ഇന്നലെകളിലെ ചരിത്രപരമായ തെറ്റുകള്‍ തിരുത്തുവാനുള്ള വ്യഗ്രതയോടെ സംഘപരിവാര്‍ നടത്തുന്ന യാത്ര തുടരുകയാണ്. അതില്‍ ഒന്നായിരുന്നു അയോദ്ധ്യ. അവിടെ നിയമം കയ്യിലെടുത്തുകൊണ്ടുള്ള കയ്യാങ്കളി ആയിരുന്നു(1992 ഡിസംബര്‍ 6). ഇപ്പോള്‍ വരണാസിയും മഥുരയും ആണ് സംഘപരിവാറിന്റെ അജണ്ടയില്‍ ഉള്ളത്. ഇവിടെ പ്രാരംഭമായി നിയമയുദ്ധം ആണ് അയോദ്ധ്യയിലും ആരംഭം അങ്ങനെതന്നെ ആയിരുന്നു. ഇതെല്ലാം അരങ്ങേറുന്നത് പരിവാറിന്റെ 'സാംസ്‌കാരിക ദേശീയത' എന്ന ബാനറിനു കീഴിലാണ്. ഇതുതന്നെയാണ് ഡിസംബര്‍ ഇരുപത്തി ആറാം തീയതി ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്: ഇന്നലെകളിലെ ചരിത്രപരമായ തെറ്റുകള്‍ തിരുത്തി ഇന്‍ഡ്യയുടെ മഹത്തായ പാരമ്പര്യം വീണ്ടെടുക്കണം. അയാദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത് രാമജന്മഭൂമി വീണ്ടെടുത്ത് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുക വഴി വലിയ ഒരു കടമ്പ കടന്നു. അടുത്തത് കാശിവിശ്വനാഥക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണജന്മഭൂമിയിലെയും അധിനിവേശ കയ്യേറ്റങ്ങള്‍ വീണ്ടെടുക്കുകയാണ്. വാരണാസിയില്‍(കാശി) കോടതി സര്‍വ്വെ ഓര്‍ഡര്‍ ചെയ്തു ഇതിനുള്ള പ്രക്രിയക്ക് ആരംഭമിട്ടു. രണ്ടിടത്തും മസ്ജിദുകള്‍ ആണ് പൊളിച്ചുനീക്കുവാനുള്ള ലിസ്റ്റില്‍.
ഡിസംബര്‍ ഇരുപത്തി ഏഴിനാണ് മഥുരയിലെ ഒരു കോടതി സര്‍വ്വെ നടത്തുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരായ ഹിന്ദുസേനയുടെ വാദപ്രകാരം മഥുരയിലെ ഗ്രാന്റ് മോസ്‌ക് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണജന്മഭൂമിയിലാണ്. ഇത് അവിടെ പണികഴിച്ചത് 1669-70-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ആജ്ഞ അനുസരിച്ചാണ്. ഈ മസ്ജിദ് ഇവിടെ നിന്നും പൊളിച്ചു മാറ്റണമെന്നാണ് ഹിന്ദുസേനയുടെ ആവശ്യം. ഇതിനെ സ്വാഭാവികമായും മസ്ജിദിന്റെ ഭാരവാഹികള്‍ എതിര്‍ക്കുകയാണ്. മഥുരകോടതിയുടെ ഉത്തരവ് അനുസരിച്ച് മസ്ജിദിന്റെ സര്‍വ്വെ ജാനുവരി ഇരുപതിനുള്ളില്‍ തീര്‍ന്നിരിക്കണം. വാരണാസിയിലെ സര്‍വ്വെ വളരെയധികം സാമുദായിക സംഘര്‍ഷം ഉളവാക്കിയതാണ്. സര്‍വ്വെ സ്റ്റേ ചെയ്യിക്കുവാനായി മസ്ജിദിന്റെ ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. സര്‍വ്വെയെ തുടര്‍ന്ന് മസ്ജിദിന്റെ ഉള്‍ഭാഗത്തുനിന്നും ഒരു ശിവലിംഗം കണ്ടെടുത്തതായി വിവാദം ഉണ്ട്. ഇങ്ങനെയാണ് ഈ മസ്ജിദ് കാശി വിശ്വനാഥക്ഷേത്രം കയ്യേറി അധിനിവേശക്കാരായ മുസ്ലീം ഭരണാധികാരികള്‍ സ്ഥാപിച്ചതാണെന്ന് സ്ഥാപിക്കുവാന്‍ ഹിന്ദുസേന ശ്രമിക്കുന്നത്. കേസ് ഇപ്പോഴും കോടതിയില്‍ തന്നെയാണ്.
മഥുരയിലെ പരാതിപ്രകാരം അവിടത്തെ ഗ്രാന്റ് മസ്ജിദ് പണികഴിപ്പിച്ചതു കത്രകേശവ്‌ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലം കയ്യേറിയിട്ടാണ്. 1968-ല്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാനം ഷാഹി ഈദ് ഗ മസ്ജിദ് മാനേജ് മെന്റും തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും ഹിന്ദുസേന ഇത് അംഗീകരിക്കുന്നില്ല. ഈ ഉടമ്പടിക്ക് നിയമസാധുത ഇല്ലെന്നും ഇങ്ങനെ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് അധികാരമില്ലെന്നും ആണ് സേനയുടെ വാദം. കാരണം ഈ കരാര്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. മഥുര കേസിലും വാരണാസിപോലെ സുപ്രീംകോടതിയില്‍ നിന്നും സ്‌റ്റേ കിട്ടുവാന്‍ സാദ്ധ്യതയില്ല. വാരണാസിയിലെയും മഥുരയിലെയും ക്ഷേത്ര-മസ്ജിദുകള്‍ 1991-ലെ ആരാധനാലായ നിയമത്തിനു കീഴില്‍ വരുന്നതാണ്. ഈ നിയമം നിര്‍മ്മിച്ചത് അയോദ്ധ്യ തര്‍ക്കം കൊടുമ്പിരിക്കൊണ്ടു നിന്നതിന്റെ പശ്ചാത്തലത്തില്‍ ആണ്. പി.വി.നരസിംഹറാവും ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. ബാബരി മസ്ജിദ് ഈ നിയമത്തിന്റെ പരിധിയില്‍ വന്നില്ല. കാരണം അത് കേസില്‍ ഉള്‍പ്പെട്ടിരിക്കുകയായിരുന്നു അപ്പോള്‍. ഈ നിയമപ്രകാരം പുരാതനമായ ആരാധനാലയങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തുവാനോ അവയുടെ മതപരമായ സ്വഭാവം തുടരുകയും ചെയ്യണം, അവ 1947, ഓഗസ്റ്റ് 15-ന് എങ്ങനെ ആയിരുന്നുവോ അതുപോലെ. ഈ നിയമത്തെ അയോദ്ധ്യ വിധി വേളയില്‍ സുപ്രീംകോടതി വാനോളം പുകഴ്ത്തിയതാണ്. ഈ നിയമം ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആധാരശിലയായ മതനിരപേക്ഷതയനുസരിച്ചുള്ളതാണെന്ന് കോടതി പ്രശംസിച്ചു. ഇപ്പോള്‍ ഈ നിയമം തന്നെ സുപ്രീം കോടതി മുമ്പാകെ മറ്റൊരു പരാതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയ നിയമത്തെ അന്നു പ്രതിപക്ഷമായിരുന്ന ബി.ജെ.പി. നഖശിഖാന്തം എതിര്‍ത്തിട്ടുള്ളതാണ്. ഇപ്പോള്‍ സുപ്രീംകോടതി ബി.ജെ.പി. ഗവണ്‍മെന്റിനോടാണ് നിയമത്തെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസം. ഈ സുപ്രധാനമായ നിയമത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വാദമുഖം അനുസരിച്ചു ഇത് ഒരു ജുഡീഷ്യല്‍ റിവ്യൂ തടയുന്നു. ഭരണഘടനയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവമാണ് റിവ്യൂ. ആരാധനാലയനിയമം ഏകപക്ഷീയമായി, യാതൊരു ന്യായീകരണവും ഇല്ലാതെ ഒരു കട്ട് ഓഫ് തീയതി അടിച്ചേല്‍പിക്കുകയാണ്. ഇത് ഹിന്ദുക്കളുടെയും ജയിനന്മാരുടെയും ബുദ്ധിസ്റ്റുകളുടെയും സിക്കുകാരുടെയും മതപരമായ അവകാശത്തെ വെട്ടിച്ചുരുക്കുന്നു, നിയമവിരോധികള്‍ വാദിക്കുന്നു.
മഥുരയിലെ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയോട് തൊട്ടുചേര്‍ന്നാണ്. ഈ മസ്ജിദിന്റെ അടിയില്‍ ഠാക്കൂര്‍ കേശവ്‌ദേവ് മന്ദിരത്തിലെ പ്രദാന വിഗ്രഹം കിടക്കുന്നുണ്ടെന്നും അമ്പലം കയ്യേറി മസ്ജിദ് പണിതതിന്റെ തെളിവാണിതെന്നും വാദിക്കുന്നു. സര്‍വ്വെയുടെ ലക്ഷ്യങ്ങളില്‍ ഒന്ന് ഈ വിഗ്രഹം കണ്ടെടുക്കുക എന്നുള്ളതാണ്. പരാതിക്കാരുടെ ആവശ്യം മസ്ജിദ് അവിടെനിന്നും പൊളിച്ചു മാറ്റി അത് സ്ഥിതിചെയ്യുന്ന ഭൂമിയുടെ അവകാശം വീണ്ടെടുക്കുക എന്നുള്ളതാണ്.
ആരാധനാലയ നിയമത്തെ പേരെടുത്തു പരാമര്‍ശിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് ഇവിടെ പ്രത്യേകം ശ്രദ്ധേയം ആണ്. ഒരു നിയമവും കോടതിയുടെ പരിശോധനക്ക് മുകളിലല്ല എന്നാണ് ഷാ പറഞ്ഞത്. ഇത് ഗവണ്‍മെന്റിന്റെ മനസ് വ്യക്തമാക്കുന്നു. ഈ നിയമം നിലനില്‍ക്കുവാനോ അല്ലെങ്കില്‍ ഇന്നത്തെ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുവാനോ അല്ലെങ്കില്‍ ഇന്നത്തെ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുവാനോ സാദ്ധ്യത കുറവാണ്.
ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത് 1192 മുതല്‍ മുസ്ലീം അധിനിവേശക്കാരും കോളനി ഭരണക്കാരും ധാരാളം ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്ത് അവരുടെ മതത്തിന്റെ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വീണ്ടെടുക്കണം. ബി.ജെ.പി. എം.പി. ആയ ഡോ.സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത് കാശിയും മഥുരയും എങ്കിലും ആരാധനാലയ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം. പക്ഷേ, തീവ്രഹിന്ദുത്വവാദികള്‍ ഇതിനും തയ്യാറല്ല. ഇവര്‍ക്ക് 1192 മുതല്‍ തുടങ്ങണം ഈ വീണ്ടെടുക്കലും ചരിത്രത്തോടുള്ള പ്രതികാരവും. ചരിത്രത്തോടുള്ള ഈ പ്രതികാരം ഒരു തരം നിഴല്‍ യുദ്ധം ആണ്. ഔറംഗസേബും കോളനി ഭരണക്കാരും എല്ലാം മണ്‍മറഞ്ഞു. ഇനി അവശേഷിക്കുന്നത് സ്വതന്ത്ര ഇന്‍ഡ്യയിലെ പൗരന്മാരാണ്. ഇവരോടും ഇവരുടെ ആരാധനാലയങ്ങളോടും ആര്‍ക്കു പകവീട്ടണം? ഇത് ന്യായയുക്തമാണോ? അവസാനമില്ലാത്ത ഈ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങള്‍ക്ക് ഒരു ഫുള്‍സ്റ്റോപ്പ് ഇടുവാനാണ് ഇതുപോലുള്ള നിയമപരമായ ഇടപെടല്‍. ഇത് അംഗീകരിക്കുന്നതാണ് സമാധാനപരവും സൗഹാര്‍ദ്ദപരവുമായ ജീവിതത്തിന് ഒരു ജനതക്ക് അഭികാമ്യം.
The Sangha Parivar's shadow war on history continues.