Image

പ്രതീക്ഷകൾ അതെല്ലേ എല്ലാം!!! പ്രതീക്ഷകൾ ഇല്ലാതെ പിന്നെ എന്ത് ന്യൂ ഇയർ (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 31 December, 2022
പ്രതീക്ഷകൾ അതെല്ലേ എല്ലാം!!! പ്രതീക്ഷകൾ ഇല്ലാതെ പിന്നെ എന്ത് ന്യൂ ഇയർ (ശ്രീകുമാർ ഉണ്ണിത്താൻ)

പുത്തൻ പ്രതീക്ഷകളും പുതിയ ഉണർവ്വുമായി 2023  ഇതാ നമ്മുടെ പടിവാതിലിൽ എത്തിനിൽക്കുന്നു.
മുൻ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസിൽ നിലനിര്‍ത്തി, മോശമായവയെ തുടച്ചുനീക്കിയാണ്   ഓരോരുത്തരും പുതുവർഷത്തെ  വരവേൽക്കുന്നത് . പുതുവര്‍ഷം എന്നത്  പ്രതീക്ഷാനിര്‍ഭരമായ ഒരു കാത്തിരിപ്പാണ്‌ . അതെ പ്രതീക്ഷകൾ   അതുതന്നെയല്ലേ  ഒരു മുഷ്യജീവിതത്തിൽ നമുക്കുള്ളത്!!! പ്രതീക്ഷകൾ ഇല്ലാത് പിന്നെ എന്താണ് ഒരു ജീവിതം!!!

നമ്മുടെ ജീവിതത്തിനു ഏറ്റവും പ്രചോദനം പകരുന്ന ഒന്നാണ് പ്രതീക്ഷകൾ. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ സമയം ശരിയാവും അല്ലെങ്കിൽ ജീവിതം ശരിയാകും  എന്ന പ്രതീക്ഷയാണ്   നമ്മളെ ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് .   അതുകൊണ്ടുതന്നെ ജീവിതത്തിൽ  നല്ല പ്രതീക്ഷകൾ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു ആവിശ്യവുമാണ്. ജീവിതത്തിൽ ഒരു പ്രതീക്ഷയും  ഇല്ലെങ്കിൽ പരാജയം സമ്മതിച്ചു പൂർണമായി പിന്തിരിയുകയും ചിലപ്പോൾ ജീവിതത്തോട്  തന്നെ വെറുപ്പ് തോന്നുകയും  ചെയ്തേക്കാം.

നമ്മുടെ സമയവും  ശരിയാവും എന്ന് നാം തന്നെ പലപ്പോഴും പലരിൽ നിന്നും പറഞ്ഞു കേൾക്കാറുണ്ട് , അതു പോലെ തന്നെ നമ്മളും പലപ്പോഴും ഇത് നമ്മുടെ സുഹൃത്തുക്കളോടും മറ്റും പറയാറുണ്ട് എല്ലാത്തിനും  ഒരു സമയമുണ്ട്, എല്ലാം ശരിയാകും.   കൂരിരുട്ടിൽ കാണുന്ന ഒരു മെഴുകുതിരി വെട്ടം എങ്ങനെയാണോ അതുപോലെയാണ് പ്രതീക്ഷകൾക്ക് ജീവിതത്തിൽ ഉള്ള സ്ഥാനം. ആ പ്രതീക്ഷകൾ ആണ് ജീവിതം  വഴി മുട്ടി നിൽക്കുന്ന  ആളുകളെ പോലും  മുന്നോട്ടു നയിക്കുന്നത്.

പ്രതീക്ഷകൾ നഷ്‌ടപ്പെടുന്നവന് നിരാശയാണ് ഫലം.  ആ  നിരാശയാണ്  മനുഷ്യനെ പരാജയത്തിലേക്ക് തള്ളിവിടുന്നതും വിജയത്തിലേക്കുള്ള അവൻറെ മുന്നേറ്റത്തെ തടയുന്നതും ,ചിലപ്പോൾ നിരാശ ആത്മഹത്യയിലേക്ക് വരെ കൊണ്ടെെത്തിക്കാറുണ്ട്. നാളെ നമുക്ക് നല്ലത് വരും   എന്നുള്ള പ്രതീക്ഷയാണ് മനുഷ്യനെ ഇന്ന് എന്തെങ്കിലുമൊക്കെ നന്മ  ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ ഒരു പ്രതീക്ഷ ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം???

എന്റെ സമയം ശരിയല്ല, ഒന്നും ശരിയാവുന്നില്ല'  എന്റെ പ്രതീക്ഷകൾ എക്കെ അസ്തമിച്ചു എന്നൊക്കെ പറയുമ്പോൾ എന്റെ മുത്തശ്ശി  പറയാറുണ്ട്‌; ഓടാത്ത ക്ലോക്കിന്റെയും  ഒരു ദിവസത്തിൽ 2 തവണ സമയം ശരിയായിവരും  എന്ന കാര്യം.  ഒരു പ്രയോജനവും ഇല്ലെന്നു നാം കരുതിയ ആ ക്ലോക്കിന്റെ കര്യം  പോലും അത്തരത്തിൽ ചിന്തിച്ചാൽ ശരിയാണെന്നിരിക്കെ എന്തിനു നാം പ്രതീക്ഷ കൈവിടണം? നമ്മുടെ ചുറ്റും നല്ല സുഹൃത്തുക്കൾ അല്ലെങ്കിൽ നല്ല ബന്ധുക്കൾ   ഉണ്ടെങ്കിൽ നാം ഒരിക്കലും പരാജയപ്പെടില്ല മറിച്ചു ജീവിതത്തിന്  ഒരു പ്രതീക്ഷ  ഉണ്ടായേക്കാം എന്ന്  മുത്തശ്ശിയുടെ പറയാറുണ്ട്.

കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തും മനുഷ്യ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ ഉറപ്പാക്കാന്‍ സ്‌നേഹം ജൈവശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നു എന്നത് സത്യമാണ് .  സ്‌നേഹം ദീര്‍ഘമായി ക്ഷമിക്കുകയും ദയ കാണിക്കയും ചെയ്യുന്നു; സ്‌നേഹം അസൂയപ്പെടുന്നില്ല, സ്‌നേഹം അഹങ്കരിക്കുന്നില്ല, ആത്മപ്രശംസ നടത്തുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു അങ്ങനെ ജീവിതം പ്രതിക്ഷപുർവ്വം ആകുന്നു.

പ്രതീക്ഷകൾ ജീവിതത്തിൽ നമ്മെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അതിന്റെ മറുവശവും കാണാതിരുന്നു കൂടാ! പലപ്പോഴും നമ്മുടെ അമിത പ്രതീക്ഷകൾ നമ്മളെ വഴി തെറ്റിക്കാറുണ്ട്. അത്തരം പ്രതീക്ഷകൾ പലപ്പോഴും നമുക്ക് നല്കുന്ന വേദനകളും വലുതായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രതീക്ഷ ആഗ്രഹമോ,ആശയോ ആയി മാറാൻ ഒരുപാട് സമയം ആവശ്യമില്ല, അത്തരത്തിൽ ഉള്ള മാറ്റം പലപ്പോഴും നമ്മുടെ മനസ്സിന് മുറിവേൽക്കാൻ  മാത്രമേ കാരണമാകുന്നുള്ളൂ! ആ വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ പലപ്പോഴും കഴിയാറില്ല.

മഹാഭാരതത്തിൽ പറയുന്ന ഒരു വാക്യമുണ്ട് ' ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക' എന്ന്.  നാം അങ്ങനെ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നിരാശപ്പെടേണ്ടി വരില്ല എന്നതാണ് സാരം. പക്ഷെ നാം സാധാരണ    മനുഷ്യരല്ലേ അത്ര വിശാലമായി ചിന്തിക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല ! . ആരെയും നമ്മൾ  ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. നമുക്ക് ചുറ്റുമുള്ളവർ നമ്മൾ  നൂറു നല്ലകാര്യങ്ങൾ ചെയ്താലും  ഒരിക്കലും അവർ  സന്തുഷ്ടർ ആവുകയില്ല. ആരിൽനിന്നും നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതില്ല. നാം കർമ്മം ചെയ്താൽ വിജയം ഉറപ്പായും നമ്മെ തേടിയെത്തും.പല മത്സരങ്ങളിലും   ചിലർ ജയിക്കും ചിലർ തോൽക്കും അവിടെ ആശയപരമായ എതിർപ്പുകൾ കാണും പക്ഷെ സൗഹൃദങ്ങൾ ,ബന്ധങ്ങൾ കൈവിടാതെ കാത്തു സൂക്ഷിക്കുക എന്നത് പ്രധനമാണ്.

നമ്മുടെ ജീവിതത്തിൽ ഇന്ന് കാണുന്നവരൊന്നും എന്നും കാണണമെന്നില്ല. നാം എല്ലാം എല്ലാം എന്ന്  കരുതിയത്  വേർപെട്ട് പോകുബോൾ നാം നിരാശയിൽ കൂപ്പുകുത്തിയേക്കാം, അത് മനുഷ്യസഹജമാണ്. ആ  മുറിവുകൾ ഉണങ്ങുവാൻ  കാലങ്ങളോളം എടുത്തേക്കാം. അതുപോലെ  നമ്മെ ദ്രോഹിച്ചവരും
 ജീവിത്തൽ ഉണ്ടകാം എന്നാൽ നല്ല സുഹൃത്തുക്കൾ  നമ്മുടെ ഗുണവും ദോഷവും മനസ്സിലാക്കിഅവരെന്നും കൂടെയുണ്ടാവുമ്പോൾ, അവർ നല്കുന്ന പ്രതീക്ഷകൾ നമ്മുടെ ജീവിതത്തിനു വെളിച്ചം പകരുമ്പോൾ നമുക്ക് വിഷമം നല്കിയവരെ നാം ഓർക്കുന്നതെന്തിന്? അല്ലെങ്കിലും അവർ നമ്മുടെ നന്മക്ക് വേണ്ടിയല്ല കൂടെകൂടുന്നത് അവരുടെ ആവിശ്യങ്ങൾ നേടാൻ വേണ്ടി മാത്രമാണ്.

പക്ഷെ ജീവിതത്തിൽ പലപ്പോഴും ഒരു  തിരിഞ്ഞു നോട്ടം ആവശ്യമാണ്. കാരണം നല്ല ആളുകൾ നമുക്ക് സുഖമുള്ള ഓർമ്മകൾ  നല്കി പോകുബോൾ, മറ്റു ചില മനുഷ്യർ നമുക്ക് വിഷമം നല്കി വേദനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.   എല്ലാം അനുഭവങ്ങളാണ്,  ഒന്നാലോചിച്ചു നോക്കിയാൽ പലപ്പോഴും നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെയായിരിക്കും നമുക്കു  'പണി തന്നിട്ടുണ്ടാവുക.   നമ്മെ വിഷമിപ്പിച്ചവരെ മറക്കേണ്ട, കാരണം ജീവിതം എന്നത് റോസാപ്പൂ പോലെ അത്ര മനോഹരമല്ല, അതിനു താഴെയുള്ള മുള്ളുകൾ കൂടെ ഉള്ളതാണ് എന്ന് നമ്മെ ഓർമിപ്പിക്കാൻ അതുപകരിക്കും! പക്ഷെ അവരോടുള്ള വിദ്വേഷം മനസ്സിൽ സൂക്ഷിച്ചു നമ്മുടെ മനസ്സിനെ മലിനമാക്കേണ്ടതില്ല, കാരണം നമ്മുടെ മനസ്സിൽ അത്തരം ആളുകൾ സ്ഥാനം അർഹിക്കുന്നില്ല, മാത്രവുമല്ല അതിനായി നാം ഒരു നെഗറ്റീവ് എനർജി കൊണ്ട് നടക്കേണ്ട കാര്യവും ഇല്ല.  ഇന്നോ നാളെയോ അസ്തമിച്ചേക്കാവുന്ന വളരെ ലളിതമായ ഈ    ജീവിതത്തിൽ ഇത്തരം ഭാരങ്ങൾ നാം ചുമക്കുന്നതെന്തിന്?

നാം എത്ര മാത്രം ജീവിതത്തെ സ്നേഹിക്കുന്നോ, അതിലൂടെ മറ്റുള്ളവരെ സഹായിക്കുന്നോ അത്ര മാത്രം നന്മകൾ നമുക്കും ജീവിതത്തിൽ ഉണ്ടാകും എന്നാണ് പറയാറ്. നിബന്ധനകളില്ലാതെ, ആശയില്ലാതെ ജീവിതത്തെ സ്നേഹിക്കുക, വിഷമഘട്ടങ്ങളിൽ നാം മറ്റുള്ളവരെ സഹായിക്കുബോൾ നാം അവിടെ
 ദൈവത്തിന്റെ പ്രതിപുരുഷനായി  കർമ്മങ്ങൾ ചെയ്യുകയാണ്. . എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുക. എല്ലാം നല്ലതിന് എന്ന് പ്രത്യാശിക്കുന്നു!!!!

 നാം ഇങ്ങനെയെക്കെ പറഞ്ഞാലും , നല്ല വെളിച്ചത്തിൽ ഒരുപാടാളുകൾ  നമ്മുടെ കൂടെയുണ്ടാവും, എന്നാൽ നാം ഇരുട്ടിൽ അകപ്പെട്ടാൽ  നമ്മുടെ നിഴൽ പോലും കൂടെയുണ്ടാവില്ല എന്നതാണ് സത്യം!!!!!   നമ്മുടെ ചുറ്റുമുള്ളവർ  ഇരുട്ടത്ത് പ്രതീക്ഷയുടെ പ്രകാശം പരത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം .  അങ്ങനെ എല്ലാം പ്രതീക്ഷകൾ മാത്രം. പ്രതീക്ഷകൾ ഭാരമാകാതെ മുൻപോട്ടു പോകാൻ  ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

2022 ന്റെ  ഓർമ്മകൾക്ക്  ചിതയൊരുക്കി,നഷ്ട സ്വപ്നങ്ങളെ അതിൽ ദഹിപ്പിച്ച്, ശരീരം നഷ്ടപ്പെട്ട വേദനകളുടെയും കണ്ണീരിന്റെയും ആത്മാവിനു ബലിയിട്ട് പുതിയൊരു ജന്മം തേടി ഒരു യാത്ര.....
ആ യാത്രക്കൊടുവിൽ  ‍ പുത്തൻ പ്രതീക്ഷയും കുറെ സ്വപ്നങ്ങളുമായി  എനിക്ക് വീണ്ടും 2023 ൽ  പുനർജനിക്കണം. കുറെ അധികം പ്രതീക്ഷകളുമായി......

"ജീവിതമെന്നാൽ ഒരു പ്രതീക്ഷയാണ്, നേടാനും നഷ്ടപ്പെടാനും സാധ്യതയുള്ള പ്രതീക്ഷ"

പുതിയ ദിനം , പുതിയ വർഷം , പുതിയ തുടക്കം , പുതിയ പ്രതീക്ഷകൾ , സർവ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ ഈ പുതവത്സരം.  സ്നേഹത്തോടെ ഏവർക്കും  പുതുവത്സരാശംസകൾ'

# New Year Article by Sreekumar Unnithan

Join WhatsApp News
Abdul Punnayurkulam 2022-12-31 15:40:00
പ്രതീക്ഷകൾ   അതുതന്നെയല്ലേ  ഒരു മുഷ്യജീവിതത്തിൽ നമുക്കുള്ളത്!!! പ്രതീക്ഷകൾ ഇല്ലാത് പിന്നെ എന്താണ് ഒരു ജീവിതം!!! Yes, Unnithan expectation is everything. Wish you a prosperous and productive new year.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക