തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാനായി ഫാ. പത്രോസിന് JBI - കോണ്‍സ്റ്റബിളിന്റെ സഹായം തേടേണ്ടി വന്നു. വളരെ സാവധാനം എഴുന്നേറ്റ അദ്ദേഹം സാക്ഷിക്കൂട്ടിലേക്ക് വേച്ചുവേച്ചു കയറി.
'ഫാ. പത്രോസ്, കൂട്ടില്‍ നില്‍ക്കുന്ന ഇയാളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ?'
പ്രോസിക്യൂട്ടര്‍ തന്റെ വാദം ആരംഭിച്ചു.
വിറയാര്‍ന്ന ശബ്ദത്തോടെ പതറിയ സ്വരത്തില്‍ പത്രോസ് മറുപടി പറഞ്ഞു. 'ഉണ്ട്'.
'ഇങ്ങോട്ടല്ല, കോടതിയെ നോക്കി'. തന്റെ നേരെ നോക്കി ഉത്തരം നല്‍കിയ പത്രോസിനോടായി ശാസനയുടെ രൂപത്തില്‍ പ്രോസിക്യൂട്ടര്‍ ആജ്ഞാപിച്ചു. പ്രോസിക്യൂട്ടറുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച് പത്രോസ് കോടതിയെ നോക്കി വിനീതനായി വീണ്ടും പറഞ്ഞു. 'പരിചയമുണ്ട്'.
'എങ്ങനെയാണ് നിങ്ങള്‍ തമ്മില്‍ പരിചയം? ഒന്നു വിശദീകരിക്കാമോ?'
ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം പത്രോസ് പറഞ്ഞു:
'ഞങ്ങള്‍ പന്ത്രണ്ടുപേര്‍ യേശുവിന്റെ ശിഷ്യന്മാരായിരുന്നു. അദ്ദേഹത്തിന്റെ കൂടെ കൂടിയ അന്നുമുതല്‍ ജൂദാസിനെ എനിക്ക് പരിചയമുണ്ട്.'
'യേശുവിനെ ജൂദാസ് ഒറ്റുകൊടുത്തത് എവിടെ വെച്ചായിരുന്നു?'
പ്രോസിക്യൂട്ടര്‍ തന്റെ മൂന്നാമത്തെ ചോദ്യം പൂര്‍ത്തിയാക്കിയതും സാക്ഷി വിസ്താരങ്ങളില്‍ പ്രതിഭാഗം വക്കീല്‍ ഏറെ ഉപയോഗിക്കുന്ന ആ മുന്നു വാക്കുകള്‍ അഡ്വ.മേനോന്റെ വായില്‍നിന്നും പുറത്തുവന്നു.
“Objection Your Honour”!
തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ജഡ്ജിയുടെ മുമ്പില്‍ വന്ന മേനോന്‍, രണ്ടുകൈകളും ഗൗണില്‍ പിടിച്ചുകൊണ്ട് തുടര്‍ന്നു:
'സര്‍, ഈ കേസില്‍ ആരോപിക്കപ്പെട്ട കുറ്റം യേശുവിനെ അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ അല്ലെങ്കില്‍ ഒന്നില്‍കൂടുതല്‍ ശിഷ്യന്മാര്‍ ഒറ്റുകൊടുത്തു എന്നതാണ്. ആ ആരോപണം തെളിയിക്കുംവരെ അങ്ങനെയാണ് സംഭവിച്ചത് എന്ന നിഗമനത്തിലെത്താന്‍ സാധ്യമല്ല'.
Objection over ruled”
മേനോനെ നോക്കാതെ തന്നെ ജഡ്ജി പ്രോസിക്യൂട്ടറോടായി പറഞ്ഞു. 'താങ്കള്‍ക്കു അടുത്ത ചോദ്യത്തിലേക്കു കടക്കാം.'
പ്രോസിക്യൂട്ടര്‍ തന്റെ ഫയലുകള്‍ മറിച്ചുനോക്കിയതിനുശേഷം പത്രോസിനോട് ചോദിച്ചു:
'യേശുവിനെ പട്ടാളക്കാര്‍ പിടിച്ച രാത്രി താങ്കള്‍ എന്തു ചെയ്യുകയായിരുന്നു?'
നേരത്തേ തന്നെ പ്രോസിക്യൂട്ടര്‍ പഠിപ്പിച്ചിരുന്ന വാക്കുകള്‍ വള്ളിപുള്ളി തെറ്റാതെ പത്രോസ് പറഞ്ഞുതുടങ്ങി.
'അന്നു ഞങ്ങള്‍ അവസാനത്തെ അത്താഴത്തിനുശേഷം ഗത്സമേന എന്ന തോട്ടത്തില്‍ സന്ധ്യമയങ്ങിയതോടെ വന്നുചേര്‍ന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം ഞങ്ങള്‍ രണ്ടായി പിരിഞ്ഞു. ജൂദാസ് ഒറ്റയ്ക്ക് പട്ടണത്തിലേക്കും ബാക്കിയുള്ള ശിഷ്യന്മാരോടൊപ്പം യേശു കേദ്രോന്‍ തോട്ടത്തിനപ്പുറത്തേക്കും പോയി. അവിടെ വിശ്രമിച്ചിരിക്കുമ്പോള്‍ ജൂദാസ് ഒരു വിളക്കുമായി പടയാളികളോടൊപ്പം വന്ന് യോശുവിനെ കാണിച്ചുകൊടുത്തു'.
തന്റെ മുഖത്തേക്കു നോക്കിയ പത്രോസിനോടായി പ്രോസിക്യൂട്ടര്‍ അടുത്ത ചോദ്യം ഉന്നയിച്ചു.
'യേശുവിനെ ഒറ്റുകൊടുത്ത ആ സന്ദര്‍ഭത്തില്‍ താങ്കളുടെ പ്രതികരണം എന്തായിരുന്നു?'
വിറയാര്‍ന്ന ശബ്ദത്തോടെ പത്രോസ് താന്‍ അന്നു ചെയ്ത പ്രവൃത്തി വിവരിച്ചു.
'യേശുവിനെ പിടിക്കുവാനായി വന്നയാളെ ഞാന്‍ എന്റെ വാളെടുത്ത് വെട്ടി പരിക്കേല്‍പ്പിച്ചു. യേശു എന്നെ തടഞ്ഞതുകൊണ്ട് ഞാന്‍ എന്റെ വാള്‍ ഉറയിലിട്ടു'.
അടുത്തചോദ്യത്തോടെ പ്രോസിക്യൂട്ടര്‍ തന്റെ വാദം അവസാനിപ്പിക്കുകയായിരുന്നു. 'അപ്പോള്‍ ഈ നില്‍ക്കുന്ന ജൂദാസ് കെദ്രോന്‍ തോട്ടത്തിനരികെ വെച്ച് സേനയോടൊപ്പം വന്ന് യേശുവിനെ ഒറ്റുകൊടുത്തു. നിങ്ങള്‍ അതിനു സാക്ഷ്യം വഹിച്ചു, അല്ലേ?'
പ്രോസിക്യൂട്ടര്‍ പറഞ്ഞതു ശരിയാണെന്നു പത്രോസ് സമ്മതിച്ചുകഴിഞ്ഞപ്പോള്‍, തന്റെ വാദം പൂര്‍ത്തിയായതായി പ്രോസിക്യൂട്ടര്‍ ജഡ്ജിയെ അറിയിച്ചു. തന്റെ ജോലി ഭംഗിയായി ചെയ്തുതീര്‍ത്ത സംതൃപ്തിയില്‍ പ്രോസിക്യൂട്ടര്‍ തന്റെ ഇരിപ്പിടത്തില്‍ ഇരിക്കുകയും ചെയ്തു.
സാക്ഷിക്കൂടിന്റെ അടുത്തേക്ക് നടന്നെത്തിയ മേനോന്‍, തന്റെ വാദം കൂടുതല്‍ സമയം എടുക്കുമെന്നും കോടതിസമയം തീരാറായതുകൊണ്ട് വിസ്താരം അടുത്ത ദിവസത്തേക്കു മാറ്റണമെന്നും ജഡ്ജിയോട് അപേക്ഷിച്ചു. ഗുമസ്തനുമായി ആലോചിച്ചശേഷം, കേസ് രണ്ടുദിവസം കഴിഞ്ഞുള്ള തീയതിയിലേക്കു മാറ്റിയതായും കോടതി പിരിഞ്ഞതായും പ്രഖ്യാപിച്ച് ജഡ്ജി വരദാത്തോസ് വിരമിച്ചു.