ബോലുവിന്റെ കൂട്ടുകാരെല്ലാം ക്രിക്കറ്റിൽ മുഴുകിയപ്പോൾ ബോലുമാത്രം ബോളുകളിയിൽ ഭ്രാന്തനായി, കാലിൽ കിട്ടിയതെല്ലാം ബോളായി തട്ടുക എന്ന ഭ്രാന്തിൽ എത്തിയപ്പോഴാണ് ബോലുവിന്റെ അച്ഛൻ ബാലു അവന് ഒരു ബോള് വാങ്ങിക്കൊടുത്തത്. കാല് കൊണ്ട് തട്ടാൻ ബോള് കിട്ടിയതിൽ പിന്നെ ബോലു ഒന്നും കൈ കൊണ്ട് തൊടാതായി. പുസ്തകവും പേനയും മാത്രമല്ല , ഭക്ഷണം പോലും !
ബോലുവിന് ബോള് വാങ്ങിക്കൊടുത്ത ബാലുവിനെ ബാലുവിന്റെ ഭാര്യ ബീലി ബല്ലാതെ ബഴക്ക് ബറഞ്ഞു !
ബീലിയുടെ ബഴക്ക് കേട്ട ബാലു ബോലുവിന്റെ കയ്യിൽ നിന്നും ബോള് വാങ്ങി അടുപ്പിലിട്ടു,
ബോലു അച്ഛനും അമ്മയും സ്വന്തം അച്ഛനുമമ്മയുമല്ലെന്ന് പ്രഖ്യാപിച്ച് അച്ഛാച്ഛന്റെയും അമ്മമ്മയുടെയും കൂടെ കിടന്നുറങ്ങി.
അപ്പോഴാണ് ടീവിയിൽ ലോകകപ്പ് ഫുട്ബോൾ വന്നത്.
കളി കണ്ട് കൊണ്ട് കളിക്കാരനാവാനുള്ള മഹാഭാഗ്യം ഗോളിക്കേയുള്ളൂ എന്ന് ഭൂലോകബോളുകളിയിൽ നിന്ന് ഈലോകബോലുവിന് മനസ്സിലായി.
ഈലോകബോലു ഉടൻ ആലോകബോളുകളിയിലെ ആഗോളഗോളികളെയെല്ലാം ഈ ഗോളത്തിലിരുന്ന് സൂക്ഷ്മമായി വിലയിരുത്താൻ തുടങ്ങി. ഒടുവിൽ ഈഗോളബോലു ഈ ഗോളഗോളിയാവാൻ തീരുമാനിച്ചു.
ഗോളിമാരിടുന്ന ജേൾസിക്ക് ഏത് നിറവുമാകാം എന്നത് ബോലുവിനെ സന്തോഷിപ്പിച്ചു. അവൻ അച്ഛൻ ബാലുവിനോട് നീലയും വെള്ളയും പച്ചയും മഞ്ഞയും ചോപ്പും ജേൾസി വാങ്ങാൻ പറഞ്ഞു. അമ്മ ബീലി അവൻ പറഞ്ഞ എല്ലാ നിറങ്ങളും ഒന്നായി തുന്നിക്കൊടുത്തു.
സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടന്നപ്പോൾ അഞ്ച് സീ ക്ളാസിന്റെ ഗോളിയാവാൻ അവൻ ക്ളാസ് ടീച്ചറോടും സഹപാഠികളോടും കരഞ്ഞ് കാല് പിടിച്ചു.
നീളവുമില്ല. വണ്ണവുമില്ല. ബോള് പിടിക്കാൻ കഴിയുന്നുമില്ല. കളിയിൽ നല്ല ശ്രദ്ധയുമില്ല.
ഇവനെ ഗോളിയാക്കിയാൽ ടീം തോറ്റതു തന്നെ.
എന്നാൽ സംഭവിച്ചത് അതല്ല . അഞ്ച് സി പെനാൾട്ടി ഷൂട്ടൗട്ടിൽ സെമി ഫൈനലിലെത്തി.
കാരണമെന്തന്നല്ലേ ?
ഗ്രൂപ്പ് മത്സരത്തിന്റെ ഒന്നാം ഷൂട്ടൗട്ടിൽ തന്നെ ആറ് സി യുടെ ഷൂട്ടിനെ പ്രതിരോധിക്കാൻ നിന്നത് ഗോളി ബോലു.
ഷൂട്ട് ചെയ്തവൻ ആഞ്ഞൊരടി,
ബോളിനോടൊപ്പം ഗോൾവലയിൽ പോയി വീണത് ഗോളിയും.
വീഴ്ച്ചയിൽ കയ്യൊടിഞ്ഞ് എല്ലുപൊട്ടി.
അഞ്ചു സി തന്നെ കപ്പും നേടി.
ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂളിലെത്തിയ ബോലുവിനെ സഹപാഠികൾ അഭിനന്ദിച്ചു.
ബോലൂ.. നീയാണ് താരം. ഗോള് രക്ഷിക്കാൻ ശ്രമിച്ച് ബോളിനോടൊപ്പം നീ വലയിൽ പോയി വീണില്ലായിരുന്നെങ്കിൽ ... ഹോ , ഞങ്ങൾക്ക് ആലോചിക്കാൻ കൂടി വയ്യ. പിന്നീട് എല്ലാ ഗെയിമിനും ഞങ്ങൾ മാറി മാറി നിന്ന് ബോള് സെയ് വ് ചെയ്തു.