മലയാളിക്ക് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കണ്‍വന്‍ഷനുകളുടെയും നാളുകളാണ് വേനല്‍ക്കാലം. നവംബര്‍ മാസത്തോടെ അതു തുടങ്ങിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ ഒത്തുകൂടലാണ് കോഴഞ്ചേരിയില്‍ പമ്പാനദിക്കരയിലെ മാരാമണ്‍ കണ്‍വന്‍ഷന്‍. പമ്പാനദിയുടെ മാറില്‍ ഉയര്‍ന്നുപൊങ്ങുന്ന മണല്‍ത്തിട്ടയില്‍ ഒരുക്കിയെടുക്കുന്ന അതിവിശാലമായ ഓലപ്പന്തല്‍. അതു കാണാന്‍തന്നെ എന്തൊരു ചേലാണ്. അതിനുള്ള ഓലമെടയല്‍ത്തന്നെ എത്രനാളത്തെ അധ്വാനമാണെന്നോ. പിന്നെയൊരു കുട്ടിപ്പന്തല്‍. പതിനായിരക്കണക്കിന് തെങ്ങോല മെടഞ്ഞെടുക്കുന്നവരുടെ മനസ്സില്‍പ്പോലും കുഞ്ഞോളങ്ങളുണ്ട്. ആത്മീയാനുഗൃഹത്തിന്റെ കുഞ്ഞോളങ്ങള്‍ .
അറിയാത്ത ആര്‍ക്കൊക്കയോ ധ്യാനനിമിഷങ്ങളില്‍ തണലേകാന്‍വേണ്ടിയാണല്ലോ എന്ന വിശുദ്ധചിന്തയോടെയാണ് അവര്‍ ഒാലക്കീറ് മെടയുന്നത്.. അതിനു കീഴിലിരുന്ന് ദൈവവചനം കേള്‍ക്കാന്‍ ദേശങ്ങള്‍ താണ്ടി എത്തുന്ന പതിനായിരങ്ങള്‍. കാലം മാറിയിട്ടും ടാര്‍പോളിനും പടുതയുമൊന്നും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിനെ പീഡിപ്പിച്ചിട്ടില്ല. തികച്ചും പരിസ്ഥിതിയ്ക്കിണങ്ങിത്തന്നെ ഇപ്പോഴും.ഒരാഴ്ചക്കാലം മാരാമണ്ണിന് ജാതിമതഭേതമെന്യേ ഉത്സവമാണ്. കടുത്ത വേനല്‍ച്ചൂടില്‍ നട്ടുച്ചയ്ക്കും പ്രസംഗം കേട്ടിരിക്കുമ്പോള്‍ ആരും തളരാറില്ല. പമ്പാനദിയില്‍ നിന്നു വീശുന്ന തണുതണുത്ത കാറ്റ് ഉന്‍മേഷം കൂട്ടുകയേയുള്ളു. നദിയെ വകഞ്ഞുണ്ടാക്കുന്ന താത്ക്കാലിക പാലത്തിലൂടെ മണല്‍ത്തിട്ടയിലേക്കുള്ള യാത്രതന്നെ വേറിട്ട അനുഭവം സമ്മാനിക്കുന്നു..
അച്ചടക്കമാണ് മാരാമണ്‍ കണ്‍വന്‍ഷന്റെ പ്രത്യേകത. പന്തലിനുള്ളില്‍ വര്‍ത്തമാനങ്ങളും കളിചിരിയും അനുവദിക്കില്ല. എല്ലാം നിരീക്ഷിച്ചുകൊണ്ട് പുരോഹിതര്‍ നേതൃത്വം നല്‍കുന്നു. കൊച്ചുകുട്ടികളുള്ളവര്‍ക്കായിട്ടാണ് കുട്ടിപ്പന്തല്‍ ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് രാത്രിയോഗത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു..
പൊരികടല- പീപ്പിവില്‍പ്പനക്കാരും കച്ചവടക്കാരും ഇക്കരെ മാറിയാണ് കച്ചവടം നടത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച ഗായകസംഘത്തിന്റെ മധുരഗാനം അന്തരീക്ഷത്തില്‍ അലതല്ലും.. വിശ്വ പ്രസിദ്ധപ്രസംഗകര്‍ ആത്മീയ പ്രഭാഷണം നടത്തിയ പാരമ്പര്യമുള്ള മണല്‍പ്പുറത്തെ മണല്‍ത്തരിക്കുപോലും പറയാന്‍ കഥയേറെയുണ്ട്. ചുരുക്കത്തില്‍ തലമുറകളിലേക്ക് വ്യാപിക്കുന്ന ഗൃഹാതുരത്വത്തിന്റെ ഒരു മാസ്മരികതകൂടി മണക്കിനുണ്ട്.
എനിക്കുമുണ്ട് ഓര്‍മകളേറെ. എന്റെ പിതാവ് മാര്‍ത്തോമ്മക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വിരലില്‍തൂങ്ങി ആദ്യമായി മാരാമണ്‍ കണ്‍വന്‍ഷനില്‍ പോയ നനുത്ത ഓര്‍മകളുണ്ടെനിക്ക്. അന്ന് 'മണക്കു 'പോവുക എന്നാണ് പറയുക. ഹൈപ്പര്‍ മാര്‍ക്കറ്റ് ഇല്ലാത്ത അക്കാലത്ത് ഒന്നാന്തരം ചീനാപ്‌ളേറ്റുകളും കപ്പും സോസറും മുതല്‍ എന്തും വാങ്ങാന്‍ ആളുകള്‍ ഒരുവര്‍ഷം കാത്തിരിക്കും. കണ്‍വന്‍ഷന്‍ഗ്രൗണ്ടില്‍നിന്ന് മടങ്ങുമ്പോള്‍ അപ്പച്ചന്‍ വാങ്ങിത്തന്ന ഈന്തപ്പഴത്തിന്റെ കടുംമധുരമുള്ള ഓര്‍മകള്‍ ഇന്നും നാവിലും മനസ്സിലും നിറയുന്നു. തിരിച്ചുപോരുമ്പോള്‍ പാട്ടുപുസ്തകവും, പുതിയ ബൈബിളുമൊക്കെയും എന്റെ കൈകളിലുണ്ടായിരുന്നു.
ആ യാത്രയിലാണ് അപ്പച്ചന്‍ തന്റെ കുഞ്ഞുന്നാളിലെ മാരാമണ്‍ കണ്‍വന്‍ഷനെപ്പറ്റി പറഞ്ഞത്. പത്തെണ്‍പതു വര്‍ഷം മുമ്പാണത്. അന്ന് കാല്‍നടക്കാരാണ് ഏറെയും. ബസ്സൊക്കെ വരുന്നതേയുള്ളൂ. കൂട്ടുകാര്‍ക്കൊപ്പം മണക്കുപോകണമെന്ന് അപ്പച്ചന്‍ വാശിപിടിച്ചപ്പോ വല്യമ്മച്ചി ഇലപ്പൊതികെട്ടി മകനെ പറഞ്ഞയച്ചു. കൂട്ടുകാരൊക്കെ അയല്‍ക്കാരും ഒരേപള്ളിക്കാരുമാണ്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടിപ്പട്ടാളം. കുറുക്കുവഴിയെയാണ് ഉല്ലാസയാത്ര. ഇത്തിരി നടന്നപ്പോഴേക്കും വിശപ്പുതുടങ്ങി. ഉച്ചയ്ക്കുവളരെമുമ്പേ ചോറ് അകത്താക്കി ,ആനന്ദത്തോടെ അങ്ങനെ മാരാമണ്ണിലെത്തി. പ്രസംഗമൊക്കെ കേട്ട് കൈയ്യടിച്ച് പാട്ടുപാടി ഉല്ലാസത്തോടെ പന്തലിലിരുന്നു... നേരംപോയതറിഞ്ഞില്ല. നാലുമണിയായപ്പോഴാണ് വീട്ടിലെത്തണമല്ലോ എന്നോര്‍ത്തത്. തിരിച്ചു നടന്നു. വിശപ്പും ഒപ്പം പോന്നു. പോക്കറ്റുമണിയൊക്കെ നേരത്തെതന്നെ തീര്‍ത്തിരുന്നു. പാതിവഴിയായപ്പോഴേക്ക് ആകെ തളര്‍ന്നു.നടന്നു നടന്ന് അവശരായി ഒടുവില്‍ രാത്രിയോടെ വീട്ടിലെത്തി. വഴിക്കണ്ണുമായി കാത്തിരുന്ന അമ്മച്ചി മകന് അത്താഴം വിളമ്പുന്നതിനിടയില്‍ പ്രസംഗകരെപ്പറ്റിയും അന്നുപ്രസംഗിച്ച തിരുവചനവിഷയത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. വല്യമ്മച്ചിയോട് വിശേഷം പറഞ്ഞുകൊണ്ടിരിക്കെ കൊച്ചുചെക്കന്‍ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി.
മാര്‍ത്താമ്മക്കാരുടേതു മാത്രമല്ല മാരാമണ് കണ്വന്ഷന്. ജാതിമതഭേദമെന്യേ നാട്ടുകാരുടെ മുഴുവന് കണ്വന്ഷനാണത്. മാര്ത്തോമ്മക്കാരിയല്ലാതായിട്ടും ഞാനും എന്റെ മക്കളെ കൂട്ടി മാരാമണ് കണ്വന്ഷനു പോയി .
വിശ്വപ്രസിദ്ധ ആത്മീയ പ്രഭാഷകനായിരുന്ന ഡോ. സ്‌ററാന്‍ലി ജോണ്‍സ് മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രസംഗകനായിരുന്നു. നമ്മുടെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ സജീവസാന്നിദ്ധ്യവും മാരാമണ്‍ കണ്‍വന്‍ഷനെ വേറിട്ടതാക്കി. എത്രയെത്ര ആത്മീയ പ്രഭാഷകരുടെ ഉജ്വലപ്രഭാഷണങ്ങള്‍ പമ്പയുടെ കരകളെ പുളകം കൊള്ളിച്ചിരുന്നു... ജനങ്ങള്‍ ഇരുകരകളിലെ മരച്ചുവടുകളിലും പടിക്കെട്ടുകളിലും പുരയിടങ്ങളിലുമിരുന്ന് ആരാധനയില്‍ പങ്കെടുക്കുന്ന അപൂര്‍വ്വ കാഴ്ച ഇവിടെ മാത്രമേ കാണാനാവൂ.
ഇതൊക്കെ ഇപ്പോ പറയാന്‍ കാരണമുണ്ട്. ഒരു ജട്ടി വിവാദത്തില്‍ വരാന്‍ പോകുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ ആടിയുലയുന്നുവോ.. ഇത്തവണത്തെ പ്രഭാഷകരിലൊരാള്‍ കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പാണ്. എക്യുമെനിസം സഭകള്‍ക്കിടയിലെ അടിസ്ഥാന ഘടകമാണല്ലോ. അതിലൊരു കുഴപ്പവുമില്ല. വല്ലപ്പോഴുമൊക്കെ ക്രിസ്തീയ സഭകളിലെ വരമ്പുകളില്‍ മടവെട്ടുന്നത് നല്ലതാണ്. അവിടെ മട ഒരിക്കലും താനേ വീഴുകയില്ല. എല്ലാം സ്വര്‍ഗ്ഗരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള കച്ചവടമാണല്ലോ. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നതും വരുന്നതും നല്ലതാണ്. പെന്തക്കോസ്തു പോലല്ല മാര്‍ത്തോമ്മ. അവര്‍ ആരുടെ കുഞ്ഞാടുകളെയും അടിച്ചോണ്ടു പോകത്തില്ല. ആ ധൈര്യത്തിലാണ് കത്തോലിക്കാബിഷപ്പ് വരുന്നത് !. കത്തോലിക്കാ സഭയിലും കരിസ്മാറ്റിക്ക് ധ്യാനവും കൈയ്യടിയും ശീലമായിക്കഴിഞ്ഞല്ലോ.അതുകൊണ്ട് മാരാമണ്‍ പന്തലിലിരുന്ന് കൈയ്യടിച്ചു പാടാനും ഇപ്പോള്‍ വശമായി. വര്‍ഗ്ഗീയ ശക്തികളെ നേരിടാന്‍ ഒത്തുനിന്നാല്‍ നന്നെന്ന് തോന്നലും ഉണ്ടാകുന്നുണ്ട്. പക്ഷേ പ്രസംഗിക്കാന്‍ മാര്‍ത്തോമ്മക്കാര്‍ വിളിച്ച ആളിന്റെ ബയോഡാറ്റയാണ് വില്ലനായത്.
മാര്‍ റാഫേല്‍ തട്ടിലാണ് അടുത്തയാഴ്ച നടക്കുന്ന , 128-മത്തെ മാരാമണ്‍ കണ്‍വന്‍ഷനിലെ ഒരു പ്രസംഗകന്‍. അതറിഞ്ഞതോടെ നവമാധ്യമങ്ങള്‍ സട കുടഞ്ഞു. തട്ടിലിന്റെ ജീവചരിത്രത്തിലൂടെ അവര്‍ ഓട്ടപ്രദക്ഷിണം നടത്തി. അപ്പോഴുണ്ട് അവിടെ സാക്ഷാല്‍ സിസ്റ്റര്‍ ജെസ്മി നില്‍ക്കുന്നു. അവരുടെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്ന , ഒരു പുരോഹിതനില്‍ നിന്നുണ്ടാവരുതാത്ത സദാചാരവിരുദ്ധ സമീപനം നാടൊട്ടുക്ക് ഇപ്പോള്‍ ആളിക്കത്തുകയാണ്. മാര്‍ തട്ടില്‍ തന്റെ മാറിടങ്ങളിലേക്ക് തുറിച്ചുനോക്കിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേ അനുഭവം മറ്റു കന്യാസ്ത്രീകള്‍ക്കും ഉണ്ടായതായി ജെസ്മിയോട് പറഞ്ഞിട്ടുണ്ടത്രേ.
ആകെ മൂടിയ, അയഞ്ഞ തിരുവസ്ത്രത്തിലൂടെ മാറിടത്തിലേക്കു നോക്കിയാല്‍ നോക്കുന്നവന് എന്തു കാണാന്‍ പറ്റുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. സ്ത്രീയ്ക്കു തോന്നിയാല്‍ തോന്നി. അത്രതന്നെ !. അതിനു ശേഷം നടന്നതായി പറയുന്ന കാര്യങ്ങള്‍ അശ്‌ളീലം നിറഞ്ഞതായതിനാല്‍ ഞാനിവിടെ വിവരിക്കുന്നില്ല.
അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സിസ്റ്റര്‍ ജസ്മിയുടെ ആമേന്‍ എന്ന ആത്മകഥ വായിക്കാവുന്നതാണ്. വിവാദം പുകയുമ്പോള്‍ ആ ചൂടില്‍ അടുപ്പിലിരിക്കുന്ന കച്ചവടതാത്പ്പര്യങ്ങളും വേവുമല്ലോ. ആത്മകഥ വീണ്ടും വിറ്റഴിയട്ടെ, പുതിയ പതിപ്പുകള്‍ ഇറങ്ങട്ടെ. ഒരു പുരോഹിതന്‍ വളരെ നിര്‍ബന്ധിച്ച് തന്റെ ജട്ടി ഊരിക്കുകവരെ ചെയ്യിച്ചത്രേ. അദ്ദേഹവും വിവസ്ത്രനായതായി പറയുന്നു. ആരെങ്കിലും വളരെ നിര്‍ബന്ധിച്ചാല്‍ ഊരിപ്പോകുന്നതാണോ സ്ത്രീയുടെ ജട്ടി. അതും കര്‍ത്താവിന്റെ മണവാട്ടിയുടെ. എന്നിട്ടും ഭയന്ന് ആ ' പാവം ' പുരോഹിതന്‍ ജെസ്മിയെ ഒന്നും ചെയ്യാതെ പിന്തിരിഞ്ഞു.സംയമനം പാലിച്ച വിശുദ്ധ പുരോഹിതന്‍ !.
എന്തായാലും ജസ്മിയെ തന്റെ 'പുരുഷത്വം' കാണിച്ചുകൊടുത്തിട്ട് 'സ്ത്രീത്വം ' കാണിക്കാനാവശ്യപ്പെട്ടത് , മാര്‍ തട്ടിലല്ലെന്ന് ഇപ്പോള്‍ ജെസ്മി തിരുത്തി രംഗത്തു വന്നിട്ടുണ്ട്. അതെന്തായാലും മാര്‍ റാഫേല്‍ നല്ലൊരു പുരോഹിതനും നല്ല ആത്മീയപ്രഭാഷകനും സര്‍വ്വോപരി തങ്കപ്പെട്ട മനുഷ്യനുമാണെന്ന് ജെസ്മി ഇപ്പോള്‍ ആണയിടുന്നു. പക്ഷേ സോഷ്യല്‍ മീഡിയ ക്ഷമിക്കുന്നില്ല.
മാര്‍ ക്രിസോസ്റ്റവും സ്റ്റാന്‍ലി ജോണ്‍സുള്‍പ്പടെ മാതൃകയുള്ള ആത്മീയ ആചാര്യന്‍മാര്‍ 127 വര്‍ഷം പ്രസംഗിച്ച വേദിയില്‍ , ഒരു കന്യാസ്ത്രീ ആത്മകഥയിലൂടെ ലൈംഗിക ആരോപണമുന്നയിച്ച വ്യക്തിയെ പ്രസംഗിപ്പിക്കുന്നത് വിശ്വാസികളെ അപമാനിക്കയാണെന്ന് പറഞ്ഞുകഴിഞ്ഞു.പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്ന് സംഘാടകരില്‍ ആരോ പറഞ്ഞതായും കേള്‍ക്കുന്നു. മട്ടണ്‍ ബിരിയാണി എത്ര സ്വാദോടെ വച്ചാലും ആകര്‍ഷകമായി അലങ്കരിച്ചാലും വിളമ്പുന്നത് കുഷ്ടരോഗിയാണെങ്കില്‍ ആരെങ്കിലും അതു കഴിക്കുമോ. തങ്ങളോട് സുവിശേഷവും നീതിബോധവും പ്രസംഗിക്കാന്‍ വരുന്നവര്‍ ജീവിതത്തില്‍ മാതൃകയുള്ളവരായിരിക്കണമെന്ന് അല്‍മായര്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. കറപുരളാത്ത വ്യക്തിത്തമുള്ള എത്രയോ ബഹുമാന്യരായ കത്തോലിക്കാപുരോഹിതര്‍ നമ്മള്‍ക്കിടയിലുണ്ട്.
എക്യുമെനിസം നല്ലതാണ്. പക്ഷേ തിരഞ്ഞെടെുപ്പുകള്‍ കുറ്റമറ്റതാവണം. സഭ നിലനില്‍ക്കണമെങ്കില്‍ അത്മായരെ ഒപ്പം നിര്‍ത്തണം. കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നടക്കുന്ന ഭിന്നത മറ്റു സഭകള്‍ക്കും പാഠമാവണം. ശക്തമായ അടച്ചുറപ്പുള്ളതെന്ന് കത്തോലിക്ക സഭയ്ക്ക് കീര്‍ത്തിയുണ്ടായിരുന്നു. എന്നാല്‍ വിശ്വാസികളെ മാറ്റിനിര്‍ത്തി മെത്രാന്‍മാരുടെയും പുരോഹിതരുടെയും ശിങ്കിടികളുടെയും ഭരണം അടിച്ചേല്‍പ്പിക്കുന്ന രീതിയോട് കത്തോലിക്കാസഭ പ്രതികരിച്ചത് സമൂഹത്തെ ഞെട്ടിച്ചുകളഞ്ഞു. മാര്‍ത്തോമ്മ സഭയിലേക്കും അത് വ്യാപിക്കാതിരിക്കട്ടെ. തട്ടിലിനെ തട്ടി ,നൂറ്റാണ്ടു പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നാറാതിരിക്കട്ടെ.
# Maramon Convention- Article by Jolly Adimathra