അടുത്തതായി എം.എം. അക്ബർ ബൈബിളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ചരിത്രമല്ല, ഭാവനാസൃഷ്ടികളാണെന്നു വരുത്തിത്തീർത്ത്, ബൈബിളിന്റെ വിശ്വസനീയത നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്. അതിന് ഉപോൽബലകമായ വളരെയധികം വാദഗതികൾ കൊണ്ടുവരുകയും, സ്ഥാപിത താല്പര്യക്കാരുടെ, ഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച്, ചിലരുടെ എഴുത്തുകളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖാനിച്ച്, ഈ വിഷയം സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിഷ്പക്ഷമായി പുസ്തകം വായിക്കുന്ന വ്യക്തിക്ക് എഴുത്തുകാരന്റെ ഉദ്ദേശശുദ്ധി മനസ്സിലാവും. അതിന് അർഹിക്കുന്ന ഗൗരവം നൽകി വായിക്കുകയും ചെയ്യും. എഴുതിയിരിയ്ക്കുന്നതെല്ലാം സത്യമാണെന്നു ചിന്തിക്കുന്നവർ അതു അപ്പാടെ വിഴുങ്ങി എന്നുവരാം.
ബൈബിളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചോദ്യം ചെയ്യാതെ അതുപോലെ വിശ്വസിക്കണമെന്ന് ആരും ഇക്കാലത്തു പഠിപ്പിക്കുന്നതായി അറിയില്ല. അതിലടങ്ങിയിരിക്കുന്ന കാര്യങ്ങൾ ലഭിച്ചിരിക്കുന്ന അറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചിട്ട് സത്യമെന്നു കണ്ടാൽ മാത്രമേ അതിൽ വിശ്വസിക്കാവൂ. ബൈബിൾ തന്നെ അങ്ങനെ ചെയ്യണമെന്നാണ് പഠിപ്പിക്കുന്നത്. അങ്ങനെ പരിശോധിക്കുന്നവരെ, പരിശോധിക്കാത്തവരെ അപേക്ഷിച്ച് ഉത്തമന്മാരെന്നാണ് വിശേഷിപ്പിക്കുന്നത് (അപ്ര. 17 :11) ക്രിസ്തീയ സഭകൾ പലതും പണ്ഡിതന്മാരെ ബൈബിൾ വിമർശനത്തിന് അനുവദിച്ചത് ഈ കാരണത്താലാകാം. അങ്ങനെയുള്ള വിമർശനങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന നിലയിൽ എം.എം. അക്ബർ തന്റെ പുസ്തകത്തിൽ പലയിടത്തും പരാമർശിച്ചിരിക്കുന്നതായി കണ്ടു. ഇത്രയൊക്കെ പ്രചരണം നടത്തിയിട്ടും, ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മതം മാറ്റം നടത്തിയവർ കൂടുതലും രണ്ടുകൂട്ടരാണ്. ഒന്നാമതായി ഇസ്ലാം മതത്തിലേക്ക് വിവാഹത്തിൽ കൂടി പുരുഷന്മാർ സ്ത്രീകളെ കൊണ്ടുവന്ന് മതം മാറുന്നതിന് നിർബന്ധമില്ല, എന്നു പറഞ്ഞ് വശീകരിച്ചാണ് കൊണ്ടുവരുന്നതെങ്കിലും വിവാഹം കഴിഞ്ഞാൽ മതം മാറുകയേ മിക്ക സ്ത്രീകൾക്കും നിവൃത്തിയുള്ളൂ. അമേരിക്കയിലും മറ്റും ജയിലുകളിൽ കിടക്കുന്ന കറുത്ത വർഗ്ഗക്കാരെ, കറുത്തവർഗ്ഗക്കാരായ ഇസ്ലാം മതക്കാർ മതം മാറുന്നതിന് പ്രേരിപ്പിക്കുകയും അവരായിരിക്കുന്ന സാഹചര്യത്തിനുള്ള കാരണം നിലവിലിരിക്കുന്ന വിവേചനത്തിൽ ആരോപിച്ച് മുസ്ലീം സമൂഹത്തിൽ നിലവിലിരിക്കുന്ന സമത്വത്തെപ്പറ്റിയും സുന്ദരമായ ലോകത്തെപ്പറ്റിയും പറഞ്ഞ് മോഹിപ്പിച്ച് അവരുടെ നിസ്സഹായമായിരിക്കുന്ന അവസ്ഥയിൽ അവരെ സമ്മതിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട് . സത്യത്തെ കോട്ടിക്കളയാതെ ഇസ്ലാം മതത്തിലെ നല്ലകാര്യങ്ങൾ പറഞ്ഞ് അവരെ സമൂഹത്തിനു പ്രയോജനമുള്ള വ്യക്തികളാക്കി തീർക്കാൻ സാധിക്കുന്നു എങ്കിൽ നല്ല കാര്യം തന്നെ. അങ്ങനെ ജയിൽ പുള്ളികൾക്ക് ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കൊടുക്കേണ്ടത് എല്ലാ മതത്തിൽ പെട്ടവരും ചെയ്യേണ്ട കാര്യമാണ്.
പ്രവാചകന്മാരോ അവരെ നേരിൽ കണ്ടവരോ അല്ല ബൈബിളിലെ ഒരു പുസ്തകംപോലും രചിച്ചത് എന്നത് വസ്തുതയാണ് എന്ന് അക്ബർ ഒരു പ്രസ്താവന ചെയ്യുമ്പോൾ അത് എന്തടിസ്ഥാനത്തിലാണെന്ന് വിവരിക്കേണ്ട കടമ കൂടി എഴുത്തുകാരനുണ്ടല്ലോ? പണ്ഡിതരായ വളരെയധികം എഴുത്തുകാർ അക്ബർ പറയുന്ന അഭിപ്രായത്തിന്റെ എതിരായ അഭിപ്രായങ്ങൾ വളരെയധികം ഗവേഷണങ്ങൾക്കു ശേഷം തങ്ങളുടെ എഴുത്തുകളിലും ഗ്രന്ഥങ്ങളിലും കൂടി സമർത്ഥിച്ചിട്ടുണ്ടെന്നിരിക്കെ അതൊന്നും കണ്ടില്ല എന്ന ഭാവത്തിൽ ഒരു വിജ്ഞാനകോശം എഡിറ്റ് ചെയ്ത ഒരു വ്യക്തിയുടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ് അക്ബർ ഇതു സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഓരോ ബൈബിൾ പുസ്തകത്തിന്റെയും എഴുത്തുകാർ ആരാണെന്നുള്ളത് ചില പുസ്തകങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ആരാണ് എഴുത്തുകാരൻ എന്നതിനെപ്പറ്റി വ്യക്തമായ പാരമ്പര്യം (Tradition) സഭയിൽ നിലനിന്നിരുന്നു. അങ്ങനെയുള്ള പാരമ്പര്യങ്ങളെ വിശ്വസിക്കാതിരിക്കുന്നതിന് ഒരു കാരണവുമില്ല. നമ്മുടെ അറിവിൽ ഒരു നല്ല പങ്കും പാരമ്പര്യമായി പിതാവിൽ നിന്നും മാതാവിൽ നിന്നും പിതാമഹനിൽ നിന്നും കൈമാറിവന്ന അറിവുകളാണ്. അതിനൊന്നും രേഖകളില്ല. രേഖകൾ കൂടാതെയാണ് നാം അതൊക്കെ വിശ്വസിക്കുന്നത്. കെട്ടുകഥകളുടെ വെളിച്ചത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെറ്റാണ് എന്ന് സ്ഥിരീകരിക്കുന്നതുവരെ ഈ പാരമ്പര്യ വിശ്വസങ്ങൾ ശരിതന്നെയാണ്.
പ്രവാചകനായ മുഹമ്മദ് എഴുത്തും വായനയും അറിയാൻ വയ്യാത്ത ഒരു വ്യക്തിയായിട്ടാണ് ഇസ്ലാമിക പാരമ്പര്യം പറയുന്നത് പ്രവാചകൻ പറഞ്ഞവാക്കുകൾ തന്നെയാണോ അതിൽ എഴുതിയിരിക്കുന്നത്, മറ്റാരും അതിനോടൊന്നും കൂട്ടിച്ചേർത്തിട്ടില്ലേ എന്നു ചോദിച്ചാൽ ഇല്ല എന്നു സമർത്ഥിക്കാൻ കല്ലിൽ കൊത്തിയ തെളിവുകൾ വല്ലതും ഹാജരാക്കാനുണ്ടോ? ഒരു മുസ്ലിമിന് അത് പ്രവാചകന്റെ വാക്കുകൾ തന്നെയാണ്.
മതങ്ങളുടെ ചരിത്രം പഠിച്ചാൽ പല മതങ്ങളും മറ്റുമതങ്ങളിലേക്കുള്ള ചൂണ്ടു പലകകളോ ചവിട്ടുപടികളോ ആയിരുന്നു എന്നു കാണാം. അവയുടെ ഉദ്ദേശം സഫലീകൃതമായിക്കഴിഞ്ഞപ്പോൾ അവ കാലയവനികയിൽ മറഞ്ഞു. സത്യത്തിലേക്കുള്ള ചൂണ്ടു പലകകളാണ് മതങ്ങളെല്ലാം. ഖുറാൻ സത്യത്തിലേക്കുള്ള വഴികാട്ടിയാണെന്നു വിശ്വസിക്കുന്നവർ, ദൈവം അങ്ങനെ വെളിപ്പെടുത്തി കൊടുക്കുന്ന വ്യക്തികൾ സത്യത്തെ അന്വേഷിച്ചുള്ള പ്രയാണം അതു കണ്ടുകിട്ടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. ഒരു മതം മറ്റൊരു മതത്തിന് വഴിമാറികൊടുക്കുന്നതാണ് നാം ചരിത്രത്തിൽ കാണുന്നത്. ഒരു വിഷയം സത്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഭൂരിപക്ഷ-ന്യൂനപക്ഷം അനുസരിച്ചോ പണ്ഡിതന്മാർ എന്നുപറയുന്ന ചിലരുടെ അഭിപ്രായമോ അനുസരിച്ചല്ല. ആർക്കു വേണമെങ്കിലും ഒരു വിഷയം ശരിയൊ തെറ്റൊ ആ വ്യക്തിയുടെ അറിവും അനുഭവവും അനുസരിച്ചു തീരുമാനിയ്ക്കാം. അതനുസരിച്ച് വിശ്വാസത്തിന് മാറ്റം വന്നുകൊണ്ടിരിക്കാം. അതുകൊണ്ട് സത്യാവസ്ഥക്കു മാറ്റം വരുന്നുണ്ടോ? ആ വ്യക്തിയുടെ വിശ്വാസം മാത്രമാണ് മാറുന്നത്. ഒരേ വിഷയം തന്നെ പലരും പല നിലകളിലാണ് ഗ്രഹിച്ചിരിക്കുന്നത്. പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്ന പലരും വിഷയത്തിന്റെ ഒരു ഇടുങ്ങിയ വശം മാത്രമാണ് പലപ്പോഴും കാണുന്നത്. ഏതു ദൃഷ്ടകോണിൽ നിന്നു നോക്കുന്നുവോ അവിടെനിന്നുള്ള വീക്ഷണമാണ് ആ വ്യക്തി കാണുന്നത്. അതു വിഷയത്തിന്റെ ഒരു പൂർണ്ണരൂപം ആകണമെന്നില്ല. അത് പൂർണ്ണമായി അവതരിപ്പിക്കുകയും എഴുതുകയും ചെയ്യുന്നവർ പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. ഈ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മണ്ഡലത്തിൽ കാര്യങ്ങളുടെ സത്യവാസ്ഥ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ചില നേതാക്കൾ അവരുടെ സ്വാർത്ഥ താല്പര്യത്തിൽ മനുഷ്യരെ ചില പ്രത്യേക ചട്ടകൂടുകളിൽ തളച്ചിടുവാൻ ശ്രമിക്കും. എന്നാൽ സത്യം അറിയുന്ന വ്യക്തി ഈ ബന്ധനങ്ങളിൽ നിന്നെല്ലാം വിമുക്തനായിരിക്കും. യേശുക്രിസ്തു പറയുന്നത് സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്.
ആദ്യകാലങ്ങളിൽ എഴുതപ്പെട്ട ഒരു ചരിത്രം ഇല്ലായിരുന്നു. കാരണം എഴുതാനും വായിക്കാനും ആവശ്യമായ ലിപികൾ ഇല്ലായിരുന്നു. എഴുതാൻ വേണ്ടതായ സാമഗ്രികൾ ഇന്നുള്ളതുപോലെ ലഭ്യമായിരുന്നില്ല. ആദ്യകാലങ്ങളിൽ cuneiform writing എന്ന പേരിൽ കളിമണ്ണിലും കല്ലിലും കൊത്തിയ രൂപങ്ങളായിരുന്നു എഴുത്തിനുപയോഗിച്ചിരുന്നത്. ലിപികൾക്കു പകരം ആശയവിനിമയത്തിന് വസ്തുവിന്റെ ആകൃതിയോ, ചെറിയ വരകൾ കൊണ്ട് ആ ആകൃതി സൃഷ്ടിച്ചോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അങ്ങനെ എഴുതിയ ചരിത്രരേഖകൾ ലഭിച്ചിരിക്കുന്നത് തുലോം വിരളമാണ്. അതു തന്നെയും ശരിയായ രീതിയിൽ എന്താണ് ആലേഖനം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാനും സാധിച്ചിട്ടില്ല. അപ്പോൾ പാരമ്പര്യമായി കൈമാറി വന്നിട്ടുള്ള അറിവുകൾ മാത്രമാണ് ചരിത്രമായിട്ടുള്ളത്. എഴുത്തു ലിപികൾ പിന്നീട് ഉളവായ കണ്ടുപിടിത്തമാണ്. എന്നാൽ ഇതിനൊക്കെ മുൻപേ മനുഷ്യൻ ദൈവത്തെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനുള്ള ആകാംഷ ദൈവം മനുഷ്യഹൃദയങ്ങളിൽ കൊടുത്തിരുന്നു. അന്വേഷണത്തിൽ സൃഷ്ടാവായ ദൈവത്തിന്റെ ഇടപെടലോ ആ ഇടപെടലിന്റ പിന്നീടുണ്ടായ രൂപാന്തരമോ ആണ് മതമായി വിവിധ സംസ്‌ക്കാരങ്ങളിൽ രൂപം കൊണ്ടത് എന്നു പറയാം. വിവിധ ജാതികളിൽ ദൈവത്തിന്റെ ഇടപെടൽ വിവിധ രീതികളിലായിരുന്നു. അതതു സംസ്‌ക്കാരങ്ങളിൽ അതതു കാലങ്ങളിൽ മനുഷ്യർ എങ്ങനെ ജീവിതം ക്രമപ്പെടുത്തണമെന്നു നിർദ്ദേശങ്ങൾ കൊടുക്കാൻ ദൈവം മൂന്നു വിധ സ്ഥാപനങ്ങൾ ഉപയോഗിച്ചതായി കാണാം- ഭരണകർത്താക്കൾ, പ്രവാചകന്മാർ അഥവാ അവരുടെ എഴുത്തുകൾ, പുരോഹിതന്മാർ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ സ്ഥാപനങ്ങളെ തന്നെയാണ് ദൈവം ഉപയോഗിക്കുന്നത്.
അതുകൊണ്ട് വേദപുസ്തകം പറയുന്നത് ഏതു മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴ്‌പ്പെട്ടിരിക്കട്ടെ (റോമർ 13 :1) ദൈവത്താലല്ലാതെ ഒരു അധികാരവും ഇല്ലല്ലോ. യേശുവിനെ വിസ്തരിക്കുന്ന പീലാത്തോസ് ഈ കാര്യം മനസ്സിലാക്കാതെ യേശുവിനെ വിട്ടയക്കാൻ തനിക്ക് അധികാരം ഉണ്ട് എന്നു പറയുമ്പോൾ യേശു പറഞ്ഞ മറുപടി ''മേലിൽ നിന്ന് ലഭിച്ചിരുന്നില്ല എങ്കിൽ നിനക്ക് ഒരു അധികാരവും ഉണ്ടാകില്ലായിരുന്നു'' എന്നാണ്.
ലോക ചരിത്രം ദൈവത്തിന്റെ വിരലുകളാണ് എഴുതുന്നത് എന്നു പറയാം. അതിന് മനുഷ്യരെ മുഖാന്തിരങ്ങളായി ഉപയോഗിക്കുന്നു- മുകളിൽ പറഞ്ഞ മൂന്നുസ്ഥാപനങ്ങളിൽ കൂടി അതായത് ഭരണാധികാരികൾ, പുരോഹിതന്മാർ, പ്രവാചകന്മാർ. എല്ലാ സംസ്‌ക്കാരങ്ങളിലും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കാണാം. ചിലപ്പോൾ ഒരാൾ തന്നെ ഒന്നിലധികം ഉത്തരവാദിത്വങ്ങൾ വഹിച്ചെന്നുവരാം. എങ്കിലും ഇതു മൂന്നും വെവ്വേറെ സ്വതന്ത്ര സ്ഥാപനങ്ങളായി നിൽക്കുന്നതായിട്ടാണ് കൂടുതലും കാണുന്നത്.
തങ്ങളുടെ ചരിത്രം അടുത്ത തലമുറയ്ക്കുവേണ്ടി എഴുതിയ സംസ്‌ക്കാരങ്ങൾ ചിലതെങ്കിലും ഉണ്ട്. മിക്കതിന്റെയും ചരിത്രം നമുക്ക് ലഭിച്ചിട്ടില്ല. അല്ലെങ്കിൽ ഭാഗീകമായിട്ടു മാത്രമേ ലഭിച്ചിട്ടുള്ളൂ അതല്ലെങ്കിൽ ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല - ഭാഷ മനസ്സിലാക്കുന്നതിനുള്ള പ്രയാസം കാരണം.
ബൈബിൾ പോലെ മനുഷ്യന്റെ ചരിത്രം രേഖപ്പെടുത്തിയ മറ്റൊരു ഗ്രന്ഥം ഇന്നില്ല. ചരിത്രകാരന്മാർ ചരിത്രരേഖകൾ അന്വേഷിച്ച് കാണാതെ വരുമ്പോൾ ബൈബിളിനെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും കാണുന്നത്. മനുഷ്യ സൃഷ്ടിമുതൽ നോഹയുടെ കാലം വരെയും അതിനുശേഷം അബ്രഹാമിന്റെ കാലത്ത് എത്തുമ്പോഴും, അതായത് ബി.സി 2000 ത്തോടടുത്ത് എഴുതപ്പെട്ട ഒരു ബൈബിൾ രേഖ ഇല്ലായിരുന്നു. പാരമ്പര്യമായി, തലമുറകൾ കൈമാറിവന്ന വിശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്.
അബ്രഹാം മക്‌പേല ഗുഹ സ്വന്തമായി വാങ്ങുമ്പോൾ അതിൽ രേഖ ഉണ്ടാക്കിയതായി രേഖപ്പെടുത്തിയിട്ടില്ല. സാക്ഷികളുടെ മുമ്പാകെ വില തൂക്കിക്കൊടുത്തതാണ് തെളിവായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആ കാലമായപ്പോഴേക്ക് എഴുത്തുഭാഷ അഥവാ cuneiform writing അഥവാ Pictorial Writing പ്രചാരത്തിൽ വന്നിരിക്കാം.
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത് cuneiform writing ബിസി ഒന്നാം നൂറ്റാണ്ടിനും ബിസി നാലായിരത്തിനും ഇടയിലുള്ള കാലഘട്ടത്തിലാണ് നിലവിലിരുന്നത് എന്നാണ്. അപ്പോൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ കാലത്തും, ഗ്രീക്ക് സാമ്രാജ്യത്തിന്റെ കാലത്തും നിലവിലിരുന്നത് ഈ പുരാതനമായ Cuneiform എഴുത്തുകളാണ്. അപ്പോഴേക്കും എഴുതാൻ പാപിയൻ എന്നു പറയുന്ന താളുകൾ നിലവിൽ വന്നിരുന്നു. ഈ Cuneiform എഴുത്തുകളിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് ഇന്നു കാണുന്ന ഭാഷാലിപികൾ.
അലക്‌സാണ്ടറുടെ ഗ്രീക്കു സാമ്രാജ്യത്തിനു മുമ്പ് പേർഷ്യൻ സാമ്രാജ്യവും, അതിനുമുമ്പ് ബാബിലോണിയൻ സാമ്രാജ്യവും, അതിനോട് ചേർന്ന് അസ്സിറിയൻ സാമ്രാജ്യവും നിലവിലിരുന്നു. അസ്സിറിയൻ സാമ്രാജ്യത്തിനു മുമ്പ് ഒന്നാം ബാബിലോണിയ സാമ്രാജ്യം എന്നു പറയുന്ന ഒരു സാമ്രാജ്യം ഉണ്ടായിരുന്നുവെന്നും ഹമ്മുറാബി കോഡ് എന്നു പറയുന്ന നിയമസംഹിതകൾ ഈ കാലത്തായി നിലവിലിരുന്നു എന്നുള്ള വാദങ്ങൾ ഉണ്ടെങ്കിലും, അതിനൊക്കെ എത്രമാത്രം തെളിവുണ്ടെന്നോ, ഉള്ള തെളിവുകൾ എത്രമാത്രം വിശ്വസനീയമാണെന്നോ വ്യക്തമല്ല. കൂടുതലും ചരിത്രകാരന്മാർ എന്നവകാശപ്പെടുന്ന ചിലരുടെ അതിശയോക്തി കലർന്ന നിഗമനങ്ങൾ മാത്രമാണെന്ന് ചിന്തിക്കുന്നവരുണ്ട്. അതുപോലെ ബൈബിളിലെ പുരാതന ചരിത്രം വായിച്ച് മനസ്സിലാക്കി അതിൽ ഭാവന കലർത്തി എഴുതിയുണ്ടാക്കിയാണെന്നു പറഞ്ഞാൽ അല്ല എന്നു സ്ഥാപിക്കുവാൻ മതിയായ തെളിവുകളുണ്ടോ?
അസ്സിറിയൻ സാമ്രാജ്യത്തിനു മുമ്പ് നിലവിലിരുന്നത് സുമേര്യൻ-അക്കാഡിയാൻ സംസ്‌ക്കാരങ്ങളായിരുന്നു അതായത് അറിയപ്പെടുന്ന ആദ്യത്തെ മാനവസംസ്‌ക്കാരമായ മെസപ്പൊത്തോമിയൻ യൂഫ്രട്ടീസ് ടൈഗ്രീസ് നദിതട സംസ്‌ക്കാരം. അതിനുമുമ്പായി ഒരു സംസ്‌ക്കാരം നിലവിലിരുന്നതായി ബൈബിളിലോ ബൈബിളിനു പുറത്തോ രേഖയോ പാരമ്പര്യമോ ഇല്ല എന്നു പറയാം. ചൈനീസ് സംസ്‌ക്കാരത്തിന് 4000 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടെന്ന് അവകാശവാദം ഉണ്ടെങ്കിലും അതിനുവേണ്ട തെളിവുകൾ ഇല്ല. ചില ഊഹാപോഹങ്ങൾ മാത്രമാണ് ഉള്ളത്. കൂടാതെ സാഹചര്യ തെളിവുകളും അതിനെതിരാണ്. കാരണം ആന്ത്രോപോളജിയും ചരിത്രവും സമ്മതിക്കുന്നത് മെസപ്പൊത്തോമിയ സംസ്‌ക്കാരമാണ് ആദ്യത്തെ സംസ്‌ക്കാരമെന്നും അവിടെനിന്നാണ് ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയതെന്നുമാണ്. ഒരു സ്ഥലത്തു നിന്നാണ് ഇന്നുള്ള ജനങ്ങളെല്ലാം വ്യാപിച്ചത്. അതല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയത്തോ വിവിധ സമയങ്ങളിലോ മനുഷ്യൻ അഥവാ ഹോമോസാപിയൻസ് പ്രത്യക്ഷപ്പെടുകയല്ലായിരുന്നു.
ബൈബിൾ ചരിത്രവുമായി താരതമ്യം ചെയ്തു പഠിച്ചാൽ സുമേര്യൻ സംസ്‌ക്കാരം ബൈബിളിലെ നോഹ എന്ന കുലപതി (Patriarch) ഉൾപ്പെട്ട സംസ്‌ക്കാരമായി കരുതാവുന്നതാണ്; നോഹ ആ സംസ്‌ക്കാരത്തിലെ അവസാനത്തെ കണ്ണിയുമാണ്; എന്നാൽ ബൈബിളിൽ പറയുന്ന നോഹയുടെ കാലത്തെ ജലപ്രളയത്തോടുകൂടി ഈ സംസ്‌കാരം നശിച്ചു. അവരെപ്പറ്റിയുള്ള യാതൊരു ചരിത്ര രേഖകളും ആ കാലഘട്ടത്തിലേതായി നിലവിലില്ല. Gilgamesh Epic എന്നൊക്കെ പറയുന്നത് പിന്നീടു വന്നതായ അസ്സിറിയൻ സാമ്രാജ്യത്തിലെ എഴുത്തുകാരാൽ സൂമേറിയൻ സംസ്‌ക്കാരത്തെപ്പറ്റിയും അതിനുശേഷം വന്നതായ അക്കാഡിയൻ കാലഘട്ടത്തെപ്പറ്റിയുമുള്ള ഓർമ്മകളാണ്.
ചില എഴുത്തുകാർ പറയുന്ന കാര്യങ്ങൾ ഭാവനയാണോ അതോ അതിനുള്ള രേഖകളുണ്ടോ എന്ന് നമ്മിൽ മിക്കവരും കണ്ടിട്ടില്ല. തെളിവുകളായി കണ്ണാടിക്കൂട്ടിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ചില മൺകട്ടകൾ മാത്രമാണ്. സാധാരണക്കാർക്ക് കാണാൻ കഴിഞ്ഞാൽ കൂടി അവ കുരങ്ങന്റെ കയ്യിലെ പൊതിയാത്തേങ്ങ പോലെയാണ്. ഈ മൺകട്ടകൾ എടുത്തുവെച്ചിട്ട് ആർക്കിയോളജിസ്റ്റും ആധുനിക ചരിത്രകാരന്മാരും പടച്ചുവിട്ടിരിക്കുന്ന കാര്യങ്ങൾ ഭാവനയുടെ ചിറകു വിടർത്തിയതിന്റെ ഫലമാണെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.
മുകളിൽ പറഞ്ഞ ആദ്യ മാനവ സംസ്‌ക്കാരമായ സുമേറിയൻ സംസ്‌ക്കാരത്തിനുശേഷം വന്ന അക്കാഡിയൻ സംസ്‌ക്കാരത്തിനു സമകാലിനമായ സംസ്‌ക്കാരങ്ങളാണ് ആഫ്രിക്കയിലെ നൈൽ നദീതടസംസ്‌കാരവും, ചൈനയിലെ മഞ്ഞനദി തടസംസ്‌ക്കാരവും ഇന്ത്യയിലെ മോഹൻജദാരോ-ഹാരപ്പ നദീ തടസംസ്‌കാരവുമായ സിന്ധുനദീതട സംസ്‌കാരവും. അതായത് നോഹയ്ക്ക് ശേഷം വളർന്നു വികസിച്ചതായ അക്കാഡിയൻ സംസ്‌കാരത്തിൽ നിന്നും ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി.അവർ ആരംഭിച്ചതാണ് മുകളിൽ പറഞ്ഞ മറ്റു നദിതട സംസ്‌കാരങ്ങൾ. അതായത് ജലപ്രളയത്തോടുകൂടി സകലതും നശിച്ചശേഷം നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫേത്ത് എന്നിവരുടെ സന്തതിപരമ്പരകളാണ് ഈ ഭൂമിയിൽ പെറ്റുപെരുകിയത്. അതിൽ ഹാമിന്റെ സന്തതി പരമ്പരകളാൽ സ്ഥാപിതമായതാണ് മുകളിൽ പ്രസ്താവിച്ച നദിതടസംസ്‌കാരങ്ങൾ. ബാബേൽ ഗോപുരത്തിന്റെ (ഉൽപത്തി-11) നിർമ്മിതിയിൽ ദൈവം ഇറങ്ങിവന്ന് ഭാഷ കലക്കിക്കളയുകയും, ജനങ്ങൾ ഗോപുരം പണിയുന്നത് മതിയാക്കി, തമ്മിൽ കലഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭാഷഭാഷയായും കുലം കുലമായും പിരിയുകയുമായിരുന്നു.
ബാബേൽ ഗോപുരനിർമ്മിതിക്ക് നേതൃത്വം നൽകിയ ഹാമിന്റെ വംശത്തിൽ പെട്ടവർ ഭാഷയുടെ കലക്കത്തിനുശേഷം ആരംഭിച്ചതായ സംസ്‌ക്കാരങ്ങളാണ് ആഫ്രിക്കയിലെ നൈൽ നദീതടസംസ്‌ക്കാരവും ഇന്ത്യാ-പാക്കിസ്ഥാനിലെ മോഹൻ ജെദാരോ - ഹാരപ്പ സിന്ധുനദീതട സംസ്‌ക്കാരവും (ദ്രാവിഡ സംസ്‌ക്കാരവും) ചൈനയിലെ മഞ്ഞ നദി തട സംസ്‌ക്കാരവും. അക്കഡിയന് ശേഷം വന്ന അസ്സിറിയൻ, ബാബിലോണിയൻ, പേർഷ്യൻ കാലഘട്ടത്തിലേതെന്ന് അറിയപ്പെടുന്ന ക്യൂണിഫോം എഴുത്തുകൾ ഇന്ന് മനുഷ്യന്റെ കൈവശം ഉണ്ടെങ്കിലും അതു പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
അതിനുമുമ്പ് പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നിയാണ്ടർത്തൽ മനുഷ്യൻ, പീക്കിങ്മാൻ എന്നൊക്കെ പറയുന്ന മനുഷ്യജീവികൾ ഉണ്ടായിരുന്നു എന്നും അവരുടെ എല്ലുകൾ കണ്ടെത്തി എന്നൊക്കെ അവകാശപ്പെടുന്നത് മേൽപറഞ്ഞ പ്രാചീന നദീതട സംസ്‌ക്കാരങ്ങളിലെ മനുഷ്യരുടെ എല്ലുകൾ കണ്ടെടുത്ത്(?) അതിശയോക്തി കലർത്തി 10,000 കണക്കിനു വർഷം പഴക്കമുണ്ടെന്നു സ്ഥാപിക്കാൻ ഉപയോഗിച്ച ഭാവനകളാകാനാണ് സാദ്ധ്യത.
എല്ലാക്കാലത്തും സത്യത്തെ മറച്ചുവയ്ക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സ്ഥാപിത താല്പര്യക്കാർ ഉണ്ടായിരുന്നു. കാര്യസാധ്യത്തിനുവേണ്ടി അവർ വിഷയങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് വിശ്വസനിയമാം രീതിയിൽ മോടി പിടിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്. സത്യം അന്വേഷിച്ചു കണ്ടുപിടിക്കാൻ മിനക്കെടാത്തവർ കേൾക്കുന്നത് അതുപോലെ വിശ്വസിക്കും. പരിഷ്‌കൃതമെന്നോ നാഗരികമെന്നോ ഉള്ള പേരിൽ നൂറ്റാണ്ടുകളായി പാരമ്പര്യമായി വിശ്വസിച്ചിരുന്ന കാര്യങ്ങളെല്ലാം തെളിവല്ല എന്നു പറഞ്ഞ് ചവറ്റുകൊട്ടയിൽ തള്ളുന്ന പ്രവണത അടുത്ത കാലത്തു കൂടുതലായി കാണുന്നുണ്ട്. ആയിരക്കണക്കിനു വർഷങ്ങളായി, വിശ്വസിച്ചിരുന്ന കാര്യങ്ങൾ പെട്ടെന്ന് അതിന് തെളിവ് അഥവാ അടയാളം ആവശ്യപ്പെടുന്നതിനെപ്പറ്റി യേശുവും പറയുന്നത് ''ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം അന്വേഷിക്കുന്നു''(മത്തായി 16:4) മാതാപിതാക്കളോടുള്ള മത്സരബുദ്ധികാരണം അവർ അമൂല്യമെന്നും പരിപാവനമെന്നും വിശ്വസിച്ചിരുന്ന ചരിത്ര പാരമ്പര്യ സത്യങ്ങൾ അന്ധവിശ്വാസമെന്നും അപരിഷ്‌കൃതമെന്നും പറഞ്ഞ് തള്ളുന്ന പ്രവണതയും മക്കളിൽ കണ്ടുവരുന്നുണ്ട്. തനിക്ക് ഇഷ്ടമല്ലാത്ത, ഒരു വ്യക്തിയോ സംഘടനയോ ഒരാശയം പ്രചരിപ്പിച്ചാൽ അതിനെതിരായ പക്ഷം പിടിക്കുക എന്നുള്ളത് മനുഷ്യസഹജമാണ്. കാര്യങ്ങളെ കാര്യകാരണ സഹിതം മനസ്സിലാക്കുന്നതിന് ഇത് പ്രതിബന്ധമായി നിൽക്കുന്നു.
സ്വന്ത കുടുംബചരിത്രം എഴുതിവയ്ക്കാത്തവരാണ് നമ്മുടെ നാട്ടിലെ മിക്ക കുടുംബങ്ങളും . 10 തലമുറയ്ക്കു മുമ്പുള്ള ചരിത്രം എഴുതിവച്ചിട്ടുള്ള കുടുംബങ്ങൾ ചുരുക്കം. അക്ബറിനു പോലും തന്റെ 10 തലമുറയ്ക്കു മുൻപുണ്ടായിരുന്ന പിതാമഹൻ ആരായിരുന്നു എന്നു തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാനുണ്ടോ?
ആര്യന്മാർ മദ്ധ്യപൂർവ്വേഷ്യയിൽ നിന്ന് (Middle East) ഇന്ത്യയിൽ വന്നത് ബിസി 1700-1500 നോടടുത്തായിരുന്നു. അവർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിൽ സിന്ധുനദീതട സംസ്‌ക്കാരമായ മുകളിൽ പ്രസ്താവിച്ച മോഹൻ ജെദാരോ- ഹാരപ്പ നാഗരികത നിലവിലിരുന്നു. അത് ഒരു ദ്രാവിഡ സംസ്‌ക്കാരമായിരുന്നു. ആര്യന്മാരുമായുള്ള മത്സരത്തിൽ അവർ തെക്കെ ഇന്ത്യയിലേക്കു തള്ളപ്പെടുകയും ആര്യമേധാവിത്വം ഉത്തരേന്ത്യയിൽ സ്ഥാപിതമാവുകയും ചെയ്തു. ഈ ആര്യന്മാർക്ക് പോലും അവർ മദ്ധ്യപൂർവ്വേഷ്യയിൽ നിന്നു വന്നുവെന്നല്ലാതെ അവരുടെ പൂർവ്വപിതാക്കന്മാർ ആരായിരുന്നുവെന്നോ അവരുടെ സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ ആരൊക്കെയായിരുന്നുവെന്നോ, അവരെവിടെയൊക്കെ കുടിയേറിയെന്നും എതൊക്കെ രാജ്യങ്ങളിലാണ് അവരുടെ സഹോദരീ സഹോദരങ്ങൾ ആയിരിക്കുന്നതെന്നോ അറിയില്ല. അതിനുള്ള ചരിത്ര രേഖകൾ ഇല്ല, അവർ അതു സൂക്ഷിച്ചിട്ടില്ല. ചരിത്രരേഖകൾ പോയിട്ട് പാരമ്പര്യ വിശ്വാസം പോലും അവർ സൂക്ഷിച്ചില്ല. തലമുറകൾക്കു കൈമാറിയിട്ടില്ല. അവരുടെ ശത്രുക്കൾ അവരെപ്പറ്റി എഴുതിയ ചരിത്രരേഖകളെയാണ് അവരിലെ എഴുത്തുകാർ അവലംബിച്ചിരിക്കുന്നത്. എത്രശോചനീയമായിരിക്കുന്നു നമ്മുടെ ചരിത്ര അവബോധം! യൂറോപ്യൻസ് ഇന്ത്യയിൽ വന്നു 400 വർഷത്തിൽ കൂടുതൽ ഇന്ത്യഭരിച്ചു. നാട്ടുരാജ്യങ്ങളെയൊക്കെ കൂട്ടിത്തല്ലിച്ച് മുതലെടുത്താണ് അവർ ഇന്ത്യഭരിച്ചത്. അതിന് അവർ തിരഞ്ഞെടുത്ത ഒരു വഴി ചരിത്രം വളച്ചൊടിക്കുകയായിരുന്നു. അവർ പാരമ്പര്യമായി വിശ്വസിച്ചിരുന്ന കാര്യങ്ങളൊക്കെ മിഥ്യയാണെന്നും, അന്ധവിശ്വാസമാണെന്നും അപരിഷ്‌കൃതമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് സഹോദരങ്ങളായിരുന്നവരെ ഭിന്നിപ്പിച്ചു. അവർ എഴുതിവച്ച ചരിത്രമാണ് ചരിത്രമായി ഇന്നും നാം കൊട്ടിഘോഷിക്കുന്നത്.
വടക്കേ ഇന്ത്യയിൽ നിന്നും തെക്കോട്ടു തള്ളപ്പെട്ട ദ്രാവിഡർക്കും അവർ എവിടെനിന്ന് ഇന്ത്യയിൽ വന്നുവെന്നോ അവരുടെ സഹോദരർ, മാതാപിതാക്കൾ ഒക്കെ ആരെന്നോ വ്യക്തമല്ല. ഈ സത്യങ്ങൾ നൂറ്റാണ്ടുകളുടെ, ശതാബ്ദങ്ങളുടെ സഹസ്രാബ്ദങ്ങളുടെ യവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.
ലോക ചരിത്രമെന്നു പറയുന്നത് യുദ്ധത്തിൽ ജയിച്ച കൂട്ടർ എഴുതിയ ചരിത്രമാണ്. തോറ്റ കൂട്ടരെ ചരിത്രം എഴുതാൻ അനുവദിക്കാറില്ല. അവരുടെ ചരിത്രപുസ്തകങ്ങളെല്ലാം നശിപ്പിക്കുകയും, അതുകാരണം അവരുടെ വീക്ഷണകോണിൽ കൂടിയുള്ള ചരിത്രം തലമുറകൾക്കു കൈമാറാൻ അനുവദിക്കാത്തതുകൊണ്ട് അവരുടേതായ കഥകൾ പുരാണം അഥവാ ഐതിഹ്യം ആയി അവരുടെ ഇടയിൽ പ്രചരിക്കുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ ജയിച്ചിരുന്നുവെങ്കിൽ ലോകചരിത്രം എഴുതുന്നത് ഇന്ന് അറിഞ്ഞിരിക്കുന്നതുപോലെ ആയിരിക്കില്ല. നമ്മുടെ ഏറ്റവും പ്രധാന ഉത്സവമായ ഓണത്തിന്റെ പുറകിലും ചരിത്രം ഒളിഞ്ഞിരുപ്പുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.
മത്സരത്തിൽ തെക്കേ ഇന്ത്യയിലേക്കു തള്ളപ്പെട്ട ദ്രാവിഡർ തെക്കേഇന്ത്യ മുഴുവനും ദ്രാവിഡ സംസ്‌ക്കാരം വ്യാപിപ്പിച്ചു. അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകൾക്ക് രൂപം കൊടുത്തു. ആദ്യകാലങ്ങളിൽ മലയാളവും തമിഴും കൂടിക്കലർന്ന ചെന്തമിഴ് ഭാഷയിൽ ഒരു സംസ്‌ക്കാരമുണ്ടായിരുന്നു. പിന്നീടാണ് ചേരരാജ്യവും പാണ്ഡ്യരാജ്യവുമായി കേരളവും തമിഴ്‌നാടും രൂപപ്പെടുന്നത്. ഒരു പാരമ്പര്യമനുസരിച്ച് ആര്യന്മാരായ ബ്രാഹ്മണർ കൊട്ടാരം വൈദ്യനെന്നപേരിൽ രാജകൊട്ടാരത്തിൽ എത്തുകയും രാജാവിനെ കീഴ്‌പ്പെടുത്തി ഭരണം കൈക്കലാക്കുകയും അങ്ങനെ ബ്രാഹ്മണ മേധാവിത്വം കേരളത്തിലും സ്ഥാപിക്കയും ചെയ്തതായിട്ടാണ് പറയപ്പെടുന്നത്. അതോടു കൂടി അവരുടെ മതമായ ഹിന്ദുമതത്തിന് (mix of aryan - Dravidian religion) പ്രചാരം ലഭിക്കുകയും ചെയ്തു. ദ്രാവിഡരെ ആര്യമേധാവിത്വത്തിൽ കൊണ്ടുവരാൻ ദ്രാവിഡ ദൈവങ്ങളെ (Siva) ആര്യമതം കടമെടുത്തതായി പറയപ്പെടുന്നു. ഈ ചരിത്രമാണ് മഹാബലി വാമന കഥയായി ഓണത്തിന്റെ പിന്നിലുള്ള ഐതിഹ്യം എന്നത് സാഹചര്യത്തെളിവുകൾ വച്ചു നോക്കുമ്പോൾ വിശ്വസിക്കുന്നതിൽ തെറ്റില്ല. ബ്രാഹ്മണ മേധാവിത്വം സ്ഥാപിതമായെങ്കിൽ തോറ്റ കൂട്ടരുടെ ചരിത്രം എഴുതാൻ സാധ്യമല്ലല്ലോ. അതെന്തായാലും ദൈവത്തിന്റെ അദൃശ്യമായ കരം ഈ ചരിത്രത്തിന് രൂപം കൊടുക്കുന്നതിൽ ഉണ്ടായിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ.് പല വിശദവിവരങ്ങളും കാലയവനികയിൽ മറഞ്ഞിരിക്കുന്നു.
കേരളത്തിലെ പുരാതനമായ ചില കുടുംബങ്ങളുടെ ചരിത്രം വായിച്ചിട്ടുണ്ട്. അതിൽ അപമാനം വരുത്തുന്നതായ സംഭവങ്ങൾ വിട്ടുകളഞ്ഞാണ് എഴുതിയിരിക്കുന്നത്. ഒരിക്കൽ അതിനെപ്പറ്റി ഒരു വ്യക്തിയോടു ചോദിച്ചപ്പോൾ ലഭിച്ച മറുപടി ''ഏതുമാവിലും ചില ഇത്തിൾക്കണ്ണികളൊക്കെ കാണും. മാവിന്റെ മാങ്ങയുടെ സ്വാദല്ലാതെ ഇത്തിക്കണ്ണികളെക്കുറിച്ചാരും സംസാരിക്കാറില്ല'' എന്നായിരുന്നു.
എന്നാൽ ഇതിനു വ്യത്യസ്തമായി മനുഷ്യനെപ്പറ്റിയുള്ള ദൈവീക പദ്ധതിയുടെ ചരിത്രമാണ് ബൈബിൾ. അത് എഴുതിയ പ്രവാചകന്മാർ ദൈവം കൊടുത്ത അറിവും ദർശനവും അനുസരിച്ച് എഴുതിയതിനാൽ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല. സത്യം സത്യമായിത്തന്നെ എഴുതിയിരിക്കുകയാണ്. അങ്ങനെ സത്യം സത്യമായി രേഖപ്പെടുത്തിയിരിക്കുന്ന മതഗ്രന്ഥങ്ങൾ വേറെ ഇല്ല എന്നു പറയാം.
ഇനിയും നമുക്ക് വീണ്ടും അക്ബർ എഴുതിയിരിക്കുന്ന ചരിത്രം എന്നും ചരിത്രമല്ലെന്നും പറയുന്ന വിഷയത്തിലേക്ക് വരാം.
യഹൂദന്മരുടെ ശബ്ബത്താചരണം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ വേണ്ടി ചമച്ചതാണ്, ഏഴാം ദിവസം ദൈവം സൃഷ്ടികർമ്മത്തിൽ നിന്നും വിശ്രമിച്ചതു എന്നാണ് അക്ബറിന്റെ വാദം. അതിന് അടിസ്ഥാനമായി പല ഭാവനകളും കെട്ടിച്ചമച്ചിരിക്കുന്നു. ഭാവനയ്ക്ക് ചിറകുമുളച്ചാൽ ചിന്തകൾക്ക് ചെന്നെത്താവുന്നതിന് അതിർവരമ്പുകളില്ലല്ലോ. അതിന്റെ കൂടെ ഉദ്ദേശശുദ്ധികൂടി ഇല്ലാതെ പോയാൽ പിന്നെ സത്യത്തെ വളച്ചൊടിക്കുന്നതിനും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും, ഇല്ലാത്തതിനെ ശൂന്യതയിൽ നിന്നും വിളിച്ചുവരുത്തുന്നതിനുമുള്ള കഴിവ് ജന്മമെടുക്കുകയായി.
മനുഷ്യന്റെ മാനസികവും കായികവും ആത്മീയവുമായിട്ടുള്ള വളർച്ചക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ബൈബിളിൽ ഉണ്ട്. ആറുദിവസം വേല ചെയ്തിട്ട് ഏഴാം ദിവസം വിശ്രമിക്കുക, ജീവിതം ആസ്വദിക്കുക, ദൈവവുമായുള്ള ബന്ധത്തിനു സമയം കണ്ടെത്തുക, ഇതെല്ലാം ആ സമഗ്ര പദ്ധതിയുടെ ഭാഗമാണ്.
പഴയനിയമ കഥകളുടെ ചരിത്രസ്വഭാവം
ഇവിടെ വായനക്കാരിൽ സംശയം ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാവാം ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങളെ വെറും കെട്ടുകഥകളായി ചിത്രീകരിച്ച് അവയുടെ ചരിത്രപരമായ സാധുതയെ ചോദ്യം ചെയ്യുന്നത്. അതിനുവേണ്ടി പണ്ഡിതരെന്നു പറഞ്ഞ് പലരെയും അവതരിപ്പിക്കുന്നു. അവരുടെ അഭിപ്രായങ്ങൾ അപ്രമാദിത്യമായി അവതരിപ്പിക്കുന്നു.
നോഹയുടെ കാലത്തുനടന്ന ജലപ്രളയത്തിന് ഉപോൽബലകമായി വളരെയധികം തെളിവുകൾ ആർക്കിയോളജിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതുകൂടാതെ പുരാതന കാലത്തു നടന്ന ഒരു പ്രളയത്തെപ്പറ്റിയും മിക്കവാറും എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളിലും അവരുടെ എഴുത്തുകളിലും ഇന്നും ദർശിക്കാവുന്നതാണ്. അവയൊന്നും കണ്ടില്ലെന്നു നടിച്ച് അവയെപ്പറ്റി പരാമർശിക്കപോലും ചെയ്യാതെ ബൈബിളിൽ സംഭവങ്ങളെ കെട്ടുകഥകളായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ക്രിസ്തുവിനു 2000 വർഷം മുമ്പുനടന്ന സംഭവങ്ങൾ ഇന്നു ജീവിച്ചിരിക്കുന്ന ഒരു വ്യക്തി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അത് നടന്ന കാലഘട്ടം, അത് രേഖപ്പെടുത്താനുപയോഗിച്ച സമ്പ്രദായങ്ങൾ ഭാഷാശൈലികൾ, അന്നു നിലവിലിരുന്ന ജീവിത രീതികൾ ഇതൊന്നും മനസ്സിലാക്കാഞ്ഞാൽ അതിനെപ്പറ്റി ചിലർ പണ്ഡിതരെന്ന് ചമഞ്ഞ് അവരുടെ കൂരിക്ക (തേങ്ങ) വലിപ്പമുള്ള തലച്ചോറിൽ വിഷയങ്ങളെ അപഗ്രഥനം ചെയ്യുമ്പോൾ പുറത്തു വരുന്ന വികൃതമായ രൂപഭാവനകളെ ആയിരിക്കും ആശ്രയിക്കുന്നത്. അതിന് പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ പലരെയും വീഴിക്കാനും സംശയം കുത്തിവെയ്ക്കാനും എളുപ്പത്തിൽ സാധിക്കും.
യോനയുടെ പുസ്തകം ചരിത്രമായി അക്ബർ വിശ്വസിക്കുന്നില്ലത്രേ. കാരണം യോനയെ ഒരു മത്സ്യം വിഴുങ്ങിയെന്നുള്ളത് അക്ബറിന് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു എന്നതാണ്. ഒരാളുടെ വിശ്വസത്തിന്റെ അടിസ്ഥാനത്തിലാണോ തെറ്റും ശരിയും അല്ലെങ്കിൽ സത്യവും അസത്യവും തീരുമാനിക്കേണ്ടത്? ഒരു വ്യക്തിക്ക് ഒരു വിഷയം എങ്ങനെ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം, അവതരിപ്പിക്കാം, അവതരിപ്പിക്കാതിരിക്കാം. അതുകൊണ്ട് സത്യത്തിന് മാറ്റം വരുന്നില്ലല്ലോ. നമ്മുടെ അറിവും അനുഭവവും അനുസരിച്ച് വിശ്വാസവും മാറിക്കൊണ്ടിരിക്കുകയല്ലേ? ജീവിതത്തിൽ അത്ഭുതകരമായ അനുഭവങ്ങളിൽ കൂടി കടന്നുപോയിട്ടുള്ളവർക്ക് അത്ഭുതങ്ങളിൽ വിശ്വസിക്കുക എളുപ്പമായിരിക്കും. മറ്റുള്ളവർക്ക് അതു കെട്ടുകഥകളായി അല്ലെങ്കിൽ അവിശ്വസനീയമായി തോന്നാം. ഈ എഴുത്തുകാരൻ ജീവിതത്തിൽ അവിശ്വസനീയമായ പല അനുഭവങ്ങളിൽ കൂടിയും കടന്നുപോയിട്ടുണ്ട്. ഒരു നിരീശ്വരവാദിയുടെ രൂപാന്തരം (Metamorphosis of an Atheist) എന്ന പുസ്തകത്തിൽ അതിൽ ചിലത് വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവം യിസ്രയേൽ ജനതക്കുവേണ്ടി ചെങ്കടൽ വിഭാഗിച്ചതും യോർദ്ദാൻ വറ്റിച്ചതും വിശ്വസിക്കാൻ പ്രയാസമില്ല.
ബൈബിളിൽ ഉപമകളും കഥകളും ഉള്ളതുകൊണ്ട് ഏതാണ് ഉപമയെന്നും, കഥയെന്നും തിരിച്ചറിയാൻ പ്രയാസമാണെന്നാണ് സത്യത്തെ കോട്ടിക്കളയുവാൻ ശ്രമിക്കുന്നവരുടെ ഒരു വാദം.
ദാനും അബ്രഹാമും
അബ്രഹാമിന്റെ ചരിത്രം ആരംഭിക്കുമ്പോൾ തന്നെ അബ്രഹാമിന്റെ കൊച്ചുമകനായ ദാൻ എന്ന പേര് ഒരു സ്ഥലത്തിന്റെ പേരായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ആക്ഷേപം.
അക്ബർ ഇവിടെ ദാൻ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതായി ചൂണ്ടിക്കാണച്ചിരിക്കുന്നതിനു മുമ്പു തന്നെ ദാൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നു തോന്നുന്നു. ഉൽപത്തി 13:10.അപ്പോൾ ലോത്ത് നോക്കി യോർദാനിരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു. ഇവിടെ യോർദ്ദാൻ എന്ന പേര് നദിക്കു ലഭിച്ചത് ദാന്റെ വാസസ്ഥലത്തുനിന്ന് ഉൽഭവിക്കുന്ന നദി എന്ന അർത്ഥത്തിലാണ്. ആദ്യകാലത്ത് ആ നദിയുടെ പേര് യോർദ്ദാൻ എന്നായിരിക്കുകയില്ല. പിന്നീടാണ് യോർദ്ദാൻ എന്ന പേര് അതിനു ലഭിച്ചത്. യാക്കോബ് ഏശാവിനെ പേടിച്ചു വീട്ടിൽ നിന്നും ഓടിപ്പോകുമ്പോൾ വിജനമായി ഒരു സ്ഥലത്തു എത്തി 'ലൂസ്' എന്ന പട്ടണത്തിന്റെ പ്രാന്തപ്രദേശമായിരുന്നു അത്. യാക്കോബ് ദൈവം തനിക്ക് അവിടെവച്ചു പ്രത്യക്ഷനായതുകാരണം ആ സ്ഥലത്തിന് ബഥേൽ എന്ന് പേർ വിളിച്ചു. പിന്നീട് ലൂസ് എന്ന പേരിൽ ആ സ്ഥലം ഒരിക്കലും അറിയപ്പെട്ടിരുന്നില്ല. ബൈബിളിലെ സംഭവങ്ങൾ രേഖപ്പെടുത്തുമ്പോൾ അതു വായിക്കുന്ന ആളുകൾക്കു മനസ്സിലാകണമെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ എവിടെ നടന്നു എന്നു രേഖപ്പെടുത്തണം. പഴയനിയമം ബാബിലോൺ പ്രവാസകാലത്താണ് ക്രോഡീകരിച്ചത്. ലൂസ് എന്ന പേരോ യോർദ്ദാൻ നദിയുടെ ആദ്യത്തെ പേരോ ബൈബിളിൽ ഉപയോഗിച്ചാൽ വായിക്കുന്ന ജനങ്ങൾക്ക് അതു മനസ്സിലാവുകയില്ല.
ഇനിയെങ്കിലും ഇങ്ങനെയുള്ള അബദ്ധങ്ങൾ പ്രചരിപ്പിച്ച് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്. ഉദ്ദേശശുദ്ധിയില്ലാതെ ദൈവവിശ്വാസമില്ലാത്ത ഒരാൾ ദൈവിക കാര്യങ്ങളെ കണ്ടാൽ കാണുന്നതെല്ലാം സംശയദൃഷ്ടിയോടുകൂടിയായിരിക്കും.
രാംസെസും യോസഫും
സ്ഥലങ്ങൾക്കും, പട്ടണങ്ങൾക്കും, നഗരങ്ങൾക്കും, രാജ്യത്തിനും എന്തിനു സ്ഥാപനങ്ങൾക്കുപോലും പേരിടുന്ന പ്രക്രിയ അല്പമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ഈ അബദ്ധം ആദ്യമായി അവതരിപ്പിച്ചവരും അത് പകർത്തിയെഴുതിയവരും പറഞ്ഞു പരത്തുകയില്ലായിരുന്നു. മഹാനായ അലക്‌സാണ്ടറുടെ പേരിലും പല നഗരങ്ങളും അറിയപ്പെടുന്നുണ്ട്. അതിനർത്ഥം അവിടെ അതിനുമുമ്പ് പട്ടണമോ, നഗരങ്ങളോ ഇല്ല എന്നല്ല ബാബിലോണിയൻ പ്രവാസകാലത്തെ ജനങ്ങൾ രാംസെസ് പട്ടണത്തെ ആ പേരിലാണ് അറിയപ്പെട്ടിരുന്നത്. അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ബൈബിൾ എഴുതി എന്നു മാത്രം ധരിച്ചാൽ മതി. സാമാന്യമായ അറിവു മാത്രമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ഇങ്ങനെയുള്ള തന്ത്രങ്ങൾക്കൊണ്ട് കുറച്ചുകാലത്തേക്കു സാധിച്ചു എന്നുവരാം. എം.എം. അക്ബർ അവതരിപ്പിക്കുന്ന പണ്ഡിതന്മാർക്കു മാത്രമേ ഇതൊക്കെ മനസ്സിലാക്കുവാനും ന്യായീകരിക്കുവാനും വയ്യാതെ പ്രയാസപ്പെടുന്നുള്ളൂ. മറ്റു പല പണ്ഡിതന്മാർക്ക് ഇതൊരു കീറാമുട്ടിയേ അല്ല.
യേശുകഥയുടെ ചരിത്രസ്വഭാവം
യേശുവിനെക്കുറിച്ച് സമകാലികരായിരുന്ന ചരിത്രകാരന്മാരൊന്നും രേഖപ്പെടുത്താതിരുന്നതിനാൽ അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ലന്നു വാദിക്കുന്ന യുക്തിവാദികളുണ്ടുപോലും. യോസിഫസ് എന്ന ചരിത്രകാരൻ യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്നത് പിന്നീട് ആരോ കൂട്ടിച്ചേർത്തതാണുപോലും. ആർക്കും എന്തഭിപ്രായവും ഒരടിസ്ഥാനവുമില്ലാതെ പറയാൻ സ്വാതന്ത്ര്യമുള്ള കാലത്താണല്ലോ നാം ജീവിക്കുന്നത്. ഖുറാനിൽ യേശുവിനെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും ക്രൈസ്തവർക്ക് ഖുറാൻ അസ്വീകാര്യമായത് കാരണം എം.എം. അക്ബറിനു അത് അസ്വീകാര്യമായിരിക്കുന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. ഖുറാന് ദൈവം പ്രവാചകനായ മുഹമ്മദിന് പറഞ്ഞുകൊടുത്തതാണെങ്കിൽ. അക്ബറിന് എന്തുകൊണ്ട് അത് സത്യമെന്ന് വിശ്വസിച്ചുകൂടാ? ഒരു ക്രിസ്തു വിശ്വാസിക്ക് യേശുവിന്റെ ചരിത്രം സത്യമാണെന്നു വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ട്. ഇവിടെ അക്ബർ ക്രിസ്തു-ശിഷ്യന്മാരെ തെളിവുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന വ്യക്തിയായിട്ടാണ് സ്വയം അവതരിപ്പിക്കുന്നത്. അക്ബറിന്റെ സഹായമില്ലാതെ ഒരു ക്രിസ്തു ശിഷ്യന് യേശുവിനെപ്പറ്റിയുള്ള സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട് ശരിയായ ചിത്രം വരച്ചു കാട്ടാൻ അക്ബർ വളരെയധികം പ്രയാസപ്പെടുന്നതായി കാണപ്പെടുന്നു.
യേശുവിനെപ്പറ്റി സമകാലികരായ ചരിത്രകാരന്മാരൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന് അക്ബർ പറയുന്നത് ഒരു അടിസ്ഥാനവുമില്ലാതെയാണ്. റോമാ ചരിത്രകാരനായ യഹൂദനായ ജോസിഫസ് യേശുവിനെപ്പറ്റിയും ക്രൂശുമരണത്തെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്. റോമാ സാമ്രാജ്യത്തിന്റെ ചരിത്രം എഴുതുകയായിരുന്നു യോസിഫസിന്റെ ജോലി. ഒരു കുഗ്രാമത്തിലെ പശുത്തൊട്ടിലിൽ ജനിച്ച് 30 വയസ്സുവരെ ആരും അറിയപ്പെടാതെ വളർന്നതിനു ശേഷം ക്രൂശിൽ തറച്ചു കൊല്ലപ്പെട്ട ഒരു യേശുവിനെപ്പറ്റി റോമൻ ചരിത്രകാരനായ യോസിഫസ് ശ്രദ്ധിച്ചതു തന്നെ ആവശ്യത്തിലധികം തെളിവാണ്.
യേശുവിന്റെ വംശാവലിയെ ചോദ്യം ചെയ്തുകൊണ്ട് അവതരിപ്പിക്കുന്ന വാദങ്ങൾ സത്യത്തെ തൂത്തുവാരി ചവറ്റുകൊട്ടയിൽ എറിയുന്നതിനു തുല്യമാണ്. പണ്ഡിതന്മാർ എന്നു പേരെടുക്കുവാൻ നിലവിലുള്ള ചിന്താഗതികളെ ചോദ്യം ചെയ്യുക. അതിന് കെട്ടിച്ചമച്ച ഭാവനകൾ കലർത്തി അഭിപ്രായങ്ങൾ പണ്ഡിതന്മാരുടെതെന്ന രീതിയിൽ അവതരിപ്പിക്കുക. ഇതൊക്കെ സാധാരണ കണ്ടുവരാറുള്ളതാണ്. അങ്ങനെയുള്ള എത്രയോ പുസ്തകങ്ങൾ പ്രചാരത്തിലുണ്ട്. അവയെ അവലംബിച്ച് എന്തുവേണമെങ്കിലും പടച്ചുവിടാൻ ലേശം സമയവും ഊർജ്ജവും കണ്ടെത്തിയാൽ പലർക്കും കഴിഞ്ഞെന്നിരിക്കും. ഇങ്ങനെയുള്ള വഞ്ചനയിൽപെട്ടു വിശ്വാസം നശിക്കുന്നവർ അനേകരാണ്. അതുകൊണ്ടായിരിക്കും ക്രിസ്തു താൻ രണ്ടാമതു വരുമ്പോൾ ശരിയായ വിശ്വാസം കണ്ടെത്തപ്പെടുമോ എന്ന് സംശയം പ്രകടിപ്പിച്ചത്. ക്രിസ്തുവിന്റെ വംശാവലിയെപ്പറ്റി അടുത്ത അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
യേശു ജനിച്ചപ്പോഴുള്ള സമയത്തെ മുഴുവൻ ജ്യോതിശാസ്ത്ര രേഖകളും പരിശോധിച്ചാൽ മത്തായി 2:1-12 ൽ പറയുന്ന രീതിയിലുള്ള നക്ഷത്രത്തെപ്പറ്റി ഒരു വിവരവും ലഭിക്കയില്ല എന്ന് ഒരു പ്രസ്താവനയാണ് അക്ബർ അടുത്തതായി നടത്തുന്നത്. അങ്ങനെയുള്ള ജ്യോതിശാസ്ത്ര രേഖകൾ എവിടെയെങ്കിലും ഉള്ളതായി അറിയില്ല.
എന്നാൽ മത്തായി 2:9 ൽ അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്‌ക്കൊണ്ടിരുന്നു. അതുകൊണ്ട് ഈ നക്ഷത്രം ആകാശത്തിലാകാൻ വഴിയില്ല. ഇത് എല്ലാവർക്കും ഗോചരമായിരിക്കണമെന്നില്ല കാരണം ഹേരോദാവ് നക്ഷത്രം കണ്ട സമയത്തെപ്പറ്റി വിദ്വാൻമാരോടു ചോദിക്കുന്നു.
എത്രയോ ധൂമകേതുക്കളാണ് നാം ആകാശത്തു കാണുന്നത്. യേശുവിന്റെ ജനനത്തോടനുബന്ധിച്ച് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്ന നക്ഷത്രം യരുശലേമിൽ ആരും കണ്ടതായി രേഖയില്ല. കിഴക്കുനിന്നു വന്ന വിദ്വാന്മാർക്കു മാത്രം ദൈവം കൊടുത്ത വഴികാട്ടിയായിരുന്നു നക്ഷത്രം. നക്ഷത്രത്തെ അനുധാവനം ചെയ്യുന്നതിനു പകരം യേശു രാജകൊട്ടാരത്തിലായിരിക്കും പിറന്നത് എന്നു ധരിച്ച് യരുശലേമിൽ വന്നതാണ് വഴിതെറ്റിപ്പോകാൻ കാരണമായത്. ആ നക്ഷത്രം ചിലപ്പോൾ മറ്റുപലരുടെയും കണ്ണുകൾക്ക് അഗോചരമായിരുന്നിരിക്കാം. അതുകൊണ്ട് ശ്രദ്ധിക്കാതെ പോയതിൽ അത്ഭുതപ്പെടാനില്ല. പൗലോസ് ദമസ്‌കോസിന്റെ പടിവാതിക്കൽ വച്ച് യേശു പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടതായ അസാധാരണായ വെളിച്ചവും അതുകൊണ്ട് കണ്ണുകാണാതെ വന്നതും കൂടെയുള്ളവർക്ക് അനുഭവപ്പെട്ടില്ല. നാം പലപ്പോഴും നമ്മുടെ പരിമിതമായ അറിവിനുള്ളിൽ ദൈവത്തെയും ദൈവിക കാര്യങ്ങളെയും ഒതുക്കുവാൻ ശ്രമിക്കുന്നതാണ് വഴിതെറ്റിപ്പോകാൻ ഇടയാകുന്നത്.
യേശുവിന്റെ ജനനത്തെപ്പറ്റി വിദ്വാന്മാരിൽ നിന്ന് മനസ്സിലാക്കിയ യരുശലേം ഭരണാധികാരികൾക്ക് പരസ്യശുശ്രൂഷയുടെ സമയമാകുമ്പോൾ യേശുവിനെപ്പറ്റി ഒന്നും അറിയാതെയിരുന്നതിനാൽ ഇത് ചരിത്രമല്ല എന്നതാണ് അടുത്ത പ്രചരണം. ഈ പറയുന്ന ഭരണാധികാരികൾ ആരും യേശുവിനെ കണ്ടിട്ടില്ല. യേശുവിനെയും കൊണ്ട് മാതാപിതാക്കൾ ഈജിപ്തിലേക്ക് ഓടിപ്പോയി. തിരിച്ചുവന്ന് ഗലീലക്കടുത്ത് നസ്രത്ത് എന്ന കുഗ്രാമത്തിൽ 30 വയസ്സുവരെ ആരും അറിയപ്പെടാത്തവനായി പാർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്നതൊന്നും ചരിത്രമല്ല എന്ന് എങ്ങനെ വാദിക്കാൻ കഴിയും? ബാലിശമായ വാദങ്ങളാണ് അക്ബർ നിരത്തുന്നത്.
യേശുവും സ്‌നാപകയോഹന്നാനും തമ്മിലുള്ള ബന്ധം സുവിശേഷങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പരസ്യ ശുശ്രൂഷകാലത്ത് അതു വീണ്ടും സൂചിപ്പിക്കാത്തതുകാരണം അതു ചരിത്രമല്ല എന്നാണ് വിചിത്രമായ മറ്റൊരു കഥ. ഞാൻ ഒരു കത്തെഴുതുമ്പോൾ എഴുത്തു വായിക്കുന്ന ആളിന് ഞാനും മറ്റൊരു വ്യക്തിയുമായുള്ള ബന്ധം വ്യക്തമാണെങ്കിൽ അതു വീണ്ടും ഓർമ്മിപ്പിക്കുന്നതിന്റെ പ്രസക്തി എന്താണ്?
യേശു ജനിച്ചത് യഥാർത്ഥത്തിൽ ബേത്‌ലഹേമിലല്ല എന്നതാണ് അടുത്ത പ്രചരണം. ബേത്‌ലഹേമിലല്ല എങ്കിൽ പിന്നെ എവിടെയാണ് എന്ന് അക്ബർ പറയുന്നില്ല. ഈജിപ്തിൽ നിന്നും മടങ്ങി വരുന്ന യേശു നസ്രത്തിൽ താമസമാക്കുന്നു. അതിനുശേഷം ഗലീല പ്രദേശങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതായി ബൈബിൾ വ്യക്തമായി രേഖപ്പെടുത്തുന്നു. (മത്തായി 2:21-23)
അടുത്ത വാദം യേശുവിന്റെ ജനനത്തോടടുത്തായി നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് നടന്നില്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.ക്രിസ്തുവിന്റെ ജനനസമയത്തു നടന്നു എന്നു പറയുന്ന സെൻസസ് നടന്നുവോ ഇല്ലയോ എന്നതിന് അനുകൂലമായും എതിരായും വളരെയധികം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഒരു സംഭവം നടന്ന് രണ്ടായിരം വർഷങ്ങൾക്കു ശേഷം അതു നടന്നിട്ടില്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സ്വാർത്ഥതാൽപര്യത്തിലാകാനാണ് സാദ്ധ്യത. അന്നു നിലവിലിരുന്ന രേഖകളൊന്നും പരിശോധിക്കാൻ ലഭ്യമല്ലാതിരിക്കെ, അന്നു നിലവിലരുന്ന കലണ്ടറും ഇന്നുപയോഗിക്കുന്ന കലണ്ടറും വ്യത്യസ്തമായിരിക്കെ, ആർക്കുവേണമെങ്കിലും പലപല തിയറികളും മുമ്പോട്ടു വയ്ക്കാം. ഈ രീതിയിലുള്ള തിയറികൾക്ക് അതിന് അർഹിക്കുന്ന ഗൗരവം മാത്രം കൊടുക്കുന്നതായിരിക്കും ഉത്തമം.
''ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗസ്‌തോസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറെന്യൊസ് സുറിയാ നാടുവാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി (ലൂക്കൊസ് 2:1,2). ഇതിനെപ്പറ്റി യോസിഫസ് എന്ന യഹൂദ ചരിത്രകാരൻ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. 'Now Cyreniuts a Roman senator came at this time into Syria being sent by Caesar. Cyrenius came himself into Judea, which was added to the province of Syria, to take an account of their substance'' Antiquities 18:1:12. ഈ വിഷയത്തിൽ ഇതിൽ കൂടുതൽ എന്തു തെളിവു കൊടുത്താൽ അക്ബറിന് സമ്മതമാകും. ഒരു മുസ്ലീമിന് തന്റെ ശത്രുക്കളെ നശിപ്പിക്കുന്നതിന് വേണ്ടി ഏതു കള്ളവും ചമക്കുന്നതിന് ഖുറാൻ Takiya -ൽ കൂടി അനുവാദം കൊടുക്കുന്നുണ്ട്. ക്രിസ്തുശിഷ്യന്മാരെ ശത്രുക്കളായിക്കണ്ടു നശിപ്പിക്കുന്നതിന് അക്ബറിന്റെ ശ്രമമാണ് ഇതിന്റെ പിന്നിൽ എന്ന് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. ഖുറാനിലെ Takiya നിർദ്ദേശങ്ങൾ പ്രവാചകനായ മുഹമ്മദിന്റെ തന്നെയാണോ, അതോ സാമ്രാജ്യ ശക്തികളുടെ കൈകടത്തലുകളും Caliphete കെട്ടിപ്പൊക്കാൻ ശ്രമിച്ചവരുടെ തന്ത്രങ്ങളും അതിലുണ്ടായിരുന്നോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരന്റെ കണ്ണിലെ കരടെടുക്കുന്നത് ആർക്കും ഭൂഷണമല്ല.
മുസ്ലീം വിശ്വാസികളല്ലാത്തവർക്ക് അല്ലാഹുവാണ് ഏറ്റവും നല്ല വഞ്ചകനെന്നും അതുകൊണ്ട് ഏതു മുസ്ലീം മതവിശ്വാസിക്കും അവിശ്വസിക്കുവാനേറെ വഞ്ചന ഉപയോഗിക്കാമെന്നാണ് ഖുറാൻ അനുശാസിക്കുന്നത് (3:54), (8:30), (10:21) ഇതു പ്രവാചകൻ തന്നെ പറഞ്ഞതാണോ, പറഞ്ഞതായി തെറ്റിദ്ധരിക്കപ്പെട്ടതാണോ അതോ സാമ്രാജ്യശക്തികൾ ആ നിലയിൽ പഠിപ്പിക്കുന്നതിനു ശ്രമിച്ചതാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സത്യത്തെ എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം എന്നും ജയിക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ള വസ്തുതയാണ്.
എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
ബൈബിളിൽ ചരിത്രപരമായും വസ്തുതകൾക്ക് നിരക്കാത്തതുമായി പരാമർശനങ്ങൾ ഉണ്ട് എന്ന് അക്ബർ വാദിക്കുമ്പോൾ താഴെപ്പറയുന്ന ഖുറാനിലുള്ള പരാമർശനങ്ങളെ അക്ബർ എങ്ങനെ വിശദീകരിക്കും
1) മനുഷ്യനെ എന്തിൽ നിന്ന് സൃഷ്ടിച്ചു? വെള്ളത്തിൽ നിന്ന്.
സുറാ 25:54
അവൻ തന്നെയാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. (779) നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.
സുറാ 24:45
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഉദരത്തിൻമേൽ ഇഴഞ്ഞ് നടക്കുന്നവരുണ്ട്.രണ്ട് കാലിൽ നടക്കുന്നവരും അവരിലുണ്ട്. നാലുകാലിൽ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
മണ്ണിലെ പൊടിയിൽ നിന്നും സൃഷ്ടിച്ചു.
സുറാ 30:20
നിങ്ങളെ അവൻ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവർഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.
2) താഴെപ്പറയുന്ന സുറാകളുടെ അടിസ്ഥാനത്തിൽ ഇസ്ലാംമിൽ മതത്തിന്റെ പേരിൽ ബലപ്രയോഗം ഉണ്ടോ?
സുറാ 2:256
മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
സുറാ 18:29
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. അക്രമികൾക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവർക്ക് കുടിക്കാൻ നൽകപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
സുറാ 3:85
ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും.
സുറാ 9:29
വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
3) നോഹയുടെ ഒരു മകൻ ജലപ്രളയത്തിൽ മരിച്ചുവോ?
സുറാ 11:42
പർവ്വതതുല്യമായ തിരമാലകൾക്കിടയിലൂടെ അത് (കപ്പൽ) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവൻ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്.
സുറാ 11:43
അവൻ പറഞ്ഞു: വെള്ളത്തിൽ നിന്ന് എനിക്ക് രക്ഷനൽകുന്ന വല്ല മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കൽപനയിൽ നിന്ന് ഇന്ന് രക്ഷനൽകാൻ ആരുമില്ല; അവൻ കരുണ ചെയ്തവർക്കൊഴികെ. (അപ്പോഴേക്കും) അവർ രണ്ട് പേർക്കുമിടയിൽ തിരമാല മറയിട്ടു. അങ്ങനെ അവൻ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.
സുറാ 21:76
നൂഹിനെയും (ഓർക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാർത്ഥിച്ച സന്ദർഭം. അദ്ദേഹത്തിന് നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തി.
4) യഹൂദന്മാരോടും ക്രിസ്ത്യാനികളോടും പെരുമാറേണ്ടിയത് എങ്ങനെ.
സുറാ 2:109
നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാൽ (അവരുടെ കാര്യത്തിൽ) അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നത് വരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
സുറാ 9:29
വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
5) ഖുറാൻ വചനങ്ങൾക്ക് മാറ്റം വരാമോ?
സുറാ 6:34
നിനക്ക് മുമ്പും ദൂതൻമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങൾ നിഷേധിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവർക്ക് വന്നെത്തുന്നത് വരെ അവർ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങൾക്ക് (കൽപനകൾക്ക്) മാറ്റം വരുത്താൻ ആരും തന്നെയില്ല. ദൈവദൂതൻമാരുടെ വൃത്താന്തങ്ങളിൽ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ.
സുറാ 2:106
വല്ല ആയത്തും നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാൾ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. (30) നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
സുറാ 16:101
ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരംവെച്ചാൽ-അല്ലാഹുവാകട്ടെ താൻ അവതരിപ്പിക്കുന്ന തിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവർ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാകുന്നു എന്ന്. അല്ല, അവരിൽ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
# Biblical history? - Article by Nainan Mathulla