'നമുക്ക് ഇനി 400 ദിവസങ്ങള്‍ മാത്രമെ അവശേഷിച്ചിട്ടുള്ള അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പു സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള പാവങ്ങളിലേക്ക് വികസനം എത്തിക്കുവാന്‍.' ജാതി-മതഭേദമെന്യെ പാര്‍ശവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിലേക്ക് ഗവണ്മെന്റിന്റെ വികസനപദ്ധതികളുടെ ഫലങ്ങള്‍ എത്തിക്കുവാന്‍ ബി.ജെ.പി.യുടെ അണികളോട് ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. അദ്ദേഹം ജനുവരി മധ്യത്തില്‍ പാര്‍ട്ടിയുടെ ദ്വദിന ദേശീയ കാര്യനിര്‍വ്വഹണ സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ദല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റേതിലുപരി ഒരു ഭരണാധികാരിയുടെ സ്വരം ഉള്‍ക്കൊള്ളുവാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി കാണാം. മോദിയുടെ പാര്‍ട്ടി ഇന്‍ഡ്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്ന് ഫ്രീഡം ഹൗസ് പോലുള്ള ചില അന്താരാഷ്ട്ര സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രഭാഷണം. എല്ലാ വിഭാഗത്തിലുംപെട്ട പാവങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ ലക്ഷ്യം വോട്ട് ആയിരിക്കരുതെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍. ഒമ്പതു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കും അപ്പുറം ബി.ജെ.പി.യും പ്രതിപക്ഷകക്ഷികളും 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെലുങ്കാനയിലെ ഖമ്മത്ത് പ്രതിപക്ഷകക്ഷികള്‍ ഭാരത് രാഷ്ട്രസമതിയുടെ സ്ഥാപനദിനാഘോഷത്തോടനുബന്ധിച്ചു 'ബി.ജെ.പി. മുക്ത് ഇന്‍ഡ്യ' എന്ന ഒരു ആശയവും പ്രചരിപ്പിച്ചു. പ്രതിപക്ഷനിരയില്‍ രാഹുല്‍ഗാന്ധിയുടെയും മമത ബാനര്‍ജിയുടെയും അഭാവം ശ്രദ്ധേയമായി. എന്നിരുന്നാലും പ്രതിപക്ഷവും ബി.ജെ.പി.ക്ക് ഒപ്പം 2024 ലക്ഷ്യമാക്കി നീങ്ങുകയാണ്.
ബി.ജെ.പി.യുടെ ഉന്നത തലയോഗം തെരഞ്ഞെടുപ്പു പ്രചരണ ആയുധങ്ങളെയും അനാവരണം ചെയ്യുകയുണ്ടായി. രാമമന്ദിരം നിര്‍മ്മിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു എന്ന് മോദി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചപ്പോള്‍ പെട്ടെന്ന് ഒരു ഭരണാധികാരിയുടെ മുഖംമൂടി ഊരിപോവുകയും ഒരു രാഷ്ട്രീയക്കാരന്റെ മുഖം തെളിയിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം വീണ്ടും വിശാലഹൃദയമുള്ള ഒരു നേതാവായി മാറി. അദ്ദേഹം ഉദ്ബോധിപ്പിച്ചു ദളിത പുണ്യാത്മാക്കളായ സന്ത് രവിദാസിന്റെയും മഹര്‍ഷി വാത്മീകിയുടെയും മന്ദിരങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് ഒരു ആത്മപരിശോധന നടത്തണം. ഞായറാഴ്ച ദിവസങ്ങളില്‍ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടുമ്പോള്‍ അവിടെയും പോകണം. സിക്ക് വിഭാഗത്തിലും നിങ്ങളുടെ സാമീപ്യം ഉണ്ടായിരിക്കണം. ദല്‍ഹിയിലും മറ്റുമുള്ള ക്രൈസ്തവ ദേവാലയങ്ങളുടെ നേര്‍ക്കുള്ള തീവ്രഹിന്ദുത്വ വിഭാഗത്തിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോദിയുടെ ആഹ്വാനം അര്‍ത്ഥവത്താണ്. പക്ഷേ, ഇതൊക്കെ ആര് ചെവിക്കൊള്ളുവാന്‍? കാരണം ഇതേ നേതാക്കന്മാര് തന്നെയല്ലേ മറ്റൊരു ന്യൂനപക്ഷ സമുദായമായ മുസ്ലീം മതവിഭാഗത്തില്‍ നിന്നും ഒരു എം.പി.പോലും തെരഞ്ഞെടുക്കാത്തത്. നിയമസഭയിലേക്ക് മത്സരിക്കുവാന്‍ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മറ്റും ടിക്കറ്റു പോലും നല്‍കാത്തത്. ബഹുസ്വരതയൊക്കെ വെറു പ്രഭാഷണങ്ങള്‍ മാത്രമാണ് അപ്പോഴെല്ലാം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബി.ജെ.പി.ക്ക് പ്രവചിച്ചു കൊണ്ട് രാജ്യരക്ഷമന്ത്രി രാജ്നാഥ് സിംങ്ങ് നടത്തിയ പ്രവചനത്തെ പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. അമിതാത്മവിശ്വാസം 2004-ലെ പോലെ വമ്പന്‍ പരാജയത്തിലേക്ക് വഴിതെളിക്കും. പ്രതിപക്ഷത്തെ ഒരിക്കലും ലഘുവായി കാണരുത്. നിതാന്ത ജാഗ്രതയാണ് വേണ്ടത് ഇന്‍ഡ്യയുടെ സുവര്‍ണ്ണകാലം ആരംഭിച്ചുകഴിഞ്ഞുവെന്നും അത് പുരോഗതിയിലേക്കുള്ള 'കര്‍ത്തവ്യകാലം' ആക്കണമെന്നും മോദി ഓര്‍മ്മിപ്പിച്ചു. ബി.ജെ.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിമാത്രം അല്ലെന്നും അത് സാമൂഹ്യ സംഘടന കൂടെയാണെന്നും അദ്ദേഹം അണികളെ ഓര്‍മ്മിപ്പിച്ചു.
ബി.ജെ.പി.യുടെ ദക്ഷിണേന്ത്യന്‍ നീക്കങ്ങളെകുറിച്ചും മോദിയുടെ പരാമര്‍ശനം ഉണ്ടായി. പ്രാദേശിക പാര്‍ട്ടികളെ നേരിടുക ദുഷ്ക്കരമാണെന്നതാണ് കണക്കുക്കൂട്ടല്‍, പ്രത്യേകിച്ചും തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും.
ഉന്നതതലയോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ മോദിപരമോന്നതന് ആണെന്നും അദ്ദേഹം ലോകത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവാണെന്നും മോദിയുടെ ഭരണത്തിനു കീഴിലുള്ള ഇന്‍ഡ്യ ലോകത്തിന്റെ സംരക്ഷകനാണെന്നും വരെ പരാമര്ശനങ്ങളുണ്ടായി. ജോര്‍ജ് ഓര്‍വെലിന്റെ 'അനിമല്‍ ഫാമി' ലെ ഏകാധിപതിയെ അന്തേവാസികള്‍ പുകഴ്ത്തുന്നതിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ. ഇതിനൊക്കെ ചൂണ്ടിക്കാട്ടുന്നത് ജി-20ന്റെയും ഷാങ്ങ്ഹായ് കോര്‍പ്പറേഷന്റെയും മറ്റും നേതൃത്വത്തിലേക്ക് ഇന്‍ഡ്യയും മോദിയും ഉയര്‍ത്തപ്പെട്ടതാണ്. ഇത് ശ്ലാഘനീയം തന്നെ. രാമ മന്ദിരവും ജി-20 അദ്ധ്യക്ഷ സ്ഥാനവും ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചരണായുധങ്ങള്‍ ആണ്. ഒപ്പം പാവങ്ങള്‍ക്കുവേണ്ടിയുള്ള നിരവധി ക്ഷേമപദ്ധതികളും. പക്ഷേ, ഇവിടത്തെ യാഥാര്‍ത്ഥ്യം പണക്കാരും പാവങ്ങളും തമ്മിലുള്ള വിടവ് അനുദിനം വര്ദ്ധിക്കുകയാണെന്നുള്ളതാണ്. ക്ഷേമപദ്ധതികള്‍ ഒരുവശത്ത് മുറക്ക് നടക്കുന്നുമുണ്ട്.
ലോകത്തിലെ അസമത്വത്തെകുറിച്ച് ഈയിടെ പുറത്തിറക്കിയ ഓക്സ്ഫാം റിപ്പോര്‍ട്ട് പറയുന്നത് ഇന്‍ഡ്യയില്‍ ഒരു ശതമാനം ധനികരാണ് 40 ശതമാനം ദേശീയ സമ്പത്ത് കൈവച്ച് അനുഭവിക്കുന്നതെന്നാണ്. മറ്റുള്ളവര്‍ക്കുള്ളത് മൂന്നു ശതമാനം സമ്പത്തുമാത്രം! ഇതും തെരഞ്ഞെടുപ്പു പ്രചരണതന്ത്രത്തില്‍ ഉള്‍പ്പെടുത്തുമോ?
രാമമന്ദിരവും സാംസ്കാരിക ദേശീയതയും വീണ്ടും ഫോക്കസില്‍ വരുകയാണ്. രാമമന്ദിര നിര്‍മ്മാണത്തില്‍ മോദിയെ പ്രത്യേകം അനുസ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തെങ്കിലും അയോദ്ധ്യ രഥയാത്രയുടെ തേരാളിയായ ലാല്‍ കിഷന് അദ്വാനി എവിടെ? രാമക്ഷേത്ര മൂവ്മെന്റിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ബി.ജെ.പി. പാലംപൂര്‍ സമ്മേളനത്തില്‍ വച്ച് (ഹിമാചല്‍പ്രദേശ്) അത് ഏറ്റെടുത്തത്. ഗ്യാന്‍ വാപിയും(കാശി) ശ്രീകൃഷ്ണ ജന്മഭൂമിയും(മഥുര) ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഇതും ഏറ്റെടുക്കുമോ? തെരഞ്ഞെടുപ്പ് 400 ദിവസങ്ങള്‍ മാത്രം അകലെയാണ്. ധ്രൂവീകരണത്തിനുള്ള സാദ്ധ്യതയുണ്ടോ? ഏതായാലും തല്ക്കാലം ഇതിനെക്കുറിച്ച് പരാമര്‍ശനം ഒന്നും ഉണ്ടായില്ല.
2019-ല്‍ ബി.ജെ.പി. 303 സീറ്റുകള്‍ നേടി റെക്കോര്‍ഡ് വിജയം ആണ് കൈവരിച്ചത്. 2024-ല്‍ ഇതിനെ മറികടക്കുമോ? 350 എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും അതു കൈവരിക്കുവാന്‍ സാധിക്കുമോ? 2019-ലെ 303 പാര്‍ട്ടിയുടെ പരമാവധിയാണോ?
ബി.ജെ.പി.യുടെ സ്വന്തം കണക്കൂട്ടലനുസരിച്ച് 144 സീറ്റുകളില്‍ അത് ദുര്‍ബ്ബലമാണ്. ഇത് 2022 മധ്യത്തിലെ കണക്കാണ്. ഇപ്പോള്‍ അത് 160 സീറ്റുകള്‍ ആണ്. പക്ഷേ മാധ്യമ വിലയിരുത്തല്‍ 204 ആണ്. 543-ല്‍ 204-ല്‍ ദുര്‍ബ്ബലം ആണെങ്കില്‍ പിന്നെ അവശേഷിക്കുന്നത് 339 ആണ്. ബീഹാറിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയം മാറി, സഖ്യം മാറി. ഉത്തര്‍പ്രദേശില്‍ 80-ല്‍ 80-0 ലഭിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പം അല്ല. ബാംഗാളില്‍ കഴിഞ്ഞ പ്രാവശ്യം 42-ല്‍ 18 സീറ്റുകള്‍ നേടി ഉജ്ജ്വല വിജയം നേടിയതാണ്. അത് നിലനിര്‍ത്തുവാന്‍ ആകുമോ?
400 ദിവസങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ കാലയളവാണ്. ഏതായാലും ബി.ജെ.പി. ദല്‍ഹി സമ്മേളനത്തിലൂടെ 2024-ലേക്കുള്ള പടയൊരുക്കം തുടങ്ങി. കര്‍മ്മം പ്രതിപക്ഷത്തിന് ഒരു തുടക്കം കുറിക്കുമോ? ബി.ജെ.പി. ആശ്രയിക്കുന്നത് മോദിയുടെ വ്യക്തിപ്രഭാവം ആണ്. പ്രതിപക്ഷത്തിന് അങ്ങനെ ഒന്ന് ഉണ്ടോ? അത് വലിയ ഒരു പരാധീനത ആണ്.
Preparations for BJP's third century.