Image

വാൽതാരക വെണ്ണിലാവിൽ   (ഷാജു ജോൺ)

Published on 24 December, 2022
വാൽതാരക വെണ്ണിലാവിൽ   (ഷാജു ജോൺ)

ധനുമാസരാവും

ഈ കുളിരും  

തിരുപ്പിറവി തൻ 

മധുരസ്മരണകളെ  

തഴുകിയുണർത്തുന്നു  

സ്നേഹതുവാലയിലൊളിപ്പിച്ച    

പരിമളം പോൽ

തൂമഞ്ഞിനൊപ്പം 

 പടർന്നിറങ്ങുന്നു   


വാൽതാരക  വെണ്ണിലാവിൽ

വിദ്വാന്മാരുടെ വഴികളിലൂടെ 

ഇനിയുമൊരു യാത്ര പോകണം 

മാലാഖ വൃന്ദഗാനങ്ങൾ 

ഇടയമനസുകളിലെന്നപോൽ 

ശാന്തി തൻ സന്ദേശമെൻ  

കാതിൽ പകരേണം  

  
കുട്ടിമനസ്സുകളിൽ വിടർന്ന  

ക്രിസ്തുമസ് നാളുകൾക്കരികെ 

ഇത്തിരി നേരമിരിക്കുവാൻ 

ആ  ചുറ്റുവട്ടത്തല്പം 

ചുറ്റിത്തിരിയുവാൻ 

മോഹം.... ഏറെ മോഹം  


മുള കീറിമിനുക്കി മെനഞ്ഞ

നക്ഷത്രവിളക്കുകൾ   

മണ്ണെണ്ണ വെട്ടത്തിൽ

മിന്നി തിളക്കി           

മുറ്റത്തെ മൂവാണ്ടൻ 

മാവിൽ കൊരുത്തതും    


പാടവരമ്പിലെ പശമണ്ണും 

തൊടിയിലെ പുൽനാമ്പും,

നടയിലെ ചെടിക്കമ്പും ,

കൂടെയെന്നുള്ളിൽ വിരിഞ്ഞ   

വർണ്ണസ്വപ്നങ്ങളും ചേർത്ത്   

ചേലൊറ്റ പുൽക്കൂട് തീർത്തതും 


പെട്രോൾമാക്സിന്റെ 

മങ്ങിയ വെട്ടത്തിൽ  

തപ്പിന്റെ താളവും 

പപ്പാഞ്ഞി മുഖവുമായ്   

പാതിമയക്കത്തിൽ 

പൈതൽ മാലാഖമാർ ,

ക്രിസ്തുമസ്  കരോളിൻ 

 ഭാവ ഗാനങ്ങളാൽ

സ്വരരാഗ ലായതാള

മേളം ചമച്ചതും         

 

പുതുമണമൂറുന്ന 

 പുത്തനുടുപ്പിട്ടു  

പതിരാ കുർബാനക്ക്

അപ്പന്റെയൊപ്പം 

തെളിദീപമെണ്ണി 

നടന്നൊരാ രാത്രിയിൽ 

തിരുപ്പിറവിയിൻ 

രൂപമെഴുന്നള്ളും നേരം  

ഉലകിനൊപ്പം 

എന്നുയിരിലും    

ഉണ്ണി പിറന്ന നാൾ   

 

പാലപ്പവും ഒപ്പം

താറാവിൻ മപ്പാസ്സും 

കൂടെയെന്നമ്മതൻ

സ്നേഹകരുതലും   

കൂട്ടികുഴച്ചു കഴിച്ചതിൽ

ആത്മനിർവൃതി പൂണ്ട

 ദിവ്യ ദിനങ്ങൾ 

 

കൊതിയൂറും ക്രിസ്തുമസ് 

കേക്കിന്റെ രുചിയും 

ചെന്നിറം പൂണ്ടൊരാ 

വൈനിന്റെ മണവും 

ഇന്നുമെൻ ചിന്തയിൽ 

ആറാടി തിമിർക്കുന്നു 


ഓർമ തൻ ചെപ്പിൽ 

ഒളിപ്പിച്ചു വെക്കുവാൻ 

ഒരു കോടി  സ്വപനങ്ങൾ 

തന്നൊരാ നാളുകൾ

ഇനിയുമെത്തുവാൻ 

ഏറെ കൊതിക്കുന്നു 

 വഴി കാട്ടുവാൻ ഇനിയും  

വാൽ താരകം തേടുമീ-   

 ഏകാന്തപഥികൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക