ഗുജറാത്ത്-ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെയും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലപ്രഖ്യാപനത്തിനുശേഷം വീണ്ടും അതേ ചോദ്യം ഉയരുകയാണ്: 2024-ല്‍ മോദി-ഷാ-ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളെ നേരിടുവാന്‍ ഒരു സംയുക്ത പ്രതിപക്ഷ സഖ്യം ഉരുത്തിരിഞ്ഞു വരുമോ? ഗുജറാത്തില്‍ ബി.ജെ.പി. അധികാരം നിലനിറുത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ബി.ജെ.പി.യില്‍ നിന്നും തിരിച്ചെടുത്തു. അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണം ബി.ജെ.പി. ജയിച്ചപ്പോള്‍ നാലെണ്ണം പ്രതിപക്ഷം നേടി(കോണ്‍ഗ്രസ് രണ്ട്, രാഷ്ട്രീയലോകദളും ബിജു ജനതദളും ഓരോന്നും വീതം) വിജയ-പരാജയ സമ്മിശ്രമായ തെരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി. അപജയങ്ങള്‍ പഠിച്ച് കരുത്തോടെ മുമ്പോട്ട് പോകുമ്പോള്‍ പ്രതിപക്ഷം ഒരു വിശാല, സംയുക്ത മുന്നണിക്കായി ചുവടുവയ്പ്പുകള്‍ നടത്തുകയാണ്. ഇതിനുള്ള ആദ്യനീക്കം ഇപ്രാവശ്യം വന്നത് ബീഹാര്‍ മുഖ്യമന്ത്രിയും ജനതദള്‍ യുണൈറ്റടിന്റെ നേതാവുമായ നിതീഷ് കുമാറില്‍ നിന്നുമാണ്. ഇതിനെ തുടര്‍ന്ന് ഈ ആശയത്തെ സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും രാഷ്ട്രീയജനതദളിന്റെ തേജ്വസിയാവും പിന്തുണക്കുകയുണ്ടായി. സംയുക്ത പ്രതിപക്ഷ മുന്നണി എന്ന ആശയം അങ്ങനെ വീണ്ടും ചലനാത്മകമാവുകയാണ്. ആരായിരിക്കും ഇതിന്റെ നേതാവ്, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ സാധിക്കുമോ എന്നതാണ് ഇതിന്റെ മുമ്പിലുള്ള വലിയ ചോദ്യങ്ങള്‍.
ഡിസംബര്‍ പതിനൊന്നിന് പാറ്റ്‌നയില്‍ ജെ.ഡി.യുവിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒരു മൂന്നാം മുന്നണിക്ക് യാതൊരു സാദ്ധ്യതയും പ്രസക്തിയും ഇല്ല. 2024-നം സമീപിക്കുമ്പോള്‍ ബി.ജെ.പി.ക്ക് എതിരായി ഒറ്റ പ്രതിപക്ഷ സഖ്യം കൊണ്ടു മാത്രമെ ഫലമുള്ളൂ. ബി.ജെ.പി.യെ എതിര്‍ക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരേ ഒരു പ്ലാറ്റ് ഫോമില്‍ അണിനിരന്നാല്‍ അവര്‍ക്ക് അതിനെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പിക്കുവാനാകും എന്നാണ് നിതീഷ് കുമാറിന്റെ കണക്കുകൂട്ടല്‍. ഈ സംയുക്ത മുന്നണിയുടെ രൂപീകരണത്തിനായിട്ടുള്ള പ്രാരംഭ ശ്രമങ്ങള്‍ അദ്ദേഹം തുടങ്ങി കഴിഞ്ഞുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ ഈ കണക്കുകൂട്ടലിന് ഒരു കാരണവും ഉണ്ട്. 2014-ല്‍ ബി.ജെ.പി. 31 ശതമാനം വോട്ടു വിഹിതത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ ഭിന്നിച്ചു നിന്ന പ്രതിപക്ഷത്തിന് 69 ശതമാനം വോട്ടുവിഹിതം കിട്ടി മൊത്തത്തില്‍. പക്ഷേ, ഇതുകൊണ്ട് യാതൊരു ഫലവും ഉണ്ടായില്ല. അതുപോലെ തന്നെ 2019-ല്‍ ബി.ജെ.പി. റിക്കാര്‍ഡ് വിജയം കൈവരിച്ചപ്പോള്‍(303 സീറ്റുകള്‍) ലഭിച്ച വോട്ടു വിഹിതം നാല്‍പുതു ശതമാനത്തില്‍ താഴെ ആയിരുന്നു. വിഘടിത പ്രതിപക്ഷത്തിനാകട്ടെ അറുപതു ശതമാനത്തിനടുത്ത് വോട്ടുവിഹിതവും. ഈ കാണക്കുകൂട്ടല്‍ അനുസരിച്ച് നിതീഷിന്റെ അനുമാനം ശരിയായിരിക്കാം. പക്ഷേ, ഇത് ഒരു തെരഞ്ഞെടുപ്പിന്റെ രസതന്ത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നില്ല, മറിച്ച്, കണക്കുകളിലേക്ക് മാത്രം. ഒരു തെരഞ്ഞെടുപ്പിന് ഒരു തെരഞ്ഞെടുപ്പിന് ഒരു രസതന്ത്രം ഉണ്ട് കണക്കുകള്‍ മാത്രം അല്ല. ഒന്നാമതായി പ്രതിപക്ഷത്തിന് ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പറ്റിയ ഒരു നേതാവുണ്ടോ? ആരാണത്? ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും ഇറക്കുക എന്നതൊഴിച്ചാല്‍ എന്താണ് അതിന്റെ പൊതു മിനിമം പരിപാടി?
കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒഴിവാക്കിക്കൊണ്ട് ഒരു പ്രതിപക്ഷ മൂന്നാം മുന്നണിയെ രൂപീകരിക്കുക എന്ന ചില പാര്‍ട്ടികളുടെ ആശയത്തിന്റെ പശ്ചാത്തലത്തിലാണ് നിതീഷ് ഒരേ ഒരു സംയുക്ത പ്രതിപക്ഷ വിശാല മുന്നണി എന്ന നിര്‍ദ്ദേശം മുമ്പോട്ടു വച്ചത്. ഇത് യുക്തിസഹജവും ആണ്. പക്ഷേ, അത് പ്രാവര്‍ത്തീകം ആക്കുവാന്‍ സാധിക്കുമോ? മമത ബാനര്‍ജിക്ക് (ത്രിണമൂല്‍ കോണ്‍ഗ്രസ് ) കോണ്‍ഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ മുന്നണിയാണ് താല്‍പര്യം. ഇതിന്റെ പ്രായോഗികത മമത വെളിപ്പെടുത്തിയിട്ടും ഇല്ല. വ്യക്തിപരമായി ചില മോഹങ്ങള്‍ (പ്രധാനമന്ത്രി സ്ഥാനം) ആയിരിക്കാം മമതയുടെ പ്രശ്‌നം. കഴിഞ്ഞ ജനുവരിയില്‍ സോണിയഗാന്ധി വിളിച്ചുകൂട്ടിയ ഒരു പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ മമത പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം ആണ്. ഇതുവരെ പാര്‍ലിമെന്റിലും പുറത്തും ഈ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ഒരു ദേശീയ പ്രശ്‌നത്തിലും ഒരു നിലപാട് എടുത്തിട്ടില്ല. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍ ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ചേരുകയുണ്ടായി. ഇതില്‍ ഡി.എം.കെ., എന്‍.സി.പി., ആര്‍.ജെ.ഡി ശിവസേന, ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി, റ്റി.എം.സി. എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരൊക്കെയാണ് വിശാല സംയുക്തപ്രതിപക്ഷത്തിന്റെ നെടുംതൂണുകള്‍. ഇവര്‍ 2024-നു മുമ്പ് ഒരുമിച്ചു ഒറ്റ രാഷ്ട്രീയ ശക്തിയായി അവസരത്തിനൊത്ത് ഉയരുമോ? അതാണ് കണ്ടറിയേണ്ടത്. ഈ 14 പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കും വ്യത്യസ്തമായ ആശയവും ചിന്താധാരയും ഉണ്ടെന്നും മനസിലാക്കണം.
ഇനി ആരായിരിക്കും ഈ വിശാലസംയുക്ത സഖ്യത്തിന്റെ നേതാവ്. ഈ അടുത്ത ദിവസം നിതീഷ് കുമാര്‍ രണ്ട് സുപ്രധാനമായ തീരുമാനങ്ങളും കൂടെ അറിയിക്കുകയുണ്ടായി. ഒന്ന്, 2025-ലെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിശാല സഖ്യത്തെ നയിക്കുന്നത് അദ്ദേഹം ആയിരിക്കുകയില്ല, മറിച്ച് ആര്‍.ജെ.സി. നേതാവും ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ്വസി യാദവ് ആയിരിക്കും. രണ്ട്, 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രിസ്ഥആനത്തേക്കുള്ള ഒരു സ്ഥാനാര്‍ത്ഥിയും അദ്ദേഹം ആയിരിക്കുകയില്ല. തേജ്വസി യാദവിനെ സംസ്ഥാനം ഏല്‍പിച്ചിട്ട് നിതീഷ്‌കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രധാനമന്ത്രിയായി പ്രവേശിക്കുവാനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കാതിരിക്കുവാനാണ് അദ്ദേഹം ഇക്കാര്യം അതേ മീറ്റിംങ്ങില്‍ വച്ച് അതേ ശ്വാസത്തില്‍ പറഞ്ഞത്. പക്ഷേ, ഇത് ഒരു രാഷ്ട്രീയക്കാരന്റെ പ്രസ്താവനയായിട്ടേ നിരീക്ഷകര്‍ എടുക്കുന്നുള്ളൂ. പ്രത്യേകിച്ചും അത് നിതീഷ് കുമാറിനെപ്പോലുള്ള ഒരു രാഷ്ട്രീയക്കാരനില്‍ നിന്നും വരുമ്പോള്‍. നിതീഷ്‌കുമാര്‍ ആവശ്യം വരുമ്പോള്‍ കാവിരാഷ്ട്രീയത്തിലും അല്ലാത്തപ്പോള്‍ മതേതര രാഷ്ട്രീയത്തിലും സഹവാസിയാണ്. സ്വയം നിഷേധിച്ചെങ്കിലും നിതീഷ്‌കുമാര്‍ സംയുക്തപ്രതിപക്ഷത്തിന്റെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. രാഹുല്‍ഗാന്ധിയും, ശരത്പവ്വാറും, മമത ബാനര്‍ജിയും, കേജരിവാളും എല്ലാം രംഗത്തുണ്ടായിരിക്കും. തെലുങ്കാന രാഷ്ട്രസമിതിയുടെ കെ.ചന്ദ്രശേഖരറാവും ഒരു പുതിയ ദേശീയ രാഷ്ട്രീയ പാര്‍ട്ടി-ഭാരത് രാഷ്ട്രസമിതി-ഏതാനും ദിവസങ്ങള്‍ക്കും മുമ്പ് സ്ഥാപിച്ച് ദല്‍ഹിയില്‍ ഓഫീസും തുറന്ന് വേദിയില്‍ സജീവമായിട്ടുണ്ട്. ദല്‍ഹിയിലും പഞ്ചാബിലും അധികാരം പിടിച്ചെടുത്ത് ഗുജറാത്തില്‍ സ്വന്തമായ പാദമുദ്ര പതിപ്പിച്ച് ദേശീയ രാഷ്ട്രീയകക്ഷി എന്ന പദവി നേടിയ (നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവിന് ഇത് ഇല്ല) അരവിന്ദ് കേജരിവാളും ഒട്ടും പിറകില്‍ ആയിരിക്കുകയില്ല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മത്സരത്തില്‍.
50 വര്‍ഷത്തേക്ക് അധികാരം ഒഴിഞ്ഞു കൊടുക്കുകയില്ലെന്ന ദൃഢപ്രതിജ്ഞയുമായിട്ടാണ് മോദി-ഷാ മാരുടെ ബി.ജെ.പി. 2024-നെ സമീപിക്കുന്നത്. 2024 ജയിച്ചാല്‍ ഇന്‍ഡ്യയില്‍ ഹിന്ദുത്വ ഭരണം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ആണ് സംഘപരിവാര്‍. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍. ഇന്‍ഡ്യക്ക് ശക്തമായ ഒരു പ്രതിപക്ഷത്തെയെങ്കിലും നേടിത്തരുവാന്‍ ഇവര്‍ക്ക് സാധിച്ചാല്‍ രാജ്യം ഏകാധിപത്യ-ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടും. 50 വര്‍ഷത്തേക്കുള്ള ഭരണതുടര്‍ച്ച സംബന്ധിച്ച ബി.ജെ.പി.യുടെ കണക്കുകൂട്ടലിന് കാരണം ഉണ്ട്. ഒന്ന്, വിഘടിതവും ദുര്‍ബ്ബലവും പരസ്പരം നശിപ്പിക്കുവാന്‍ കച്ചകെട്ടി നില്‍ക്കുന്ന പ്രതിപക്ഷം. രണ്ട്, ആശയും പ്രതീക്ഷയും ഉണര്‍ത്താത്ത നേതൃത്വം. മൂന്ന്, തുടര്‍ച്ചയായ രണ്ട്, രണ്ട് ഭരണകാലം കൊണ്ട് കെട്ടിയുയര്‍ത്തിയ ഹിന്ദുത്വ ഭരണത്തിന്റെ അടിത്തറ. ഇതിനെല്ലാം ആണ് പ്രതിപക്ഷം പരിഹാരം കാണേണ്ടത്, ഉത്തരം തേടേണ്ടത്.
who will be the oppositin face in 2024 election against Narendra Modi?