പബ്ലിക് പ്രോസിക്യൂട്ടര്‍ കാശാ സിറിയന്‍ തന്റെ ജോലിയില്‍ ഒരിക്കലും സംതൃപ്തനായിരുന്നില്ല. ചെറുപ്പം മുതലേ പക്ഷിമൃഗാദികളോട് ഏറെ കമ്പമുണ്ടായിരുന്ന കാശയ്ക്ക് ഒരു മൃഗഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ നിയമം പഠിക്കുവാന്‍ നിര്‍ബന്ധിതനാക്കി. താല്പര്യ കുറവുകൊണ്ടാകാം അതില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. പൊതുവേ പ്രധാനപ്പെട്ട കേസുകളെല്ലാം തന്റെ സീനിയേഴ്‌സ് ആയിരിക്കും കൈകാര്യം ചെയ്യുക. കേസുകള്‍ നീട്ടിവെയ്ക്കുക, കേസിലെ സാക്ഷികളെ ബന്ധപ്പെട്ടശേഷം അവരെ മൊഴി പഠിപ്പിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഹോംസിന്റെ പ്രത്യേക താല്‍പര്യം കൊണ്ടാണ് ജൂദാസിന്റെ കേസ് സ്വതന്ത്രമായി വാദിക്കുവാനുള്ള ചുമതല കാശാ സിറിയനു ലഭിച്ചത്. ഹോംസിന് അങ്ങനെ താല്പര്യം വരാന്‍ രണ്ടു കാരണമുണ്ടായിരുന്നു. ഒന്ന് ഇതൊരു Open and Shut - കേസ് ആണ്. അതുകൊണ്ടുതന്നെ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. തന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് കാശാ സിറിയാനെ ഉപയോഗിക്കാമെന്ന് ഹോംസിനു ബോദ്ധ്യമുണ്ടായിരുന്നു. രണ്ടാമതായി, ഈ കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് ഹോംസിന് നിര്‍ബന്ധമുണ്ടായിരുന്നു. കാശാ സിറിയന് നിലവില്‍ യാതൊരു കേസും ഇല്ലാത്തതുകൊണ്ട്, തുടര്‍ച്ചയായി വാദം നടത്തുവാന്‍ JBIയ്ക്കു കഴിയും. അതേസമയം കാശാ സിറിയന്‍, ഈ കേസ് തനിക്കു ലഭിച്ച സുവര്‍ണ്ണാവസരമാണെന്ന് തിരിച്ചറിഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഈ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് യാതൊരു പാളിച്ചയും വരരുത് എന്ന് കാശായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാശായ്ക്ക് ഇതൊരു ജീവന്‍മരണ പോരാട്ടമായിരുന്നു. അതിന്റെ എല്ലാ ഗൗരവത്തോടും കൂടിയാണ് കാശാ സിറിയന്‍ ഈ കേസ് കൈകാര്യം ചെയ്തത്.
പത്രോസച്ചനെ അടുത്ത വിസ്താരത്തിന് 2 മണിക്കൂര്‍ മുമ്പെങ്കിലും തന്റെ ഓഫീസില്‍ എത്തിക്കണമെന്ന് കോണ്‍സ്റ്റബിളിനോട് ചട്ടം കെട്ടിയശേഷം മറ്റു സാക്ഷികളുടെ വിവരങ്ങള്‍ കാശാ മറിച്ചുനോക്കി. ചിതറിപ്പോയ ശിഷ്യന്മാരില്‍ ഇനി 3 പേരെകൂടി വിസ്തരിക്കേണ്ടതുണ്ട്. തന്റെ കൈയ്യിലുള്ള ഫയലിലെ പേരുകളിലൂടെ കാശാ ഒന്നു കണ്ണോടിച്ചു.
വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും തൊഴിലാക്കിക്കൊണ്ട് സഞ്ചരിക്കുന്ന ഫാ. മാത്യു മറ്റംപറമ്പില്‍ എന്ന മത്തായി.
ദൈവവചനം എന്ന ഉല്പന്നത്തെ ആധുനിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തീര്‍ക്കുന്ന കെ.പി. മാര്‍ക്കോസ് എന്ന മാര്‍ക്ക്.
ഇരുണ്ട ഭുഖണ്ഡത്തിലെ കിരാതരായ ആദിവാസികളെ തന്റെ മാസ്മര ശക്തിയാല്‍ അനുയായികളാക്കി രാഷ്ട്രീയവല്‍ക്കരിച്ച് അധികാരികളുമായി വിലപേശിയിരുന്ന ബിഷപ്പ് ലൂ എന്ന ലൂക്കോസ്.
ടെലഫോണ്‍ ബെല്‍ കാശായെ തന്റെ വായന പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
ഫയല്‍ അടച്ചുവച്ചതിനുശേഷം ടെലഫോണെടുത്ത കാശായ്ക്ക് അങ്ങേത്തലയ്ക്കലെ ശബ്ദം കേട്ടയുടന്‍ തന്നെ അത് ഹോംസ് ആണെന്നു മനസ്സിലായി. പത്രോസിന്റെ എതിര്‍വിസ്താരം മാറ്റിവയ്ക്കാന്‍ അനുവദിച്ചത് ബുദ്ധിമോശമായിപ്പോയെന്നു ഹോംസ് പറഞ്ഞു. എതിര്‍വിസ്താരത്തില്‍ വന്നേക്കാവുന്ന എല്ലാ ചോദ്യങ്ങളും ഒരാവര്‍ത്തികൂടി പത്രോസിനെ പറഞ്ഞു പഠിപ്പിക്കണമെന്നും അടുത്ത സാക്ഷികളെ ക്രമപ്രകാരം ഓഫീസില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് താന്‍തന്നെ ചെയ്‌തോളാമെന്നും പറഞ്ഞതിനുശേഷം ഹോംസ് ടെലഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.
താനിനി ചെയ്യേണ്ട കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ എന്തുകൊണ്ടോ കാശായ്ക്ക് തന്റെ ബാല്യകാലം ഓര്‍മ്മവന്നു. ജ്യേഷ്ഠന്‍ തന്റെ വളര്‍ത്തു തത്തയെ സംസാരിക്കുവാന്‍ പഠിപ്പിക്കുന്ന രംഗം തെല്ലൊരു വിഷമത്തോടെ കാശാ ഓര്‍ത്തു. പീഡനങ്ങള്‍ ഏല്പിച്ച് ആ മിണ്ടാപ്രാണിയെ പഠിപ്പിക്കുന്ന ചേട്ടനെ കാശാ എപ്പോഴും വെറുത്തിരുന്നു. ഇപ്പോള്‍ തനിക്കും അതേപോലെ തന്നെ ചെയ്യേണ്ടിയിരിക്കുന്നു. കാശായ്ക്ക് തന്നോട് തന്നെ നീരസം തോന്നി.