ഒരു മുറിക്കുള്ളില്‍ കളിക്കുന്ന കുഞ്ഞിനെ
ഒരു ദിനം ഞാന്‍ കൌതുകത്തോടെ നോക്കവെ
നിര്‍മ്മല പുഞ്ചിരി തൂകുന്ന പൊന്‍ മുഖം
ദിവ്യമാം ചൈതന്യ ഭാവമായ് കണ്ടു !
ഏകനായ് കേളി ചെയ്യുന്നൊരാ പൈതലിന്
മേല്‍ത്തരമാം കളിപ്പാട്ടങ്ങളത്രയും
ഉടയവനാരുമേ ഇല്ലയതെന്നപോല്
ചുറ്റും ചിതറിക്കിടന്നിരുന്നു !
വര്‍ണ്ണ പ്രഭ വിതറീടും കളിപ്പാട്ടം
എണ്ണത്തിലേറെയുണ്ടെന്നാകിലും
നിഷ്പ്രഭം വേറെ ചിലതിനെയും ഒപ്പം
ഇഷ്ടമോടെ അവന് ചേര്‍ത്തു വയ്ക്കുന്നു !
ഏറെ വികൃതമതെങ്കിലും പലതിനെ
വേറിട്ട കൌതുകത്തോടെ സൂക്ഷികവെ
വേറെ ചിലതതിസുന്ദരമെങ്കിലും
വേഗത്തില്‍ അര്‍ഭകന്‍ എറിയുന്നു ദൂരെ !
എന്തിനീ കുഞ്ഞിങ്ങനെ ചെയ്വതെന്നു ഞാന്‍
ചിന്തിച്ചതിന് പൊരുള്‍ തിരയുന്ന നേരം
കണ്ടു ഞാന്‍ മാനവ ചിന്തയ്ക്കതീതനാം
സര്വ്വജ്ഞനീശ്വര രൂപമാ പൈതലില്‍,
വ്യക്തം പരിമിതിക്കുള്ളില്‍ നിയോഗിച്ച
മര്ത്ത്യരായാ കളിപ്പാട്ടങ്ങളെയും !!
*************