വർഷമേ വരൂ!പുതു വർഷമേ വരൂ! രോമ
ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ!
ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ
വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും!
കന്മഷം ലവലേശ മേശാതെ നിരന്തരം
നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ!
നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം
നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ!
കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ
കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും!
കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും
കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും!
ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ
ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം!
നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ
കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ!
ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ
ആശ്വസിക്കുന്നു നാളെയണിയും പൂവും കായും!
സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും
സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു!
ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും
ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും,
ഓരോരോ നിമിഷവും ശ്രേഷ്ഠമാണമൂല്യവും
ഒട്ടുമേ പാഴാക്കാതെ ജീവിക്കാം സുലഭമായ്!
എന്തിനും മറ്റാരെയും പഴിക്കാതിടക്കിടെ
എത്തിനോക്കണം നമ്മൾ എവിടെ പിശകെന്നു
കാണുവാൻ കണ്ടാലുടൻ തിരുത്താനതു പേർത്തും
കാണുവാനിടവരാ തിരിക്കാൻ ശ്രദ്ധിക്കുവാൻ!
വർഷത്തിനല്ല ദോഷം വർഷത്തെ നിർദ്ദാക്ഷിണ്യം
വഷളാക്കുമീ മർത്ത്യ വംശത്തിനല്ലോ ദോഷം!
ഭക്തിയും പരസ്പര സ്നേഹവും വിവേചന
ശക്തിയും വളർത്തണേ! മർത്ത്യരിൽ ജഗൽപതേ!
-----------------------
വിവേചന ശക്തി- നന്മ തിന്മകൾ തിരിച്ചറിയാൻ