Image

ബില്‍ക്കീസ് ബാനോ കേസും ഗുജറാത്ത് ഗവണ്‍മെന്റിന്റെ നീതി നിര്‍വ്വഹണവും (ദല്‍ഹികത്ത്  : പി.വി.തോമസ്)

പി.വി.തോമസ് Published on 24 December, 2022
ബില്‍ക്കീസ് ബാനോ കേസും ഗുജറാത്ത് ഗവണ്‍മെന്റിന്റെ നീതി നിര്‍വ്വഹണവും (ദല്‍ഹികത്ത്  : പി.വി.തോമസ്)

ബില്‍ക്കീസ് ബാനോ കൂട്ടബലാല്‍സംഗ-കൊലപാതക കേസ് 2002-ലെ ഗുജറാത്ത്  മുസ്ലീം വംശഹത്യയുടെ ബാക്കിപത്രം ആണ്. ബില്‍ക്കീസ് യാക്കൂബ് റസൂളിന് 21 വയസു പ്രായവും അവരുടെ ഉദരത്തില്‍ വളരുന്ന ശിശുവിന് അഞ്ചുമാസവും ആയിരുന്നു ഗോദ്രാനന്തര വംശഹത്യയെ തുടര്‍ന്ന് രക്ഷപ്പെടുവാനായി കുടുംബത്തോടൊപ്പം പലായനം ചെയ്യവെ  ഒരു സംഘം ഹിന്ദുത്വ കലാപകാരികള്‍ അവളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമ്പോള്‍. ബില്‍ക്കീസ് ബാനോവിന്റെ കണ്‍മുമ്പില്‍ വച്ചായിരുന്നു അവളുടെ അമ്മയെ കൂട്ടബലാല്‍സംഗത്തിനരയാക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ 15 കുടുംബാംഗങ്ങളെ അക്രമികള്‍ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. അവരില്‍ മൂന്നു വയസുമാത്രം പ്രായമുള്ള ബില്‍ക്കീസ് ബാനോവിന്റെ മകളുമുണ്ടായിരുന്നു. കൊലപാതകത്തിനും കൂട്ടബലാല്‍സംഗത്തിനും ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതികളില്‍ പതിനൊന്നുപേരെ ബി.ജെ.പി.യുടെ ഗുജറാത്തു ഗവണ്‍മെന്റ് 2023 ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷീകം ആഘോഷിക്കവെ കേന്ദ്രഗവണ്‍മെന്റിന്റെ 'ആസാദികാ അമൃത മഹോത്സവ പരിപാടിയുടെ ഭാഗമായി ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിച്ചു. ഗുജറാത്തു ഗവണ്‍മെന്റിന്റെ 1992-ലെ ശിക്ഷ ഇളവു പദ്ധതി പ്രകാരം ആണ് ഈ കുറ്റവാളികളെ മോചിപ്പിച്ചത്. കാരണം ഇവര്‍ 14 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ഇവരുടെ സ്വഭാവവും നല്ലതാണെന്ന് ശിക്ഷാ ഇളവു കമ്മിറ്റി കണ്ടെത്തി. അതില്‍ ഒരംഗം സാക്ഷ്യപ്പെടുത്തിയത് നല്ല ബ്രാഫ്മണരായ അവര്‍ക്കു തെറ്റുകാരായി തുടരുവാന്‍ സാധിക്കുകയില്ലെന്നായിരുന്നു. ഈ കേസിന് രണ്ടു ഭാഗം ഉണ്ട്. ഒന്ന്, ശിക്ഷ വിധിച്ച മുംബൈ കോടതി സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര ഗവണ്‍മെന്റിനു പകരം ശിക്ഷ ഇളവു ചെയ്തു ഗുജറാത്തു ഗവണ്‍െന്റ് ആണ്. ഇത് ചട്ടവിരുദ്ധമാണെന്നു കാണിച്ചു കൊണ്ട് ബില്‍ക്കീസ് ബാനോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഒരു ഹര്‍ജ്ജി ഓഗസ്റ്റ് 13-ന് തള്ളിയിരുന്നു. ഇതിനെതിരെ ബില്‍ക്കീസ്  വീണ്ടും ഒരു റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതും സുപ്രീം കോടതി ഡിസംബര്‍ 17-ന് തള്ളി. ഈ കേസിന്റെ രണ്ടാം ഭാഗം തടവുകാരെ മോചിപ്പിച്ചതിലെ ഗുജറാത്തു ഗവണ്‍മെന്റിന്റെ നീതിനിര്‍വ്വഹണത്തെ ചോദ്യം ചെയ്തുകൊണ്ടാണ്. ഇത് സമര്‍പ്പിച്ചത് ബില്‍ക്കീസും ഒരു സംഘം സോഷ്യല്‍ ആക്ടിവിസ്റ്റും ആണ്. ഇവരില്‍ സി.പി.എം. അംഗം സുബാഷിണി അലിയും ഉള്‍പ്പെടുന്നു. ഈ ഹര്‍ജ്ജിയിന്മേല്‍ സുപ്രീം കോടതി വരുവാനിരിക്കുന്നതേയുള്ളൂ. സുപ്രീം കോടതിവിധി നിശ്ചയമായും വളരെ നിര്‍ണ്ണായകമായിരിക്കും. ഗുജറാത്തു ഗവണ്‍മെന്റിന്റെ നടപടിയെ അതു തിരുത്തുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങനെയെങ്കില്‍ തന്നെ കൂട്ടബലാല്‍സംഗം ചെയ്തവരും തന്റെ കുടുംബാംഗങ്ങളെ കൂട്ടക്കൊലചെയ്തവരും തന്നോടൊപ്പം തെരുവില്‍ സ്വതന്ത്രരായി നടക്കുന്നതു കാണുന്നതില്‍ നിന്നും രക്ഷപ്പെടാം ബില്‍ക്കീസിന്. നീതിയുടെ ഒരംശമെങ്കിലും ലഭിക്കുകയും ചെയ്യും ഗുജറാത്തു വംശഹത്യയിലെ ജീവിച്ചിരിക്കുന്ന ഈ ദുരന്ത കഥാപാത്രത്തന്. സുപ്രീം കോടതിയുടെ ഓഗസ്റ്റ് 13-ലെ വിധിയ്‌ക്കെതിരായിട്ടുളള ബില്‍്കകീസിന്റെ റിവ്യൂ ഹര്‍ജ്ജി കോടതി തള്ളിയെങ്കിലും ബില്‍്കകീസ് ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. അതിലൊന്ന് ഈ കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്കും സുപ്രീം കോടതി തന്നെ ഇടപെട്ട് മാറ്റിയത് ചില പ്രത്യേക പ്രതികൂല സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടാണ്. അതുകൊണ്ട് ഗുജറാത്തു ഗവണ്‍മെന്റല്ല വിചാരണ നടന്നതും ശിക്ഷ വിധിച്ചതുമായ കോടതി സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയും, അവിടത്തെ ഗവണ്‍മെന്റും ആണ് ശിക്ഷ ഇളവ് പരിഗണിക്കേണ്ടത്. ഇതു സംബന്ധിച്ചുള്ള ബില്‍ക്കീസ് ബാനോവിന്റെ റിവ്യൂ ഹര്‍ജ്ജി ഡിസംബര്‍ 13-ന് ആണ് സുപ്രീം കോടതി ജഡ്ജിയുടെ ചേമ്പറില്‍ കേട്ടത്. കോടതിമുറിയില്‍ ഇതു കേള്‍ക്കണമെന്ന് ബില്‍ക്കീസ് പ്രത്യേകം ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. സാധാരണ ഗതിയില്‍ തുറന്ന കോടതിയിലാണ് ഇതു കേള്‍ക്കുക. ഏതായാലും മഹാരാഷ്ട്ര ഗവണ്‍മെന്റ് ശിക്ഷാ ഇളവ് പരിഗണിക്കുന്ന അദ്ധ്യായം അവിടെ അടഞ്ഞു.

ഇനിയുള്ള ഈ കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതാണ്. ഗുജറാത്തു ഗവണ്‍മെന്റിന്റെ വാദം അനുസരിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെയാണ് ശിക്ഷാ ഇളവു നടപ്പാക്കിയത്. ജൂലൈ 11-ന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ഗുജറാത്തു ഗവണ്‍മെന്റിന് ലഭിച്ചു. ഓഗസ്റ്റ് 10-ന് ശിക്ഷാ ഇളവു സംബന്ധിച്ച തീരുമാനവും ഗവണ്‍മെന്റെടുത്തു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെ മുംബൈ വിചാരണ കോടതിയും അവരെ പ്രോസിക്യൂട്ട് ചെയ്ത സി.ബി.ഐ.യും എതിര്‍ത്തിരുന്നെങ്കിലും ഗുജറാത്തു ഗവണ്‍മെന്റ് അതൊന്നും വകവച്ചില്ല. വിചാരണകോടതിയുടെ അഭിപ്രായത്തില്‍ ഈ 11 പ്രതികളും അത്യന്തം ഹീനമായ കുറ്റം ആണ് ചെയ്തത്. ഒരു കാരണവശാലും ഇവരെ സ്വതന്ത്രരാക്കി സമൂഹത്തില്‍ വിടരുത്. ഗുജറാത്തു ഗവണ്‍െന്റ് ഇതൊന്നും ചെവിക്കൊണ്ടില്ല. കാരണം ഇവിടെ നീതിയോ ബില്‍ക്കീസ് ബാനോവിന്റെ അഭിമാനമോ ഒന്നും അല്ല പരിഗണിക്കപ്പെടുക. ഈ മത രാഷ്ട്രീയത്തില്‍- ബില്‍ക്കീസിന്റെ പ്രസ്താവന പ്രകാരം 5 മാസം ഗര്‍ഭിണിയായ അവളെ കൂട്ടബലാല്‍സംഗം ചെയ്തു. അവളുടെ അമ്മയെ കൊന്നു, പ്രസവിച്ചു രണ്ടു ദിവസം കഴിയാതിരുന്ന അവളുടെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്തു. എട്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നു. മൂന്നരവയസ്സുള്ള ഒരു പെണ്‍കുട്ടിയെ  തല കല്ലിലടിച്ചു കൊന്നു. ഈ കൊലയാളികളുടെയും ബലാല്‍സംഗികളുടെയും ശിക്ഷ ഇളവു ചെയ്തു അവരെ സ്വതന്ത്രരാക്കിയതിനു പിറകിലുള്ള രാഷ്ട്രീയം എന്തു തന്നെ ആയാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അതുപോലെ തന്നെ ശിക്ഷ ഇളവു ചെയ്യുവാനുള്ള അവകാശം മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തു ഗവണ്‍മെന്റ് തട്ടിയെടുത്തതും. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് സെക്ഷന്‍ 432(ഏഴ്) അനുസരിച്ച് വിചാരണ നടത്തിയ  സംസ്ഥാന ഗവണ്‍മെന്റ് ആണ് കുറ്റം നടന്ന സംസ്ഥാന ഗവണ്‍മെന്റല്ല ശിക്ഷ ഇളവ് പരിഗണിക്കേണ്ടത്. നീതിയുക്തമായ ഒരു വിചാരണയും വിധിയും ഗുജറാത്തില്‍ നടക്കുകയില്ലെന്ന് സുപ്രീം കോടതിക്കും ബോദ്ധ്യമായതുകൊണ്ടാണ് ബില്‍ക്കീസ് ബാനോ കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. അവിടെതന്നെയാണ് ഈ ശിക്ഷാവിധിയും ഉണ്ടായത്. അത് ഇളവു ചെയ്യുന്നതിന് ഗുജറാത്തു ഗവണ്‍മെന്റ് പരിഗണിച്ചത് സത്യമാണോ, നീതിയാണോ, രാഷ്ട്രീയമാണോ എന്ന് സമൂഹ മനസാക്ഷിയെ മഥിച്ചുകൊണ്ടിരിക്കും. ശിക്ഷ ഇളവു ചെയ്ത സംസ്ഥാന ഗവണ്‍മെന്റിന്റെ കമ്മറ്റിയില്‍ ബി.ജെ.പി.യുടെ എം.എല്‍.എ.മാര്‍ ഉള്‍പ്പെടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നതും ഇവിടെ കണക്കാക്കണം. ഏതായാലും ശിക്ഷ ഇളവു ചെയ്തരീതി സംബന്ധിച്ച്, അതിന്റെ നടപടിക്രമത്തെക്കുറിച്ച് ഉള്ള വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് മറുപടി നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ചുള്ള ഫയല്‍ നോട്ടിംങ്ങ്‌സ്, കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി, ശിക്ഷാഇളവിനായി തടവുകാരെ തെരഞ്ഞെടുത്തതിനുള്ള മാനദണ്ഡം, എന്നിവയാണ് വിവരാവകാശ നിയമപ്രകാരം അന്വേഷിക്കപ്പെട്ടത്. ഒന്നിനും മറുപടി ഇല്ല. 2023 ജനുവരിയിലും ഓഗസ്റ്റിലും രണ്ടു ഘട്ടങ്ങളിലായി തടവുകാരെ ഇനിയും മോചിപ്പിക്കുമെന്നാണ് അറിവ്. ഇതും സ്വാതന്ത്ര്യത്തിന്റെ മഹോത്സവം പ്രമാണിച്ച്. മറ്റൊരു രസകരമായ കാര്യം ശിക്ഷ ഇളവു ലഭിച്ച ഈ പതിനൊന്നു തടവുകാര്‍ 1000 ദിവസങ്ങളിലേറെ പരോളിലായി ജയിലിന് വെളിയിലായിരുന്നുവെന്നതാണ്. ഇതാണ് ഇവരുടെ രാഷ്ട്രീയ പ്രാധാന്യം. ഇവരുടെ ശിക്ഷ ഇളവു ചെയ്തപ്പോള്‍ ഗുജറാത്തു ഗവണ്‍മെന്റ് ഗോദ്ര തീവണ്ടി തീവെയ്പ്പ് കേസില്‍ ഉള്‍പ്പെട്ട് സുപ്രീം കോടതി വിധി കാത്തുകിടക്കുന്ന ന്യൂനപക്ഷ മതക്കാരായ തടവുകാരുടെ ജാമ്യം ഒരു കാരണവശാലും അനുവദിക്കാതിരിക്കുവാനുള്ള ശ്രമത്തിലാണ്. ഇവരില്‍ ചിലര്‍ വിചാരണതടവുകാരായി 18 വര്‍ഷത്തിലേറെ അഴിക്കുള്ളിലാണ്. ശിക്ഷ ഇളവു ചെയ്തതും ജാമ്യം നിഷേധിക്കുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നതും തെരഞ്ഞെടുപ്പു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം ആണ്.

ശിക്ഷ ഇളവു ചെയ്യുവാനുള്ള അവകാശം സംബന്ധിച്ച റിവ്യൂ പെറ്റീഷന്‍ തള്ളിയ നിലക്ക് ശിക്ഷയുടെ കാര്യത്തിലും എന്തായിരിക്കും സുപ്രീം കോടതിയുടെ അന്തിമവിധിയെന്നത് പ്രധാനപ്പെട്ടതാണ്. ഗവണ്‍മെന്റും കോടതികളും ഇരയെ കൈവെടിഞ്ഞാല്‍ അവര്‍ക്ക് നീതി എവിടെ ലഭിക്കും?

Bilquis Bano Case and Administration of Justice by Gujarat Govt.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക