ആകാശമാതാവിന്റെ വികൃതിയായ രണ്ടു മക്കളായിരുന്നു താരയും താരകനും. നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഇത്രയും കുരുത്തം കെട്ടവർ വേറെയില്ല. ഇരട്ടകളായ ഇവരിൽ മൂത്തത് താനാണെന്ന വിചാരം താരയ്ക്കുണ്ട്. എന്നാൽ അവളുടെ കേമത്തം വക വച്ചു കൊടുക്കാൻ താരകൻ ഒരിക്കലും തയ്യാറല്ല. ഒന്നു പറഞ്ഞ് രണ്ടാമത് തല്ലും പിടിയും വഴക്കുമാണ് .
സഹികെട്ട ആകാശം സൂര്യനെ വിളിക്കും . സൂര്യൻ വന്നാൽ പിന്നെ രണ്ടും നിൽക്കില്ല. പേടിച്ച് എവിടെയെങ്കിലും പോയി ഒളിക്കും. എന്നാൽ രാത്രി സൂര്യന് വരാനാവില്ലല്ലോ . അപ്പോഴാണ് താരയുടെയും താരകന്റെയും താണ്ഡവം. ചന്ദ്രൻ വന്ന് കണ്ണുരുട്ടിയാലൊന്നും യാതൊരു കൂസലുമില്ല രണ്ടാൾക്കും . നിലാവിന്റെ പുഴയിൽ മുങ്ങിക്കുളിച്ച് മദിക്കും പാതിരാവോളം .
മേഘങ്ങളുടെ രാജാവായ അംബുദൻ തന്റെ പഞ്ഞിപ്പുരയിൽ നിന്ന് കുറേ പഞ്ഞികൾ വാരിയെടുത്ത് മന്ത്രം ജപിച്ച് പുഴയിലെറിയും . ആ പഞ്ഞികളെല്ലാം തിരമാലകളായി അലയിരമ്പാൻ തുടങ്ങും. അതോടെ പുഴ കടലാവും. പിന്നെ, തിരകളെ കുതിരകളാക്കി താരയും താരകനും സവാരിക്കിറങ്ങും. അംബുദൻ കുറച്ച് തിരകളെ തിരിച്ചെടുത്ത് വീണ്ടും പഞ്ഞിയാക്കി അത് പിരിച്ചെടുത്ത് കയറാക്കി താരയേയും താരകനെയും കെട്ടിയിടും. രണ്ടാളും കയറു പൊട്ടിച്ച് കുതറിയോടും .
നിങ്ങളുടെ കുരുത്തക്കേട് കൊണ്ട് ഈ അമ്മയ്ക്ക് ജീവിതം മടുത്തു മക്കളേ .. ആകാശം ചിലപ്പോൾ കരയും . ആകാശത്തിന്റെ കണ്ണീര് കൊള്ളിമീനുകളായി താഴേക്ക് വീഴും.
അംബുദൻ ചില നേരങ്ങളിൽ മേഘങ്ങളെ കൊടുമുടികളായി വിന്യസിക്കും. അപ്പോൾ ഏറ്റവും ഉയരത്തിൽ കയറി നിൽക്കാനായിരിക്കും താരയുടെയും താരകന്റെയും മത്സരം. ഒരു ദിവസം രണ്ടെണ്ണവും അവിടെ നിന്ന് വീണ് ഒരാളുടെ കൈയും ഒരാളുടെ കാലും ഒടിഞ്ഞു. ആകാശത്തിന് സങ്കടം വന്നെങ്കിലും സമാധാനവും തോന്നി - കുറച്ച് ദിവസം രണ്ടെണ്ണം അടങ്ങിയൊതുങ്ങി ഇരുന്നോളുമല്ലോ.
അംബുദൻ ഇടയ്ക്ക് മേഘങ്ങളെ ഉഴുതു മറിച്ച വയലു പോലെയാക്കി മാറ്റാറുണ്ട്. കൈയും കാലും നേരെയായ ഉടൻ താരയും താരകനും പൂട്ടിയ കണ്ടത്തിലിറങ്ങി. ഒരു വലിയ കട്ടയെടുത്ത് താരകൻ താരയുടെ തലയിലിട്ടു. താര ഒരു കട്ട പൊടിച്ച് മണ്ണാക്കി താരകന്റെ മുഖത്തേക്കെറിഞ്ഞു. കണ്ണിൽ മണ്ണായ താരകന് ദേഷ്യം വന്നു -
എടീ, നീ എന്റെ കണ്ണിൽ മണ്ണാക്കും അല്ലേ ?
അവൻ ആഞ്ഞൊന്ന് തൊഴിച്ചു.
താര തെറിച്ചങ്ങ് വീണു.
എടാ , നീ എന്നെ തല്ലുന്നോ ?
അവൾ പാഞ്ഞിങ്ങ് വന്ന് താരകനെ തള്ളിയിട്ടു. രണ്ടു പേരും പൊരിഞ്ഞ അടിയായി . ശരിക്കും യുദ്ധം തന്നെ . കൈയും കൈയും കാലും കാലും കൂട്ടിയടിച്ചുള്ള യുദ്ധം.
മക്കൾ തമ്മിലടിക്കുന്നത് നോക്കി സങ്കടപ്പെടുകയാണ് ആകാശം. അതു കണ്ട അംബുദൻ താരയേയും താരകനെയും കനത്ത മഴയിൽ കുളിപ്പിച്ച് സംഘട്ടനം ഒഴിവാക്കാൻ നോക്കി. എന്നിട്ടും അവർ നിർത്തുന്നില്ല. അടിയോടടി . വീണുരുണ്ട് കെട്ടിമറിഞ്ഞ് താരയുടെയും താരകന്റെയും കൈകളും കാലുകളും പൊട്ടിയടർന്ന് കഷണങ്ങളായി താഴേക്കുതിർന്നു.
ഉതിർന്ന കഷണങ്ങൾക്കെല്ലാം ചിറക് മുളച്ചു. അവ മിന്നാമിനുങ്ങുകളായി ഭൂമിയിലെങ്ങും പാറിക്കളിച്ചു.
PRAKASHAN KARIVELLOOR STORY