ശണ്ഠൻ എന്ന മരംകൊത്തിപ്പക്ഷിയുടെ ഇണപ്പക്ഷിയാണ് ശുണ്ഠി. ശുണ്ഠിക്ക് കൊക്കിന്റെ തുമ്പത്താണ് ശുണ്ഠി. ശണ്ഠനാകട്ടെ എന്തെങ്കിലും പറഞ്ഞ് എപ്പോഴും ശുണ്ഠിയെ ശുണ്ഠി പിടിപ്പിക്കും. ശുണ്ഠി പിടിച്ചാൽ അവൾ പിന്നെ കൂട്ടിൽ നിന്ന് പുറത്തിറങ്ങുകയേ ഇല്ല. പിന്നെ അവളെ ഒന്ന് നേരെയാക്കിയെടുക്കാൻ ശണ്ഠൻ പഠിച്ച പണി പതിനെട്ടും പയറ്റും. ആ ദിവസം മരത്തിന്റെ പുറംതൊലിയിൽ നിന്ന് കൊത്തിപ്പെറുക്കുന്ന പുഴുക്കളിൽ നിന്നും പ്രാണികളിൽ നിന്നും രണ്ടെണ്ണം കൂടുതൽ തരാം എന്ന് അവൻ വാക്ക് കൊടുക്കും അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു തെളിച്ചം വിടരും .
ആളുകൾ അവരെ മരംകൊത്തികൾ എന്ന് വിളിക്കുന്നത് അവർക്ക് തീരെ ഇഷ്ടപ്പെടാറില്ല. ഇന്നു വരെ അവർ ഒരു മരവും വെട്ടി വീഴ്ത്തിയിട്ടില്ല. അവർ ആകെ കൊത്തുക മാവ് , പ്ളാവ് പോലുള്ള വലിയ മരങ്ങളുടെ പുറന്തൊലിയിലാണ്. അവിടെയുളള വല്ല പ്രാണികളെയും ആഹാരമാക്കാനാണ്. ശരിക്കും പറഞ്ഞാൽ അത് മരങ്ങൾക്ക് നല്ലതുമാണ്. മരത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന കീടങ്ങളെയല്ലേ തിന്നുന്നത് ?
ഈ നല്ല കാര്യം ചെയ്തിട്ടും മരംകൊത്തി എന്ന് കുറ്റപ്പേര് !
യഥാർത്ഥത്തിൽ മഴുവും വെട്ടുകത്തിയുമായി വന്ന് കാടും മരവും നശിപ്പിക്കുന്ന മനുഷ്യരല്ലേ മരംകൊത്തികൾ ?
ധാരാളം പ്രാണികളെയും പുഴുക്കളെയും കിട്ടിയാൽ സന്തോഷത്തോടെ ചിലച്ചു കൊണ്ട് ഒരു പാറിപ്പോകലുണ്ട്. ആ ആഹ്ളാദ പ്രകടനത്തെ മനുഷ്യന്മാര് കരുതുന്നത് ശണ്ഠ കൂടലെന്നാ !
ശുണ്ഠി മൂത്താൽ ഒരക്ഷരം മിണ്ടാതിരിക്കുന്ന ഈ ശുണ്ഠിയോ തന്നോട് ശണ്ഠ കൂടാൻ ? അവളുടെ ശുണ്ഠി മാറ്റാൻ പെടാപ്പാട് പെടുന്ന താനോ അവളോട് ശണ്ഠ കൂടാൻ ?
ഈ മനുഷ്യന്മാർ വലിയ ബുദ്ധിക്കാരാണത്രേ . പറഞ്ഞിട്ടൊന്നും കാര്യമില്ല. ഒരു പാട് വിവരക്കേടുകളെ വിശ്വാസം എന്ന പേരിൽ കൂടെ കൊണ്ടു നടക്കുന്നുണ്ട് അവർ.
ഞങ്ങൾ തീറ്റ കിട്ടിയതിൽ ആഹ്ളാദ പ്രകടനം നടത്തുന്നത് അവർ തമ്മിലുള്ള കലഹത്തിന് കാരണമാകുമെന്ന് കരുതുന്ന വിഡ്ഢികൾ !
അവർ പതിവായി തീറ്റ തേടിപ്പോകാറുള്ള ഒരു വലിയ പ്ളാവുണ്ട് , സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി. അവിടെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയും അവന്റെ അച്ഛനുമമ്മയുമാണ് താമസം. അവർ തമ്മിൽ എപ്പോഴും വഴക്കാണ്. ചില ദിവസങ്ങളിൽ ലീവെടുത്തിട്ടൊക്കെ രാവിലെ മുതൽ വൈകുന്നേരം വരെ കലമ്പും . കുട്ടി വിചാരിക്കുന്നത് താനും ശുണ്ഠിയും ആ പ്ളാവിൻ കൊമ്പിൽ ചിലച്ചിട്ടാണ് അവന്റെ അച്ഛനുമമ്മയും വഴക്കു കൂടുന്നത് എന്നാണ്. അവരെ കാണുമ്പോഴെല്ലാം ആ കുട്ടി എറിഞ്ഞോടിക്കും. പാവത്തിന് എങ്ങനെയാണ് ഒന്ന് കാര്യം മനസ്സിലാക്കിക്കൊടുക്കുക ?
അന്നൊരു ഞായറാഴ്ച്ചയായിരുന്നു. ഭർത്താവ് ഇസ്തിരിയിടാൻ ഓണാക്കിയ പെട്ടി ഭാര്യ ഓഫാക്കി എന്നും പറഞ്ഞായിരുന്നു അന്നത്തെ കലമ്പ് . ശണ്ഠനും ശുണ്ഠിയും ഒരക്ഷരം ചിലക്കാതെ പ്ളാവിൻ കൊമ്പിലിരിപ്പുണ്ട് . അന്ന് കുട്ടിക്ക് മനസ്സിലായി ശണ്ഠപ്പക്ഷികൾ ചിലച്ചിട്ടല്ല തന്റെ അച്ഛനുമമ്മയും വഴക്കുണ്ടാക്കുന്നതെന്ന് .
സങ്കടക്കാരൻ കുട്ടിയെ എങ്ങനെയെങ്കിലും സഹായിക്കണം. ശണ്ഠൻ തീരുമാനിച്ചു. ഒരു ദിവസം കുട്ടിയുടെ അച്ഛൻ പ്ളാവിൻ ചുവട്ടിൽ പല്ല് തേച്ച് കൊണ്ട് നിൽക്കുമ്പോൾ ശണ്ഠൻ ഒരു വലിയ ചക്ക കൊത്തി അയാളുടെ ചുമലിലിട്ടു. കഴുത്തൊടിഞ്ഞ് പ്ളാസ്റ്ററിട്ട് അയാൾ കിടപ്പിലായി. ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യയ്ക്കും ഭാര്യയുടെ പരിചരണമഴ നനയുന്ന ഭർത്താവിനും ഇടയിൽ യാതൊരു വഴക്കുമുണ്ടായിരുന്നില്ല.
ഒരു ദിവസം കുട്ടിയെ ടെറസ്സിൽ കണ്ടപ്പോൾ ശണ്ഠൻ നടന്നതെല്ലാം തുറന്ന് പറഞ്ഞു.
കുട്ടിക്ക് സന്തോഷമായി . അവൻ ശണ്ഠനോട് സ്വകാര്യമായി പിറുപിറുത്തു . ഇനി, അച്ഛന്റെ കഴുത്ത് നേരെയായി അവര് വീണ്ടും വഴക്ക് തുടങ്ങിയാ ... ഒരു ചക്ക കൊത്തി അമ്മേടെ ചുമലിലിട്ടോ .