'അമേരിക്കന്‍ കഥക്കൂട്ടം'-- അമേരിക്കന്‍ പ്രവാസികളുടെ തിരഞ്ഞെടുത്ത കഥകളുടെ ഒരു സമാഹാരമാണ്.അമേരിക്കയിലെ പരിചിതരും, അപരിചിതരുമായ ഏതാനും എഴുത്തുകാരുടെ ഭാവനാസമ്പന്നമായ അറുപത്തിയഞ്ചില്‍പ്പരം കഥകള്‍ തിരഞ്ഞെടുത്തു പ്രസിദ്ധീകരിച്ച ഒരു നൂതന സംരംഭം. ഈ കഥകളെല്ലാം കൂടി ഒരു നാനൂറ്ററുപത് പേജുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകത്തിന് രൂപ ഭാവന നല്‍കിയിരിക്കുന്നത് ഒരു അനുഗ്രഹീത എഴുത്തുകാരന്‍ കൂടിയായ ബെന്നി കുര്യനാണ്. തന്റെ തിരക്കേറിയ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്കിടയിലും സാഹിത്യോപാസനയില്‍ വളരെയധികം സമയം കണ്ടെത്തുന്ന ഒരു ഭാഷാസ്‌നേഹി. സ്വന്തമായി ഒരു ഐടി സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന്റെ ബദ്ധപ്പാടിനിടയിലും സമയം കണ്ടെത്തി, അമേരിക്കയിലെ മലയാളി എഴുത്തുകാരെ തിരഞ്ഞുപിടിച്ചു, അവരില്‍ നിന്ന് കഥകളെല്ലാം ശേഖരിച്ചു, പ്രസാധകരേയും കണ്ടുപിടിച്ചു ഒരു പുസ്തക രൂപത്തില്‍ അനുവാചക സമക്ഷം അവതരിപ്പിക്കുക എന്നുള്ളത് ഒരു പ്രവാസിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.
ഇതില്‍ ഭാവന സമ്പന്നമായ അനേകം കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതില്‍ ബെന്നി പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ചിലതൊക്കെയും ആയാസരഹിതമായ രീതിയില്‍ വായിച്ചു പോവാന്‍ സംഗതമായ രീതിയിലുള്ള രചനകള്‍. ചിലതൊക്കെയും വായിക്കുമ്പോള്‍ എഴുത്തുകാരുടെ സ്വന്തം ജീവിതത്തോടു സമരസപ്പെടുത്തി എഴുതിയിരിക്കുന്ന കഥ പറച്ചിലാ യി തോന്നിപ്പോവും. ഓരോ കഥകള്‍ വായിക്കുമ്പോഴും ഓരോ സ്ഥലത്തേക്ക് - ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്നതുപോലെ ! എല്ലാവര്‍ക്കും പറയാനുള്ളതും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുള്ളകഥകളാണല്ലോ? ഒരുവന്‍ തന്റെ ജീവിതം ഹോമിച്ചു തീര്‍ക്കുന്നതിനകം എത്രയോ ആയിരമായിരം കഥകള്‍ പറയാനുള്ള അനുഭവങ്ങളിലൂടെയാണല്ലോ കടന്നുപോകുന്നത് ? ചിലതിന് പ്രേമത്തിന്റെ നിറം, ചിലതിനു യാതനയുടെ നിറം, ചിലതിനു വിജയത്തിന്റെയോ പരാജയത്തിന്റെയോ നിറം, ചിലതിനു അമാനുഷിക സങ്കല്പങ്ങളുടെ നിറം ! ഒരര്‍ത്ഥത്തില്‍ ഇതെല്ലാം കൂട്ടിയിണക്കിയ ഒരു സമാഹാരമാണ് അമേരിക്കന്‍ കഥക്കൂട്ടം എന്ന പുസ്തകം. ഇത് കഥകളുടെ തന്നെ ഒരു കഥയാണ്. അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലുള്ളവര്‍ അതതു നാടിന്റെ കാവ്യഭംഗിയില്‍ എഴുതി തീര്‍ത്തിരിക്കുന്ന കഥകള്‍ !
ഇങ്ങനെയൊരു പ്രയത്‌നത്തിനു മനസ്സുവെച്ചതില്‍ ബെന്നിയെ ശ്ലാഘിക്കുന്നു - ഇതൊരു തുടക്കമാവട്ടെ എന്നു ആശംസിക്കുന്നു. ഈ പുസ്തകം വായിച്ചു തീര്‍ക്കാന്‍ അല്പം വൈകിപ്പോയി, കൂടാതെ ഒരു അഭിപ്രായമെഴുതാനും വൈകിപ്പോയോ എന്നു സന്ദേഹിക്കുന്നു.
ഒരു റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനത്തില്‍ ഒന്‍പതിനായിരത്തിപ്പരം മൈലുകളകലെയിരുന്നു പ്രത്യേകിച്ചു മലയാളത്തില്‍ ഇത്രയേറെ കഥകള്‍ ശേഖരിച്ചു അച്ചടിമഷി പുരട്ടി ബഹുജന സമക്ഷം സമര്‍പ്പിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല ; ഈ ഇന്റര്‍നെറ്റ് യുഗത്തിലും! അമേരിക്കന്‍ ജീവിതത്തിന്റെ തിരക്കേറിയ സാഹചര്യങ്ങളില്‍ ഇതിനെല്ലാം സമയവും, പണവും കണ്ടെത്തുക എന്ന് പറയുന്നതിന്റെ പിന്നില്‍ സാഹിത്യോപാസനയോടുള്ള നിസ്സീമമായ ആ വികാരം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം മാതൃഭാഷ അന്യമാവുന്നു എന്നു തോന്നുമ്പോള്‍ ഒരു ഭാഷാസ്‌നേഹിയിലുണ്ടാവുന്ന ഒരുതരം വികാരം ! ആ വികാരത്തിന്റെ ബഹിര്‍സ്പുരണമാണ് ഈ എഴുത്തുകാരുടെയെല്ലാം കൃതികള്‍. അതേ വികാരമാണ് ഈ പുസ്തകത്തിനു ജന്മം നല്‍കാന്‍ ബെന്നിയെ പ്രേരിപ്പിച്ച ഒരേയൊരു ഘടകവും എന്നു തോന്നുന്നു. ഇനിയും ഇങ്ങനെയുള്ള ശൃഷ്ടികള്‍ ഉണ്ടാവട്ടെ എന്ന ആശംസകളോടെ.....
(ഈ പുസ്തകം www.greenbooksindia.com കൂടെയോ, അവരുടെ പുസ്തക ശാലയിലോ ലഭ്യമാണ്. അല്ലെങ്കില്‍ E-book : http//ebook.greenbooksindia.com ല്‍ കൂടെയോ ലഭ്യമാണ്. വില 450 രൂപ)