ഒരു വിഷയം പല പ്രാവശ്യം ആവർത്തിച്ച് അവതരിപ്പിക്കുമ്പോൾ അതിന്റെ വിശ്വാസ്യത ഏറിവരുന്നതായി പറയപ്പെടുന്നു. മുമ്പ് പ്രസ്താവിച്ച വിഷയങ്ങൾ തന്നെ വീണ്ടും വീണ്ടും വ്യത്യസ്ത രൂപഭാവങ്ങളോടെ അവതരിപ്പിക്കുകയാണ് ഈ അദ്ധ്യായത്തിൽ. ബൈബിളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതുകൊണ്ട് അത് ദൈവനിവേശിതമല്ലെന്നുമാണ് അദ്ധ്യാത്തിന്റെ തുടക്കം. അക്ബർ അവതരിപ്പിച്ചിരിക്കുന്ന വൈരുദ്ധ്യങ്ങൾ ഒരോന്നായി പരിശോധിക്കാം.
1. ദൈവമോ ചെകുത്താനോ? 2 ശമുവേൽ 24:1
യഹോവയുടെ കോപം വീണ്ടും യിസ്രയേലിന്റെ നേരെ ജ്വലിച്ചു. ചെന്നു യിസ്രായേലിനെയും യഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിനു തോന്നിച്ചു. 1 ദിനവൃത്താന്തം 21:1 അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന് തോന്നിച്ചു.
പലപ്പോഴും ക്രിസ്ത്യാനികളായവർക്ക് പോലും സംഭവിക്കാവുന്ന ഒരു തെറ്റാണ്. വേദപുസ്തകത്തിലെ ഏതെങ്കിലും ഒരു വാക്യമെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങളെ വ്യാഖ്യാനിക്കുക എന്നത്. പലപ്പോഴും സ്ഥാപിത താല്പര്യങ്ങൾക്കു വേണ്ടിയായിരിക്കും ഇത്. ഒരാളുടെ വിശ്വാസം മറ്റൊരാളിന്റെ വിശ്വാസത്തെക്കാൾ കൂടുതൽ ശരിയാണ്, അതുകൊണ്ട് താനാണ് കൂടുതൽ മെച്ചമെന്ന് സ്ഥാപിക്കാനുള്ള ബാലിശമായ വ്യഗ്രത എന്നുപറഞ്ഞാൽ മതി. ദൈവിക സത്യങ്ങളെയും മർമ്മങ്ങളെയും അറിയാത്തതുമൂലം, പത്രൊസ് അപ്പോസ്‌തോലൻ തന്റെ ലേഖനത്തിൽ പറയുന്നതുപോലെ, അവർ സ്വന്ത നാശത്തിനായി ദൈവിക സത്യങ്ങളെ കോട്ടിക്കളയുന്നു. ദൈവം ആരംഭത്തിനു മുമ്പ് അവസാനവും അറിയുന്നവനാണ്. ദൈവത്തിന്റെ ബുദ്ധിശക്തിയെ നമുക്ക് ആരാധിക്കുവാനല്ലാതെ അതിനെ വിശകലനം ചെയ്യുവാൻ ശ്രമിക്കുന്നത് മൗഢ്യമാണ്.
ദൈവത്തിൽ വിശ്വാസം വെച്ചിരിക്കുന്ന ഒരു വ്യക്തിയെ ദൈവത്തിന്റേതായ സുരക്ഷിതവലയം എപ്പോഴും ചുറ്റിയിരിക്കും. സാത്താൻ ഇയ്യോബിനെക്കുറിച്ചു ദൈവത്തോടു വാദിക്കുന്നതും അതുതന്നെയാണ്. ''നീ അവനും അവന്റെ വീടിനും അവനുള്ള സകലത്തിനു ചുറ്റും വേലികെട്ടിയിട്ടില്ലയോ'' ഇയ്യോബ് 1:10 ഈ സുരക്ഷിതവലയം ദൈവം ചിലപ്പോൾ ഒന്നു ലേശം പൊളിച്ചു വയ്ക്കും. അതിൽകൂടി സാത്താൻ കടന്ന് ഒരു ഭക്തനെ ബാധിക്കത്തക്ക രീതിയിൽ ദൈവം അനുവദിക്കുന്ന പരീക്ഷകൾക്കുവേണ്ടി മാത്രം. ഇങ്ങനെയുള്ള പരീക്ഷകളിൽ കൂടി കടന്നുപോകുമ്പോഴാണ് ഒരു വ്യക്തി ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറയ്ക്കുന്നത്. ദൈവം പൊളിച്ച വിടവിൽ കൂടി സാത്താൻ കടന്ന് ഇയ്യോബിനെ ബാധിച്ചെങ്കിലും ഇയ്യോബ് ഒന്നുകൂടി വിശ്വാസത്തിൽ ഉറയ്ക്കുകയാണ് ചെയ്തത്. ചിലപ്പോൾ ഇങ്ങനെയുള്ള പരീക്ഷകൾ വിശ്വാസത്തിൽ ഉറയ്ക്കാനും ഗുണീകരണത്തിനും ആവാം. ചിലപ്പോൾ നാം നിഗളിച്ചുപോകാതിരിക്കാനായിരിക്കും. ഇവിടെ ദൈവത്തിന്റെ കോപം യിസ്രായേലിനു നേരെ ജ്വലിച്ചു. അവരുടെ ഗുണീകരണത്തിനായി ശിക്ഷിക്കാൻ ദാവീദിനെ മുഖാന്തിരമായി ഉപയോഗിച്ചു എന്നു കരുതുന്നതിൽ തെറ്റില്ല. ദാവീദും ജനങ്ങളെ എണ്ണി നോക്കിയത് ഒരു ശക്തിപ്രകടനത്തിനു വേണ്ടിയായിരുന്നു. ഈ സംഭവങ്ങളെല്ലാം ആദ്യത്തെ യെരുശലേം ദേവാലയം പണിയുന്നതിന് മുഖാന്തിരമാവുകയാണ് ചെയ്തത്.
ശരീരത്തിന്റെ ബലഹീനത കൊണ്ടുകൂടിയാണ് പാപം ഉണ്ടാകുന്നതെങ്കിൽ, പ്രവചനങ്ങളുടെ ആധിക്യം നിമിത്തം നിഗളിച്ചു പോകാതിരിക്കാൻ ശരീരത്തിൽ ഒരു ബലഹീനത കൊടുക്കാൻ വേണ്ടി പൗലോസിനെ കുത്താൻ സാത്താന്റെ ദൂതനെ ഏല്പിച്ചിരിക്കുന്നതിന്റെ മർമ്മം മനസ്സിലാകുന്നവർക്ക് ഇതിൽ ഒരു പൊരുത്തക്കേടും കാണില്ല. പ്രശ്‌നവും പ്രയാസവും ഇല്ലാതെ മുമ്പോട്ടു പോയാൽ നാം നിഗളിച്ചു പോകാനും, എല്ലാം സ്വന്തകഴിവുകൊണ്ടു സാധിക്കുമെന്ന് ചിന്തിയ്ക്കാനും ദൈവത്തിലുള്ള ആശ്രയം വിട്ട് ദൈവകൃപയിൽ നിന്നും വീണുപോകാനും സാദ്ധ്യതയുണ്ട്.
2. എഴുനൂറോ ഏഴായിരമോ? കുതിരപ്പടയാളികളോ കാലാൾ പടയാളികളോ?
2 ശമുവേൽ 10:8 ആരാമ്യർ യിസ്രായേലിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയി. ദാവീദ് ആരാമ്യരിൽ എഴുന്നൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു. അവരുടെ സേനാപതിയായ ശേബക്കിനെയും വെട്ടിക്കൊന്നു. 1 ദിനവൃത്താന്തം 19:18 എന്നാൽ ആരാമ്യർ യിസ്രായേലിന്റെ മുമ്പിൽ നിന്ന് ഓടി. ദാവീദ് ആരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു. ഇതിനുമുമ്പ് വിശദീകരിച്ച പ്രകാരം എല്ലാ മതങ്ങളുടെയും വേദങ്ങളിൽ ഒരു മാനുഷിക അംശം കാണാൻ സാധിക്കും, എഴുതുന്നതിലോ പകർത്തി എഴുതുന്നതിലോ, പരിഭാഷപ്പെടുത്തുന്നതിലോ. ഇവിടെ പറഞ്ഞിരിക്കുന്ന കാലാൾ പടയാളികൾ കുതിരപ്പടയാളികളാകാൻ പരിശീലനം ലഭിച്ചവരാകാം പകർത്തിയെഴുതുന്നതിൽ എവിടെയെങ്കിലും ഒരു പൂജ്യമോ അക്ഷരമോ മാറിപ്പോയതുകൊണ്ട് സത്യത്തിന് കോട്ടം തട്ടുന്നില്ല. മാനുഷികമായ ബലഹീനതയിലും തികഞ്ഞു വരുന്ന ദൈവീകശക്തി കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു.
3. നാല്പതോ നൂറ്റിയമ്പതോ
ഉൽപത്തി 7:17 ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയമായിരുന്നു.
ഉൽപത്തി 7:24 നൂറ്റമ്പത് ദിവസത്തേക്ക് ഭൂമിയിൽ വെള്ളപ്പൊക്കം തുടർന്നു.
വെള്ളപ്പൊക്കം കണ്ടിട്ടുള്ളവർക്ക് ഇതിൽ സംശയിക്കാനൊന്നുമില്ല. ചിലപ്പോൾ ഒരാഴ്ച തുടർച്ചയായി മഴപെയ്ത് വെള്ളം പൊങ്ങിയാൽ ആ പൊങ്ങിയ വെള്ളം ആ സ്ഥിതിയിൽ തുടർന്നിട്ട് അത് ശമിച്ച് പൂർവ്വസ്ഥിതിയിലാകാൻ രണ്ടാഴ്ചയോ അതിൽ കൂടുതലോ സമയം എടുത്തെന്നിരിക്കാം.
4. ആസാ പൂജാഗിരികൾ നീക്കിയോ ഇല്ലയോ?
2 ദിനവൃത്താന്തം 14:25
2 ദിനവൃത്താന്തം 15:17,18 എന്നാൽ പൂജാഗിരികൾക്ക് ഇസ്രായേലിൽ നീക്കം വന്നില്ല. വേദപുസ്തകം വായിച്ചിട്ടാല്ലാത്തവരെയും വേദപുസ്തക ചരിത്രം അറിയാത്തവരെയും തെറ്റിദ്ധരിപ്പിക്കുവാൻ ഇങ്ങനെയുള്ള പൊടിക്കൈ പ്രയോഗങ്ങൾക്ക് സാധിച്ചെന്നുവരാം. ആസാ യഹൂദയായിൽ രാജാവായിരുന്നു. ശലോമോന്റെ കാലശേഷം ഒന്നായിരുന്ന യിസ്രായേൽ രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ടു. യഹൂദയുടെ നേതൃത്വത്തിൽ യഹൂദ എന്ന പേരിൽ രണ്ടുഗോത്രങ്ങൾ തെക്കും എഫ്രയിമിന്റെ നേതൃത്വത്തിൽ യിസ്രായേൽ എന്ന പേരിൽ പത്തു ഗോത്രങ്ങൾ വടക്കും. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് യഹൂദയിൽ പൂജാഗിരികൾക്കു നീക്കം വന്നെങ്കിലും വടക്കുള്ള യിസ്രായേലിൽ പൂജാഗിരികൾക്ക് നീക്കം വന്നില്ല.
5. അമാസയുടെ പിതാവാരാണ്.
2 ശമുവേൽ 17:25 യിത്രാ
1 ദിനവൃത്താന്തം 2:17 അബിഗയിൽ
കാര്യങ്ങൾ വളച്ചൊടിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി. എം.എം.അക്ബർ ഈ ബൈബിൾ ഭാഗങ്ങൾ വായിച്ചിട്ടില്ല. അദ്ദേഹം ആരോ എഴുതിയ വേദപുസ്തക നിരൂപണത്തെ അവലംബിച്ചു എഴുതിയതാവണം. 2 ശമുവേൽ 17:25 അബ്ശാലോം യോവാബിനു പകരം അമാസയെ സേനാപതിയാക്കി. അമാസയോ നാഹാസിന്റെ മകളും യോവാബിന്റെ അമ്മ സെരൂരയുടെ സഹോദരിയും ആയ അബീഗയിലിന്റെ അടുക്കൽ യിത്രാ എന്നുള്ള ഒരു യിസ്മായേല്യൻ ചെന്നിട്ട് ഉണ്ടായ മകൻ''
1 ദിനവൃത്താന്തം 2:17 അബിഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യെഫേർ ആയിരുന്നു. യിത്രാ എന്നത് അബിഗയിലിന്റെ ഭർത്താവാണ്. യെഫേർ, യിത്രാ എന്നത് പരിഭാഷയിൽ ഒരക്ഷരം മാറിപ്പോയതാവാം. ഇതിൽ നിന്നും എഴുത്തുകാരന്റെ ഉദ്ദേശശുദ്ധിയെ വായനക്കാർ തന്നെ വിധിക്കട്ടെ.
6. ദാവീദ് വ്യതിചലിച്ചുവോ? (2 ശമുവേൽ 24:10-11)
''എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ട് യഹോവയോടു ഞാൻ ചെയ്തതു മഹാപാപം'' എന്നുപറഞ്ഞു. 1 രാജാക്കന്മാർ 15:5 ''ഹിത്യനായ ഊരിയാവിന്റെ കാര്യത്തിലല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്‌കാലത്തൊരിക്കലും വിട്ടുമാറിയിട്ടില്ല'' ഇവിടെയും ദൈവിക മർമ്മങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് തെറ്റിദ്ധാരണ ഉളവാകുന്നു എന്നു പറഞ്ഞാൽ മതി. ദാവീദിനെപ്പറ്റി എഴുതിയിരിക്കുന്നത് ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള വ്യക്തിയായിരുന്നു എന്നാണ്. അതായത് ഒരു ഭക്തനായ മനുഷ്യൻ എങ്ങനെയായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതുപോലെയുള്ള വ്യക്തി. യാതൊരു കുറ്റവും കുറവുമില്ലാത്ത വ്യക്തിയാണെങ്കിൽ അഹങ്കരിച്ചുപോകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. അതുകൊണ്ട് ശരീരത്തിൽ ബഹലീനതകൾ ഉള്ളതുകൊണ്ട് നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. ബലഹീനതയിൽ തികഞ്ഞുവരുന്ന ദൈവശക്തി അഥവാ കൃപയാണ് നമ്മെ നിലനിർത്തുന്നത്. ആ കൃപയിലുള്ള ആശയമാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. ശരീരത്തിൽ ബലഹീനതകൾ ഉള്ളപ്പോൾ തന്നെ അതിനെ തരണം ചെയ്യുവാനും ജയമെടുക്കുവാനുമുള്ള ദൈവകൃപക്കായി ദൈവത്തിൽ ആശ്രയിക്കുക.
പൗലോസ് തന്റെ ശരീരത്തിലുള്ള ഒരു ബലഹീനത വിട്ടുമാറാൻ പ്രാർത്ഥിച്ചപ്പോൾ ലഭിച്ച മറുപടി ''എന്റെ കൃപ നിനക്കുമതി'' എന്നായിരുന്നു. ദാവീദിന്റേതായ പല സങ്കീർത്തനങ്ങളിലും പറഞ്ഞിരിക്കുന്നത് ''എന്റെ അകൃത്യങ്ങൾ എന്റെ തലമുടിയേക്കാൾ അധികമാണ്'' തെറ്റുകളെയും കുറ്റങ്ങളെയും മായിച്ചു കളഞ്ഞ് പാപക്ഷമ നൽകാൻ കഴിവുള്ള ദൈവത്തിലാണ് ദാവീദും നാമും ആശ്രയിക്കുന്നത്. പാപത്തിന്റെ തൽക്കാല പരിഹാരമായി പഴയനിയമത്തിൽ ദൈവം യാഗം നിർദ്ദേശിച്ചു എങ്കിലും അതു പാപത്തിന്റെ പൂർണ്ണ പരിഹാരമായിരുന്നില്ല. ''കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന് ജഡികശുദ്ധി വരുത്തുവാൻ കഴികയില്ല'' (എബ്രായർ 10:4) എന്നാണ് ബൈബിൾ പറയുന്നത്. ക്രിസ്തുവിലുള്ള വിശ്വാസമാണ് അതിന് ഏകമാർഗ്ഗം. ഇത് എല്ലാ മനുഷ്യർക്കും ബാധകമാണ്. ദാവീദിന് ജനത്തെ എണ്ണുവാനുള്ള പ്രേരണയുണ്ടായത് ദൈവം അനുവദിച്ചിട്ട് സാത്താൻ ആ അനുവാദത്തിന്റെ ഫലമായി ഉള്ളിൽ കടന്നതാണ്. അത് യെരുശെലേം ദേവാലയത്തിന്റെ നിർമ്മിതിയ്ക്ക് മുഖാന്തിരമായി ദൈവം ഉപയോഗിച്ചു. എന്നാൽ ഊരിയാവിന്റെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്.
പുതിയ നിയമത്തിലെ വൈരുദ്ധ്യങ്ങൾ
1. ജനന കഥയിലെ വൈരുദ്ധ്യങ്ങൾ.
പ്രധാനമായും ഇവിടെ എടുത്തുകാണിച്ചിരിക്കുന്നത് മത്തായിയുടെ സുവിശേഷവും ലൂക്കൊസിന്റെ സുവിശേഷവും തമ്മിലുള്ള താരതമ്യപഠനത്തിൽ കാണുന്ന വ്യത്യാസമാണ്. ഒരേ സംഭവത്തെപ്പറ്റി രണ്ടു വ്യക്തികൾ മൂന്നാമതൊരാൾക്കു കത്തെഴുതുകയാണന്നിരിക്കട്ടെ. എഴുതുന്ന ആളിന്റെ അറിവും അനുഭവവും ആർക്കാണ് എഴുതുന്നതെന്നും അനുസരിച്ച് വിഷയത്തോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. ഒരാളുടെ മനസ്സിനെ സ്പർശിക്കുന്ന വിഷയങ്ങൾ മറ്റൊരാളെ അത്രയും സ്വാധീനിച്ചെന്നു വരില്ല-എഴുതുന്നത് ദൈവീക പ്രേരണയിലാണെങ്കിലും. എന്നാൽ പലരിൽക്കൂടിയുള്ള എഴുത്തുകളാകുമ്പോൾ വായനക്കാർക്ക് വിഷയത്തിന്റെ ഒരു പൂർണ്ണരൂപം ലഭിക്കുന്നു.
പൗലോസ് ഗമാലിയേലിന്റെ കീഴിലിരുന്നു പഠിച്ച അറിയപ്പെടുന്ന ഒരു പണ്ഡിതനായിരുന്നു. ആ പൗലോസിനെയാണ് വേദശാസ്ത്രത്തിലെ പല മർമ്മങ്ങളും വെളിപ്പെടുത്തുവാൻ ദൈവം ഉപയോഗിച്ചത്. അതിന്റെ ആഴം ഇന്നുപോലും പലർക്കും പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുന്നില്ല. മറിച്ച് മുക്കുവനായിരുന്ന പത്രോസിനെ ലേഖനം എഴുതാൻ ഉപയോഗിച്ചത് മറ്റൊരു വീക്ഷണകോണിൽ കൂടിയാണ്. ഇങ്ങനെ പല വീക്ഷണകോണിൽ കൂടിയുള്ള എഴുത്തുകൾ വായിക്കുമ്പോൾ നമുക്കു കാര്യത്തിന്റെ പൂർണ്ണരൂപം ഗ്രഹിക്കുവാൻ സാധിക്കുന്നു.
എം.എം. അക്ബർ വ്യാഖ്യാനിക്കുന്നത് യോസേഫിനും മറിയയ്ക്കും ബേത്‌ലഹേമിൽ സ്വന്തവീടുണ്ട് എന്നാണ്. ആ പ്രസ്താവനയ്ക്കു അടിസ്ഥാനം ഒന്നുമില്ല. യാത്രാമദ്ധ്യേയാണ് മറിയം യേശുവിന് ജന്മം കൊടുക്കുന്നത്.സത്രത്തിൽ സ്ഥലമില്ലാതിരുന്നതിനാൽ ഏതോ വീടിന്റെ കാലിത്തൊഴുത്തിലാണ് യേശു ജനിച്ചത്. ആ വീടിന്റെ കാര്യമാണ് ബേത്‌ലഹേമിലെ വീടായി അക്ബർ ചിത്രീകരിച്ചിരിക്കുന്നത്. ജനസംഖ്യാകണക്കെടുപ്പിന്റെ തിരക്കു കഴിഞ്ഞപ്പോൾ കാലിത്തൊഴുത്തിൽ നിന്ന് വീട്ടിലേക്കു മാറ്റിയതാകാം. രണ്ടുവയസ്സു പ്രായം വരെയുള്ള കുട്ടികളെ ഹെരോദാവു കൊല്ലിച്ചതുകൊണ്ട് യോസേഫും മറിയയും യേശുവിനോടുകൂടി രണ്ടുവർഷം ബേത്‌ലഹേമിൽ താമസിച്ചു എന്നാണ് അക്ബർ വാദിക്കുന്നത്. വിദ്വാന്മാർ തന്നെ ചതിച്ചു എന്നു മനസ്സിലാക്കിയ ഹെരോദാവ് വിദ്വാന്മാർ പറഞ്ഞ സമയത്തിന് മുമ്പോട്ടും പിറകോട്ടും കണക്കുകൂട്ടി തെറ്റുപറ്റാതിരിക്കാൻ വേണ്ടതായ മുൻകരുതൽ എന്ന നിലയ്ക്ക് രണ്ടുവയസ്സുള്ള കുട്ടികളെ കൊല്ലുവാൻ കല്പന കൊടുക്കുകയായിരുന്നു എന്നു മാത്രമേ ഇതിന് അർത്ഥമുള്ളൂ.
യേശുവിന്റെ ശൈശവകാലത്തെപ്പറ്റിയുള്ള വിവരങ്ങൾ വ്യത്യസ്തമായാണ് ലൂക്കൊസിലും മത്തായിയിലും രേഖപ്പെടുത്തിയിരിയ്ക്കുന്നത് എന്നാണ് അടുത്ത ആക്ഷേപം.
യോസേഫും മറിയയും ബേത്‌ലഹേമിൽ താമസിക്കാതെ നസ്രത്ത് തിരഞ്ഞെടുക്കുവാൻ കാരണം നസ്രത്തുമായിട്ടുള്ള അവരുടെ ബന്ധമാണ്. യേശുവിന്റെ ജനനത്തിനു മുമ്പ് അവർ നസ്രത്തിലാണ് (ലൂക്കൊസ് 1:25) താമസിച്ചുകൊണ്ടിരുന്നത്. യേശുവിന്റെ ജനനശേഷം നസ്രത്തിൽ താമസിയ്ക്കുമ്പോഴാണ് അവർ യെരുശലേമിലേക്ക് യാത്രയാവുന്നതും ശുദ്ധീകരണ കർമ്മങ്ങൾ നിവർത്തിച്ചശേഷം വീണ്ടും നസ്രത്തിൽ വന്നു താമസമാക്കുന്നതും. അതല്ലാതെ അക്ബർ പറയുന്നതുപോലെ മുമ്പൊരിക്കലും അവർ നസ്രത്തിൽ താമസമാക്കിയിട്ടില്ല എന്ന പറയുന്നതു ശരിയല്ല. മത്തായിയിലും ലൂക്കൊസിലുമുള്ള വിവരണങ്ങൾ വ്യത്യസ്തമായിരിക്കുന്നത് മത്തായി ഊന്നൽ കൊടുക്കുന്ന വിഷയങ്ങൾക്കല്ല ലൂക്കൊസ് പ്രധാന്യം കൊടുക്കുന്നത് എന്നതുകൊണ്ടാണ്. പൊതുവെ വിശ്വസിക്കപ്പെടുന്നത് മർക്കൊസിന്റെ സുവിശേഷം ആദ്യം എഴുതിയെന്നും, ലൂക്കൊസിന്റെ സുവിശേഷം അതിനുശേഷവും, മത്തായിയുടെ സുവിശേഷം യോഹന്നാന്റെ സുവിശേഷത്തിനു മുമ്പുമെന്നാണ്. അങ്ങനെയെങ്കിൽ, ആവർത്തന വിരസത ഒഴിവാക്കാൻ ലൂക്കൊസ് എഴുതിയ വിഷയങ്ങളെയല്ല. മത്തായി എഴുതിയതും, മത്തായിയും മർക്കൊസും ലൂക്കൊസും എഴുതിയ വിഷയങ്ങൾക്കല്ല യോഹന്നാൻ ഊന്നൽ കൊടുത്തതും എന്ന് ചിന്തിക്കുന്നതായിരിക്കും ഉചിതം. അതുകൂടാതെ രണ്ടു വ്യക്തികൾ ഒരേ വിഷയം വിവരിക്കുമ്പോൾ വ്യത്യസ്ത വീക്ഷണകോണിൽ നിന്നു കാണുക സ്വാഭാവികമാണ്. ഈ നിലയിൽ മാത്രം മത്തായിയിലും ലൂക്കൊസിലും ഉള്ള യേശുവിന്റെ ശൈശവത്തെ സംബന്ധിച്ചുള്ള വ്യത്യാസങ്ങൾ കണ്ടാൽ മതിയാകും. വിവരണങ്ങൾ ഒരുപോലെയിരുന്നാൽ ഉണ്ടാകാവുന്ന വിമർശനം എഴുത്തുകാർ ഒത്തുകളിച്ചതുകൊണ്ടാണ് ഒരുപോലെ ഇരിക്കുന്നത് എന്നായിരിക്കും. കരയ്ക്കുകൂടെയും വയ്യ വെള്ളത്തിൽ കൂടിയും വയ്യ എന്നു പറഞ്ഞതുപോലെയാണ് വിമർശകരുടെ രീതികൾ.
വംശാവലിയിലെ വൈരുദ്ധ്യം
മത്തായിയുടെ സുവിശേഷം 1:1-16 ൽ കൊടുത്തിരിക്കുന്ന യേശുക്രിസ്തുവിന്റെ വംശാവലിയും ലൂക്കൊസ് 3:23-38ൽ കൊടുത്തിരിക്കുന്ന വംശാവലിയും താരതമ്യം പഠനം നടത്തിയതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് അക്ബർ കണ്ടുപിടിച്ചിരിയ്ക്കുന്നു. ഇത് പുതിയ അറിവൊന്നുമല്ല. രണ്ടു വംശാവലിയിലുമുള്ള വ്യത്യാസങ്ങൾ പകൽ പോലെ വ്യക്തമാണ്. അതിനകത്തു ദുരൂഹത ഒന്നുമില്ല. ഏതു ബൈബിൾ ഡിക്ഷനറിയും അല്ലെങ്കിൽ കമന്ററിയും പരിശോധിച്ചാലും അതിന് ഉത്തരം കണ്ടെത്താം. എത്രയോ പുസ്തകങ്ങൾ ഇതുപോലെ വൈരുദ്ധ്യങ്ങൾ ഉള്ളതെന്ന് അവിശ്വാസികൾ ചൂണ്ടിക്കാണിച്ചവയെ വിശദീകരിക്കാൻ എഴുതിയിട്ടുണ്ട്. അതൊന്നും കണ്ടില്ലെന്നു നടിച്ച് വീണ്ടും ഇത് ഉയർത്തിക്കാട്ടുന്നത് കാര്യങ്ങളറിയാത്ത സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്?
ഈ വിഷയത്തിൽ ദുരൂഹതയും അവിശ്വസവുമുള്ളവരാണ് എല്ലാം സംശയത്തിന്റെ ദൃഷ്ടിയിൽ കാണുന്നത്. ഈ വിഷയം പഠിച്ചിട്ടുള്ള വേദപണ്ഡിതന്മാരുടെ അഭിപ്രായം, രണ്ടു വംശാവലികളിൽ ഒന്ന് യോസേഫിന്റെ വംശാവലിയും ലൂക്കൊസ് അവതരിപ്പിക്കുന്നത് മറിയത്തിന്റെ വംശാവലിയുമാണെന്നാണ്. മത്തായി വംശാവലി എഴുതി അവസാനിപ്പിക്കുമ്പോൾ യാക്കോബിൽ നിന്ന് മറിയയുടെ ഭർത്താവായ ജോസഫ് ജനിച്ചു എന്നും മറിയയിൽ നിന്നും യേശു ജനിച്ചു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കൊസ് മറിയയുടെ വംശാവലി എഴുതി വന്നിട്ട് യേശു യോസേഫിന്റെ മകനാണ് എന്ന് ജനം കരുതി എന്നു പറഞ്ഞിട്ട,് യോസേഫ് ഹേലിയുടെ മകൻ എന്നു എഴുതിയിരിക്കുന്നത്. പകർത്തിയെഴുതിയപ്പോൾ മരുമകൻ (Son-in-law) എന്നുള്ളത് (Son) എന്ന് പകർത്തിയെഴുതിയതിലുള്ള തെറ്റാണ്. കാരണം മത്തായി വ്യക്തമായി പറയുന്നുണ്ട് യേസേഫ് യാക്കോബിന്റെ മകനാണെന്നുള്ളത്. യോസേഫ് മുതൽ ദാവീദ് വരെയുള്ള വംശാവലി മത്തായിയിലും ലൂക്കൊസിലും ഒരു സാമ്യവുമില്ലാത്തതാണ്. അത് ഒരു വ്യക്തിയുടെ തന്നെ വംശാവലിയാണെന്ന് ചിന്തിക്കുന്നതിൽ ഒരു യുക്തിയുമില്ല. വിരസത ഒഴിവാക്കാൻ ഒരാളെഴുതിയതു തന്നെ മറ്റൊരാൾ ആവർത്തിക്കാതിരിക്കുന്നതല്ലേ വായിക്കുവാൻ കൂടുതൽ പ്രചോദനം?
മത്തായിയും ലൂക്കൊസും അവരുടെ വംശാവലികൾ എഴുതുവാൻ ഉപയോഗിച്ച Source അന്ന് എഴുതിയകാലത്ത് വ്യക്തമായിരുന്നതാണ്. അന്ന് ആർക്കെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ തീർക്കാമായിരുന്ന? യെരുശലേം ദേവാലയത്തിന്റെ നാശവും അതോടു കൂടി യഹൂദന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പെട്ടപ്പോൾ വളരെയധികം രേഖകളും നശിച്ചുപോയിക്കാണണം. ഹെറോഡോട്ടസും, ജോസിഫസും ചരിത്രം എഴുതാൻ ഉപയോഗിച്ച സോഴ്‌സ് മെറ്റീരിയൽസ് അഥവാ മൂലകൃതികൾ ഇന്ന് നമുക്ക് ലഭ്യമല്ല. ഈ ആധുനിക കാലത്തുപോലും ഏതെങ്കിലും വിഷയത്തിൽ പരാതി ഉണ്ടെങ്കിൽ പരാതികൊടുക്കുവാനും അത് തീർക്കാനും ഒരു കാലപരിധി നിശ്ചയിച്ചിട്ടുണ്ട് അതിനു Statute of Limitations എന്നു പറയും. ആ കാലപരിധികഴിഞ്ഞാൽ പരിധിക്ക് അടിസ്ഥാനം ഇല്ലാതെയാവുന്നു. അന്നു നിലവിലിരുന്ന സാഹചര്യങ്ങളോ, അംഗീകരിക്കപ്പെട്ടിരുന്ന രേഖകളോ എന്തെന്നറിയാതെയുള്ള അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്ന സംശയങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. വംശാവലിയിൽ വ്യത്യാസം ഉള്ളതുകൊണ്ട് വിശുദ്ധ വേദപുസ്തകത്തിലെ സത്യങ്ങളൊന്നും ഞാൻ വിശ്വസിക്കില്ല എന്ന് അന്ത്യന്യായവിധിയിൽ ദൈവത്തിന്റെ കോടതിയുടെ മുമ്പാകെ ബോധിപ്പിച്ച് ശിക്ഷ ഏറ്റുവാങ്ങിയാൽ മതിയാകും. അതുപോലെ കാര്യങ്ങളറിയാത്ത സാധാരണ ജനങ്ങളെ സത്യം വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിച്ചതിനുള്ള ശിക്ഷയും ദൈവിക കോടതിയിൽ നിന്നും ഏറ്റുവാങ്ങാൻ തയ്യാറായിരുന്നാൽ മതി.
ജീവിത വിവരണങ്ങളിലെ വൈരുദ്ധ്യം
ജീവിത വിവരണങ്ങളിൽ വൈരുദ്ധ്യങ്ങൾ ഒളിഞ്ഞിരുപ്പുണ്ടെന്നു സ്ഥാപിക്കാൻ എം.എം.അക്ബർ എടുത്തുകാണിക്കുന്നത് മർക്കൊസിന്റെ സുവിശേഷത്തിൽ യേശു ഒരു അത്തിവൃക്ഷത്തെ ശപിക്കുന്നതും പിറ്റെ ദിവസം അതു ഉണങ്ങി ഇരിക്കുന്നതായി ശിഷ്യന്മാർ ശ്രദ്ധിച്ചതായും, എന്നാൽ മത്തായിയുടെ സുവിശേഷത്തിൽയേശു അത്തിവൃക്ഷത്തെ ശപിച്ച ഉടനെ അത് ഉണങ്ങിപ്പോയി എന്നു പറയുന്നു എന്നാണ്. യേശു അത്തിയെ ശപിച്ചത് അത്തിയോടുള്ള ദേഷ്യം കൊണ്ടല്ലായിരുന്നു. ശിഷ്യന്മാരെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു. അതായത് വിശ്വാസത്തോടുകൂടി എന്തു കൽപിച്ചാലും അതു സാധിക്കും. മുമ്പോട്ടു വായിക്കുമ്പോൾ ഇതു വ്യക്തമാകും. മത്തായിയുടെ സുവിശേഷത്തിൽ അത്തിയെ ശപിച്ച ഉടനെ ഉണങ്ങിയതായും മർക്കൊസിന്റെ സുവിശേഷത്തിൽ പിറ്റെദിവസം അതുകൂടുതൽ ഉണങ്ങി വേരോടെ ഉണങ്ങിയതായി ശിഷ്യന്മാർ കണ്ടു എന്നുമാണ്. ഇതിൽ എന്ത് അത്ഭുതപ്പെടാനിരിക്കുന്നു. ഓരോ ദിവസവും കഴിയുന്തോറും അതു കൂടുതൽ ഉണങ്ങുക സ്വാഭാവികമാണ്.
ഇനിയും വൈരുദ്ധ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് അവതരിപ്പിക്കുന്നത്. പലതും നീട്ടിപരത്തി എഴുതാൻ വേണ്ടി കണ്ടുപിടിച്ചിട്ടുള്ളതാണ്.
യോഹന്നാൻ 5:31 എനിക്കു ഞാൻ തന്നെ സാക്ഷ്യം വഹിച്ചാൽ എന്റെ സാക്ഷ്യം സത്യമാകയില്ല.
യോഹന്നാൻ 8:14 ഞാനാണ് എനിക്കു സാക്ഷ്യം വഹിക്കുന്നതെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്.
എം.എം. അക്ബർ ഇവിടെ ഒരു വൈരുദ്ധ്യം കാണുന്നതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷ്യം സത്യമോ കളവോ എന്നതാണ് ചോദ്യം. ആദ്യത്തേതിൽ എനിക്കു ഞാൻ തന്നെ സാക്ഷ്യം വഹിച്ചാൽ എന്റെ സാക്ഷ്യം സത്യമാകയില്ല എന്നത് ഒരു പൊതുനിയമം യേശു പറയുകയാണ്. അതായത് ഒരു വ്യക്തി തന്നെപ്പറ്റിത്തന്നെ സാക്ഷ്യം പറഞ്ഞാൽ അതു സത്യമാകയില്ല. എന്നാൽ തുടർന്ന് വായിക്കുമ്പോൾ യേശു പറയുന്നത് ''ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല ഞാനും എന്നെ അയച്ച പിതാവും കൂടെ ആകയാൽ എന്റെ വിധി സത്യമാകുന്നു. (യോഹന്നാൻ 8:16) രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ (യോഹന്നാൻ 8:17)
ഒന്നോ രണ്ടോ ? മത്തായി 8:28
അവൻ അക്കരെ ഗദരന്മാരുടെ ദേശത്തു എത്തിയതും രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനെ ഏതിരേറ്റു വന്നു. മർക്കൊസ് 5:12 അവൻ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി പടകിൽ നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധനായുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു. ഒരിടത്ത് ഒരു ഭൂതഗ്രസ്തന്റെ കാര്യവും മറ്റൊരിടത്തു രണ്ടു ഭൂതഗ്രസ്തന്റെ കാര്യവും പറയുന്നു എന്നതാണ് ആക്ഷേപം.
കല്ലറകളിൽ നിന്നു വന്നു എന്ന് പറയുന്നതുകൊണ്ട് ഒന്നിൽ കൂടുതൽ പിശാചുക്കൾ ബാധിച്ച വ്യക്തി എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിന്റെ പേരെന്ത്? എന്ന് അവനോട് ചോദിച്ചതിന് ലെഗ്യോൻ ഞങ്ങൾ പലരാകുന്നു എന്നവർ ഉത്തരം പറഞ്ഞു (മർക്കൊസ്5:9) ലെഗ്യോൻ എന്നത് റോമൻ സൈന്യവ്യൂഹത്തെയാണ് കുറിക്കുന്നത്. മത്തായി 8:28 ൽ ഒന്നിൽ കൂടുതൽ ഭൂതങ്ങൾ ബാധിച്ച എന്ന ബഹുവചന പ്രയോഗം പകർത്തിയെഴുതിയതിൽ സബ്ജക്ടും ഒബ്ജകടും മാറി പകർത്തി എഴുതിയതിൽ വന്ന പിശക് ആകാനാണ് സാദ്ധ്യത.
ഒന്നോ രണ്ടോ വീണ്ടും പ്രശ്‌നമുണ്ടാക്കുന്നു.
മത്തായി 20:30 ''വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നു പോകുന്നതു കേട്ടു കർത്താവേ ദാവീദു പുത്രാ ഞങ്ങളോടു കരുണ തോന്നേണമേ എന്ന് അധികം നിലവിളിച്ചു''
മർക്കൊസ് 10:46,47 ''തിമായിയുടെ മകനായ ബത്തിമായി എന്ന കുരുടാനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു നസ്രായനായ യേശു എന്നു കേട്ടിട്ട് അവൻ ദാവീദു പുത്രാ യേശുവേ എന്നോട് കരുണ തോന്നേണമേ എന്ന് നിലവിളിച്ചു തുടങ്ങി.'' ഇതിൽ മത്തായിക്ക് രണ്ടു കുരുടന്മാർ ഉണ്ടായിരുന്നതായി അറിവുണ്ടായിരുന്നിരിക്കാം കുരുടന്മാർ കാഴ്ച പ്രാപിച്ച് അവരുടെ വഴിക്ക് പോയിക്കാണും. അവരെ രണ്ടുപേരെയും പിന്നെ കണ്ടുകിട്ടിയെന്നു വരില്ല. മർക്കൊസ് എഴുതുമ്പോൾ തനിക്ക് ഒരാളെ മാത്രമെ തിട്ടമായി അറിവുള്ളായിരുന്നിരിക്കാം. അത് ഇവിടെ പകർത്തിയതാകാനാണ് സാദ്ധ്യത. യേശു ചെയ്ത അത്ഭുത പ്രവർത്തികൾ എഴുതിക്കൂടാത്തവണ്ണം അത്ര അധികമായിരുന്നു എന്നാണ് വേദപുസ്തകം പറയുന്നത്. അതുകൊണ്ട് ഇതു രണ്ടു സന്ദർഭങ്ങളിലുള്ള രണ്ടു സംഭവങ്ങളാണോ എന്നും തീർച്ചയില്ല. അതെന്തായാലും ബൈബിളിലെ സന്ദേശത്തിനാണ് പ്രധാന്യം.
കഴുതയും കുട്ടിയും
മത്തായി 21:2 ൽ യേശു കഴുതയെയും കുട്ടിയെയും അഴിച്ചുകൊണ്ടുവരാൻ ആവശ്യപ്പടുന്നതായും മർക്കൊസ് 11:12 ൽ കഴുതക്കുട്ടിയുടെ കാര്യം മാത്രം പറയുന്നത് എന്നാണ് വൈരുദ്ധ്യം. യേശു കഴുതക്കുട്ടിയെ മാത്രമെ ഉപയോഗിച്ചുള്ളൂ എന്നു ചിന്തിച്ചാൽ മതി. ഇവിടെ മർക്കൊ 11:12 അല്ല മർക്കൊസ് 11:1-7 ആണ് കഴുതക്കുട്ടിയുടെ കാര്യം പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്നും അക്ബർ മറ്റേതോ പുസ്തകത്തിൽ കണ്ടകാര്യം പകർത്തിയിരിക്കുകയാണെന്ന് ചിന്തിക്കാം. അത് ശരിയാണോ എന്ന് തീർച്ചവരുത്തിയില്ല. മത്തായി സംഭവത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയിൽ കുറച്ചുകൂടെ വിശദമായ ഒരു വിവരണവും തരുന്നു എന്നു ചിന്തിക്കുക. മർക്കൊസും ലൂക്കൊസും അത് അത്രയും വിശദമല്ലാതെ അവതരിപ്പിക്കുന്നു എന്നും ചിന്തിക്കുക. കഴുതക്കുട്ടിക്കു അതിന്റെ തള്ള കൂടെയുള്ളതാണ് ഉത്സാഹത്തോടുകൂടി നടക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് ഘോഷയാത്രയിൽ കഴുതയും കഴുതക്കുട്ടിയും ഉണ്ടായിരുന്നു എന്നും കർത്താവ് കഴുതകുട്ടിയെ മാത്രമേ ഉപയോഗിച്ചുള്ളൂ എന്നും ചിന്തിക്കാം. ഇനിയെങ്കിലും വായനക്കാരെ കഴുതകളാക്കാൻ ശ്രമിക്കരുത്.
ലൂക്കൊസ് 6:8 ''അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത് അപ്പവും പൊക്കണവും മടിശ്ശീലയും അരുത്. ചെരുപ്പ് ഇട്ടുകൊള്ളാം രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കൽപിച്ചു.'' അന്നു നിലവിലിരുന്ന ഒരു ഭാഷാ ശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചാൽ മതി. അത് നൂറ്റാണ്ടുകൾക്കു ശേഷം പരിഭാഷപ്പെടുത്തിയപ്പോൾ അല്പസ്വൽപം മാറ്റങ്ങൾ വന്നു കാണാം. ഒരു കവിത മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്താൽ എങ്ങനെയിരിക്കും? ഭാഷാപ്രയോഗങ്ങൾ കാലാന്തരത്തിൽ അതിന്റെ അർത്ഥങ്ങൾക്ക് വ്യതിയാനം സംഭവിയ്ക്കുക സാധാരണമാണ്. രണ്ടെഴുത്തുകാരുടെയും എഴുത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ,് കർത്താവ് അവരോട് പറയുന്നത് ദൈവകൃപയിൽ ആശ്രയിച്ച് അവർ യാത്രതിരിക്കണമെന്നാണ്.
യേശുവോ യോഹന്നാനോ ആരാണ് കളവു പറഞ്ഞത്.
മത്തായി 11:14 ''നിങ്ങൾക്ക് ഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നെ'' യോഹന്നാൻ 1:21 പിന്നെ എന്ത് ? ''നീ ഏലിയാവോ എന്നു ചോദിച്ചതിന് അല്ല എന്ന് (യോഹന്നാൻ സ്‌നാപകൻ) ഉത്തരം പറഞ്ഞു''ഈ പറഞ്ഞതിൽ നിന്നും ആരെങ്കിലും ഒരാൾ കള്ളം പറഞ്ഞു എന്നാണ് അക്ബർ വാദിക്കുന്നത്. വേദപുസ്തകം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണ സംഭവിക്കുകയില്ലായിരുന്നു. യോഹന്നാൻ സ്‌നാപകനെ ക്രിസ്തുവിന് മുന്നോടിയായി വരുന്ന ഏലിയാവായും, ഏലിയാവിന്റെ ആത്മാവോടുകൂടി വരുന്ന വ്യക്തിയായിട്ടാണ് പഴയ നിയമത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതല്ലാതെ അക്ഷരാർത്ഥത്തിലുള്ള ഏലിയാവായിട്ടല്ല എന്ന് എം.എം. അക്ബർ അറിയാതെ പോയി. ക്രിസ്തു തന്നെയും ഇതു ശിഷ്യൻമാരോട് എടുത്തു പറയുന്നത്, ഏലിയാവ് വന്നുകഴിഞ്ഞു എന്നാണ്. യോഹന്നാൻ സ്‌നാപകന്റെ ജനനത്തെപ്പറ്റി ദൂതൻ സഖരിയ്യാവിനോട് പറയുന്നത് ശ്രദ്ധിക്കുക ''അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കു തിരിച്ചുകൊണ്ട് ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനുമുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും''. ലൂക്കൊസ് 1:17
കുരിശുമരണം-വിവരങ്ങളിലെ വൈരുദ്ധ്യങ്ങൾ
കുരിശുമരണത്തോട് ബന്ധപ്പെട്ട് വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടിട്ട്, ചികഞ്ഞ് പരിശോധിച്ചിട്ടും കാര്യമാത്ര പ്രസക്തമായ ഒന്നും കണ്ടുകിട്ടിയില്ല. അതിന് ഒരു ന്യായീകരണം കൊടുക്കുന്നത് ഇങ്ങനെയാണ് ''റെയ്മണ്ട് ബ്രൗണിനെപ്പോലയുള്ള പണ്ഡിതന്മാർ ഇക്കാര്യം പ്രതിപാദിക്കാത്തത് കുരിശുമരണം എന്ന ആശയം ചരിത്രപരമല്ലെന്നു വന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ തകരാമെന്നതുകൊണ്ടായിരിക്കും'' ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന പലതും തെറ്റാണെന്ന് തെളിയിക്കാൻ റെയ്മണ്ട് ബ്രൗണിനെ ഉപയോഗിച്ച ശേഷം അദ്ദേഹത്തെ ഈ രീതിയിൽ അവതരിപ്പിക്കുന്നത് വിരോധാഭാസമായിരിക്കുന്നു. റെയ്മണ്ട് ബ്രൗണിന് കുരിശുമരണത്തെപ്പറ്റി സംശയം ഒന്നും ഇല്ലായിരുന്നു. അദ്ദേഹം കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായി പ്രശസ്ത സേവനം ചെയ്ത ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകളെ എഴുതിയ സന്ദർഭം കണക്കിലെടുക്കാതെ അടർത്തിയെടുത്ത് വിശ്വസിക്കാത്ത കാര്യങ്ങളെ സ്ഥാപിക്കാൻ ഉപയോഗിച്ചതിനാൽ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ മാനഹാനിക്ക് അന്യായം ബോധിപ്പിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു.
നിരീശ്വരവാദികൾ ആയവരും ക്രിസ്തീയ പേരുകൾ സ്വീകരിച്ചിരിക്കുന്നവരുമായ എത്രയോ വിമർശകർ ബൈബിൾ സത്യങ്ങളെ കോട്ടിമാറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ക്രൂശ്മരണ ചരിത്രത്തെ ചോദ്യം ചെയ്യുന്നവർ കാര്യമായൊന്നും തന്നെ കണ്ടെത്തിയില്ല. അതിന് കാരണം ക്രിസ്തുമതത്തിന്റെ അടിത്തറ തകരുമെന്ന് അവർ ഭയന്നതുകൊണ്ടായിരിക്കാമെന്നാണോ അക്ബർ ചിന്തിക്കുന്നത്.? ക്രിസ്തുവിന്റെ ശത്രുക്കളിൽ നല്ല ഗുണങ്ങൾ കാണുന്ന എം.എം. അക്ബറിന് ് ക്രിസ്തു ശിഷ്യന്മാരോട് എന്തിനാണ് ഇത്ര ശത്രുത? യൂദവംശജനും റോമാ സാമ്രാജ്യത്തിന്റെ ചരിത്രകാരനും ആയിരുന്ന ജോസിഫസ് ക്രിസ്തുവിനെപ്പറ്റി എഴുതിയിരിക്കുന്നത് വിശ്വസിക്കാമെങ്കിൽ പിന്നെ ഒരു സംശയവും ഉദിക്കുകയില്ല. വിമർശകർക്കെല്ലാം ജോസിഫസിനെ അറിയാവുന്നതുകൊണ്ടായിരിക്കാം അവർ ക്രൂശുമരണത്തെ വിമർശിക്കാത്തത്.
പീലാത്തോസിന്റെ ചെയ്തികളെപ്പറ്റിയെല്ലാം വിവരിച്ചിട്ട് ജോസിഫസ് ക്രിസ്തുവിനെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെയാണ് Josephus:Antiquites of Jews book 18 Chapter 3:3 (63) ''ഈ സമയത്ത് യേശു എന്നുപേരായ ഒരു വിദ്വാനായ മനുഷ്യൻ, അദ്ദേഹത്തെ മനുഷ്യൻ എന്ന് വിളിക്കാമോ എന്നു സംശയമുണ്ട്. അദ്ദേഹം വളരെയധികം അത്ഭുത പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിയും സത്യാന്വേഷികൾക്ക് ഒരു ഗുരുവും ആയിരുന്നു. അദ്ദേഹം വളരെയധികം യഹൂദന്മാരെയും മറ്റു വർഗ്ഗക്കാരെയും തന്നിലേക്ക് ആകർഷിച്ചു. അദ്ദേഹം ക്രിസ്തുവായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ മതനേതാക്കന്മാരുടെ പ്രേരണ അനുസരിച്ച് പീലാത്തോസ് കുരിശിൽ തറച്ച് കൊന്നു. തന്നെ വാസ്തവമായി സ്‌നേഹിച്ചവർ അവനെ ഉപേക്ഷിച്ചുമില്ല. അവനെപ്പറ്റി ദൈവത്തിന്റെ പ്രവാചകന്മാർ മുമ്പുകൂട്ടി പ്രവചിച്ചിരുന്നതും ഇതുപോലുള്ള വളരെയധികം പ്രവചനങ്ങളും നിവൃത്തിയായി. മൂന്നാം ദിവസം അവൻ അവർക്ക് ജീവനോടെ പ്രത്യക്ഷനാകുകയും ചെയ്തു. ഇത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ മതക്കാരായ ക്രിസ്ത്യാനികൾ എന്ന വിഭാഗം ഇപ്പോഴും നിലവിലുണ്ട്'' ക്രിസ്തുവിന്റെ ക്രൂശുമരണത്തെപ്പറ്റി ചരിത്രപരമായ തെളിവ് ആവശ്യപ്പെടുന്നവർക്ക് ഇതിൽ കൂടുതൽ എന്താണ് തെളിവുവേണ്ടത്? കണ്ണ് അടച്ച് ഇരുട്ടാക്കുന്നവരെയും ഉറക്കം നടിക്കുന്നവരെയും സത്യവെളിച്ചത്തിലേക്ക് കൊണ്ടുവരിക പ്രയാസമാണ്.
എം.എം.അക്ബർ പറയുന്നത് ജോസിഫസിനു 600 വർഷങ്ങൾക്കുശേഷം എഴുതിയ ഖുറാനിൽ ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്ന് എഴുതിയിട്ടുണ്ട് എന്നാണ്. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടിയതെന്ന് വായനക്കാർ തന്നെ തീരുമാനിക്കുക. പ്രവാചകനായ മുഹമ്മദ് എഴുത്തും വായനയും അറിയാത്ത വ്യക്തി ആയിരുന്നു എന്നാണ് അവരുടെ പാരമ്പര്യം പറയുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം പറഞ്ഞതായ വാക്കുകൾ കുറിച്ചിട്ടിരുന്നതും പലരുടെയും ഓർമ്മയിൽ നിന്നും ശേഖരിച്ചതും ക്രോഡീകരിച്ചതുമാണ് ഖുറാൻ. പ്രവാചകനെ അടുത്തറിയാവുന്ന പലരും യമാന യുദ്ധത്തിൽ മരിച്ചുപോയതുകൊണ്ടാണ് ഖലീഫ ആയിരുന്ന അബൂബക്കർ പ്രവാചകന്റെ മൊഴികൾ ശേഖരിക്കാൻ ഉത്തരവിട്ടത്.
മക്ക, മദീന പ്രദേശങ്ങൾ പ്രവാചകന്റെ കാലഘട്ടത്തിൽ വേദവിപരീതികൾ ആയ ക്രിസ്ത്യാനികളുടെ സങ്കേതമായിരുന്നു. ക്രിസ്തീയ കേന്ദ്രധാരയിൽ നിന്നും ഇക്കൂട്ടർ ക്രിസ്തുവിനെയും ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റിയും എല്ലാവിധ വികലമായ ചിന്താഗതികളും വിശ്വാസങ്ങളും വച്ചുപുലർത്തുന്നവരായിരുന്നു. പീഢനത്തിൽ നിന്നും രക്ഷപെടാനായിരുന്നു അവരിൽ കൂടുതലും മക്ക മെദീന പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ പ്രവാചകനും അനുയായികൾക്കും ക്രിസ്തുമതത്തെപ്പറ്റിയുള്ള അറിവ് ലഭിച്ചത് ഈ വേദവിപരീതികളിൽ നിന്നുമായിരുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കുന്നവരും ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രവാചകൻ എന്നുള്ള നിലയിൽ മുഹമ്മദിന്റെ പല ശകാരങ്ങളും അവർക്കുനേരെ ആയിരുന്നു. അവർക്ക് മുഹമ്മദ് പ്രവാചകനിൽക്കൂടി ദൈവത്തിൽ നിന്നുള്ള ശിക്ഷ ഏറ്റുവാങ്ങുന്നതിനുള്ള മുഖാന്തിരമായി എന്നു ചിന്തിക്കാം.
എന്നാൽ ഇസ്ലാമിക സാമ്രാജ്യം യുദ്ധത്തിൽ കൂടി യൂറോപ്പ്‌വരെയും വ്യാപിച്ചപ്പോഴാണ് യഥാർത്ഥ ക്രൈസ്തവരുമായി ഇസ്ലാം മതം ബന്ധപ്പെടുന്നത്. അപ്പോഴാണ് യഥാർത്ഥ ക്രിസ്തീയവിശ്വാസവുമായി ഖുറാനുള്ള പൊരുത്തക്കേട് പത്താം നൂറ്റാണ്ടോടുകൂടി രണ്ടുകൂട്ടരും മനസ്സിലാക്കുന്നത്. അതുവരെയും ബൈബിൾ തെറ്റാണ് എന്നൊരു ചിന്തക്ക് പ്രാബല്യം ഇല്ലായിരുന്നു. സ്വന്തം നിലനിൽപ്പിനുവേണ്ടി ചില മുസ്ലീം തിയോളജിയൻസ് പത്താം നൂറ്റാണ്ടിലാണ് ബൈബിൾ തെറ്റാണ് എന്നു സ്ഥാപിക്കാൻ പുതിയ വാദഗതികൾ പ്രചരിപ്പിച്ചത്. അത് ഇന്നുവരെയും തുടർന്നുകൊണ്ടിരിക്കുന്നു.
ഒരു വ്യക്തി ഒരു വിഷയം എങ്ങനെ വിശ്വസിച്ചാലും സത്യം ഒന്നുമാത്രമെ ഉള്ളൂ. അറിവും അനുഭവവും ദൈവത്തിൽ നിന്നുള്ള വെളിപാടും അനുസരിച്ച് ഒരാൾക്ക് സത്യം സത്യമായി വിശ്വസിയ്ക്കുവാൻ സാധിക്കും. ദൈവം സത്യം വെളിപ്പെടുത്തി കൊടുക്കാത്തവർ സത്യത്തെ ഭോഷ്‌ക്കായി കണക്കാക്കുന്നു. ജീവിതത്തിൽ താഴ്മയും വിനയവുമുള്ളവർക്കാണ് ദൈവം തന്റെ സത്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള കൃപ നൽകുന്നത്.
എന്നാൽ നിഗളികൾ തങ്ങളുടെ അഹങ്കാര ഭാവമെല്ലാം കളഞ്ഞ് ദൈവസന്നിധിയിൽ താഴ്മയോടും വിനയത്തോടും സത്യം അറിയാനുള്ള ആഗ്രഹത്തോടെ അന്വേഷിച്ചു, അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുമെങ്കിൽ, അവരും ക്രിസ്തുവിൽക്കൂടിയുള്ള നിത്യരക്ഷ അവകാശമാക്കാൻ ദൈവം അവർക്കുവേണ്ടിയും വഴികളെ തുറന്നു കൊടുക്കും എന്നതിന് സംശയം ഇല്ല.
സത്യം ഏതാണെന്ന് ഉള്ളിൽ ബോധമുണ്ടെങ്കിലും പഴയ ബന്ധങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വിഷമിക്കുന്നവരും ഉണ്ട്. കുടുംബ സമൂഹ ബന്ധങ്ങളുടെ, ശക്തമായ കെട്ടുപാടുകൾ കാരണം അവർക്ക് പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. താൽക്കാലികമായ സുഖസൗകര്യങ്ങൾ കണ്ണടച്ചിരുളാക്കാൻ അവരെ പ്രേരിപ്പിക്കുന്നു. മറ്റു ചിലർ തങ്ങൾക്ക് അനുഭാവം ഇല്ലാത്തവരുടെ ചിന്താഗതികളായി ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് അകൽച്ച പാലിക്കുന്നു. ഇതിനു കാരണം ചെറുപ്പകാലത്തെ കുടുംബ, സാമൂഹിക ബന്ധങ്ങളാൽ ക്രിസ്തീയമാർഗ്ഗത്തെ പറ്റിയുള്ള വിപരീത ധാരണകളാൽ ബ്രെയിൻവാഷിങ് ലഭിച്ചതുകൊണ്ടാണ്.
സത്യാന്വേഷികൾ പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്ന സ്ഥാപിത താൽപര്യക്കാരുടെ ചതിയിൽ അകപ്പെട്ട് കൂരിരുട്ടിൽ കഴിയുന്ന സ്ഥിതി വേദനാജനകമാണ്. ഇവരുടെ വലയിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ദൈവം സത്യപ്രകാശം അവരിലേക്ക് അയക്കുന്നതിനുള്ള മുഖാന്തിരങ്ങളെ ഒരുക്കും എന്ന് നമുക്ക് ആശിക്കാം.
എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
ബൈബിളിൽ പല വൈരുദ്ധ്യങ്ങളും ഉണ്ട് എന്നു വാദിക്കുന്ന അക്ബർ ഖുറാനിലെ താഴെപ്പറയുന്ന വൈരുദ്ധ്യങ്ങളെ എങ്ങനെ വിശദീകരിക്കും.
സുറാ 34:12
സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തി കൊടുത്തു. ) അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്‌ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. (939) അദ്ദേഹത്തിന് നാം ചെമ്പിന്റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു. (940) അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കൽപനപ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളിൽ ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കൽപനക്ക് എതിരുപ്രവർത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
സുറാ 34:13
അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങൾ, (941) ശിൽപങ്ങൾ, വലിയ ജലസംഭരണിപോലെയുള്ള തളികകൾ, നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ ( ജിന്നുകൾ ) നിർമിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങൾ നന്ദിപൂർവ്വം പ്രവർത്തിക്കുക. തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസൻമാരിൽ അപൂർവ്വമത്രെ.
2) മനുഷ്യർ കുരങ്ങന്മാരായി മാറിയോ?
സുറാ 2:65
നിങ്ങളിൽ നിന്ന് സബ്ത്ത് (ശബ്ബത്ത് ) (23) ദിനത്തിൽ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ നാം അവരോട് പറഞ്ഞു: നിങ്ങൾ നിന്ദ്യരായ കുരങ്ങൻമാരായിത്തീരുക.
3) നക്ഷത്രങ്ങൾ പിശാചുക്കളെ എറിഞ്ഞ് ഓടിക്കാനുള്ളതാണോ?
സുറാ 67:5
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ (നക്ഷത്രങ്ങൾ) കൊണ്ട് അലങ്കരിച്ചിരിക്കുന്നു. (1274) അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. (1275) അവർക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
# Bibilinte Daivikatha, Chapter 11