
പലപ്പോഴും പ്രവാചകന്മാർ പ്രവചിക്കുന്നത് ദൈവം വെളിപ്പെടുത്തി ക്കൊടുക്കുന്ന ദർശനങ്ങളിൽ നിന്നാണ.് ചിലപ്പോൾ പ്രവചനങ്ങൾ പ്രതീകാത്മകമായ ദർശനങ്ങളായിരിക്കും. അതിന്റെ രേഖപ്പെടുത്തലിൽ ഭാഷയുടെ പരിമിതികളും അതുപോലെ പരിഭാഷയിലുള്ള ന്യൂനതകളും അല്പസ്വൽപമൊക്കെ കടന്നു കൂടാം. ശാസ്ത്രിമാർ പകർത്തിയെഴുതുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. അതുകൊണ്ടൊന്നും ബൈബിളിന്റെ സന്ദേശത്തിന് കോട്ടം തട്ടുകയില്ല.
യിസ്രായേൽ രാജാക്കന്മാരുടെ ചരിത്രം പഠിച്ചാൽ സമാധാനമായി ഒരു ശവസംസ്‌ക്കാരം പലർക്കും ലഭിച്ചില്ല എന്നു കാണാം. ശലോമോൻ പറയുന്നത് ഒരു ശവസംസ്‌ക്കാരം ലഭിക്കാതെ പോകുന്നത് ഗർഭം അലസിപ്പോയ പിണ്ഡം പോലെയാകുന്നു എന്നാണ.് ആ നിലക്കു നോക്കുമ്പോൾ യോശിയാവോടുള്ള പ്രവചനം ശരിയായ അർത്ഥത്തിൽ ഗ്രഹിച്ചാൽ, എല്ലാ ബഹുമതികളോടുമുള്ള ഒരു ശവസംസ്‌ക്കാരമായിരുന്നു. കൂടാതെ പ്രവചനത്തിന്റെ ബാക്കിഭാഗം പഠിച്ചാൽ യിസ്രയേൽ ദേശത്തു തന്നെ രാജാക്കന്മാർക്കുള്ള ബഹുമതിയോടെ അടക്കപ്പെടുമെന്നും ഈ ദേശത്തിനു വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും യോശിയാവിന്റെ കണ്ണുകാണുകയില്ല എന്നുമാണല്ലോ! അതാണല്ലോ പ്രവചനത്തിന്റെ കാതൽ. അതല്ലേ സംഭവിച്ചത്.
യോശിയാവിന് യുദ്ധത്തിൽ മുറിവേറ്റിട്ടാണ് മരിച്ചതെന്നുള്ളത് ശരിയാണ്. ഒരു വ്യക്തിയുടെ അന്ത്യം ഏതുരീതിയിലാകാം എന്നത് വ്യത്യസ്തമായിരിക്കും. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെല്ലാവരും തന്നെ, അക്ബറിന്റെ വ്യാഖ്യാനം അനുസരിച്ചാണെങ്കിൽ അതിദാരുണമായിട്ടാണ് മരിച്ചിരിക്കുന്നത്. അങ്ങനെ മരിക്കുന്നതിൽ അവരെല്ലാവരും അഭിമാനം കൊണ്ടിരുന്നു. പത്രോസ് ആവശ്യപ്പെട്ടത് തന്നെ തല കീഴായി ക്രൂശിക്കണമെന്നാണ്. ഗാന്ധിജിയുടെ മരണം മനുഷ്യമനസ്സിൽ തങ്ങിനിൽക്കുന്ന  നിലയിലാണ് സംഭവിച്ചത്. അതിനുശേഷം എല്ലാബഹുമതികളോടെയുള്ള ശവസംസ്‌ക്കാരവും ലഭിച്ചു. വർഷങ്ങളോളം ജീവിച്ചിരുന്ന് അന്ത്യകാലത്ത് ആരും തിരിഞ്ഞുനോക്കാതെ മരിക്കുന്നതിലും നല്ലത് യോശിയാവു മരിച്ചതുപോലെ മരിക്കുകയാണ്. കൂടാതെ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു മരിച്ചാൽ എല്ലാവിധ ബഹുമതികൾക്കും അർഹനാണ്.
11). യെരുശലേമിനെക്കുറിച്ചുള്ള പ്രവചനം.
''സീയോനെ ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക, വിശുദ്ധനഗരമായ യെരുശലേമേ നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക. ഇനിമേൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല; പൊടി കുടഞ്ഞുകളയുക; യരുശലേമേ എഴുന്നേറ്റു ഇരിക്ക. ബന്ധനയായ സീയോൻ പുത്രി നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു. വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും. ''അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും അതുകൊണ്ടു ഞാൻ ഞാൻ തന്നെയാണ് പ്രസ്താവിക്കുന്നതെന്ന് അവർ അന്നു അറിയും'' (യെശയ്യാ 52:1-6)
ഇതു മറ്റുപല പ്രവചനങ്ങളും പോലെ പ്രതീകാത്മകമായ ഒരു പ്രവചനമാണ്. സഭയെ ഉദ്ദേശിച്ചാവാം എന്ന് അഭിപ്രായപ്പെടുന്ന വേദപണ്ഡിതന്മാരുണ്ട്. ''അവർ അന്നു അറിയും'' എന്നാണ് പ്രവചനം അവസാനിക്കുന്നതു. അതു വരുവാനുള്ളതാണ്. ഈപ്രവചനം എഴുതുമ്പോൾ തന്നെ, എല്ലാക്കാലത്തും യരുശലേമിൽ പരിച്ഛേദന ചെയ്യാത്തവർ ഉണ്ടായിരുന്നു. അതുകൊണ്ട് അക്ഷരാർത്ഥത്തിലുള്ള അശുദ്ധിയോ അഗ്രചർമ്മത്തെക്കുറിച്ചോ അല്ല ഇവിടെ പറയുന്നത് എന്നത് വ്യക്തമാണ്. 
ഒരു മനുഷ്യൻ പാപത്താലാണ് അശുദ്ധനാകുന്നത്. പാപത്തിന്റെ പരിഹാരം ക്രിസ്തുവിലൂടെയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. ക്രിസ്തു തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിലൂടെ, അതിലുള്ള വിശ്വാസത്തിലൂടെയല്ലാതെ സ്വന്തകഴിവുകൊണ്ടു ഒരാൾക്കു ശുദ്ധനാകാമെന്ന് ചിന്തിക്കുന്നുവെങ്കിൽ അതു മൗഢ്യമാണ്. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളും ക്രിസ്തുവിലേക്കുള്ള ചൂണ്ടുപലകകൾ ആണ്. ക്രിസ്തുവിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ്. അപ്പൊസ്തലനായ പൗലോസ് പറയുന്നത് ശരിയായുള്ള പരിച്ഛേദന ജഢത്തിലുള്ള പരിച്ഛേദനയല്ല. ആത്മാവിലുള്ള പരിച്ഛേദനയാണ് പരിച്ഛേദന.  പുറമേയുള്ള പരിച്ഛേദനമൂലം യഹൂദനായവനല്ല യഥാർത്ഥ യഹൂദൻ. ആത്മാവിലുള്ള പരിച്ഛേദന ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്നതാണ്.
സഭയെ മുൻപിൽ കണ്ടുകൊണ്ടാണ് വെളിപാടുപുസ്തകത്തിൽ അപ്പൊസ്തലനായ യോഹന്നാൻ ദർശനം കാണുന്നത്. ''പുതിയ യരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്ന് ദൈവസന്നിധിയിൽ നിന്ന് തന്നെ ഇറങ്ങുന്നതും ഞാൻ കണ്ടു'' (വെളിപ്പാട് 21:1) ഇവിടെ യരുശലേം എന്നത് പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
12). കൊന്യാവിനെക്കുറിച്ചുള്ള പ്രവചനം
യിരമ്യാപ്രവചനത്തിലുള്ള കൊന്യാവിനെക്കുറിച്ചുള്ള പ്രവചനമാണ് അടുത്തത് ''ഈ കൊന്യാവ് എന്ന ഈ ആൾ സാരമില്ല എന്നു  വച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച് അവൻ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്ത്? ദേശമേ ദേശമേ ദേശമേ യഹോവയുടെ വചനം കേൾക്ക. ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്‌ക്കാലത്തു ഒരിക്കലും ശുഭം വരാത്തവൻ എന്നും എഴുതുവിൻ. ഇനിയും ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. (യിരമ്യാവ് 22:28-30). ഈ പ്രവചനപ്രകാരം കൊന്യാവിന് മക്കളുണ്ടാകാൻ പാടില്ല എന്നാണ് എം.എ. അക്ബർ വാദിക്കുന്നത്. വളരെ വിചിത്രമായിരിക്കുന്നു ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ. പ്രവചനത്തിൽ പറയുന്നത് കൊന്യവിന്റെ മക്കൾക്ക് രാജാക്കന്മാരായി വാഴാനുള്ള ശുഭം വരികയില്ല എന്നാണ്. അപ്പോൾ കൊന്യാവിന് മക്കളുണ്ടാവാൻ പാടില്ല എന്നു വാദിക്കുന്നതിലെ യുക്തി എന്താണ്? വേദപുസ്തകം വായിച്ചിട്ടില്ലാത്തവർക്കും ഈ വാദത്തിനു പിന്നിലെ ഉദ്ദേശം മനസ്സിലാകും.
13). ഹാസോരിനെക്കുറിച്ചുള്ള പ്രവചനം.
യിരമ്യാവു 49:33 ൽ പറയുന്ന ഹാസോരിനെപ്പറ്റിയുളള പ്രവചനം തെറ്റി എന്നാണ് അക്ബർ പറയുന്നത്. യിരമ്യാവ് ഇവിടെ പ്രവചിച്ച ഹാസോർ എതാണ് എന്നതിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ പല അഭിപ്രായങ്ങളാണ്. അക്ബർ പറയുന്ന ഹാസോർ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. യിരമ്യാവ് പ്രവചിക്കുന്ന ഹാസോർ കേദാറിനെയും അതിനോടുചേർന്ന ഹാസോർ രാജ്യങ്ങളെയും കുറിച്ചാണ് (യിരെമ്യാ. 49:38) അവരെപ്പറ്റി പറയുന്നത്. അവർ വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്ന ജാതിയെന്നാണ്. അത് ചരിത്രത്തിൽ Palmyra എന്നു വിളിക്കപ്പെടുന്ന അറേബ്യൻ പ്രദേശങ്ങളെപ്പറ്റിയാണെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. അതിന്റെ അവശിഷ്ടങ്ങൾ യിരമ്യാവ് പ്രവചച്ചതുപോലെ തന്നെയാണ് കാണപ്പെടുന്നത്.
പല വേദപണ്ഡിതന്മാരും പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ പാരമ്പര്യമായി അതുതന്നെയെന്ന് വിശ്വസിച്ചുപോന്നിരുന്ന സ്ഥലങ്ങൾ അതല്ല എന്നു സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർക്ക് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയുള്ള പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയുമാണ് അക്ബർ കൂടുതലും ഉദ്ധരിച്ചിരിക്കുന്നത്. യിരമ്യാവ് 49:33 ൽ പറയുന്ന ഹാസോർ യിസ്മായേലിന്റെ മകനായ കേദാറിന്റെ വംശാവലിയിൽപ്പെട്ട ജനങ്ങൾ താമസിക്കുന്ന രാജ്യത്തെപ്പറ്റിയാണ്. അത് അറേബ്യയിൽ ആണ്. കേദാറിന്റെ ചരിത്രം ഇസ്ലാമിന്റെ ചരിത്രമറിയാവുന്ന ഏതു മുസ്ലീമും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം പ്രവാചകനായ മുഹമ്മദിന്റെ വംശാവലി യിസ്മായേലിന്റെ മകനായ കേദാരിൽ കൂടിയാണ്. ഈ കേദാർ എന്ന രാജ്യത്തെപ്പറ്റിയുള്ള പ്രവചനമാണ് യിരെമ്യാ 49:33ൽ പറയുന്ന ഹാസോരിനെപ്പറ്റിയുള്ള പ്രവചനം. ഏതു മുസ്ലീം പണ്ഡിതനും ഈ കേദാറിന്റെ പിന്നിടുള്ള ചരിത്രവും ഇന്ന് അതിന്റെ അവസ്ഥയും അറിഞ്ഞിരിക്കേണ്ടതാണ്. യിരെമ്യാവ് പ്രവചിച്ചത് പോലെയുള്ള ശോചനീയമായ അവസ്ഥയിൽ കൂടിയാണ് അതു കടന്നുപോയത്. 
14). ബാബിലോണെക്കുറിച്ചുള്ള പ്രവചനം.
ബാബിലോണിനെപ്പറ്റിയുള്ള പ്രവചനം നിറവേറിയില്ല എന്നു വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ പറയുന്നതു ശ്രദ്ധിക്കുക ബാബിലോൺ- വേദപുസ്തകത്തിൽ പറയുന്നതായ പുരാതനമായ ബാബേൽ, ഇന്ന് ബാബിൽ എന്നറിയപ്പെടുന്നതായ സ്ഥലം (അറബിക്), അതിന്റെ അവശിഷ്ടങ്ങൾ ഇറാഖിൽ അൽ-ഹില്ല എന്ന പട്ടണത്തിൽ നിന്ന് വിദൂരമല്ലാതെ കാണാൻ സാധിക്കും. ഡോക്ടർ കെ.സി.ജോൺ തന്റെ ''ബൈബിൾ ഒരു ചരിത്രപഠനം'' എന്ന പുസ്തകത്തിൽ നിന്ന് ബാബേലിനെപ്പറ്റി ''ഇന്ന് വന്യമൃഗങ്ങൾ പോലും അവിടെ നിന്ന് പൊയ്ക്കളഞ്ഞു. യൂഫ്രട്ടീസ് നദിയും ബാബിലോണിനപ്പുറം വഴിമാറി ഒഴുകി. ഒരിക്കൽ ബാബിലോൺ ഗോപുരങ്ങളും ചിത്രപ്പണികൾ ചെയ്ത കവാടങ്ങളും യൂഫ്രട്ടീസ് നദിയിൽ മനോഹരമായി പ്രതിഫലിച്ചിരുന്നു. ഈ നഗര അവശിഷ്ടത്തിൽ നിന്നും ചില കിലോമീറ്ററുകൾ വടക്കുമാറി ബാബിൽ എന്ന അറബി ഗ്രാമം ഇന്നുമുണ്ട്. ബാഗ്ദാദ് റെയിൽവേയുടെ ഒരു ചെറിയ സ്റ്റേഷൻ അരകിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. ഇംഗ്ലീഷിലും അറബിയിലും 'ബാബിലോൺ ഹാൾട്ട്' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മഞ്ഞകലർന്ന തവിട്ടുനിറത്തിൽ കിടക്കുന്ന പുരാതന നഗരാവിശിഷ്ടങ്ങളും പേടിപ്പിക്കുന്ന ഏകാന്തതയും മാത്രമാണ് ലോകസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന മഹാബാബിലോൺ ഇന്ന്.
15). ടൈറിനെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയായില്ല എന്നതാണ് അടുത്ത പ്രചരണം. 
ടൈറിനെപ്പറ്റി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതു ശ്രദ്ധിക്കുക. '' The Silt up harbor on the Southside of the peninsula has been excavated by the institute Francais of Archeological de Bayreuth, but most of the remains of the Phoenician period still  Beneath the present town'' 
പ്രവചനം ശ്രദ്ധിക്കുക യെഹസ്‌കേൽ 26:20,21. ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെ മേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതന ജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതന ശൂന്യങ്ങളിൽ തന്നെ പാർപ്പിക്കുകയും ചെയ്യും. ഞാൻ നിന്നെ ശീഘ്രനാശത്തിനു ഏൽപ്പിക്കും.നീ ഇല്ലാതെ ആയിപ്പോകും. നിന്നെ അന്വേഷിച്ചാലും ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല. എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ബ്രിട്ടാനിക്കയിലെ വിവരണമനുസരിച്ച് ഒരു ദ്വീപായിരുന്ന ടൈറിനെ ഒരു ഉപദ്വീപാക്കി മാറ്റി, കരയോടുബന്ധിച്ചത് മഹാനായ അലക്‌സാണ്ടർ ചക്രവർത്തി ആയിരുന്നു. അങ്ങനെ കരബന്ധം സ്ഥാപിച്ചാണ് അലക്‌സാണ്ടർ ടൈറിനെ കീഴടക്കിയത്. യെഹസ്‌കേൽ പ്രവചിച്ച ടൈർ ഇന്ന് ഭൂമിക്കടിയിലാണ്. പുരാതന നഗരത്തിന്റെ പേരിലറിയപ്പെടുന്ന സിദോനോടു ചേർന്നു കിടക്കുന്ന ഭൂവിഭാഗങ്ങളിലാണ് കർത്താവായ യേശുക്രിസ്തു സഞ്ചരിച്ചത്.
16). യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശരിയായില്ല എന്നതാണ് അടുത്തവാദം. 
ഇതിനടിസ്ഥാനമായി പറയുന്നത് മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണും മുമ്പ് മരണം പ്രാപിക്കാത്ത ചിലർ ഇവിടെ നിൽക്കുന്നുണ്ട് (മത്തായി 16:28)
മനുഷ്യപുത്രനെ ശക്തിയുടെ വലത്തുഭാഗത്തിരിക്കുന്നവനായും വാനമേഘങ്ങളോടെ വരുന്നവനായും കാണും (മർക്കൊസ് 14:62)
സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ദൈവരാജ്യം കാണുംമുമ്പു മരണം പ്രാപിക്കാത്ത ചിലർ ഇവിടെ നിൽപ്പുണ്ട് (ലൂക്കൊസ് 9:27)
യേശുവിന്റെ രണ്ടാം വരവ് നടക്കാത്തതുകൊണ്ട് ഈ പ്രവചനങ്ങൾ അബദ്ധമായി കലാശിച്ചിരിക്കുന്നു എന്നാണ് അക്ബറുടെ വാദം. മത്തായി 16:ഉം, ലൂക്കൊസ് 9:27ൽ പറഞ്ഞിരിക്കുന്നതും, വെളിപ്പാടു പുസ്തകം എഴുതിയ യോഹന്നാനെപ്പറ്റിയാവണം . യോഹന്നാനാണ് കർത്താവിന്റെ രണ്ടാം വരവിനെപ്പറ്റി അന്ത്യകാല സംഭവങ്ങളുടെ വെളിപ്പാട് ദർശനമായി കാണാനുള്ള ഭാഗ്യം ഉണ്ടായത്. കർത്താവിന്റെ രണ്ടാമത്തെ വരവിനോടു ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം ദർശനത്തിൽ കൂടി യേശു യോഹന്നാന് വെളിപ്പെടുത്തിക്കൊടുത്തു.
മർക്കൊസ് 14:62 വിവരിച്ചിരിക്കുന്നത് കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്ന എല്ലാവരുടെയും പ്രത്യാശയാണ്. ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർക്കയും (കർത്താവ് ഇതു പറഞ്ഞ അപ്പൊസ്തലന്മാർ ഉൾപ്പെടെ) പിന്നീട് ജീവിച്ചിരിക്കുന്നവർ രൂപാന്തരപ്പെടുകയും അവർ വാനമേഘങ്ങളിൽ എടുക്കപ്പെടുകയും ചെയ്യുമെന്നു ഉള്ളതാണ് ക്രിസ്തീയ പ്രത്യാശയും മറ്റുമതങ്ങളിൽ നിന്ന് ക്രിസ്തീയമാർഗ്ഗത്തിനുള്ള വ്യത്യാസവും. ക്രിസ്തുവിന്റെ വിചാരണവേളയിൽ ഉണ്ടായിരുന്നവരിൽ പലരും ഈ പ്രത്യക്ഷതക്ക് ദൃക്‌സാക്ഷികളാകും എന്ന് അനുമാനിക്കാം.
17). ലോകാവസാനത്തെക്കുറിച്ച പ്രവചനം.
ഈ പ്രവചനം ശരിയല്ല എന്നു വാദിക്കുന്നതിന് അടിസ്ഥാനമായി മർക്കൊസ് 13:29-30 ഉം ആണ്. ''അപ്രകാരം തന്നെ ഇവ സംഭവിക്കുന്നതു കാണുമ്പോൾ അവൻ വളരെ അടുത്ത് പടിവാതിക്കൽ എത്തിയിരിക്കുന്നു എന്ന് നിങ്ങൾ ഗ്രഹിച്ചുകൊൾക.സത്യമായി ഞാൻ നിങ്ങളോടു പറയുന്നു ഇവയെല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു'' അന്നു ജീവിച്ചിരുന്നവരെല്ലാം മരിച്ചുപോയതുകൊണ്ട് ഈ പ്രവചനം തെറ്റിയെന്നാണ് വാദം പ്രവചനം മുഴുവൻ വായിക്കാത്തതുകൊണ്ടു സംഭവിച്ച അബദ്ധമാണിത്. കർത്താവു പ്രവചിച്ചതായ കഷ്ടകാലം ഇതുവരെ ആയിട്ടില്ല. എതിർക്രിസ്തുവിന്റെ ഭരണത്തോടനുബന്ധിച്ചുള്ള കഷ്ടതയാണത്. പ്രവചനം തുടരുന്നത് ''എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ആകാശത്തുനിന്നും നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അക്ബർ പരാമർശിച്ചതായ പ്രവചനത്തിന്റെ ഭാഗമായ ഇതൊന്നും തന്നെ സംഭവിച്ചിട്ടില്ല. സത്യത്തെ കോട്ടിമാറ്റാൻ പ്രവചനത്തിന്റെ ചിലഭാഗങ്ങൾ മാത്രം എടുത്ത് വ്യാഖ്യാനിക്കുകയാണ് അക്ബർ ചെയ്യുന്നത്.
കർത്താവ് പലപ്പോഴും കാര്യങ്ങൾ പ്രതീകാത്മകമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഈ തലമുറ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൃപായുഗമാകുന്ന തലമുറയെക്കുറിച്ചാണ് എന്ന് അനുമാനിക്കാം. അതിൽ അന്നു ജീവിച്ചിരുന്നവരും ഇപ്പോൾ ജീവിക്കുന്നവരും ഇനിയും ജനിക്കാനിരിക്കുന്നവരും ഉൾപ്പെടുന്നു. ന്യായപ്രമാണയുഗത്തെയും കൃപായുഗത്തെയും പ്രതീകാത്മകമായി തലമുറ എന്നു വിശേഷിപ്പിച്ചിരിക്കുന്നു എന്നു ചിന്തിച്ചാൽ മതി. കൃപായുഗത്തിലുള്ളവർ, ക്രിസ്തുവിന്റെ രക്ഷയിലേക്കു വന്നിട്ടുള്ളവർ, ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ, മരിച്ചു പോയവർ ഉയിർത്തെഴുന്നേൽക്കുകയും ജീവിച്ചിരിക്കുന്നവർ രൂപാന്തരപ്പെടുകയും, മേഘങ്ങളിൽ എടുക്കപ്പെടുകയും ഈ പറയുന്നതിന് ദൃക്‌സാക്ഷികളാവുകയും ചെയ്യുമെന്നാണ് ക്രിസ്തീയ വിശ്വാസം.
18). പുനരുദ്ധാനത്തെപ്പറ്റിയുള്ള പ്രവചനം
 ഇവിടെ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാത്ത വ്യക്തിയാണ് സൃഷ്ടാവായ യേശുക്രിസ്തു (ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല  യോഹന്നാൻ 1:3) എന്ന് സംശയം ജനിപ്പിക്കുന്നരീതിയിലാണ് അക്ബറിന്റെ വാക്കുകൾ. മത്തായി 12:29-40 അനുസരിച്ച് കർത്താവിനെ മരിച്ചശേഷം അടക്കിയിട്ട് ഉയിർത്തെഴുന്നേല്ക്കുന്നതിനു മുമ്പുള്ള സമയം കൃത്യമായി കണക്കുകൂട്ടിയാൽ ഇതിൽ പറഞ്ഞിരിക്കുന്നതുപോലെ മൂന്നുരാവും മൂന്നുപകലും ഇല്ല. അതുകൊണ്ട് ക്രിസ്തു പറഞ്ഞതു തെറ്റി എന്നാണ് വാദം. യോനാ പ്രവാചകൻ മൂന്നു രാവും മൂന്നുപകലും കടലാനയുടെ വയറ്റിൽ ആയിരുന്നതുപോലെ കർത്താവും മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ കല്ലറയിൽ ആയിരിക്കും എന്നാണ് പറഞ്ഞതിന്റെ സാരം. അക്ബർ പറയുന്നത് കൃത്യമായി കണക്കു കൂട്ടിയാൽ മൂന്നു രാവും മൂന്നുപകലും ഇല്ല എന്നാണ്. കർത്താവ് ഇവിടെ പറയുന്നതുപോലെ ദോഷവും വ്യഭിചാരവുമുള്ള തലമുറയാണ് കർത്താവിൽ വിശ്വസിക്കുന്നതിനുപകരം വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങൾ അന്വേഷിക്കുന്നത്. സൃഷ്ടികർത്താവിനെ കണക്കു പഠിപ്പിക്കുന്നവർക്ക് ഒരിക്കലും ഈ സത്യങ്ങൾ വെളിപ്പെടുകയില്ല. കാരണം അവരുടെ അനിതരസാധാരണമായ ബുദ്ധിവൈഭവത്തിലും ജ്ഞാനത്തിലും അവർ അഹങ്കരിച്ചിരിക്കുന്നു.
കർത്താവിന്റെ കണക്കനുസരിച്ച് മൂന്നുരാവും മൂന്നു പകലും പ്രവചനം പോലെ തന്നെ കർത്താവു കല്ലറയിലായിരുന്നു. വെളളിയാഴ്ച പകലുള്ളപ്പോഴാണ് കർത്താവിനെ അടക്കിയത്. വെളളിയാഴ്ച പകലും രാത്രിയും ശനിയാഴ്ച പകലും രാത്രിയും ഞായറാഴ്ച രാത്രി (12:00PM - 6.00 AM) ശേഷം ഞായറാഴ്ച വെളുക്കുമ്പോഴാണ്. മത്തായി 28:1 അനുസരിച്ചു മഗ്ദലക്കാരത്തി മറിയയും മറ്റും കല്ലറക്കൽ ചെല്ലുന്നത്. അങ്ങനെ മൂന്നാം ദിവസം, ഞായറാഴ് രാത്രിയും പകലും ആയി. പ്രവചനം പോലെ തന്നെ മൂന്നുരാവും മൂന്നു പകലും വിരലിൽ കൂട്ടിയാൽ ശരിയായി ഈ സത്യങ്ങൾ വെളിവായിരിക്കുന്നത് ശിശുക്കൾക്കും മുലകുടിക്കുന്നവർക്കുമാണ്. അവർക്ക് കംപ്യൂട്ടർ കണക്കുകളെക്കാൾ വിരലിലെ കണക്കുകളാണ് കൂടുതൽ വശം.
19). മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രവചനം. 
ഇതു ശരിയാകാൻ സാദ്ധ്യതയില്ല എന്നാണ് പുതിയ നിഗമനം. കാരണം മത്തായി 19:28 ഹരിച്ചു കിഴിച്ചു പഠിച്ചാൽ ശരിയായി വരുന്നില്ലത്രേ. ധനവാനായ ഒരു വ്യക്തി കർത്താവിനോട് നിത്യജീവൻ അവകാശം ആക്കുവാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. മറുപടി കൊടുത്തശേഷം അവന്റെ പണത്തിലുള്ള ആശ്രയം മനസ്സിലാക്കി അവനോട് നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്കു കൊടുക്കാൻ പറഞ്ഞതിൽ ആ വ്യക്തി ദുഖിച്ചു പൊയ്ക്കളഞ്ഞു. കർത്താവ് ശിഷ്യന്മാരോടായി ഒട്ടകം സൂചിക്കുഴയിൽകൂടി കടക്കുന്നതു ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ എളുപ്പമാകുന്നു എന്നുപറയുന്നു. അപ്പോൾ പത്രോസ് അവനോട് ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിക്കുന്നുവല്ലോ ഞങ്ങൾക്ക് എന്തുകിട്ടും എന്നു ചോദിച്ചതിന് യേശു ''എന്നെ അനുഗമിക്കുന്ന നിങ്ങൾ പുനരുത്ഥാനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രയേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടും നിങ്ങളോടു പറയുന്നു. എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവർക്ക് എല്ലാം നൂറുമടങ്ങു ലഭിക്കും. അവർ നിത്യജീവനെയും അവകാശമാക്കും. (മത്തായി 19:28-29) ഇതിന്റെ അടിസ്ഥാനത്തിൽ യേശുവിന്റെ പ്രവചനം തെറ്റി എന്നാണ് വാദം. കാരണം പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ  കൂട്ടത്തിൽ യൂദായും ഉള്ളതുകാരണം കർത്താവിനെ ഒറ്റിക്കൊടുത്തതിനാൽ പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരുന്നു വാഴാൻ യൂദാ കാണാൻ സാദ്ധ്യതയില്ലാത്തതു കാരണം പ്രവചനം തെറ്റി എന്നാണ് അക്ബറിന്റെ അഭിപ്രായം.
കർത്താവിന്റെ വാക്കുകളും അതിന്റെ സന്ദർഭവും മനസ്സിലാക്കുന്നവർക്ക് ഈ വാദത്തിലെ പൊരുത്തക്കേടു മനസ്സിലാകും. കർത്താവിന്റെ നാമത്തിനുവേണ്ടി നഷ്ടം സഹിക്കുന്നതിനു പകരം കർത്താവിനെ വിറ്റ വ്യക്തിയാണ് യൂദാ. അങ്ങനെയുള്ള വ്യക്തിയെ ഉദ്ദേശിച്ചാണോ കർത്താവ് അതു പറഞ്ഞിരിക്കുന്നത്. യൂദയെ എടുക്കും മുമ്പേ യൂദാ എങ്ങനെയുള്ള വ്യക്തിയാണെന്ന് കർത്താവിനറിയാമായിരുന്നു. എന്നാൽ മറ്റു ശിഷ്യന്മാർക്കറിയില്ലായിരുന്നു. ഇതിനുമുമ്പ് പല സന്ദർഭങ്ങളിലും നിങ്ങളിൽ ഒരുവൻ കള്ളനാണെന്നും നാശയോഗ്യനാണെന്നും കർത്താവ് സൂചിപ്പിച്ചിരുന്നു. എന്നാൽ തുടക്കത്തിനു മുമ്പേ അവസാനം അറിയുന്ന കർത്താവിന്റെ ബുദ്ധിയല്ല ബുദ്ധിമാന്മാരെന്ന് അവകാശപ്പെടുന്നവരുടെ ബുദ്ധി. ഇവരുടെ ബുദ്ധിയനുസരിച്ച് കർത്താവ് പ്രതികരിച്ചില്ല എന്നാണ് ആക്ഷേപം. മറ്റു ശിഷ്യന്മാരിൽ കലക്കം ഉണ്ടാക്കാതെ, സംശയം ജനിപ്പിക്കാതെ കാര്യം മറച്ചു വെയ്ക്കുകയായിരുന്നില്ലേ ഭംഗി. ഇങ്ങനെ എല്ലാ നീതിയും നിവൃത്തിയാകണമല്ലോ? കൂടാതെ ഇതുപറയുമ്പോൾ യൂദാ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നും വ്യക്തമല്ല. യൂദായ്ക്കു പകരം മറ്റൊരാളെ പിന്നീട് തിരഞ്ഞെടുത്തതായി കാണുന്നു. പന്ത്രണ്ടാമതു വ്യക്തി ആരായിരിക്കും എന്നതിനെച്ചൊല്ലി നാം ആലോചിച്ചു തല പുണ്ണാക്കേണ്ടിയ ആവശ്യമില്ല. സെബദിപുത്രന്മാരുടെ മാതാവു യാക്കോബിനും യോഹന്നാനും കർത്താവിന്റെ വലത്തും ഇടത്തും നിത്യതയിൽ ഇരിക്കുവാൻ വരം ചോദിച്ചപ്പോൾ കർത്താവ് അവരോട് എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നൽകുന്നത് എന്റേതല്ല എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു ലഭിക്കും എന്നുപറഞ്ഞു. ഇതും അതുപോലെ ആയിരിക്കാമെന്നു സമാധാനിച്ചാൽ മതി.
ഈ വാദമുഖങ്ങളെല്ലാം നിരത്തി ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ പലതും തെറ്റിയതുകൊണ്ട് ബൈബിളിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്തു ബൈബിളിലെ ദൈവികതയുടെ അടിത്തറ ഇളക്കാമെന്ന മോഹമാണോ ഇവിടെ കാണുന്നത്? ക്രിസ്തുവെന്ന പാറമേൽ പണിതിരിക്കുന്ന ക്രിസ്തീയ സഭയുടെ അടിത്തറ ഇളക്കാൻ ഒരു ശക്തിക്കും കഴികയില്ല. കർത്താവ് പറയുന്നത് പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നാണ്. 
പല പ്രവചനങ്ങളും തെറ്റിയെന്ന് വാദിച്ചിട്ട്, ബൈബിൾ എഴുതിയത്  പ്രവാചകന്മാരല്ല മനുഷ്യന്റെ കരവിരുതാണ് അതിൽ കാണുന്നതെന്ന് സ്ഥാപിക്കുകയാണോ ഉദ്ദേശം? അതിന് അടിസ്ഥാനമായി വാക്യവും ഉണ്ട് ഒരു പ്രവാചകന്റെ പ്രവചനം തെറ്റിയാൽ ആ പ്രവാചകൻ കള്ളപ്രവാചകനാണെന്നും, ആ വ്യക്തിയെ വിശ്വസിക്കരുതെന്നുമുണ്ട.് പല സന്ദർഭങ്ങളിൽ ദൈവം പ്രവാചകന്മാരിൽ കൂടി ഒരു ദൂത് അറിയിച്ചിട്ട് താമസിയാതെ വ്യത്യസ്തമായ മറ്റൊരു ദൂത് അതേ പ്രവാചകനിൽ കൂടി നൽകുന്നതായി കാണാം. യോനയോട് നിനവെയുടെ നാശത്തെപ്പറ്റി പ്രവചിക്കാൻ പറഞ്ഞിട്ട് നിനവേക്കാർ അനുതപിച്ചതുകൊണ്ട് നിനവേ നശിക്കാതെ സൂക്ഷിച്ചെങ്കിൽ പ്രവാചകന്റെ വിശ്വസനീയതയും കളയാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവത്തിനുണ്ടല്ലോ? അതുകൊണ്ട് തന്നെയാണല്ലോ ഇന്നും ജനങ്ങൾ ഈ പ്രവാചകന്മാരെ പ്രവാചകന്മാരായി അംഗികരിക്കുന്നതും, ഖുറാനും ഈ പ്രവാചകന്മാരെയെല്ലാം പ്രവാചകന്മാരായും അവരുടെ എഴുത്തുകളെ പ്രവചനങ്ങളായി കരുതുന്നത്. ആ ഖുറാൻ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ബൈബിൾ പ്രവചനമല്ല എന്നോ എഴുത്തുകാർ പ്രവാചകന്മാരല്ല എന്നോ എങ്ങനെ പറയാൻ സാധിക്കും. ബൈബിൾ പ്രവാചകന്മാരെ അംഗീകരിപ്പാനും അവരുടെ എഴുത്തുകളെ ദൈവത്തിൽ നിന്ന് ഉള്ളത് എന്നു മനസ്സിലാക്കി വായിക്കുവാനുമാണ്, ഖുറാനിൽ മുസ്ലീം മതവിശ്വാസികളെ പ്രവാചകനായ മുഹമ്മദ് ഉദ്‌ബോധിപ്പിക്കുന്നത്.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ക്രിസ്തീയ സഭയിൽ പെട്ടവരാണ് നിത്യതയിൽ ക്രിസ്തുവിന്റെ മണവാട്ടിയായി ശോഭിക്കുവാൻ അർഹരാകുന്നത്. ഇത് ഒരു മർമ്മമാണ് (Mystery). അത് എല്ലാവർക്കും മനസ്സിലായി എന്നുവരില്ല. അതിനുവേണ്ടി വിളിക്കപ്പെട്ടവർക്കുമാത്രമേ ഇതു ഗ്രഹിക്കാനുള്ള വെളിപ്പാട് ഉണ്ടാവുകയുള്ളൂ. മുസ്ലീങ്ങൾ ഏകദൈവ വിശ്വാസത്തിലേക്കു വന്നത് താമസിച്ചാണെങ്കിൽ കൂടി ക്രിസ്തുവിന്റെ മണവാട്ടിപദം അലങ്കരിക്കരുതെന്ന് ദൈവം ആഗ്രഹിക്കുകയില്ല. കാരണം ദൈവം നീതിമാനാണല്ലോ? മുസ്ലീങ്ങളിൽ വിളിക്കപ്പെട്ടവരുടെ കണ്ണുതുറക്കുന്നതിനു വേണ്ടിയായിരിക്കണം പ്രവാചകനായ മുഹമ്മദ് മുസ്ലീങ്ങൾ ബൈബിൾ വായിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. 
Medina കാലഘട്ടത്തിൽ എഴുതിയ ഒൻപതാം സുറായിൽ യഹൂദന്മാരെയും ക്രിസ്ത്യാനികളെയും ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് ഇസ്ലാം മതത്തിൽ കൊണ്ടുവരുന്നതിന് ശ്രമിക്കാം എന്നു കാണുന്നുണ്ട്. ദൈവം അബ്രഹാമിനോടുള്ള വാഗ്ദത്തത്തിൽ ഇസ്മായേലിനെയും ഒരു വലിയ ജാതിയാക്കും എന്ന് പ്രവചനത്തിൽ കാണുന്നു. അതിന്റെ നിവൃത്തിക്കായി ദൈവം അനുവദിച്ച ഒരു കാലഘട്ടത്തിൽ ദൈവത്തിന്റേതായ അഗോചരമായ കാരണങ്ങളാൽ അതിനനുവദിച്ചു എന്നു കരുതുന്നതിൽ തെറ്റില്ല. എന്നാൽ അത് എക്കാലത്തേക്കും ബാധകമാണെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. അങ്ങനെയായിരുന്നെങ്കിൽ അതിനാവശ്യമായ രാഷ്ട്രീയ ശക്തി മുസ്ലീമിൽ നിന്ന് മാറിപ്പോവുകയില്ലായിരുന്നു എന്നു ചിന്തിക്കാം. അതുകൊണ്ട് ഒൻപതാം സുറാക്ക് സാർവ്വത്രികമായ പ്രാബല്യം ഉണ്ടെന്നു ചിന്തിക്കുന്നത് ശരിയല്ല.
ബഹുദൈവ വിശ്വാസികളായ ഹിന്ദുക്കളുടെ ഇടയിൽ, അവരെ ഏകദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ആദ്യ പടിയായി ദൈവം ഒരു പ്രവാചകനെ അവരുടെ ഇടയിൽ അയച്ചു എന്നിരിക്കട്ടെ. ക്രിസ്തുവിനും മുഹമ്മദിനും ശേഷമാണ് ഈ പ്രവാചകൻ വരുന്നത് എന്നതുകൊണ്ട് ക്രിസ്തുവിലൂടെയും മുഹമ്മദിലൂടെയും നൽകപ്പെട്ട നിർദ്ദേശങ്ങളെല്ലാം പ്രസക്തിയില്ലാതായി എന്ന് അവർ അവകാശപ്പെട്ടാൽ അത് അങ്ങനെ ആകണമെന്നില്ലല്ലോ. അങ്ങനെ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും കണ്ടേക്കാം.
ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരാൾ നിത്യജീവൻ അവകാശമാക്കുമോ ഇല്ലയോ, അഥവാ സ്വർഗ്ഗത്തിൽ എത്തുമോ ഇല്ലയോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. അതു ദൈവത്തിന്റെ അധികാരപരിധിയിൽ പെട്ടകാര്യമായതു കൊണ്ട് നാം അതിലേക്കു കടക്കേണ്ടതില്ല. എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്കുള്ളതാണ് ന്യായാസനത്തിൽ ഇരിക്കുന്നതായ ക്രിസ്തുവിന്റെ മണവാട്ടി എന്ന പദവി. 

എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതമൂലവും ബൈബിൾ പ്രവചനങ്ങളിലെ പ്രതീകാത്മകത അക്ഷരാർത്ഥത്തിൽ എടുത്ത് ബൈബിൾ പ്രവചനങ്ങൾ തെറ്റി എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന അക്ബർ അതേ മാനദണ്ഡം തന്നെ ഖുറാനിലെ പ്രവചനങ്ങളെ വിശകലനം ചെയ്യുന്നതിൽ ഉപയോഗിക്കുമോ?
1) അന്ത്യനാഴികയെപ്പറ്റി പ്രവാചകൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെ വിശദീകരിക്കും. Sahih Muslim Book 41 no 7050, 7051, 7052.
2) ഇസ്ലാം മതം പ്രബലമാകുന്നതിനെപ്പറ്റിയുള്ള പ്രവചനം നിവൃത്തിയായോ? 
സുറാ 61 :9
സൻമാർഗ്ഗവും സത്യമതവും കൊണ്ട് - എല്ലാ മതങ്ങൾക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാൻ വേണ്ടി- തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. ബഹുദൈവാരാധകർക്ക് (അത് ) അനിഷ്ടകരമായാലും ശരി.
3) എതിർക്രിസ്തു എന്നു കരുതുന്ന Dajjal നെ സംബന്ധിച്ച് പാരമ്പര്യം എം.എം. അക്ബർ എങ്ങനെ വിശദീകരിക്കും. പാരമ്പര്യം അനുസരിച്ച് മുസ്ലിം കോൺസ്റ്റാന്റ്‌നോപ്പിൾ കീഴടക്കിക്കഴിഞ്ഞ് താമസിയാതെ തന്നെ എതിർക്രിസ്തു പ്രത്യക്ഷപ്പെടേണ്ടതായിരുന്നു. Sunan Abu Dawud Traditin അനുസരിച്ച് ബുക്ക് നമ്പർ 37, നമ്പർ 4281. അതുപോലെ തന്നെ ബുക്ക് 37, നമ്പർ 4282 അനുസരിച്ച് കോൺസ്റ്റന്റ്‌നോപ്പിൾ വീഴ്ചയ്ക്ക് ഏഴു മാസത്തിനുള്ളിൽ Dajjal പ്രത്യക്ഷപ്പെടേണ്ടതായിരുന്നു. മുസ്ലിംങ്ങൾ 636 എ.ഡി യിൽ ജെറുസലേം കീഴടക്കി. കോൺസ്റ്റന്റ്‌നോപ്പിൾ കീഴടക്കിയത് മെയ് 1453 എ.ഡി യിലാണ് അതിനുശേഷം ഏഴുമാസത്തിനുശേഷം എതിർക്രിസ്തു പ്രത്യക്ഷപ്പെടുമെന്നത് ഇതുവരെ നിവൃത്തിയായിട്ടില്ല. ഇത് അക്ബർ എങ്ങനെ വിശദീകരിക്കും.
4) ഒരു പാരമ്പര്യം അനുസരിച്ച് പ്രവാചകനായ മുഹമ്മദ് 700 വർഷത്തിനുള്ളിൽ ലോകാവസാനം സംഭവിക്കും എന്ന് വിശ്വസിച്ചിരുന്നു. ഈ കണക്കനുസരിച്ച് പാരമ്പര്യമനുസരിച്ച് കോൺസ്റ്റന്റ്‌നോപ്പിളി ന്റെ വീഴ്ചയ്ക്കു ശേഷം ഏഴുമാസത്തിനുള്ളിൽ ലോകാവസാനം സംഭവിക്കും എന്ന് പ്രവാചകൻ വിശ്വസിച്ചിരുന്നു. അക്ബർ ഇതിനെ എങ്ങനെ വിശദീകരിക്കും. (Tabari pp 172 - 183) (Sahih Muslim Book 41 Number 70447046,7049)

# Bible Prophecy (Chapter 9: Nainan Mathula)

Join WhatsApp News
Hi Shame 2022-12-13 01:44:07
Bible prophesy is foretelling and forthtelling and in the Bible Major prophets and minor prophets. The Bible prophets prophesied what God told them to be prophesied in order for peoples correction against sinning.Gods words are majority of them are prophecies and to understand and discern Gods Holy Spirit should be filled by the Gods people.Pastor ninan Mathulla good writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക