Image

ഹൃദയ കവാടം തുറക്കും ക്രിസ്മസ് (കവിത: എ.സി. ജോർജ്)

Published on 21 December, 2022
ഹൃദയ കവാടം തുറക്കും ക്രിസ്മസ് (കവിത: എ.സി. ജോർജ്)

ദുഃഖിതരെ പീഡിതരെ നിരാലംബരെ
ഏറെ സന്തോഷ ആശ്വാസ ദായകമായിതാ
സ്നേഹത്തിൻ ത്യാഗത്തിൻ  കുളിർതെന്നലായി
ഒരു ക്രിസ്മസ് കൂടി മധുരിക്കും ഓർമകളുമായി 
മാലോകരെ തേടിയെത്തുന്നിതാ 
സൻ മനസോടെ ഹൃദയ കവാടങ്ങൾ തുറക്കൂ
ത്യാഗ  സ്നേഹ മണി വീണയിൽ
കാപട്യമില്ലാ മണി  മന്ത്രങ്ങൾ ഉരുവിട്ടു 
പ്രവർത്തി മണ്ഡലത്തിൽ സാധകമാക്കി
ഈ ഭൂമി സ്വർഗ്ഗമാക്കി മാറ്റിടാം 
ഈ സന്ദേശം അല്ലേ.. അന്ന് ബേതലഹേമിൽ
കാലികൾ മേയും പുൽകുടിലിൽ 
ഭൂജാതനായ രാജാധിരാജൻ ദേവാധി ദേവൻ
സർവ്വലോക മാനവകുലത്തിനേകിയതു?
മത സിംഹാസന ചെങ്കോൽ കിരീടങ്ങൾകപ്പുറം
അർഥമില്ലാ  ജല്പനങ്ങൾ  ബാഹ്യാ പൂജാ കർമ്മങ്ങൾക്കായി
ദൈവം ഇല്ലാ ദേവാലയങ്ങൾക്കു ചുറ്റും പരസ്പരം മല്ലടിക്കും 
പോരടിക്കും, വെട്ടിനിരത്തും  മത  മേധാവികളായി  നടിക്കും
സഹചരേ ... പതിയുന്നില്ലെ നിങ്ങടെ കർണ്ണപുടങ്ങളിൽ
സഹനത്തിൽ, എളിമയിൽ, ദരിദ്രരിൽ ദരിദ്രനായി 
ഈ ഭൂമിയിൽ ഭൂജാതനായ ഉണ്ണി യേശുനാഥൻ 
വാനിലെന്നപോൽ ഹൃർത്തടത്തിൽ ജ്വലിക്കുന്ന നക്ഷത്രമായി
സൻ മനസ്സുകൾ  പുഷ്പ്പിക്കും പൂവാടികളാകട്ടെ  എന്നും
ഇരു  കരങ്ങൾ കൂപ്പി അർപ്പിക്കട്ടെ ക്രിസ്മസ് ആശംസകൾ...

# Christmas poem by A.C George

 

Join WhatsApp News
Sudhir Panikkaveetil 2022-12-21 15:10:17
യേശുദേവന്റെ സന്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നു ശ്രീ എ സി ജോർജ്ജ്. നിർഭാഗ്യം എന്നേ പറയാൻ പറ്റു യേശുദേവന്റെ വചനങ്ങളെ വളച്ചൊടിച്ച് ഇന്ന് വിപണിയിൽ വിറ്റ് കാശാക്കുന്നു കപട ഭക്തർ. അത് തിരിച്ചറിയാൻ കവി ആഹ്വാനം ചെയ്യുകയാണ്. കണ്ണുള്ളവർ കാണുകയും കാതുള്ളവർ കേൾക്കുകയും ചെയ്യട്ടെ. ജോർജ്ജ് സാറിനും കുടുംബത്തിന് അനുഗ്രഹപ്രദമായ കുസ്തുമസ്സും ഐശര്യപൂർണ്ണമായ നവവത്സരവും നേരുന്നു.
ജോയ്സ് മാതളപറമ്പിൽ 2022-12-21 19:33:24
വളരെ അർത്ഥവത്തായ ലളിതമായ ഒരു ക്രിസ്മസ് കവിത. ദരിദ്രരിൽ ദരിദ്രനായി കാലിത്തൊഴുത്തിൽ ജനനം. അന്നത്തെ മതമേധാവികളും ഭരണാധികാരികളും ജന്മനാതന്നെ യേശുവിനെ ഇല്ലാതാക്കാൻ ശ്രമിച്ചു. പിന്നീടവർ യേശുവിനെ കുരിശിൽ തറച്ചു കൊന്നു. എന്നിട്ട് അവർ യേശുവിൻറെ പേരും പറഞ്ഞ് ചെങ്കോലും കിരീടവും അണിഞ്ഞ സിംഹാസനങ്ങളിൽ കുത്തിയിരുന്ന് ആരാധനാക്രമങ്ങളുടെ പേരിൽ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു , സുഖിമാൻ മാരായ അവർ വിശ്വാസികളായ കുഞ്ഞാടുകളെ കൊള്ളയടിക്കുന്നു. വിശ്വാസികൾക്കു നൈർമല്യ മേറിയ ഒരു ക്രിസ്മസ് ഉണർത്തുപാട്ട് ആണിത്. കൊച്ചു വാക്കുകളിൽ ആശയ ഗംഭീരമായ കാലികമായ ഒരു കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക