ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : പൗരോഹിത്യത്തിന്റെ അഗ്നിച്ചിറകുകള്‍ (തുടര്‍ച)
ജോര്‍ജ് നടവയല്‍Published on 01 August, 2012
"കേരളസഭാമാസിക"യുടെ പത്രാധിപരായിരുന്നു
മേലേപ്പുറത്തച്ചന്‍. ആളൂര്‍ ബെറ്റര്‍ ലൈഫ് സെന്ററില്‍ നിന്നുമായിരുന്നു
"കേരളസഭാമാസിക" പ്രസിദ്ധീകരിച്ചിരുന്നത്.
“കേരള സഭാ സെമിനാര്‍” എന്ന ചര്‍ച്ചാവേദി ഫാ.ജോണ്‍ മേലേപ്പുറത്തിന്റെ കേരള
സഭാ പ്രവര്‍ത്തനത്തിലെ അതിദീപ്തമായ അദ്ധ്യായത്തെ കുറിക്കുന്നു. നാനാ
വിഷയങ്ങളെ അധികരിച്ച് കേരള കത്തോലിക്കാ സഭയെ ഡയോസിസുകള്‍ക്കും
ഇടവകകള്‍ക്കും ദേശവിഭിന്നതകള്‍ക്കും ഉപരിയായി സെമിനാറുകളിലൂടെയും
ചര്‍ച്ചകളിലൂടെയും കൂടുതല്‍ കൂടുതല്‍ ആശയൈക്യപ്പെടുത്തുന്നതിനു ഫാ. ജോണ്‍
മേലേപ്പുറം തുടങ്ങിവെച്ചു തുടര്‍ന്ന “കേരള സഭാ സെമിനാറുകള്‍”
അഭൂതപൂര്‍വ്വം.
രാജ്യത്തിനും സമുദായത്തിനും സഭയ്ക്കും അമൂല്യ സേവനങ്ങള്‍ ചെയ്യുന്ന മഹത്
വ്യക്തികളെ ആദരിക്കുന്നതായി ആളൂര്‍ ബെറ്റര്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ "കേരള
സഭാ താരം അവാര്‍ഡുകള്‍ " തുടരാനായത് ഫാ.ജോണ്‍ മേലേപ്പുറത്തിന്റെ സാമൂഹിക
പ്രവര്‍ത്തകനിലെ ക്രാന്തദര്‍ശിക്ക് സൂക്ഷ്മ മാതൃകയാണ്.
കേരളത്തിലെ കത്തോലിക്കരുടെ അഭിമാന ബിന്ദുവായി ബെറ്റര്‍ ലൈഫ് സെന്ററിനെ
രൂപപ്പെടുത്തുന്നതിന് ജോണച്ചന്റെ അക്ഷീണ പ്രവര്‍ത്തനമാണ് കാരണമായത്.
ഇരിങ്ങാലക്കുട രൂപതയില്‍ നിറഞ്ഞു നിന്നിരുന്ന വൈദിക പ്രതിഭയായിരുന്നു
ഫാ.ജോണ്‍ മേലേപ്പുറം എന്ന് പ്രശസ്ത സീറോ മലബാര്‍ സോഷ്യോളജിസ്റ്റ് ഗ്രന്ഥ
കര്‍ത്താവ് ജോണ്‍ കച്ചിറമറ്റം "കേരള സഭാ പ്രതിഭകള്‍" എന്ന ബൃഹത്
ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1994 മുതല്‍ ഡിട്രോയിറ്റ്, ഡാളസ്, ഫ്‌ളോറിഡ, ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ ജോണച്ചന്റെ സേവനം കിടയറ്റത്.
ഡിട്രോയിറ്റിലെ സീറോ മലബാര്‍ ആത്മായ സമൂഹത്തെ ഒരുമിപ്പിച്ച് സീറോ മലബാര്‍
മിഷന്‍ സ്ഥാപിക്കുകയും 5 വര്‍ഷം ആ മിഷന്റെ അഡ്മിനിസ്‌ട്രേറ്ററായി പ്രേഷിത
പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. 1999 ജൂലായ് 1 ന് ഡാലസ് സീറോ
മലബാര്‍ മിഷനെ സീറോ മലബാര്‍ ഇടവകയാക്കി ഉയര്‍ത്തുവാന്‍ ജോണച്ചന്റെ
സേവനമാണുപകരിച്ചത്. ഫാ.ജേക്കബ് അങ്ങാടിയത്തായിരുന്നു അതുവരെ ആ റീജിയണിലെ
സീറോ മലബാര്‍ സമൂഹത്തിന്റെ അജപാലന ഉത്തരവാദിത്തവും ശുശ്രൂഷകളും
നിര്‍വ്വഹിച്ചിരുന്നത്. അദ്ദേഹം ചിക്കാഗോ ഇടവകയിലേക്ക് സ്ഥലം മാറി
പോയപ്പോള്‍ ഫാ. ജോണ്‍ മേലേപ്പുറത്തിനെയാണ് ഡാളസ് ഇടവക വികാരി ആയി
നിയമിച്ചത്.(അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മെത്രാന്‍ അജപാലന
ദൗത്യത്തിലേക്ക് നിയോഗിതനാകുന്നതിനു മുമ്പ് 15 വര്‍ഷം ഡാളസ് മേഖലയിലെ
വൈദികനായിരുന്നു.)
ഡാളസ് സീറോ മലബാര്‍ ഇടവകയ്ക്ക് പുരോഗതിയും ഇന്നത്തെ രൂപവും കൈവരിക്കാന്‍
കാരണമായത് ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ഭാവനാപൂര്‍ണ്ണമായ നേതൃപാടവമാണ്.
നാലര വര്‍ഷം ജോണച്ചന്‍ ഈ ഇടവകയില്‍ സേവനം അനുഷ്ഠിച്ചു. വേദപാഠത്തിന്
കൃത്യമായ പഠന ക്രമവും സിലബസ്സും രൂപകല്പന ചെയ്ത് നടപ്പാക്കിയത്
ജോണച്ചനായിരുന്നു. ഡാളസ് മലയാളം സ്‌ക്കൂളും ഫാ. ജോണ്‍ മേലേപ്പുറം
പടുത്തുയര്‍ത്തി.
2000 മാണ്ടു മുതല്‍ അമേരിക്കയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ക്കും
കുട്ടികള്‍ക്കും വിശുദ്ധ കുര്‍ബാനയില്‍ സജീവ ഭാഗഭാക്കാക്കുന്നതിനുള്ള
"വിന്‍ഡോ" തുറന്നുകൊണ്ട് സീറോ മലബാര്‍ കുര്‍ബാന അമേരിക്കന്‍ ഇംഗ്ലീഷ്
ഭാഷയിലേക്ക് ഫാ. ജോണ്‍ മേലേപ്പുറം പരിഭാഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ
ഭാഷാജ്ഞാനം, സംഗീതവ്യുല്പത്തി, തിയോളജിക്കല്‍ അവബോധം, ദീര്‍ഘ വീക്ഷണം,
വിദ്യാഭ്യാസ ദര്‍ശനം എന്നിവയ്ക്ക് പത്തരമാറ്റായി നിലകൊളളുന്നു.
ഡാളസ് ഇടവകയില്‍ "മള്‍ട്ടിസ്‌കോപ്പ് ബില്‍ഡിംഗ്" പരീഷ് സെന്ററായി
പടുത്തുയര്‍ത്താന്‍ മേലേപ്പുറത്തച്ചന്റെ നേതൃത്വത്തിനു സാധിച്ചു. 1500ലധികം
വ്യക്തികള്‍ക്ക് ഒരേ സമയം ആരാധനയ്ക്കു യോജ്യമായ സൗകര്യങ്ങള്‍, സാംസ്‌കാരിക
സമ്മേളനങ്ങള്‍ക്കുള്ള ഓഡിറ്റോറിയം എന്നീ തരത്തിലെല്ലാം ആ കെട്ടിടം
കേള്‍വികേള്‍ക്കുന്നു. 12 ക്ലാസ്സ് മുറികള്‍ അനുബന്ധമായുണ്ട്. സീറോ മലബാര്‍
നാഷണല്‍ കണ്‍വെന്‍ഷനുള്ള വേദിയാകാനുമിതുപകരിച്ചു. ജോണച്ചന്റെ സാമൂഹിക
നേതൃത്വധീരതയുടെ മാതൃകാ മുദ്രകള്‍!
ഫ്‌ളോറിഡാ സീറോ മലബാര്‍ ഇടവകയുടെ പ്രഥമ വികാരിയായി ഫാ. ജോണ്‍ മേലേപ്പുറം
2003 ഡിസംബര്‍ 6ന് ചുമതലയേറ്റു. ഫ്‌ളോറിഡയില്‍ സീറോ മലബാര്‍ സമൂഹം
ദേവാരാധനയ്ക്കു വാങ്ങിയ പള്ളി മുന്‍പ് ഒരു ബാപ്റ്റിസ് ചര്‍ച്ച് ആയിരുന്നു. ആ
പള്ളിയില്‍ "മദ്ബഹ"(ബലിയര്‍പ്പണ വേദി) കത്തോലിക്കാ പള്ളിയുടെ ഭംഗിയില്‍
രൂപകല്പന ചെയ്ത് മനോഹരമാക്കിയത് മേലേപ്പുറത്തച്ചന്റെ നേതൃത്വത്തിലാണ്.
2007ല്‍ ഫ്‌ളോറിഡയില്‍ നടന്ന "സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍" സീറോ
മലബാര്‍ ചരിത്രത്തിലെ രജത കമലമായി വിളങ്ങുന്നു. മയാമി സീറോ മലബാര്‍ നാഷണല്‍
കണ്‍വെന്‍ഷന്റെ മുഖ്യ സാരഥി എന്ന നിലയില്‍ നിറപറയ്‌ക്കൊപ്പം കത്തിച്ചു
വച്ച 17 നിലയുള്ള നിലവിളക്കു പോലെ പ്രാര്‍ത്ഥനാ ചൈതന്യം കൊണ്ടു തിളങ്ങി ഫാ.
ജോണ്‍ മേലേപ്പുറം. ഫ്‌ളോറിഡാ കണ്‍വെന്‍ഷന്റെ മുഖ്യ ശില്പി ഫാ. ജോണ്‍
മേലേപ്പുറം ഈ മഹാ 'കൂട്ടായ്മയ്ക്കു' ശേഷം "അമേരിക്കയില്‍ സീറോ മലബാര്‍
കണ്‍വെന്‍ഷനുകളുടെ രാജശില്പി"യായി അറിയപ്പെട്ടു.
ക്രൈസ്തവ കലാമേന്മകളുടെ ആത്മീയ സാദ്ധ്യതകള്‍ നിരന്തരം അന്വേഷിച്ച്
പ്രാര്‍ത്ഥനയാക്കുന്ന ഒരു വൈദിക പ്രതിഭയായാണ് ഫാ. ജോണ്‍ മേലേപ്പുറം എന്ന
ആത്മീയ കലാകാരന്‍ ഫിലഡല്‍ഫിയായില്‍ ശോഭിക്കുന്നത്. ഈ വൈദികന്‍
പൗരോഹിത്യത്തിന്റെ ഗാഗുല്‍ത്താ വഴിയില്‍ 34 വര്‍ഷം മുന്നേറുമ്പോള്‍
ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള "ഫിലഡല്‍ഫിയ" എന്നു പേരു വഹിക്കുന്ന
"സാഹോദര്യ നഗരമായ" ഫിലഡല്‍ഫിയാ മലയാളി സമൂഹം അസുലഭമായ നേതൃവരത്തിന്റെ
സാഗരത്തിരയിളക്കം അനുഭവിക്കയാണ്.
ദൈവശാസ്ത്ര ആഴങ്ങളുള്ള കലാരൂപങ്ങളുടെ വേദിയാണു ക്രൈസ്തവ ലോകത്തിലെ
ദേവാലയങ്ങള്‍ പലതും. സിസ്റ്റൈന്‍ ചാപ്പലില്‍ നടത്തിയിട്ടുള്ള
പള്ളിപ്രസംഗങ്ങളേക്കാള്‍ ഹൃദയങ്ങളെ സ്വാധീനിച്ചിട്ടുള്ള മൈക്കിള്‍ ആഞ്ചലോ
അവിടെ വരച്ചു വച്ച ചിത്രങ്ങളാണ്. മൈക്കിള്‍ ആഞ്ചലോയുടെ "പിയെത്ത" ഒരു ബൈബിള്‍
രംഗത്തിന്റെ കേവലാനുകരണമോ വെറും ചിത്രാവിഷ്‌കരണമോ അല്ല "അന്ത്യത്താഴം"
ഇന്നും നാം കാണുന്നതു ലെയൊണാര്‍ദോ ദാവഞ്ചിയുടെ പെയിന്റിങ്ങിലൂടെയാണ്.
പ്രതിഭ തുളുമ്പുന്ന ചിത്രങ്ങളും രൂപങ്ങളും പള്ളികളിലും അള്‍ത്താരകളിലും
സ്ഥാനം പിടിക്കുമ്പോള്‍ ആ ദേവാലയങ്ങള്‍ ചിന്തയെയും വികാരങ്ങളെയും
രൂപാന്തരപ്പെടുത്തി അലൗകികതയിലേക്കു നയിക്കുന്ന ക്രൈസ്തവ കലയുടെ
ശ്രീകോവിലാകും. കലയ്ക്കുപയോഗിക്കുന്ന വസ്തുവല്ല, കലാവിഷ്‌കാരം നല്‍കുന്ന
അനുഭവമാണ് പ്രധാനം.
ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ
ബലിയര്‍പ്പണ വേദിയില്‍ കേരളത്തില്‍ നിന്നുദിച്ച ദിവ്യ തേജസ്സുകളായ
സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍,
രാമപുരത്തുകുഞ്ഞച്ചന്‍, മറിയം ത്രേ്യസ്യാമ്മ, എവുപ്രാസ്യമ്മ എന്നീ മാതൃക
പുണ്യചരിതരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഫാ.ജോണ്‍ മേലേപ്പുറം മുന്‍
കൈയ്യെടുത്തു.
എല്ലാ ആത്മീയ ഗുരുക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍
താത്വികരോ കലാസപര്യചര്യ ആക്കിയവരോ ആയിരിക്കും. ആ ജീവിതവൃത്തിയില്‍ ഒട്ടേറെ
തിരുമുറിവുകള്‍ അവര്‍ അനുഭവിക്കേണ്ടിയും വരും. ഫാ.ജോണ്‍ മേലേപ്പുറവും ഈ
അനുഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നില്ല, അതുകൊണ്ട് ഫാദര്‍ ജോണ്‍
മേലേപ്പുറം പുലര്‍ത്തുന്ന പ്രാര്‍ത്ഥനാ അനുഭവം ഈ ഇരുപത്തി ഒന്നാം
നൂറ്റാണ്ടില്‍ അമേരിക്കയില്‍ കുഞ്ഞത്ഭുതങ്ങളുടെ മെഴുകുതിരി
വെട്ടമാകുന്നുണ്ട്.
ഫിലഡല്‍ഫിയാ സീറോ മലബാര്‍ ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ട് പരിമിതികളുടെ
"കീറാമുട്ടി" ആയിരുന്നു വര്‍ഷങ്ങളോളം. സിറ്റിയുടെയും പരിസ്ഥിതി
പ്രശ്‌നങ്ങളുടെയും മലയാളികളല്ലാത്ത അയല്‍വാസികളുടെയും
എതിര്‍പ്പുകള്‍…സാമ്പത്തിക തടസ്സങ്ങള്‍.. രാഷ്ട്രീയ ന്യൂനതകള്‍… ഈ
പ്രതിസന്ധികളെ പ്രാര്‍ത്ഥനയിലൂടെ മാറ്റി മറിച്ച് പാര്‍ക്കിംഗ് ലോട്ടിന്റെ
സമ്പൂര്‍ണ്ണ വികാസം ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തിലൂടെ സാധിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല