ഇഞ്ചക്കാട്ടിലെ മഞ്ഞക്കുന്നിൽ ഒരു കുഞ്ഞിക്കുരുവിയുണ്ടായിരുന്നു. കുന്നിൻമുകളിലെ കാഞ്ഞിരമരത്തിലാണ് ആ കുരുവി കൂടു കൂട്ടിയത്. കാഞ്ഞിരമരത്തിന് പൊതുവേ ഒരു കുളിര് കൂടുതലാണ് . ഇലകളെല്ലാം കുനുകുനെ കുളിരാർന്നതാണ്. തളിർത്ത കാഞ്ഞിരപ്പച്ച കാണുമ്പോൾ മാത്രമല്ല . തൊടുമ്പോൾ പോലും ഒരു തണുപ്പനുഭവപ്പെടും.
അതുകൊണ്ട് വേനൽക്കാലത്ത് കുഞ്ഞിക്കുരുവിക്ക് കുറേ കൂട്ടുകാരെ കിട്ടും. ഏതൊക്കെയോ കാട്ടിലെ പേരറിയാ മരത്തിൻ ചില്ലകളിൽ നിന്ന് മൈനയും പ്രാവും കുയിലും കാക്കയും ചെമ്പോത്തും മരം കൊത്തിയും മീൻ കൊത്തിയുമെല്ലാം കുരുവിക്കാഞ്ഞിരത്തിൻ കുളിരിൽ ചേക്കേറാനെത്തും . മഴക്കാലത്തും മഞ്ഞുകാലത്തും അവരൊക്കെ സ്വന്തം കാട്ടിലെ സ്വന്തം മരത്തിലേക്ക് തിരിച്ച് പറക്കും . അപ്പോൾ കുഞ്ഞിക്കുരുവി തനിച്ചാകും. ചകിരി കൊണ്ടുണ്ടാക്കിയ കൂടിന് കാഞ്ഞിരത്തിന്റെ ഇല കൊണ്ട് വാതിലുണ്ടാക്കിയാണ് കുരുവി മഴ നനയാതെ കഴിഞ്ഞു കൂടുക.
മഞ്ഞുകാലത്താണ് കഷ്ടം . കാഞ്ഞിരമരത്തിലാണ് തണുപ്പു കാലം താണ്ഡവമാടുക. കുരുവിക്ക് ആകെ തണുത്ത് വിറക്കും. ഇലകൾ പുതക്കാമെന്ന് വച്ചാൽ അതിനും തണുപ്പ്. എന്നാലും എവിടേക്ക് പറന്നാലും കുരുവിക്ക് ചേക്കേറാൻ ആ മരം തന്നെ വേണം. വിരുന്നെത്താറുള്ള പക്ഷിക്കൂട്ടുകാരെല്ലാം കുരുവിയെ അവരുടെ ചേക്കുമരത്തിലേക്ക് ക്ഷണിക്കാറുണ്ട്. കുരുവി എവിടെയും പോവില്ല. കാരണം ആ മരത്തിൻ ചുവട്ടിൽ കുരുവിയുടെ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഉറങ്ങുന്നുണ്ട്.
കുരുവി കുഞ്ഞായിരുന്ന നാൾ ഒരു ദിവസം അമ്മ എവിടെ നിന്നോ ഒരു പുതിയ കായ കൊത്തിക്കൊണ്ടു വന്നു. പരിചയമുള്ള ഏതെങ്കിലും പഴമാണെങ്കിൽ കുഞ്ഞിന് കൊടുത്തിട്ടേ അമ്മക്കുരുവി തിന്നാറുള്ളൂ. എന്നാൽ അത് ഇതു വരെ കണ്ടിട്ടും കേട്ടിട്ടും തിന്നിട്ടുമില്ലാത്ത ഒരു കായായിരുന്നു. അതുകൊണ്ട് അമ്മക്കുരുവി തന്നെ ആദ്യം രുചിച്ചു നോക്കി. ഒരു കൊത്ത് കൊത്തിയതേയുള്ളൂ അമ്മക്കുരുവി ചിറക് കുഴഞ്ഞ് താഴേക്ക് വീണു.
അയ്യോ അമ്മേ എന്ത് പറ്റി ?
കുഞ്ഞിക്കുരുവിയും കാഞ്ഞിരച്ചുവട്ടിലേക്ക് പറന്നു.
മോളേ, അമ്മയ്ക്ക് തെറ്റു പറ്റി. ഇതേതോ ഉഗ്രവിഷമുള്ള കായയാണ്. എന്റെ മോള് തിന്നണ്ട ...
അതും പറഞ്ഞ് അമ്മക്കുരുവി പതിയെ കണ്ണടച്ചു.
ഇഞ്ചക്കാട്ടിലും മഞ്ഞക്കുന്നിലും കാഞ്ഞിരച്ചോട്ടിലും ഇരുട്ട് പരന്നു. ആ ഇരുട്ട് മഞ്ഞക്കുരുവിയുടെ മനസ്സിലും നിറഞ്ഞു .
പിന്നെക്കുറേ ദിവസം മഞ്ഞക്കുരുവി കുറേ ദിവസം കൂട്ടിൽത്തന്നെ കഴിഞ്ഞു. കാഞ്ഞിരച്ചോട്ടിൽത്തന്നെ ഉറ്റു നോക്കിക്കൊണ്ട് . കുഞ്ഞിക്കുരുവിയുടെ കണ്ണിൽ നിന്ന് എപ്പോഴും കണ്ണീർത്തുള്ളികൾ ഇറ്റുവീണു കൊണ്ടിരുന്നു. ആ കണ്ണീരേറ്റേറ്റ് അമ്മക്കുരുവിയുടെ ജഢം മണ്ണിലലിഞ്ഞു ചേർന്നു.
പിന്നെയും കുറേക്കാലം ആ പക്ഷിയുടെ എല്ലിൻ കൂട് ആ മണ്ണിൽ ദ്രവിക്കാതെ ബാക്കിയായി. ക്രമേണ അതും പൊടിഞ്ഞടിഞ്ഞ് മണ്ണിൽ ചേർന്നു.
ഒരു മഞ്ഞുകാലത്തായിരുന്നു അമ്മ പോയത്. അമ്മയുടെ അമ്മയും അമ്മമ്മയുടെ അമ്മമ്മയും ആ കാഞ്ഞിരത്തിലാണ് കൂടു കൂട്ടിയതെന്ന് അമ്മയാണ് കുഞ്ഞിക്കുരുവിയോട് പറഞ്ഞത്. അതുകൊണ്ടാണത്രേ ഏത് കൊടും മഞ്ഞിലും അമ്മക്കുരുവി ആ കാഞ്ഞിരം വിട്ട് എവിടെയും പോവാത്തത്. കുഞ്ഞിക്കുരുവിയും അതു തന്നെ തീരുമാനിച്ചു - അമ്മയുടെ ഓർമ്മകളുറങ്ങുന്ന ഈ കാഞ്ഞിരം വിട്ട് എങ്ങും പോകണ്ട.
ഇലത്തുമ്പിലെ കനത്ത മഞ്ഞുതുള്ളികളെ ഉതിർത്തുകൊണ്ട് പാതിരാക്കാറ്റ് വീശി. കൂട്ടിന്റെ ഓട്ടക്കണ്ണിലൂടെ കുഞ്ഞിക്കുരുവി ആകാശത്തേക്ക് നോക്കി. ഒരു നക്ഷത്രം കുരുവിയെ നോക്കി കണ്ണ് ചിമ്മി. പെട്ടെന്ന് ആ നക്ഷത്രത്തിന് തീപ്പിടിച്ചു. അത് ഒരു പന്തമായി ജ്വലിച്ച് ഭൂമിയിലേക്ക് വീണ് കത്തിയമർന്നു.
പിറ്റേന്ന് രാവിലെ ഒരു ജേസീബിയിൽ നാല് പേർ മഴുവേന്തി കാട്ടിലേക്ക് .
കാട്ടിൽ നിന്നും നാട്ടിലേക്ക് റോഡുണ്ടാക്കാൻ പോകുന്നു.
അതിനാദ്യം മരമെല്ലാം മുറിക്കണം. കുന്നു മുഴുവൻ ഇടിച്ചു നിരത്തണം. അമ്മ യോർമ്മകളിൽ മുഴുകി ഉറങ്ങാൻ വൈകിയ കുഞ്ഞിക്കുരുവി അപ്പോഴും ഉണർന്നിട്ടില്ല. പുലർകാലത്ത് കണ്ട ഒരു സ്വപ്നത്തിന്റെ സന്തോഷത്തിലായിരുന്നു കുരുവി.
മണ്ണിൽ ലയിച്ചു ചേർന്ന അമ്മ വീണ്ടും ചിറക് വച്ച് പറന്നു വരുന്നു കൂട്ടിലേക്ക്. എന്നിട്ട് കുഞ്ഞിക്കുരുവിയേയും കൂട്ടി ആകാശത്തേക്ക് പറന്നു പോവുന്നു.
അമ്മയോടൊപ്പം പറന്നുയർന്ന കുഞ്ഞിക്കുരുവി താഴേക്ക് നോക്കി.
എന്തദ്ഭുതം ! മണ്ണിൽ നിന്നും വേരടർന്ന് ആ കാഞ്ഞിരമരവും കുരുവികൾക്ക് പിന്നാലെ പറന്നു വരുന്നു !!
സ്വപ്നം തീരും മുമ്പേ ഒരു ശബ്ദം കേട്ട് കുഞ്ഞിക്കുരുവി ഞെട്ടിയുണർന്നു.
കാഞ്ഞിരച്ചോട്ടിൽ മഴു വന്നു വീഴുന്ന ശബ്ദം !
PRAKASHAN KARIVELLOOR - BAALA KADHA